ADVERTISEMENT

ആധുനിക ടെക്‌നോളജിയുടെ ഈറ്റില്ലമായ സിലിക്കന്‍ വാലിക്ക് ഇന്നേവരെ നേരിട്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ തിരിച്ചടികളില്‍ ഒന്നാണ് ഫെയ്‌സ്ബുക്കിനെതിരെയുള്ള എഫ്ടിസിയുടെ നീക്കത്തിലുണ്ടായ കോടതി വിധിയെന്നു വലിയിരുത്തപ്പെടുന്നു. ഇതാകട്ടെ, മെറ്റാ കമ്പനിയുടെ (ഫെയ്‌സ്ബുക്) ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയും ആയിരിക്കാം. അമേരിക്കയിലെ ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ (എഫ്ടിസി) വാദിക്കുന്നത് ഫെയ്‌സ്ബുക് വാങ്ങിയ ആപ്പുകളായ ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പും വില്‍ക്കണം എന്നാണ്. ഈ ആന്റിട്രസ്റ്റ് നീക്കവുമായി എഫ്ടിസിക്ക് മുന്നോട്ടുപോകാമെന്നാണ് അമേരിക്കയിലെ ഒരു ഫെഡറല്‍ കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്നതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എഫ്ടിസിയുടെ ഈ ആവശ്യം തള്ളിക്കളയണമെന്ന് മെറ്റാ നല്‍കിയ പരാതിയലാണ് കോടതിയുടെ പുതിയ വിധി. എഫ്ടിസിക്ക് അതിന്റെ നീക്കവുമായി മുന്നോട്ടു പോകാമെന്നാണ് ജഡ്ജി ജയിംസ് ബോസ്‌ബെര്‍ഗ് വിധിച്ചത്. എഫ്ടിസി തങ്ങളുടെ ഉദ്യമത്തില്‍ വിജയിച്ചാല്‍ അത് ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ക്കും മൊത്തം ടെക് മേഖലയ്ക്കും വന്‍ തിരിച്ചടി സമ്മാനിച്ചേക്കാം.

 

∙ എഫ്ടിസിക്കു മുന്നില്‍ കടമ്പകള്‍ ഏറെ

 

അതേസമയം, ഫെയ്‌സ്ബുക്കിനെ പല കമ്പനികളാക്കി മുറിക്കാനുള്ള തങ്ങളുടെ ഉദ്യമത്തില്‍ എഫ്ടിസി വിജയിക്കുമോ എന്നതൊക്കെ കണ്ടറിയേണ്ട കാര്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേക്കുറിച്ചൊന്നും ഒന്നും കോടതി പറയുന്നില്ല. പക്ഷേ, കേസിന്റെ ഈ ഘട്ടത്തില്‍ എഫ്ടിസിയുടെ ആരോപണങ്ങള്‍ ശരിയാണെന്നു സമ്മതിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. വിശ്വസനീയമായ വാദങ്ങളാണ് എഫ്ടിസി ഉയര്‍ത്തിയിരിക്കുന്നത് എന്നാണ് കൊളംബിയ പ്രദേശത്തിന്റെ അമേരിക്കന്‍ ഡിസ്ട്രിക്ട് ജഡ്ജ് ബോസ്ബര്‍ഗ് വിധിച്ചിരിക്കുന്നത് എന്ന് ദി ഗാര്‍ഡിയന്‍ പറയുന്നു. അധികാരവും ഫെയ്‌സ്ബുക്കിന്റെ പണക്കൊഴുപ്പും തമ്മിലുള്ള യുദ്ധമായിരിക്കും ഇനി നടക്കുക. അതില്‍ വിജയിയെ പ്രവചിക്കുക എളുപ്പമുള്ള കാര്യമല്ല. 

 

∙ എഫ്ടിസിയുടെ കടുംപിടുത്തം

Facebook

 

ലിനാ ഖാന്‍ ആണിപ്പോള്‍ എഫ്ടിസിയുടെ പുതിയ മേധാവി. കമ്മിഷന്‍ ഇപ്പോള്‍ വാദിക്കുന്നത് ഫെയ്‌സ്ബുക് പിന്നീടു വാങ്ങിച്ചു കൂട്ടിയ ഫോട്ടോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമും, ഇന്‍സ്റ്റന്റ് മെസേജിങ് സംവിധാനമായ വാട്‌സാപ്പും വില്‍ക്കണമെന്നാണ്. അമേരിക്കന്‍ സർക്കാർ ടെക്‌നോളജി കമ്പനികള്‍ക്കെതിരെ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടയില്‍ നടത്തുന്ന ഏറ്റവും വലിയ നീക്കങ്ങളില്‍ ഒന്നാണിതെന്നു വിലയിരുത്തപ്പെടുന്നു. മെറ്റാ, തങ്ങള്‍ക്കെതിരെ മറ്റു കമ്പനികള്‍ മത്സരിക്കരുതെന്ന ചിന്തയോടെ പെരുമാറുന്നു എന്നാണ് എഫ്ടിസിയുടെ വാദം. അമേരിക്കയില്‍ അവസാനമായി ആന്റിട്രസ്റ്റ് നീക്കം നടത്തിയത് മൈക്രോസോഫ്റ്റിനെതിരെ ആയിരുന്നു. അന്ന് മൈക്രോസോഫ്റ്റിനെ അങ്ങനെ ഒതുക്കിയില്ലായിരുന്നു എങ്കില്‍ ഇന്ന് ഫെയ്‌സ്ബുക്കും ഗൂഗിളും ഒന്നും ഉണ്ടാകുമായിരുന്നില്ല. അവയെ എല്ലാം മൈക്രോസോഫ്റ്റ് ഏറ്റെടുക്കുമായിരുന്നു എന്നും വാദമുണ്ട്. അതുപോലെ, വമ്പന്‍ കമ്പനികള്‍ക്ക് മൂക്കുകയറിട്ടാല്‍ പുതിയ ആശയങ്ങളും നൂതനത്വവും വെളിച്ചം കണ്ടേക്കാമെന്ന ചിന്തയും ആന്റിട്രസ്റ്റ് നീക്കത്തിനു പിന്നിലുണ്ട്.

 

∙ എഫ്ടിസിയുടെ ആദ്യ നീക്കം പൊളിഞ്ഞിരുന്നു

 

മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലിരിക്കുമ്പോള്‍ ആയിരുന്നു എഫ്ടിസി ഫെയ്‌സ്ബുക്കിനെതിരെ ഇതിനു മുൻപ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു അത്. ആ കേസ് കോടതി തള്ളുകയായിരുന്നു. തുടര്‍ന്ന് എഫ്ടിസി പരാതി പരിഷ്‌കരിച്ച് ഓഗസ്റ്റില്‍ സമര്‍പ്പിക്കുകയായിരുന്നു. ഫെയ്‌സ്ബുക്കിന്റെ വാങ്ങിക്കൂട്ടലുകളെക്കുറിച്ചുള്ള കൂടുതല്‍ വിശദമായ വിവരങ്ങള്‍ പുതിയ പരാതിയില്‍ ഉള്‍ക്കൊള്ളിച്ചു. എതിര്‍ കമ്പനികളെ വാങ്ങിക്കൂട്ടുക വഴി എങ്ങനെയാണ് തങ്ങള്‍ക്കെതിരെ മത്സരം ഇല്ലാതാക്കാന്‍ ശ്രമിച്ചത് എന്നത് കൂടുതല്‍ വ്യക്തമാക്കി. ഇത്തവണ എഫ്ടിസി കൂടുതല്‍ കരുത്തുറ്റതും, വിശദവുമായ രീതിയില്‍ കേസ് സമര്‍പ്പിച്ചിരിക്കുന്നു എന്ന് ജഡ്ജ് ബോസ്ബര്‍ഗ് നിരീക്ഷിച്ചു. ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പും വാങ്ങിക്കുക വഴി ഫെയ്‌സ്ബുക്കിന്റെ സ്വേച്ഛാധിപത്യപരമായ നീക്കങ്ങളെക്കുറിച്ചും തങ്ങള്‍ക്കെതിരെ മത്സരം ഇല്ലാതാക്കാനുള്ള ശ്രമത്തെക്കുറിച്ചും ഇത്തവണ എഫ്ടിസി വ്യക്തമാക്കിയിട്ടുണ്ടെന്ന് ജഡ്ജി വിധിയില്‍ കുറിച്ചു. ആഗോള തലത്തില്‍ ഏകദേശം 280 കോടി ആളുകള്‍ പ്രതിദിനം മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, എഫ്ടിസിയുടെ നീക്കം വിജയിച്ചാല്‍ വന്‍കിട ടെക്‌നോളജി കമ്പനികള്‍ക്കെല്ലാം എതിരെ ഇത്തരം ആന്റിട്രസ്റ്റ് നീക്കങ്ങള്‍ വരാം.

