‘ഡിജിറ്റൽ ഇന്ത്യ’ ഇന്റർനെറ്റ് നിരോധിച്ചത് 1,157 മണിക്കൂർ! നഷ്ടം 4,300 കോടിയും

internet-world-map
SHARE

ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് നിരോധനം 2021ൽ 36 ശതമാനം വർധിച്ച് 30,000 മണിക്കൂറിലെത്തി. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് 5.45 ബില്യൺ ഡോളർ (ഏകദേശം 40,300 കോടി രൂപ) നഷ്ടമാണ് ഇത് കാരണം സംഭവിച്ചതെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ വർഷത്തെ ഇന്റർനെറ്റ് നിരോധനത്തിന്റെ കണക്കെടുത്താൽ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്. 2021ൽ രാജ്യത്ത് മൊത്തം 1,157 മണിക്കൂർ ഇന്റർനെറ്റ് നിരോധനം ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് കാരണം രാജ്യത്ത് മൊത്തം 582.8 ദശലക്ഷം ഡോളർ (ഏകദേശം 4,300 കോടി രൂപ) നഷ്ടമാണ് നേരിട്ടത്.

വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) ഫോക്കസ്ഡ് വെബ്‌സൈറ്റായ Top10VPN-ന്റെ റിപ്പോർട്ട് പ്രകാരം 2021-ൽ ആഗോള ഇന്റർനെറ്റ് നിരോധനം 486.2 ദശലക്ഷം ആളുകളെ ബാധിച്ചതായി അഭിപ്രായപ്പെട്ടു. ഇത് വർഷം തോറുമുള്ള ഇന്റർനെറ്റ് നിരോധന ആഘാതത്തിന്റെ 80 ശതമാനം വർധനവാണ് കാണിക്കുന്നത്. 21 രാജ്യങ്ങളിലായി 50 പ്രധാന ഇന്റർനെറ്റ് നിരോധനങ്ങളാണ് സംഭവിച്ചത്. ഇതിൽ 75 ശതമാനവും മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.

ഇന്റർനെറ്റ് നിരോധനത്തിൽ മ്യാൻമാർ ആണ് മുന്നിൽ. ഇവിടെ 12,238 മണിക്കൂരാണ് ഇന്റർനെറ്റ് നിരോധിച്ചത്, ഇതുവഴി ഏകദേശം 2.8 ബില്യൺ ഡോളറിന്റെ (ഏകദേശം 20,700 കോടി രൂപ) നഷ്ടമാണ് നേരിട്ടത്. തൊട്ടുപിന്നാലെ നൈജീരിയയാണ്. മ്യാൻമറിനും നൈജീരിയയ്ക്കും പിന്നാലെയാണ് ഇന്ത്യ. ഡിജിറ്റൽ ഇന്ത്യയിൽ 317.5 മണിക്കൂർ പൂർണമായ ഇന്റർനെറ്റ് നിരോധനവും 840 മണിക്കൂർ ബാൻഡ്‌വിഡ്ത്ത് ത്രോട്ടിലിങ് പ്രശ്നങ്ങളും ഉൾപ്പെടുന്നു. അതായത് ആ സമയങ്ങളിൽ 2G സേവനങ്ങൾ മാത്രമാണ് നൽകിയിരുന്നത്.

കശ്മീരിൽ 18 മാസത്തോളം 2ജി മാത്രമാണ് നൽകിയിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചത്. കശ്മീരിലെ ഇന്റർനെറ്റ് വേഗം കുത്തനെ ഇടിഞ്ഞതാണ് ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടമെന്ന് Top10VPN റിപ്പോർട്ടിൽ പറയുന്നുണ്ട്.

കശ്മീരിലെ ഡേറ്റാ ഉപയോഗം 2G വേഗത്തിലേക്ക് മാറ്റിയത് വൻ തിരിച്ചടിയായി, കോവിഡ് സമയത്ത് വിദ്യാഭ്യാസം, ബിസിനസ് എന്നിവയേയും ഇത് കാര്യമായി ബാധിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. വലിയ തോതിലുള്ള കർഷകരുടെ പ്രതിഷേധത്തിനെതിരായി സർക്കാർ ഡൽഹിയിലും ഇന്റർനെറ്റ് നിരോധിച്ചിരുന്നു. 

2012 ജനുവരി മുതൽ 2021 മാർച്ച് വരെയുള്ള സമയത്തു രാജ്യത്തെ പല ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്തതു 518 ഇന്റർനെറ്റ് നിരോധനസംഭവങ്ങളാണ്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതലാണിതെന്നും മറ്റു കണക്കുകൾ പറയുന്നു. ഇന്റർനെറ്റ് നിരോധനം കാരണം രാജ്യത്തു 2020ൽ 2.8 ബില്യൻ ഡോളർ (ഏകദേശം 21,000 കോടി രൂപ) നഷ്ടമുണ്ടായെന്നാണു കണക്ക്.

ബിഹാറിൽ 2018 ഓഗസ്റ്റ് മുതൽ 2020 ഓഗസ്റ്റ് വരെയുള്ള സമയത്ത് 6 ഇന്റർനെറ്റ് നിരോധനമുണ്ടായി. ജമ്മു കശ്മീരിൽ 93 സംഭവങ്ങൾ കഴിഞ്ഞ 4 വർഷത്തിനിടെ റിപ്പോർട്ട് ചെയ്തുവെന്നാണു വിവരങ്ങൾ. തലസ്ഥാന നഗരമായ ഡൽഹിയിൽ സംസ്ഥാന സർക്കാർ ഇന്റർനെറ്റ് നിരോധത്തിനു നിർദേശം നൽകിയിരുന്നില്ലെങ്കിലും 2019 ഡിസംബറിൽ 2 തവണയാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്റർനെറ്റ് നിരോധിച്ച് നിർദേശം നൽകിയത്. 

കാര്യമിതൊക്കെയാണെങ്കിലും ഇന്റർനെറ്റ് നിരോധനം സംബന്ധിച്ച കൃത്യമായ കണക്കുകൾ ഒരു കേന്ദ്ര ഏജൻസിയുടെ കൈവശവുമില്ല. ടെലികോം, ആഭ്യന്തര മന്ത്രാലയങ്ങൾക്കൊന്നും ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങളില്ലെന്നും സംസ്ഥാനങ്ങളും ജില്ലാ ഭരണകൂടവുമെല്ലാം ഇക്കാര്യത്തിൽ അവസരോചിതമായ തീരുമാനങ്ങളെടുക്കുകയുമാണെന്നാണു കേന്ദ്ര സർക്കാരിന്റെ വിശദീകരണം. 

2021-ൽ ഏറ്റവും കൂടുതൽ ബ്ലോക്ക് ചെയ്യപ്പെട്ട സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമാണ് ട്വിറ്റർ എന്ന് TopVPN10 പറഞ്ഞു. ഇത് മൊത്തം 12,379 മണിക്കൂർ ആയിരുന്നു. ഫെയ്സ്ബുക്കിന്റെയും മെറ്റയുടെയും സേവനങ്ങളായ വാട്സാപ്, ഇൻസ്റ്റാഗ്രാം എന്നിവയാണ് ഈ വർഷം ഏറ്റവും കൂടുതൽ ബ്ലോക്ക് ചെയ്യപ്പെട്ടതെന്നും റിപ്പോർട്ടിൽ എടുത്തുകാണിക്കുന്നു.

English Summary: Internet Shutdowns Cost $5.45 Billion in 2021 Globally, India Came Third

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA