ADVERTISEMENT

ലോകത്തെ ഞെട്ടിച്ചുകൊണ്ട് കസഖ്സ്ഥാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയതിനു പിന്നാലെ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ മൂല്യത്തിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു. പ്രക്ഷോഭത്തിനു പിന്നാലെ കസഖ്സ്ഥാനിൽ ഇന്റർനെറ്റും പ്രതിസന്ധിയിലായി. ഇതേത്തുടർന്ന് ജനുവരി 5, 6 തിയതികളിൽ 11 ശതമാനം വരെ ബിറ്റ്കോയിന്റെ മൂല്യം ഇടിഞ്ഞു.

 

എന്തു കൊണ്ടാണ് ഒരു ഏഷ്യൻ രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി ബിറ്റ്കോയിനെ ഇത്രമാത്രം ഉലച്ചുകളഞ്ഞതെന്ന സംശയം ന്യായമായും ഉണ്ടാകാം. ക്രിപ്റ്റോ മേഖലയെ സംബന്ധിച്ച് വെറുമൊരു ഏഷ്യൻ രാജ്യമല്ല കസഖ്സ്ഥാൻ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്റ്റോ മൈനിങ് രാജ്യമാണു കസഖ്സ്ഥാൻ. യുഎസിനാണ് ഒന്നാം സ്ഥാനം. ക്രിപ്റ്റോമൈനിങ് ഉപയോഗിച്ചാണു ബിറ്റ്‌കോയിൻ ഉത്പാദിപ്പിച്ചെടുക്കുന്നത്. വളരെയേറെ ഊർജം ആവശ്യമുള്ള ഒരു പ്രക്രിയയാണ് ഇത്.

 

കഴിഞ്ഞ വർഷം ചൈന, രാജ്യത്ത് ക്രിപ്റ്റോ കറൻസി ഉത്പാദത്തിനു നിയന്ത്രണം കൊണ്ടുവന്നതോടെയാണു കസഖ്സ്ഥാനിൽ ക്രിപ്റ്റോമൈനിങ് വ്യവസായം പടർന്നു പന്തലിക്കാൻ തുടങ്ങിയത്. അതീവ ഊർജം പ്രവർത്തിക്കാൻ വേണ്ട കംപ്യൂട്ടറുകൾ ഉപയോഗിച്ചാണ് ബ്ലോക്ക്ചെയിൻ ശൃംഖലയിൽ ഓരോ ബ്ലോക്കും പുതുതായി രൂപീകരിക്കുന്നത്. ഊർജസമ്പുഷ്ടമായ കസഖ്സ്ഥാൻ അതിനാൽ തന്നെ ക്രിപ്റ്റോ മൈനർമാരുടെ പ്രിയസങ്കേതമായി മാറി.

 

പ്രക്ഷോഭം പടർന്നുപിടിച്ച ദിവസങ്ങളിൽ 36 മണിക്കൂറോളം ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടുപോയെങ്കിലും ഉടനടി തന്നെ തിരികെക്കൊണ്ടുവരാൻ സാധിച്ചതോടെ കസഖ്സ്ഥാനിൽ മൈനിങ് പുനരാരംഭിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഈ സംഭവം ദൂരവ്യാപകമായ മാറ്റങ്ങളിലേക്കു വഴി തെളിച്ചേക്കുമെന്നു ക്രിപ്റ്റോ പണ്ഡിതർ പറയുന്നു.

 

മൈനിങ്ങിനായി പുതിയ ഹബ്ബുകൾ ലോകത്തു പലയിടത്തും തുറക്കുമെന്നാണു ഒരു പ്രതീക്ഷ. ബിറ്റ്കോയിനെ അംഗീകരിച്ച ഊർജസമ്പത്തുള്ള എൽസാൽവദോർ പോലുള്ള രാജ്യങ്ങൾ പുതിയ ഹബ്ബുകളായി മാറിയേക്കാം. അതുപോലെ തന്നെ അതീവ ഊർജം ഉപയോഗിക്കാതെ മൈനിങ് നടത്താനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും സംഭവം വഴിവച്ചേക്കാം.

കസഖ്സ്ഥാനും ബിറ്റ്കോയിനുമായുള്ള വലിയ ബന്ധം കൂടി മറനീക്കി പുറത്തുകൊണ്ടുവരാൻ ഈ പ്രക്ഷോഭം വേദിയൊരുക്കി. കസഖ്സ്ഥാനിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന വൈദ്യുതി ദൗർലഭ്യത്തിനു പിന്നിൽ ക്രിപ്റ്റോ മൈനിങ്ങിന് ഒരു പങ്കുണ്ടെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

 

സോവിയറ്റ് യൂണിയനിൽ റഷ്യ കഴിഞ്ഞാൽ വിസ്തീർണം കൊണ്ട് ഏറ്റവും വലിയ റിപ്പബ്ലിക്കായിരുന്ന കസഖ്സ്ഥാൻ 1991ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ സ്വതന്ത്ര പരമാധികാര രാജ്യമായി. അതീവ ഊർജസമ്പത്തും യുറേനിയം സമ്പത്തുമുള്ള രാജ്യമായിട്ടും ജനങ്ങളുടെ സാമ്പത്തിക നില തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നത് രാജ്യത്ത് വലിയതോതിൽ അസംതൃപ്തിക്കു നേപത്തെ വഴിവച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ പ്രക്ഷോഭത്തിനുള്ള പ്രത്യക്ഷകാരണമായി പറയപ്പെടുന്നത് എൽപിജി വാതകത്തിന്റെ വിലനിയന്ത്രണത്തിൽ സർക്കാർ കൊണ്ടുവന്ന ചില പരിഷ്കാരങ്ങളോടുള്ള രോഷമാണ്. 

 

സ്ഥാനമൊഴിഞ്ഞിട്ടും, കസഖ്സ്ഥാന്റെ ആദ്യ പ്രസി‍ഡന്റായ നൂർസുൽത്താൻ നസർബയേവ് സെക്യൂരിറ്റി കൗൺസിൽ ചെയർമാനെന്ന നിലയിൽ അധികാരത്തിൽ ഇപ്പോഴും സ്വാധീനം ചെലുത്തി നിൽക്കുന്നതും രോഷത്തിനു കാരണമായി.

പ്രധാന നഗരമായ അൽമാട്ടിയുൾപ്പെടെ നാഗരികകേന്ദ്രങ്ങളിൽ തുടങ്ങിയ പ്രക്ഷോഭം താമസിയാതെ രാജ്യം മൊത്തം വ്യാപിച്ചു. 160 ൽ അധികം പേർകൊല്ലപ്പെട്ടു. സോവിയറ്റ് രാജ്യങ്ങളുടെ കൂട്ടായ്മയായ സിഎസ്ടിഒ, റഷ്യൻ സേന തുടങ്ങിയവർ പ്രക്ഷോഭം ശമിപ്പിക്കാനായി കസഖ്സ്ഥാനിൽ നിലയുറപ്പിച്ചിരുന്നു.

 

English Summary: Bitcoin network power slumps as Kazakhstan crackdown hits crypto miners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com