 

∙ ഗൂഗിള്‍ ഇന്ത്യയില്‍ പ്രശ്‌നത്തില്‍

amazon-flipkart

 

ഈ വര്‍ഷം ഗൂഗിളിന് ഇന്ത്യയില്‍ ദുഷ്‌കരമായ വര്‍ഷം ആയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ ആപ് ഡവലപ്പര്‍മാര്‍ക്ക് പണം നല്‍കുന്ന രീതി പഠിച്ചുവരുന്ന കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിള്‍ പ്ലേയിലെ പേമെന്റ് രീതികളെക്കുറിച്ച് അന്വേഷണം തുടരുകയാണ്. അതുപോലെ തന്നെ വാര്‍ത്തകള്‍ ഗൂഗിള്‍ സേര്‍ച്ചില്‍ കാണിക്കുന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുവെന്ന് എംഎസ്എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വാര്‍ത്തകള്‍ കാണിക്കുക വഴി ലഭിക്കുന്ന പരസ്യ വരുമാനം വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റുമായി ഗൂഗിള്‍ പങ്കുവയ്ക്കുന്നില്ലെന്നാണ് ഇന്ത്യയിലെ ഡിജിറ്റല്‍ ന്യൂസ് പബ്‌ളിഷേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചിരിക്കുന്നത്. ഇതടക്കം നാലിലേറെ അന്വേഷണങ്ങളാണ് ഗൂഗിളിനെതിരെ ഇന്ത്യയില്‍ നടക്കുന്നത്. 

 

∙ സേര്‍ച്ചിലും പക്ഷപാതം?

 

ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആന്‍ഡ്രോയിഡ് ടിവി, ആന്‍ഡ്രോയിഡ് ഒഎസ് എന്നിവയ്ക്ക് എതിരെയും അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഗൂഗിള്‍ സേര്‍ച്ചില്‍ പക്ഷപാതം കടന്നുവരുന്നുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. പ്ലേസ്റ്റോറില്‍ ഇടുന്ന ആപ്പുകളില്‍ നിന്ന് കമ്മിഷന്‍ വാങ്ങുന്ന ഗൂഗിളിന്റെ രീതിയും അന്വേഷണ പരിധിയിലുണ്ട്. കമ്മിഷന്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ആപ്പിള്‍ കമ്പനിയേയും അന്വേഷണ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇരു കമ്പനികളും 30 ശതമാനം വീതമായിരുന്നു ആപ് ഡവലപ്പര്‍മാരില്‍ നിന്ന് കമ്മിഷന്‍ ഈടാക്കിയിരുന്നത്. ഇപ്പോള്‍ ഇതില്‍ അല്‍പം കുറവു വരുത്തിയിട്ടുണ്ടെങ്കിലും അമേരിക്ക അടക്കം വിവിധ രാജ്യങ്ങളില്‍ ഇതിന്റെ ശരി തെറ്റുകളെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. 

