ADVERTISEMENT

പരിസ്ഥിതി സൗഹൃദ  ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പായ വാൻ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡിൽ ആറ് കോടി രൂപയുടെ മൂലധന നിക്ഷേപം. മുൻനിര ഓയിൽ ആൻഡ് ഗ്യാസ് സേവന ദാതാക്കളായ ഏഷ്യൻ എനർജി സർവീസസ് ലിമിറ്റഡാണ് മലയാളി സംരംഭകനായ ജിത്തു സുകുമാരൻ നായരുടെ സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തിയത്. ഇ-മൊബിലിറ്റി മേഖലയുടെ സാധ്യതകളും ഇന്ത്യയുടെ തദ്ദേശീയ ഇ-മൊബിലിറ്റി ബ്രാന്റ് എന്ന നിലയിലുള്ള വാനിന്റെ വളർച്ചയുമാണ് ഏഷ്യൻ എനർജി സർവീസസിനെ നിക്ഷേപത്തിലേക്ക് ആകർഷിച്ചത്. ഭാവിയിൽ കൂടുതൽ ഫണ്ടിങ് നടത്താനും വാനിലുള്ള ഓഹരി വർധിപ്പിക്കാനും കമ്പനി താൽപര്യം പ്രകടിപ്പിച്ചു. ഇലക്ട്രിക് വെഹിക്കിൾ ചാർജിങ്ങുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ വികസിപ്പിക്കൽ, പരിപാലനം, ഇ-വേസ്റ്റ് കൈകാര്യം ചെയ്യൽ, പുനരുത്പാദനം തുടങ്ങിയ അനുബന്ധ വ്യവസായങ്ങളിലെ പങ്കാളിത്തവും പരിഗണനയിലുണ്ട്. ബിഎസ്ഇ, എൻഎസ്ഇ. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്‌തിട്ടുള്ള കമ്പനിയാണ് ഏഷ്യൻ എനർജി. രാജ്യത്തെ സ്വകാര്യ എണ്ണ കമ്പനിയായ ഓയിൽ മാക്‌സ് എന്ന മാതൃ കമ്പനിയാണ് പ്രധാന ഓഹരി ഉടമ.

 

2019 മാർച്ചിൽ പ്രവർത്തനം തുടങ്ങിയ വാൻ, ഇന്ത്യൻ ലൈഫ് സ്റ്റൈൽ ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പ് എന്ന നിലയിൽ ഇതിനോടകം രാജ്യാന്തര ശ്രദ്ധ നേടി കഴിഞ്ഞു. കഴിഞ്ഞ മാസം ഇറ്റലിയിൽ നടന്ന ഇഐസിഎംഎ മോട്ടോർസൈക്കിൾ ഷോയിൽ കമ്പനി ആഗോളതലത്തിൽ ലോഞ്ച് ചെയ്തിരുന്നു. ഈ മാസം അവസാനം വാനിന്റെ ഇ-സൈക്കിളുകൾ ഇന്ത്യൻ വിപണിയിലെത്തും. ഇ-ബൈക്ക്, ഇ-മോപ്പഡ്, ഇ-സ്കൂട്ടർ, ഇ-ബോട്ട് തുടങ്ങിയവയാണ് വാൻ വിപണിയിൽ ഇറക്കാൻ പോകുന്ന മറ്റ് ഉത്പന്നങ്ങൾ. സ്റ്റാർട്ടപ്പ് ഇന്ത്യയുടെയും കേരള സ്റ്റാർട്ടപ്പ് മിഷന്റേയും അംഗീകാരമുള്ള കമ്പനിയുടെ ബ്രാൻ‍ിങ് ചെയ്യുന്നത് ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെടിഎമ്മിന്റെ കിസ്കയാണ്. 

 

vaan-bike-6

ആഗോള ബ്രാന്റായി വാനിനെ ഉയർത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര വേഗത്തിലാക്കാൻ പുതിയ നിക്ഷേപം കരുത്താകുമെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ജിത്തു സുകുമാരൻ നായർ പറഞ്ഞു. കൂടുതൽ നൂതനമായ  ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനും വാനിന്റെ പ്രവർത്തനം വിവിധ മേഖലകളിലേക്ക് വ്യാപിപിപ്പിക്കുന്നതിനും നിക്ഷേപം പ്രയോജനകരമാകുമെന്നും ജിത്തു വ്യക്തമാക്കി.

 

ലോകോത്തര മോട്ടോർ സൈക്കിൾ നി‍‍ർമാതാക്കളായ ബെനെല്ലിയുമായി വാനിന് സാങ്കേതിക പങ്കാളിത്തമുണ്ട്. ഈ മാസം അവസാനം ഇ- സൈക്കിളുകൾ പുറത്തിറങ്ങുന്നതിനു പിന്നാല ഇ-ബൈക്കുകൾ, കുട്ടികൾക്കുള്ള സൂപ്പർ ബൈക്ക്, വസ്ത്രങ്ങൾ തുടങ്ങിയവയും അവതരിപ്പിക്കും.

 

സാങ്കേതികമായി മുന്നേറുമ്പോഴും പരിസ്ഥിതിയുടെ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധരാകുക എന്ന ആശയമാണ് കമ്പനിയെ നയിക്കുന്നത്. ഇനിയുള്ള കാലം പുനരുപയോഗ, സുസ്ഥിര ഊർജങ്ങളുടേതാണെന്ന വാദത്തെ ശരിവയ്ക്കുന്നത് കൂടിയാണ് വാൻ എന്ന മലയാളി സംരംഭകന്റെ സ്റ്റാർട്ട് അപ്പിന് ലഭിക്കുന്ന സ്വീകാര്യത.

 

English Summary: Kerala youth's eMobility start-up VAAN Electric gets Rs 6 crore investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com