1.8 ലക്ഷം കോടി കടം, വരിക്കാരും കൈവിട്ടു, വോഡഫോൺ ഐഡിയ വൻ പ്രതിസന്ധിയിലോ? ഇനി പ്രതീക്ഷ സർക്കാർ

vodafone
SHARE

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ വൻ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഭീമമായ കടം വീട്ടാനായി കമ്പനിയുടെ മൂന്നിലൊന്ന് ഓഹരികള്‍ കേന്ദ്ര സര്‍ക്കാരിന് നൽകാനാണ് വോഡഫോൺ ഐഡിയയുടെ ബോർഡ് തന്നെ തീരുമാനിച്ചിരിക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം 1.8 ലക്ഷം കോടിയാണ് വോഡഫോൺ ഐഡിയയുടെ മൊത്തം കടം.

പുതിയ റിപ്പോർട്ട് പ്രകാരം വോഡഫോൺ ഐഡിയയുടെ 35.8 ശതമാനം സർക്കാർ കൈവശം വയ്ക്കും. പുതിയ മാറ്റങ്ങൾക്ക് ശേഷം പ്രൊമോട്ടർ ഷെയർഹോൾഡിങ് വോഡഫോൺ ഗ്രൂപ്പിന് 28.5 ശതമാനവും ആദിത്യ ബിർള ഗ്രൂപ്പിന് 17.8 ശതമാനം ഓഹരി പങ്കാളിത്തവുമാണ് ലഭിക്കുക. ഇതോടെ സർക്കാർ തന്നെയാകും കമ്പനിയുടെ കൂടുതൽ ഓഹരികൾ കൈവശം വയ്ക്കുക.

വോഡഫോൺ ഐഡിയ വലിയ കടബാധ്യതയുള്ള കമ്പനിയാണ്. ഇപ്പോൾ എജിആർ, സ്പെക്‌ട്രം കുടിശികകൾ മാത്രമാണ് ഇക്വിറ്റിയിലേക്ക് മാറ്റിയത്. 2019 ആദ്യ പാദത്തിലെ കണക്കനുസരിച്ച് വോഡഫോൺ ഐഡിയക്ക് 43.5 കോടി വരിക്കാരുണ്ടായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദം ആയപ്പോഴേക്കും 25.3 കോടിയായി കുത്തനെ കുറഞ്ഞു. ഇതും കമ്പനിക്ക് വൻ തലവേദനയായിട്ടുണ്ട്.

∙ എജിആര്‍ പിഴവുകള്‍ തിരുത്തിയില്ലെങ്കില്‍ പ്രവര്‍ത്തനം നിർത്തേണ്ടിവരുമെന്ന മുന്നറിയിപ്പ്

കമ്പനിക്കെതിരെയുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു ( എജിആര്‍) കണക്കാക്കിയതിലെ പിഴവുകള്‍ തിരുത്തിയില്ലെങ്കില്‍ പ്രവര്‍ത്തനം നിർത്തേണ്ടിവരുമെന്ന് വരെ വോഡഫോണ്‍ ഐഡിയ (വി) അറിയിച്ചിരുന്നു. ഇങ്ങനെ സംഭവിച്ചാല്‍ കമ്പനിയുടെ 28 കോടിയോളം വരിക്കാരും 20,000 ത്തോളം നേരിട്ടോ അല്ലാതെയുള്ള തൊഴിലാളികളും പ്രതിസന്ധിയിലായേക്കാമെന്നുമാണ് മാസങ്ങൾക്ക് കമ്പനി അറിയിച്ചത്. 25,000 കോടി രൂപ അധികമായി നല്‍കണമെന്നുള്ള കോടതി വിധിയും വി യ്ക്ക് വലിയ തലവേദനയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം പൂട്ടിപ്പോയാല്‍ വിയ്ക്ക് പണം കടം നല്‍കിയിട്ടുള്ളവരും, കമ്പനിയെ ആശ്രയിച്ചു കഴിയുന്ന റീട്ടെയില്‍ ബിസിനസുകാരും പ്രതിസന്ധിലാകുമായിരുന്നു. എന്നാൽ, ഭൂരിഭാഗം ഓഹരികളും സർക്കാർ ഏറ്റെടുക്കുന്നതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നാണ് കരുതുന്നത്.

∙ എന്താണ് എജിആറിലെ തെറ്റുകൾ? 

സർക്കാരിലേക്ക് അടക്കേണ്ട പണം കണക്കുകൂട്ടിയതിലെ തെറ്റുകൾ, അറിയാതെ എഴുതി ചേര്‍ത്ത തുകകൾ പോലും തിരുത്താന്‍ അനുവദിക്കുന്നില്ലെന്ന ആരോപണമാണ് വി ഉയര്‍ത്തുന്നത്. കണക്കുകൂട്ടിയതിലെ തെറ്റുകൾ കാരണം തങ്ങള്‍ക്ക് 25,000 കോടി രൂപ അധികമായി നല്‍കേണ്ടിവരുന്നു എന്നാണ് കമ്പനി വാദിച്ചിരുന്നത്. ഇതില്‍ 5,932 കോടി രൂപ മൂലധനവും പലിശയുമാണ്. പിന്നീടുള്ളത് പിഴയും പിഴ അടക്കാതിരുന്നതിനുള്ള പലിശയുമാണ്. അതേസമയം, കമ്പനിക്ക് ഇക്കാര്യത്തിൽ അധികം ഇളവ് ലഭിച്ചേക്കില്ലെന്ന് മനസിലായതോടെയാണ് ഭൂരിഭാഗം ഓഹരികൾ നൽകി പ്രശ്നം പരിഹരിക്കാൻ വോഡഫോൺ ഐഡിയ ശ്രമിച്ചതെന്ന് വേണം കരുതാൻ.

∙ കണക്കുകള്‍

ടെലികോം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം വി നല്‍കേണ്ട മൊത്തം തുക 58,254 കോടി രൂപയാണ്. ഇതില്‍ 7,854 കോടി രൂപ വി അടച്ചു. വി സ്വന്തമായി നടത്തിയ കണക്കുകൂട്ടലില്‍ കണ്ടെത്തിയത് തങ്ങള്‍ക്ക് ഏകദേശം 21,533 രൂപയാണ് അടക്കാനുള്ളതെന്നാണ്. എന്നാൽ ഈ കണക്ക് സുപ്രീംകോടതി തള്ളുകയായിരുന്നു. എന്നാൽ, ഇന്ന് പുറത്തുവന്ന കണക്കുകൾ പ്രകാരം 16,000 കോടി രൂപയാണ് വോഡഫോൺ ഐഡിയ നൽകാനുളളത്. ഇതുപ്രകാരം സ്പെക്‌ട്രം ലേല തവണകളും എജിആർ കുടിശികയുമായി ബന്ധപ്പെട്ട മുഴുവൻ പലിശയും ഇക്വിറ്റിയിലേക്ക് മാറ്റാൻ ബോർഡ് അംഗീകാരം നൽകിയതായി വോഡഫോൺ ഐഡിയ ലിമിറ്റഡ് അറിയിച്ചിട്ടുണ്ട്. സ്‌പെക്‌ട്രം ലേലത്തിന്റെയും എജിആറിന്റെയും പലിശയുടെ നിലവിലെ  മൊത്തം മൂല്യം (എൻഎവി) ഏകദേശം 16,000 കോടി രൂപയാണ്.

∙ കമ്പനിയുടെ 2ജി വരിക്കാര്‍ എന്തു ചെയ്യും?