 

∙ വാട്‌സാപ്പിന്റെ എതിരാളി സിഗ്നല്‍ ആപ്പിന്റെ മേധാവി രാജിവച്ചു

 

ഇന്‍സ്റ്റന്റ് മെസേജിങ്ങില്‍ ഏറ്റവും സ്വകാര്യതയുള്ള ആപ്പുകളില്‍ ഒന്നായി വിശ്വസിക്കപ്പെടുന്ന സിഗ്നലിന്റെ മേധാവി മോക്‌സി മര്‍ളിന്‍സ്‌പൈക് രാജിവച്ചു. തല്‍ക്കാലത്തേക്ക് ഈ സ്ഥാനം വഹിക്കുക വാട്‌സാപ്പിന്റെ സഹ സ്ഥാപകന്‍ ബ്രയന്‍ ആക്ടണ്‍ ആയിരിക്കും എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. സിഗ്നല്‍ ആപ് മര്‍ളില്‍സ്‌പൈക് തുടങ്ങുന്നത് 2014ല്‍ ആണ്. വാട്‌സാപ് ഫെയ്‌സബുക്കിനു വിറ്റ ശേഷം രാജിവച്ച ആക്ടണ്‍ കുറച്ചു വര്‍ഷങ്ങളായി സിഗ്നലിന്റെ ബോര്‍ഡില്‍ ഉണ്ട്. ഇപ്പോള്‍ രാജിവച്ച മര്‍ലിന്‍സ്‌പൈക്കും ബോര്‍ഡില്‍ തുടരും. ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് മുതല്‍ റഷ്യയില്‍ അഭയംതേടിയ വിസില്‍ ബ്ലോവര്‍ എഡ്വേഡ് സ്‌നോഡന്‍ വരെയുള്ള ആക്ടിവിസ്റ്റുകള്‍ വിശ്വാസത്തോടെ ഉപയോഗിക്കുന്ന ആപ്പാണ് സിഗ്നല്‍. ആക്ടണ്‍ സിഗ്നലില്‍ എത്തുന്നത് 2018ല്‍ ആണ്.  

 

∙ ഗൂഗിള്‍ നെസ്റ്റ് രണ്ടാം തലമുറ ഇന്ത്യയില്‍

 

ആമസോണ്‍ എക്കോയുടെ അടുത്ത എതിരാളിയായ സ്മാര്‍ട് സ്പീക്കര്‍ ഗൂഗിള്‍ നെസ്റ്റിന്റെ രണ്ടാം തലമുറ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തി. ആമസോണ്‍ അലക്‌സയ്ക്കു പകരം ഗൂഗിള്‍ അസിസ്റ്റന്റായിരിക്കും വോയിസ് കമാന്‍ഡുകള്‍ നെസ്റ്റില്‍ പ്രോസസ് ചെയ്യുക. ഫ്‌ളിപ്കാര്‍ട്ട്, ടാറ്റാ ക്ലിക്, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയായിരിക്കും വില്‍പന. വില 7,999 രൂപ. തുടക്ക ഓഫര്‍ പ്രകാരം, ഇതിനൊപ്പം 1 രൂപയ്ക്ക് നെസ്റ്റ് മിനിയും സ്വന്തമാക്കാം. ഈ ഓഫര്‍ ജനുവരി 26 വരെയോ, സ്‌റ്റോക്ക് തീരുന്നതു വരെയോ ആയിരിക്കും ലഭിക്കുക. 

 

∙ ഓണ്‍ലൈനില്‍ റിപ്പബ്ലിക് ഡേ വില്‍പന തുടങ്ങുന്നു

 

ഈ വര്‍ഷത്തെ ആദ്യത്തെ സെയിലിന് തയാറെടുക്കുകയാണ് ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാരികള്‍. ജനുവരി 17 മുതലാണ് പല സൈറ്റുകളിലും റിപ്പബ്ലിക് ദിന ഇളവുകളോടെയുള്ള വില്‍പന തുടങ്ങുക.

 

English Summarry: Lawsuit aiming to break up Facebook group Meta can go ahead, US court rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com