ADVERTISEMENT

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയയുടെ മൂന്നിലൊന്ന് ഓഹരികള്‍ കേന്ദ്ര സർക്കാർ സ്വന്തമാക്കുമെന്ന് റിപ്പോർട്ട്. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയക്ക് സർക്കാരിലേക്ക് നൽകാനുള്ളത് കോടികളാണ്. ഈ പണം നൽകാൻ കഴിയാതെ വന്നതോടെയാണ് സ്വകാര്യ ടെലികോം കമ്പനിയുടെ ഓഹരികൾ സർക്കാരിന് നൽകാൻ തീരുമാനമായത്. എജിആര്‍ കുടിശികയും പലിശയുമിനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ള തുക ഓഹരിയാക്കിമാറ്റാന്‍ വോഡാഫോണ്‍ ഐഡിയയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തന്നെയാണ് തീരുമാനിച്ചത്.

 

സ്പെക്‌ട്രം ലേല തവണകളും എജിആർ കുടിശികയുമായി ബന്ധപ്പെട്ട മുഴുവൻ പലിശയും ഇക്വിറ്റിയിലേക്ക് മാറ്റാൻ ബോർഡ് അംഗീകാരം നൽകിയതായി വോഡഫോൺ ഐഡിയ ലിമിറ്റഡ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. സ്‌പെക്‌ട്രം ലേലത്തിന്റെയും എജിആറിന്റെയും പലിശയുടെ മൊത്തം നിലവിലെ മൂല്യം (എൻഎവി) ഏകദേശം 16,000 കോടി രൂപയാണ്.

 

ഈ പരിവർത്തനത്തിനു ശേഷം, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയുടെ 35.8 ശതമാനം സർക്കാർ കൈവശം വയ്ക്കും. പരിവർത്തനത്തിന് ശേഷം പ്രൊമോട്ടർ ഷെയർഹോൾഡിങ് വോഡഫോൺ ഗ്രൂപ്പിന് 28.5 ശതമാനവും ആദിത്യ ബിർള ഗ്രൂപ്പിന് 17.8 ശതമാനം ഓഹരി പങ്കാളിത്തവുമാണ് ലഭിക്കുക.

 

വോഡഫോൺ ഐഡിയ വലിയ കടബാധ്യതയുള്ള കമ്പനിയാണ്. എജിആർ, സ്പെക്‌ട്രം കുടിശികകൾ മാത്രമാണ് ഇക്വിറ്റിയിലേക്ക് മാറ്റിയത്. 2019 ആദ്യ പാദത്തിലെ കണക്കനുസരിച്ച് വോഡഫോൺ ഐഡിയക്ക് 43.5 കോടി വരിക്കാരുണ്ടായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദം ആയപ്പോഴേക്കും 25.3 കോടിയായി കുറഞ്ഞിരിക്കുന്നു. 

 

2021 മാർച്ച് വരെ കമ്പനിയുടെ മൊത്തം കടം 1.80 ട്രില്യൺ രൂപയായിരുന്നു. ജനുവരി 11ന് നടന്ന ആദ്യ ഇടപാടുകളിൽ വോഡഫോൺ ഐഡിയയുടെ ഓഹരികൾ 14 ശതമാനം ഇടിയുകയും ചെയ്തിരുന്നു. പ്രമോട്ടർ ഷെയർഹോൾഡർമാരുടെ ഭരണവും മറ്റ് അവകാശങ്ങളും നിയന്ത്രിക്കുന്നത് ഒരു ഷെയർഹോൾഡർ എഗ്രിമെന്റ് (എസ്എച്ച്എ) ആണ്. ഇതിൽ കമ്പനി ഒരു കക്ഷിയാണ്, കൂടാതെ കമ്പനിയുടെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ ഓഫ് ദി കമ്പനിയിലും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഓഹരി എക്സ്ചേഞ്ചുകൾക്ക് അയച്ച നോട്ടീസിൽ വോഡഫോൺ പറഞ്ഞു.

 

English Summary: Govt to own a third in Vodafone Idea, shares crash as questions remain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com