വോഡഫോൺ ഐഡിയക്ക് ഏകദേശം 14-15 കോടി 2ജി വരിക്കാരുണ്ടെന്നാണ് കരുതപ്പെടുന്നത്. പ്രതിമാസം കുറഞ്ഞ ചെലവില്‍ കണക്ഷന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരും സ്മാര്‍ട് ഫോണുകള്‍ക്ക് പണം മുടക്കാനില്ലാത്തവരുമാണ് ഇപ്പോഴും 2ജി ഉപയോഗിക്കുന്നത്. ഇവരില്‍ പലരും ദിവസവേതനത്തിനു ജോലിചെയ്യുന്നവരാണ്. വോഡഫോൺ ഐഡിയ നിലനിൽക്കേണ്ടത് ഇത്തരം വരിക്കാരുടേയും ആവശ്യമാണ്. കാരണം റിലയന്‍സ് ജിയോക്കാണെങ്കില്‍ 2ജി പോയിട്ട് 3ജി പോലും ഇല്ല. എയര്‍ടെല്‍ പലയിടങ്ങളിലും നെറ്റ്‌വര്‍ക്ക് അപ്‌ഗ്രേഡു ചെയ്തു കഴിഞ്ഞു. പ്രവര്‍ത്തനം നിർത്തിയാല്‍ തങ്ങളുടെ 2ജി വരിക്കാർ പ്രശ്‌നത്തിലാകുമെന്ന കാര്യവും കമ്പനി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കമ്പനിക്ക് ഏകദേശം 11.9 കോടി വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് (3ജി, 4ജി) വരിക്കാരാനുള്ളത്. ബാക്കിയെല്ലാം 2ജി വരിക്കാരാണ്.

vodafone-idea-vi-4g

∙ വോഡഫോൺ ഐഡിയ പൂട്ടിയാൽ സംഭവിക്കുക മറ്റൊന്ന്...

വി പൂട്ടിപ്പോകാൻ ഇടയായാൽ മറ്റു കമ്പനികൾ നിശ്ചയമായും വരിസംഖ്യ വര്‍ധിപ്പിച്ചേക്കും. വിയുടെ 2ജി ഉപയോക്താക്കളായ ദിവസവേതന ജോലിക്കാര്‍ക്ക് ജിയോയുടെ ഫീച്ചര്‍ ഫോണ്‍ പോലെ ഒന്ന് വാങ്ങാനുള്ള സാഹചര്യം പോലും ഉണ്ടായിരിക്കില്ലെന്നും പറയുന്നു. മഹാമാരിമൂലം ജോലിയുള്ള ദിവസങ്ങള്‍ കുറഞ്ഞിരിക്കുന്നു എന്നതാണ് പ്രധാന കാരണം. അതേസമയം, ബിഎസ്എന്‍എല്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ നമ്പര്‍ പോര്‍ട്ടു ചെയ്യാമെന്നും പറയുന്നു. എന്നാല്‍, വളരെ വിലകുറഞ്ഞ ഹാന്‍ഡ്‌സെറ്റുകള്‍ ഉപയോഗിക്കുന്നവരുടെ ഏക ആശ്വാസമാണ് വി. ഇക്കാര്യത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ ട്രായി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണ് നിരീക്ഷകര്‍. എയര്‍ടെലിനും ജിയോയ്ക്കും വി വിട്ടുവരുന്ന വരിക്കാരെ സ്വീകരിക്കാന്‍ നെറ്റ്‌വർക്ക് ശേഷിയുണ്ടോ എന്ന കാര്യവും ഉറപ്പാക്കേണ്ടതുണ്ട്.

∙ എതിരാളികളേക്കാള്‍ ‘വി’യ്ക്ക് അധികമായുള്ളത് കടം മാത്രം

വിയുടെ ഇപ്പോഴത്തെ നില പരിശോധിച്ചാല്‍ പ്രധാന എതിരാളികളായ റിലയന്‍സ് ജിയോയെയും എയര്‍ടെലിനെയും അപേക്ഷിച്ച് കമ്പനിക്ക് അധികമായുള്ളത് കടം മാത്രമാണെന്ന് വ്യക്തമാണ്. രണ്ട് എതിരാളികളും അനുദിനം ശക്തിപ്രാപിക്കുകയുമാണ്. പലപ്പോഴും വിയില്‍ നിന്നു വിട്ടുപോകുന്ന ഉപയോക്താക്കളാണ് ഈ കമ്പനികള്‍ക്ക് ഗുണകരമാകുന്നത്. വിയ്ക്ക് എങ്ങനെയാണ് ഇനി പിടിച്ചുനില്‍ക്കാനാകുക എന്ന ചര്‍ച്ചകള്‍ നടക്കുകയാണ്. പിടിച്ചുനില്‍ക്കാനായാല്‍ പോലും തങ്ങളുടെ എതിരാളികള്‍ക്കൊപ്പമെത്താന്‍ എന്തു ചെയ്യേണ്ടിവരുമെന്ന ചോദ്യവും ഉയരുന്നുണ്ട്. വി നേരിടുന്ന മറ്റൊരു പ്രശ്‌നം ബ്രിട്ടനിലെ വോഡഫോണ്‍ കൂടുതല്‍ പണം ഇനി ഇന്ത്യയില്‍ ഒഴുക്കിക്കളയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടാണ്. ഇതോടെ ഓഹരി വിപണിയിലും കമ്പനിക്ക് തിരിച്ചടി നേരിടുന്നുണ്ട്. 

∙ എയര്‍ടെലിന്റെ കയ്യില്‍ ആറിരട്ടി കാശ്

2021 മാര്‍ച്ച് 31ലെ കണക്കുകൾ പ്രകാരം വോഡഫോണ്‍ ഐഡിയയ്ക്ക് ബാങ്കിൽ കാശായുള്ളത് 2,216 കോടി രൂപയാണ്. ഇതിന്റെ ആറിരട്ടി പണം എയര്‍ടെലിന്റെ കയ്യിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

vi-jio-airtel

∙ കടത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്

അതേസമയം, വി തിരിച്ചടയ്‌ക്കേണ്ട കടം 58,631 കോടി രൂപയാണ്. ഇതില്‍ 5,034 കോടി രൂപ 2021 ഡിസംബറില്‍ തിരച്ചടയ്ക്കേണ്ടതായിരുന്നു. ഇതു നടക്കാനുള്ള സാധ്യത കുറവാണെന്ന് അന്ന് തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, എയര്‍ടെലിന്റെ കടം 25,976 കോടി രൂപയാണ്. ഇതില്‍ 2,598 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം തിരിച്ചടയ്‌ക്കേണ്ടിവന്നത്. എയര്‍ടെലിന്റെ മൊത്തം കടം 1.53 കോടി രൂപയാണ്. 

∙ ‘വി’യ്ക്ക് വരുമാനവും വരിക്കാരെയും നഷ്ടപ്പെടുന്നു

വിയ്ക്ക് 2020 തുടക്കം മുതലുള്ള കണക്കുകൾ പ്രകാരം 5.1 കോടി വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഈ കാലയളവില്‍ എയര്‍ടെലിന് 2.1 കോടി വരിക്കാരെയാണ് ലഭിച്ചതെങ്കില്‍ റിലയന്‍സ് ജിയോയ്ക്ക് 6.2 കോടി പുതിയ വരിക്കാരെ ലഭിച്ചു. വിക്കു നഷ്ടമാകുന്നത് 4ജി വരിക്കാരെയാണ് എന്നതാണ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്ന കാര്യം. മേയിലെ കണക്കുകൾ പ്രകാരം വിയില്‍ നിന്ന് ഒരു 2ജി അല്ലെങ്കില്‍ 3ജി വരിക്കാരൻ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് പോര്‍ട്ടു ചെയ്യുമ്പോള്‍ മൂന്ന് 4ജി വരിക്കാർ പോര്‍ട്ട് ചെയ്തു പോകുന്നു.

കൂടാതെ, 4ജി വരിക്കാരില്‍ നിന്നു ലഭിക്കുന്ന വരുമാനവും കുറഞ്ഞു. 2021 മാര്‍ച്ച് അവസാനം 4ജി വരിക്കാരില്‍ നിന്നു ലഭിക്കുന്ന ശരാശരി വരുമാനം 107 രൂപയായി കുറഞ്ഞു. തൊട്ടു മൂന്നു മാസം മുൻപ് ഇത് 121 രൂപയായിരുന്നു. എയര്‍ടെലിന് ഇത് 145 രൂപയും, ജിയോയ്ക്ക് 138 രൂപയുമാണ്. വരുമാനം വര്‍ധിപ്പിക്കാനായി വി വരിസംഖ്യ വീണ്ടും ഉയർത്തിയാല്‍ വരിക്കാര്‍ വിട്ടു പോകാന്‍ ഇടവരുത്തുമെന്നതും കമ്പനിയെ വിഷമത്തിലാക്കുന്നു. അതേസമയം, മറ്റു കമ്പനികള്‍ക്കൊപ്പം വിയും നിരക്കു വര്‍ധിപ്പിച്ചിരുന്നു. എന്നാൽ, പ്രതിസന്ധി മറികടക്കാൻ ഈ നിരക്ക് വർധന മാതിയാകില്ലെന്നാണ് കമ്പനി പറയുന്നത്.

vodafone-idea-vi

∙ ജിയോയേക്കാള്‍ സ്‌പെക്ട്രം ഉണ്ടെങ്കിലും വിക്ക് ട്രാഫിക്ക് കുറവ്

2021 മാര്‍ച്ചിലെ കണക്കുകൾ പ്രകാരം റിലയന്‍സ് ജിയോയ്ക്ക് 1,752 മെഗാഹെട്‌സ് (MHz) സ്‌പെക്ട്രമാണ് ഉള്ളത്. വിയ്ക്ക് 1,768 മെഗാഹെട്‌സും. എയര്‍ടെലിനാണ് ഏറ്റവും കൂടുതല്‍ - 2,112 മെഗാഹെട്‌സ്.

∙ ഉപയോക്താക്കളെ 4ജിയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കാത്തതാണ് പ്രശ്‌നം

കമ്പനിക്ക് കൂടുതല്‍ സ്‌പെക്ട്രം കൈയ്യിലുണ്ടെങ്കിലും നിലവിലെ ഉപയോക്താക്കളെ 4ജിയിലേക്ക് അപ്‌ഗ്രേഡു ചെയ്യാന്‍ സാധിക്കാതിരുന്നതാണ് കമ്പനിക്കു നേരിട്ട പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ഇതുവഴി കൂടുതല്‍ 4ജി വരിക്കാരെ ആകര്‍ഷിക്കാൻ സാധിച്ചില്ല. കൂടാതെ ഡേറ്റാ ട്രാഫിക്കും വര്‍ധിപ്പിക്കാനായില്ല. 

രാജ്യത്ത് ഏറ്റവുമധികം 4ജി വരിക്കാരുള്ളത് റിലയന്‍സ് ജിയോയ്ക്കാണ് -42.66 കോടി. രണ്ടാം സ്ഥാനത്തുള്ള എയര്‍ടെലിന് 17.93 കോടി പേരുമുണ്ട്. വിയ്ക്കാകട്ടെ 11.39 കോടി വകിക്കാരാണ് ഉള്ളത്. ഇനി ഡേറ്റയുടെ കാര്യം നോക്കാം. ജിയോ വരിക്കാർ 16,700 ദശലക്ഷം ജിബി ഡേറ്റയാണ് ഉപയോഗിച്ചതെങ്കിൽ എയര്‍ടെലിന്റേത് ഇത് 9,207 ദശലക്ഷം ജിബി ഡേറ്റയാണ്. അതേസമയം, വിയുടേത് കേവലം 4,856 ദശലക്ഷം ജിബിയില്‍ ഒതുങ്ങി.

vi

∙ ഭാവി

വിയേക്കാള്‍ മികച്ച നിലയിലാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിയുടെ ഭൂരിഭാഗം ഓഹരികളും സര്‍ക്കാർ ഏറ്റെടുക്കുന്നതോടെ ബിഎസ്എന്‍എലുമായി ലയിപ്പിക്കാനും സാധ്യയതയുണ്ട്. നേരത്തേ തന്നെ  വിയും ബിഎസ്എന്‍എല്ലും ലയിപ്പിക്കുന്ന ചര്‍ച്ച തുടങ്ങിയിരുന്നു. അതേസമയം, വിയ്ക്കും ബിഎസ്എന്‍എല്ലിനും വരിക്കാരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന കാര്യവും ഓര്‍മയില്‍ വയ്ക്കണം. ഇരു കമ്പനികളും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാല്‍ അത്തരം ഒരു നീക്കത്തെ പന്തുണയ്ക്കാനുള്ള അടിസ്ഥാനസൗകര്യം ഉണ്ടോ എന്ന കാര്യത്തിലും സംശയമുണ്ട്. എന്തായാലും, വി-ബിഎസ്എന്‍എല്‍ ലയനം ഇരു കമ്പനികള്‍ക്കും ചെറിയ പ്രതീക്ഷപകരുന്നതാണ്. കാലോചിതമായ നീക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ അതിനും ഭാവിയുണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

English Summary: Future of vodafone idea

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA