ചതിച്ചത് ഗൂഗിൾ മാപ്പ്! പിടികിട്ടാപ്പുള്ളി മാഫിയാത്തലവനെ പൊലീസ് പൊക്കി

italian-mafia
SHARE

ഇരുപതു വർഷം പൊലീസിനെ വെട്ടിച്ച് നടന്ന പിടികിട്ടാപ്പുള്ളി മാഫിയാത്തലവൻ ജിയോച്ചിനോ ഗാമിനോയെ ഗൂഗിൾ മാപ് ആപ്പിന്റെ സ്ട്രീറ്റ്‌വ്യൂവിൽ കണ്ടതിനെത്തുടർന്ന് പൊലീസ് വലയിലാക്കി. സ്പെയിനിലാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

മാഫിയാസംഘങ്ങളുടെ നാടായ സിസിലിയിലെ അഗ്രിഗെന്റോയിലാണു ഗാമിനോ ജനിച്ചത്. ഇവിടത്തെ തദ്ദേശീയ മാഫിയാ സംഘങ്ങളിലൊന്നിന്റെ തലവനായി പിൽക്കാലത്ത് ഗാമിനോ വളർന്നു. സിസിലിയിലെ പ്രബല മാഫിയാ ഗ്രൂപ്പായ കോസ നോസ്ട്രയുമായി രക്തരൂക്ഷിതമായ സംഘർഷങ്ങൾ ഗാമിനോയും സംഘാംഗങ്ങളും നടത്തിയിരുന്നു. 1984ൽ ഗാമിനോ ഇറ്റാലിയൻ പൊലീസിന്റെ പിടിയിലായി. അന്നു തന്റെ വാദം കേട്ട ജഡ്ജിയെ 1992ൽ കാർബോംബ് സ്ഫോടനത്തിൽ ഗാമിനോയുടെ മാഫിയ കൊലപ്പെടുത്തി.

ഇതുൾപ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങൾ ഇയാളുടെ പേരിൽ ഇറ്റലിയിലുണ്ട്. 1998ൽ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു ജയിൽ ശിക്ഷയ്ക്കു വിധിച്ചു. എന്നാൽ റോമിലെ റബീബിയ ജയിലിൽ നിന്ന് ഇയാൾ 2002ൽ തടവുചാടി. പിന്നീട് ഇരുപതു വർഷത്തോളം പൊലീസിന്റെ നോട്ടംവെട്ടിച്ചു മുങ്ങിനടന്നു. ഇറ്റാലിയൻ സർക്കാരിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിൽ മുൻനിരയിലായിരുന്നു ഗാമിനോയുടെ സ്ഥാനം.

ഇതിനിടെ രാജ്യം വിട്ട് സ്പെയിനിലേക്കു കടന്ന ഗാമിനോ, സ്പാനിഷ് തലസ്ഥാനനഗരം മഡ്രിഡിനു സമീപമുള്ള ഗാലപഗാർ എന്ന പട്ടണത്തിലെത്തി. ഇവിടെ വച്ചു തന്റെ പേരും വ്യക്തിത്വവും മാറ്റ് മാനുവൽ എന്ന പേരു സ്വീകരിച്ചു. പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന ഒരു കട തുടങ്ങി, വിവാഹവും കഴിച്ച് അവിടെ ജീവിച്ചു വരികയായിരുന്നു. ഇപ്പോൾ 61 വയസ്സുണ്ട് ഇയാൾക്ക്.

എന്നാൽ ഇറ്റലിയിലെ പൊലീസ് അധികൃതർ ഇയാളുടെ കേസ് ഫയൽ മടക്കിയിരുന്നില്ല. അന്വേഷണം തുടർന്നുപോരുകയായിരുന്നു. ഇതിനിടെയാണു ഗൂഗിൾ സ്ട്രീറ്റ്വ്യൂവിൽ തന്റെ കടയുടെ മുന്നിൽ നിൽക്കുന്ന ഗാമിനോയുടെ ചിത്രം പൊന്തിവരുന്നത്. യാദൃച്ഛികമായി ഇതു ശ്രദ്ധയിൽ പെട്ട പൊലീസ് അധികൃതർ സ്പെയിനിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. രണ്ടുവർഷത്തോളം എല്ലാ പഴുതുകളുമടച്ച് അന്വേഷണം നടത്തിയ പൊലീസ് മാനുവൽ എന്ന കള്ളപ്പേരിലുള്ളത് ഗാമിനോ തന്നെയാണെന്ന് ഉറപ്പിച്ചു. ഒടുക്കം ഗാലപഗാറിലെത്തി മാനുവലെന്ന ഗാമിനോയെ അറസ്റ്റ് ചെയ്ത് ഇറ്റലിയിലെത്തിക്കുകയും ചെയ്തു.

അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയപ്പോൾ ഗാമിനോ ഞെട്ടിപ്പോയി. എങ്ങനെയാണ് തന്നെ കണ്ടുപിടിച്ചതെന്നായിരുന്നു മുൻ മാഫിയാത്തലവൻ ആദ്യമായി ഉദ്യോഗസ്ഥരോട് ചോദിച്ചത്. പിടിക്കപ്പെടാനുള്ള എല്ലാ സാധ്യതകളുമൊഴിവാക്കാൻ സ്പെയിനിലെത്തിയ ശേഷം ഇറ്റലിയിലെ തന്റെ കൂട്ടുകാരോടും ബന്ധുക്കളോടും യാതൊരു ബന്ധവും ഗാമിനോ പുലർത്തിയിരുന്നില്ല. ഫോൺ വഴി പോലും ഇറ്റലിയിലുള്ള ആരുമായും ഇയാൾ സമ്പർക്കം പുലർത്തിയിരുന്നില്ല.

ഇന്റർനെറ്റ് ഉപയോഗിച്ച് ഇതാദ്യമായല്ല ഇറ്റാലിയൻ പൊലീസ് കുറ്റവാളികളെ പൊക്കുന്നത്. 2014ൽ മാ‍ർക്ക് ഫെറെൻ ക്ലോഡ് ബിയാർട്ട് എന്ന ലഹരിമാഫിയ കുറ്റവാളിയും ഇതുപോലെ പിടിയിലായിരുന്നു. ഒരു കരീബിയൻ ദ്വീപിൽ ഒളിച്ചുതാമസിക്കുകയായിരുന്നു ബിയാർട്ട്. എന്നാ‍ൽ ഇതിനിടിടയിൽ ഒരു യൂട്യൂബ്  വിഡിയോയിൽ അഭിനയിച്ചു. ഇതു കണ്ട പൊലീസ് ഇയാളെ താമസിയാതെ അറസ്റ്റ് ചെയ്തു.

English Summary: Google street view helps nab Mafia boss on the run for 20 years

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA