കോടീശ്വരൻമാരുടെ ലിസ്റ്റിൽ അംബാനിയെ മറികടന്ന് ഷാവോ; കാത്തിരിക്കുന്നത് ക്രിപ്‌റ്റോകറന്‍സി വിപ്ലവമോ?

changpeng-zhao
Photo: Bloomberg Economy Forum
SHARE

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവിയുമായി മുകേഷ് അംബാനിയെ ആസ്തിയുടെ കാര്യത്തില്‍ ബിനാന്‍സ് എന്ന ക്രിപ്‌റ്റോകറന്‍സി കമ്പനിയുടെ മേധാവി ചാന്‍ഗ്‌പെങ് ഷാവോ (Changpeng 'CZ' Zhao) മറികടന്നെന്ന് ബ്ലൂംബര്‍ഗിനെ ഉദ്ധിരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഫെയ്‌സ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഗൂഗിള്‍ സ്ഥാപകര്‍ ലാറി പേജ്, സെര്‍ഗായ് ബ്രിന്‍ തുടങ്ങിയവരെയും ആസ്തിയുടെ കാര്യത്തില്‍ മറികടന്നേക്കാവുന്ന കുതിപ്പാണ് ഷാവോ നടത്തുന്നത് എന്നും വിലയിരുത്തപ്പെടുന്നു. ഷാവോയ്ക്ക് ഇപ്പോള്‍ 9600 കോടി ഡോളര്‍ ആസ്തിയുണ്ടെന്നാണ് ബ്ലൂംബര്‍ഗിന്റെ ഏറ്റവും പുതിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. (അംബാനിക്ക് 9330 കോടി ഡോളര്‍ ആണ് പഴയ ലിസ്റ്റില്‍.)

കൂടാതെ, ഷാവോയുടെ വ്യക്തിഗത സമ്പത്ത് ഇപ്പോള്‍ വിലയിരുത്തിയതിനേക്കാള്‍ വളരെ കൂടുതലായിരിക്കാമെന്നും ബ്ലൂംബര്‍ഗ് പറയുന്നു. കാരണം, അദ്ദേഹത്തിന് ക്രിപ്‌റ്റോകറന്‍സി നിക്ഷേപം ഉണ്ടായിരിക്കണം. അത് പരിഗണിക്കാതെയുള്ള വിലയിരുത്തലാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

∙ ഞൊടിയിടയില്‍ വളര്‍ച്ച, ഇതു നിര്‍ണായകമാകുമോ?

ഷാവോയുടെ വളര്‍ച്ച ഞൊടിയിടയിലാണ് നടന്നിരിക്കുന്നത് എന്ന കാര്യം മറ്റു ധനികര്‍ക്കും ശ്രദ്ധിക്കാതിരിക്കാനാവില്ല. കൂടാതെ, ലോകത്തെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌ക്, ട്വിറ്റര്‍ കമ്പനി സ്ഥാപകന്‍ ജാക്ക് ഡോര്‍സി തുടങ്ങിയവരും ക്രിപ്‌റ്റോകറന്‍സിക്ക് പിന്നാലെ പോകുന്നവരാണ്. പെട്ടെന്നു പണമുണ്ടാക്കാവുന്ന മേഖലയായി ഇവരെല്ലാം ക്രിപ്‌റ്റോകറന്‍സിയെ കണ്ടു തുടങ്ങിയാല്‍ ഈ ഡിജിറ്റല്‍ നാണയ വ്യവസ്ഥയ്ക്ക് കൂടുതല്‍ പ്രചാരം സിദ്ധിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയുടെ ഭദ്രത പോലും തകര്‍ത്തേക്കാവുന്ന ഈ ആഗോള ഡിജിറ്റല്‍ നാണയ വ്യവസ്ഥയെ തുടക്കത്തിലെ തുടച്ചു നീക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും എന്നതും ശ്രദ്ധേയമാണ്.

∙ ആരാണ് ഷാവോ?

സിസെഡ് (CZ) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഷാവോ ഒരു ചൈനീസ്-കനേഡിയന്‍ ബിസിനസുകാരനാണ്. ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് ആയ ബിനാന്‍സിന്റെ സ്ഥാപകനാണ് അദ്ദേഹം. ബ്ലോക്‌ചെയിന്‍.ഇന്‍ഫോയിലെ അംഗവും ആയിരുന്നു 44 കാരനായ അദ്ദേഹം. ഓകെകോയിന്റെ (OKCoin) മുഖ്യ ടെക്‌നോളജി ഓഫിസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചൈനയില്‍ അധ്യാപപക ദമ്പതികളുടെ മകനായി 1977ല്‍ ആണ് അദ്ദേഹം ജനിച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ കുടുംബം 1980കളില്‍ കാനഡയിലേക്ക് കുടിയേറുകയായിരുന്നു. മക്‌ഡോണാള്‍ഡ്‌സില്‍ ചെറിയ ജോലികളെടുത്ത് പോലും കുടുംബത്തിനു സഹായം ചെയ്ത വ്യക്തിയാണ് ഷാവോ. 

∙ ബിനാന്‍സ് സ്ഥാപിക്കുന്നു

മക്ഗില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ഗ്രാജുവേഷനു ശേഷം അദ്ദേഹം ടോക്കിയോ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ബ്ലൂംബര്‍ഗ് ട്രേഡ്ബുക്കില്‍ നാലു വര്‍ഷം ജോലിയെടുത്തു. അതിനു ശേഷം അദ്ദേഹം ഷാങ്ഹായിലേക്ക് മാറുകയായിരുന്നു. സ്റ്റോക്എക്‌സ്‌ചേഞ്ച് തന്നെയായിരുന്നു തട്ടകം. എന്നാല്‍, 2013 മുതല്‍ അദ്ദേഹം കളംമാറ്റി ചവിട്ടുക ആയിരുന്നു. ബ്ലോക്‌ചെയിന്‍.ഇന്‍ഫോ, ഓകെകോയിന്‍ തുടങ്ങിയ പദ്ധതികളുമായി അദ്ദേഹം ഇക്കാലത്ത് സഹകരിച്ചു. ഷാവോ 2017ലാണ് ബിനാന്‍സ് സ്ഥാപിക്കുന്നത്. ഫോര്‍ബ്‌സ് 2018ല്‍ തന്നെ ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട ധനികരില്‍ ഒരാളായി വിലയിരുത്തിയിരുന്നു. ഇപ്പോഴിതാ ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് ഷാവോ.

∙ ക്രിപ്‌റ്റോകറന്‍സി നിക്ഷേപകര്‍ക്ക് അതിവേഗ വളര്‍ച്ച

ക്രിപ്‌റ്റോ വ്യവസായത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തിനിയടയില്‍ അതിവേഗ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് മറ്റൊരു ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് മേധാവിയായ സാം ബാങ്ക്മാന്‍-ഫ്രൈഡിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പലര്‍ക്കും ഇതിനെതിരെ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. അടുത്തിടെയായി ബിനാന്‍സിനും പല രാജ്യങ്ങളിലും പ്രതിബന്ധങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ബ്രിട്ടനിൽ ഇത് നിരോധിച്ചിട്ടുണ്ട്. കാനഡ പല വിലക്കുകളും ഏര്‍പ്പെടുത്തി. അതേസമയം, നിയമങ്ങള്‍ വരുന്നത് നല്ലതാണെന്ന അഭിപ്രായക്കാരനാണ് ഷാവോ. അതു വഴി കൂടുതല്‍ പേര്‍ക്ക് തങ്ങളുടെ ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്ന ബോധം വരുമെന്നാണ് അദ്ദേഹം പറയുന്നത്. 

∙ റാങ്കിങ് ശ്രദ്ധിക്കേണ്ട, 99 ശതമാനം ധനവും ദാനം ചെയ്യുമെന്ന് ബിനാന്‍സ്

അതേസമയം, പുതിയ റാങ്കിങ്ങിനെക്കുറിച്ച് വിഷമിക്കേണ്ട എന്നാണ് ഷാവോ പ്രതികരിച്ചത്. എത്ര ആള്‍ക്കാരെ നിങ്ങള്‍ക്ക് സഹായിക്കാനാകുമെന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ധനികരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതിനു പകരം ധനം ദാനം ചെയ്യുന്നവരുടെ പട്ടിക വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സിസെഡ് തന്റെ ധനത്തിന്റെ ഏറിയ പങ്കും, 99 ശതമാനം വരെ ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നാണെന്ന് ബിനാന്‍സ് വക്താവ് പറഞ്ഞത്. പക്ഷേ, എളുപ്പത്തില്‍ പണമുണ്ടാക്കാവുന്ന ഒരു മേഖലയായി ക്രപ്‌റ്റോകറന്‍സി കൈമാറ്റത്തെ കൂടുതല്‍ പേര്‍ കണ്ടു തുടങ്ങിയാല്‍ അത് വന്‍ മാറ്റങ്ങള്‍ക്ക് വഴിവച്ചേക്കാമെന്ന് ഭയക്കുന്നവരും ഉണ്ട്.

∙ ജിമെയില്‍ ആപ്പിന് ഗൂഗിള്‍ പ്ലേയില്‍ 10 ബില്ല്യനിലേറെ ഡൗണ്‍ലോഡ്

ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ ജിമെയില്‍ ആപ്പിന് 10 ബില്ല്യന്‍ ഡൗണ്‍ലോഡ്. ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്തിട്ടുള്ള ഗൂഗിളിന്റെ ആപ്പുകളില്‍ നാലാമത്തേതാണ് ജിമെയിൽ. നേരത്തെ ഗൂഗിള്‍പ്ലേ സര്‍വീസസ്, ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ് എന്നിവ ഈ നേട്ടം കൈവരിച്ചിരുന്നു. എല്ലാ ആന്‍ഡ്രോയിഡ് ഫോണിലും തന്നെ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തു വരുന്ന ആപ് ആയതിനാല്‍ ഈ നേട്ടത്തില്‍ അദ്ഭുതപ്പെടാന്‍ ഒന്നുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ആ വാദമൊന്നും ഈ വമ്പന്‍ നേട്ടത്തിന്റെ മാറ്റു കുറയ്ക്കില്ലെന്നും പറയുന്നു. 

gmail-logo

∙ വാട്‌സാപ്പിന്റെ എതിരാളി സിഗ്നല്‍ വഴി ക്രിപ്‌റ്റോകറന്‍സി പണമടയ്ക്കല്‍

ഏതു രാജ്യത്തു നിന്നും ക്രിപ്‌റ്റോകറന്‍സി വഴിയുളള പണമടയ്ക്കല്‍ നടത്താവുന്ന രീതിയില്‍ പരിഷ്‌കരിച്ചിരിക്കുകയാണ് വാട്‌സാപ്പിന്റെ എതിരാളിയായ സിഗ്നല്‍ ആപ്. എന്നാല്‍, തുടക്കത്തില്‍ മൊബൈല്‍കോയിന്‍ എന്നറിയപ്പെടുന്ന ഒരു ക്രിപ്‌റ്റോകറന്‍സി മാത്രമാണ് സിഗ്നല്‍ വഴി കൈമാറാനാകുക എന്നൊരു പരിമിതിയുണ്ട്. ഡിജിറ്റല്‍ പണമായി നിങ്ങളുടെ ഫോണില്‍ ഉപയോഗിക്കാവുന്ന ഒന്നാണ് മൊബൈല്‍കോയിന്‍ എന്ന് സിഗ്നലിന്റെ സപ്പോര്‍ട്ട് പേജില്‍ പറയുന്നു. സിഗ്നല്‍ വഴി നടത്തുന്ന പണമിടപാട് സ്വകാര്യമായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 

ഇത് പ്രയോജനപ്പെടുത്തണം എന്നുള്ളവര്‍ ആന്‍ഡ്രോയിഡില്‍ സിഗ്നലിന്റെ 5.27.8 വേര്‍ഷനോ, ഐഒഎസില്‍ 5.26.3 വേര്‍ഷനോ ഇവയ്ക്കു ശേഷമുള്ള എന്തെങ്കിലുമോ ഉപയോഗിക്കുന്നവര്‍ ആയിരിക്കണം. ഇത് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ സിഗ്നല്‍ ആപ്പിന്റെ സെറ്റിങ്‌സ്>പേമെന്റ്‌സ്>അക്‌സപ്റ്റ്ആന്‍ഡ് എഗ്രി ടു ടേംസ് വഴി പോകണം. എന്നാല്‍, ഇതിന്റെ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും തങ്ങള്‍ക്കറിയില്ലെന്നും അതെല്ലാം മൊബൈല്‍കോയിന്‍ ആണ് നിയന്ത്രിക്കുന്നതെന്നും സിഗ്നല്‍ പറയുന്നു. ഇങ്ങനെ പണമടയ്ക്കുന്നതിന് ഫീസും ഉണ്ട്. അതേസമയം, ഇന്ത്യ ക്രിപ്‌റ്റോകറന്‍സിയെ സമ്പൂര്‍ണമായി നിരോധിക്കാന്‍ ഒരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇത് ശരിയാണെങ്കില്‍ സിഗ്നലിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ പുതിയ ഫീച്ചര്‍ വേണ്ടന്നുവയ്‌ക്കേണ്ടതായി വന്നേക്കാം.

∙ 15-ഇഞ്ച് ഐപാഡ് വരുന്നു, സ്‌ക്രീന്‍ നിര്‍മിക്കുന്നത് ചൈനീസ് കമ്പനി?

ഭാവിയില്‍ 15-ഇഞ്ച് വലുപ്പമുള്ള ഐപാഡുകള്‍ ഇറങ്ങിയേക്കാമെന്ന് മാക്‌റൂമേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിനായി ആപ്പിള്‍ ചൈനീസ് കമ്പനിയായ ബിഒഇയുമായി (BOE) സഹകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഐഫോണ്‍ 13 സീരീസിലെ ഫോണുകള്‍ക്ക് സ്‌ക്രീന്‍ നിര്‍മിച്ചു നല്‍കിയ കമ്പനികളുടെ പട്ടികയില്‍ ബിഒഇയും ഇടംപിടിച്ചിട്ടുണ്ട്. ഭാവിയില്‍ ഇറങ്ങിയേക്കാവുന്ന ഐപാഡുകള്‍ക്കും മാക്ബുക്കുകള്‍ക്കും ഡിസ്‌പ്ലെ നിര്‍മിക്കാനായി ഇരു കമ്പനികളും സഹകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സവിശേഷതകളുള്ള സ്‌ക്രീനുകള്‍ ആയിരിക്കും ബിഒഇ നിര്‍മിക്കുക. ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങള്‍ക്കായി ഇരട്ട ലെയറുകള്‍ ഉണ്ടാകുമെന്നാണ് പറയുന്നത്. ഇവ സ്‌ക്രീനുകള്‍ക്ക് മികച്ച ബ്രൈറ്റ്‌നസ് നല്‍കും.

English Summary: Crypto CEO becomes one of the world's richest billionaires

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA