ADVERTISEMENT

ഇന്റര്‍നെറ്റിനെ എങ്ങനെ ശക്തിയോടെ പോക്കറ്റിലാക്കാമെന്നു കാണിച്ചു തന്ന ഉപകരണമാണ് ഐഫോണ്‍. ഇന്റര്‍നെറ്റ് അതിന്റെ അടുത്ത ഘട്ടമായ വെബ് 3.0, അല്ലെങ്കില്‍ മെറ്റാവേഴ്‌സിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍. യഥാര്‍ഥലോകവും വെര്‍ച്വല്‍ ലോകവും സന്ധിക്കുന്ന ഒന്നായിരിക്കും ഈ ഇടം എന്നാണ് കരുതപ്പെടുന്നത്. ഇത് യാഥാര്‍ഥ്യമാക്കാന്‍ സവിശേഷമായ ഹാര്‍ഡ്‌വെയര്‍ വേണം. പോക്കറ്റ് ഇന്റര്‍നെറ്റിന്റെ യഥാര്‍ഥ ശക്തി കാണിച്ചുതരാന്‍ ഒരു ഐഫോണ്‍ വേണ്ടിവന്നു. അതുപോലെ മെറ്റാവേഴ്‌സിന്റെ സാധ്യതകള്‍ പുറത്തുകൊണ്ടുവരുന്ന ആദ്യ ഉപകരണമായിരിക്കുമോ മെറ്റാ കമ്പനി (ഫെയ്‌സ്ബുക്), പ്രോജക്ട് കെംബ്രിയ (Project Cambria) എന്ന കോഡ് നാമത്തില്‍ നിര്‍മിച്ചു വരുന്ന പുതിയ ഹൈ-എന്‍ഡ് ഹെഡ്‌സെറ്റ് എന്ന് ചോദിക്കുകയാണ് ടെക്‌നോളജി ലോകം. മെറ്റാവേഴ്‌സിന്റെ ഐഫോണ്‍ നിമിഷം എത്തുക പ്രോജക്ട് കെംബ്രിയ വഴിയായിരിക്കുമോ?

 

∙ ഇത്തരം ഹെഡ്‌സെറ്റുകള്‍ നിര്‍മിച്ചു പരിചയമുള്ള കമ്പനി

 

മെറ്റാ ഇത്തരം ഹെഡ്‌സെറ്റ് നിര്‍മാണത്തില്‍ തഴക്കവും പഴക്കവും വന്ന കമ്പനിയാണ്. അവരുടെ ഒക്യുലസ് ക്വെസ്റ്റ് 2 അഭൂതപൂര്‍വമായ വിജയമാണ് കൊയ്തതെന്ന് ടെക്‌റഡാര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ വിജയത്തിനുമേല്‍ പടുത്തുയര്‍ത്തുന്നതായിരിക്കും പ്രോജക്ട് കെംബ്രിയ എന്നതു തന്നെ അതിന്റെ അപാര സാധ്യതകളെക്കുറിച്ച് ചിന്തിക്കാന്‍ ഇടവരുത്തുന്നു. കോഡ് നാമം പ്രോജക്ട് കെംബ്രിയ എന്നാണെങ്കിലും ഇതിന് പേരിടുക ഒക്യുലസ് ക്വെസ്റ്റ് പ്രോ എന്നായിരിക്കാമെന്നാണ് സൂചന. വെര്‍ച്വല്‍ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയും സമ്മേളിപ്പിക്കുന്ന വിസ്മയ ലോകമായിരിക്കും ഇതിലൂടെ അനുഭവവേദ്യമാകുക എന്നു കരുതുന്നു. ഒക്യുലസ് ക്വെസ്റ്റ് 2, ഇനി വരാനിരിക്കുന്ന ഒക്യുലസ് ക്വെസ്റ്റ് 3 തുടങ്ങിയവ ഐഫോണ്‍ 13 പോലെ താരതമ്യേന ഫീച്ചറുകള്‍ കുറഞ്ഞ ലൈന്‍-അപ് ആയിരിക്കുമെങ്കില്‍ ഐഫോണ്‍ 13 പ്രോ മാക്‌സ് പോലെ പരമാവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നതായിരിക്കും പ്രോജക്ട് കെംബ്രിയ അഥവാ ക്വെസ്റ്റ് പ്രോ എന്നും സംസാരമുണ്ട്. 

 

∙ നൂതനത്വം നിറഞ്ഞുനിൽക്കുന്നതെന്ന് സക്കര്‍ബര്‍ഗ്

 

മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറയുന്നത് പ്രോജക്ട് കെംബ്രിയ പരിപൂര്‍ണമായും നവീനമായ ഒരു ഹൈ-എന്‍ഡ് ഹെഡ്‌സെറ്റ് ആയിരിക്കുമെന്നാണ്. വിലയും കൂടുതലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് വയര്‍ലെസ് വെര്‍ച്വല്‍ റിയാലിറ്റിക്ക് എന്തു ചെയ്യാനാകുമോ അതെല്ലാം ഉള്‍ക്കൊള്ളിച്ചായിരിക്കും ഹെഡ്‌സെറ്റിന്റെ നിര്‍മാണം. എന്നാല്‍, ഫെയ്‌സ്ബുക്കിന് വെല്ലുവിളികള്‍ ഇല്ലാതിരിക്കുമെന്നും കരുതേണ്ട. ആപ്പിള്‍ ഈ വര്‍ഷം അവതരിപ്പിക്കുമെന്നു കരുതുന്ന 3000 ഡോളര്‍ വരെ വില വന്നേക്കാവുന്ന എആര്‍-വിആര്‍ ഹെഡ്‌സെറ്റ്, സോണിയുടെ പ്ലേസ്റ്റേഷന്‍ വിആര്‍2 തുടങ്ങിയവയും പ്രോജക്ട് കെംബ്രിയയ്ക്ക് കടുത്ത മത്സരം സമ്മാനിക്കുമെന്നു കരുതപ്പെടുന്നു.

 

∙ വില കൊണ്ട് ആപ്പിളിനെ ഞെട്ടിക്കുമോ?

 

മെറ്റാ കമ്പനിയുടെ ഇപ്പോള്‍ വില്‍ക്കുന്ന ഒക്യുലസ് ക്വെസ്റ്റ് 2 മോഡലിന് 299 ഡോളറാണ് വില. പ്രോജക്ട് കെംബ്രിയയ്ക്ക് ഒരു പക്ഷേ 499 ഡോളര്‍ ആയിരിക്കാം വില എന്നു പ്രതീക്ഷിക്കുന്നു. ആപ്പിള്‍ 3,000 ഡോളറിന് ഹെഡ്‌സെറ്റ് ഇറക്കുകയാണെങ്കില്‍ അതിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ മെറ്റയ്ക്ക് സാധിച്ചേക്കും. 

 

∙ ഫീച്ചറുകള്‍

 

വാസ്തവത്തില്‍ ഇവിടെയായിരിക്കും ക്വെസ്റ്റ് 2 പോലെയുള്ള മോഡലുകള്‍ക്കപ്പുറത്തേക്ക് പ്രോജക്ട് കെംബ്രിയ നീങ്ങുക. വരാന്‍ പോകുന്ന ഹെഡ്‌സെറ്റിന് കംപ്യൂട്ടറുമായോ ഫോണുമായോ ഒന്നും കണക്ടു ചെയ്യാതെ സ്വയം പ്രവര്‍ത്തന ശേഷി ഉണ്ടായിരിക്കുമെന്നാണ് സൂചന. അതേസമയം, അധികസാധ്യതകള്‍ ചൂഷണം ചെയ്യണമെന്നുള്ളവര്‍ക്ക് കംപ്യൂട്ടറുമായി കണക്ടും ചെയ്യാം. ഹെഡ്‌സെറ്റ് ഇറങ്ങാന്‍ എത്രകാലം കാത്തിരിക്കേണ്ടി വരുമെന്നാണ് ചോദ്യമെങ്കില്‍ വരുന്ന മേയില്‍ തന്നെ ഇറങ്ങിയേക്കുമെന്നാണ് പ്രതീക്ഷ. പ്രോജക്ട് കെംബ്രിയയെപ്പറ്റി മെറ്റാ പുറത്തുവിട്ട വിഡിയോ ക്ലിപ്പ് താഴെ കാണാം. 

∙ കുപ്രസിദ്ധ ഹാക്കര്‍ ഗ്രൂപ്പിനെ റഷ്യ തകര്‍ത്തു വിട്ടത് അമേരിക്ക പറഞ്ഞിട്ടെന്ന് 

 

റെവിള്‍ (REvil) എന്നറിയപ്പെടുന്ന ലോകത്തെ ഏറ്റവും കുപ്രസിദ്ധമായ റാന്‍സംവെയര്‍ ആക്രമണകാരികളായ ഹാക്കര്‍മാരെ റഷ്യ തകര്‍ത്തുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. അമേരിക്കയുടെ നിര്‍ദേശപ്രകാരമാണ് റഷ്യന്‍ ഇന്റലിജന്‍സ് വിഭാഗമായ എഫ്എസ്ബി പറഞ്ഞു. വാഷ്ങ്ടണ്‍ തകര്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന ഏറ്റവും വലിയ ഹാക്കര്‍ ഗ്രൂപ്പായിരുന്നു ഇതെന്നു പറയപ്പെടുന്നു. ഈ ക്രിമിനല്‍ സംഘം ഇപ്പോള്‍ നിലവിലില്ല എന്നാണ് എഫ്എസ്ബി അതിന്റെ വെബ്‌സൈറ്റില്‍ കുറിച്ചത്. അവരുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ത്തുകളഞ്ഞു എന്നും പറഞ്ഞിട്ടുണ്ട്. 

 

ഇതേപ്പറ്റി റഷ്യയിലെ അമേരിക്കന്‍ എംബസി പ്രതികരിച്ചിട്ടില്ലെന്നു പറയുന്നു. എന്നാല്‍, ഹാക്കര്‍മാരില്‍ റഷ്യന്‍ പൗരത്വമുള്ളവരെ അമേരിക്കയ്ക്ക് കൈമാറില്ലെന്നും പറയുന്നു. അമേരിക്ക കഴിഞ്ഞ നവംബറില്‍ ഈ ഹാക്കര്‍ ഗ്രൂപ്പ് എവിടെ നിന്നു പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ദശലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഹാക്കര്‍മാരെ തകര്‍ത്തതിനു പകരമായി അമേരിക്കയില്‍ നിന്ന് റഷ്യ ചില ഉറപ്പുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നു വാര്‍ത്തകളുണ്ട്.

 

∙ ഉക്രെയിന്റെ സർക്കാർ വെബ്‌സൈറ്റ് സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നു

 

റഷ്യയും ഉക്രെയിനും തമ്മിലുള്ള പിരിമുറുക്കം വര്‍ധിക്കുന്നതിനിടയില്‍ യുക്രെയിന്റെ പല സർക്കാർ വെബ്‌സൈറ്റുകളും തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ഹാക്കര്‍മാര്‍ എന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. റഷ്യയുടെ പിന്തുണയുള്ള ഹാക്കര്‍മാരാണ് ആക്രമണത്തിനു പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, റഷ്യയാണ് ആക്രമണം നടത്തിയതെന്ന് തീര്‍ച്ചെപ്പെടുത്താറായിട്ടില്ലെന്ന് ഉക്രെയിൻ വക്താവ് പറയുന്നു.

 

∙ വണ്‍പ്ലസ് 9ആര്‍ടി ഇന്ത്യയില്‍ അവതരിപ്പിച്ചു

 

ഇന്ത്യക്കാര്‍ക്ക് താത്പര്യമുളള ചൈനീസ് ടെക്‌നോളജി കമ്പനിയായ വണ്‍പ്ലസിന്റെ മറ്റൊരു ഹാന്‍ഡ്‌സെറ്റ് 9ആര്‍ടി കൂടി വില്‍പനയ്‌ക്കെത്തുന്നു. ഇതിന്റെ 8ജിബി റാം, 128ജിബി സ്റ്റോറേജ് ശേഷിയുമുള്ള തുടക്ക വേരിയന്റിന് 42,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. എട്ടു കോറുള്ള സ്‌നാപ്ഡ്രാഗണ്‍ 888 ആണ് പ്രോസസര്‍. ഓക്‌സിജന്‍ ഒഎസ് 11ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 6.62-ഇഞ്ച് വലുപ്പമുള്ള, 120 ഹെട്‌സ് റിഫ്രഷ് റെയ്റ്റ് ഉള്ള, ഫുള്‍എച്ഡി പ്ലസ് ഇ4 അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. 

 

∙ ചില രാജ്യങ്ങളില്‍ ആപ്പിളിന്റെ ആപ് സ്‌റ്റോര്‍ ആപ്പുകള്‍ക്കു വില കൂടും

 

ചില രാജ്യങ്ങളില്‍ ആപ്പിളിന്റെ ആപ് സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും, ഇന്‍-ആപ് വാങ്ങലുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും വില വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ബഹറിന്‍, ഉക്രെയ്ന്‍, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലാണ് വിലവര്‍ധന. രാജ്യങ്ങള്‍ വാറ്റ് വര്‍ധിപ്പിച്ചതാണ് വില വര്‍ധനയ്ക്കു കാരണമെന്നു പറയുന്നു. 

 

∙ ആദ്യമായി 10 ബില്ല്യന്‍ വ്യൂസ് കടന്ന യൂട്യൂബ് വിഡിയോ

 

പല യൂട്യൂബ് വിഡിയോകള്‍ക്കും ദശലക്ഷക്കണക്കിനു വ്യൂസ് കിട്ടുന്നുണ്ട്. ചിലതിന് കോടിക്കണക്കിനും. എന്നാല്‍ ആദ്യമായി 100 ബില്ല്യന്‍ വ്യൂസ് കടന്ന ആദ്യ യൂട്യൂബ് വിഡിയോ ആയിരിക്കുകയാണ് ബേബി ഷാര്‍ക്ക് എന്നു പേരിട്ടിരിക്കുന്ന ക്ലിപ്പ്. ഇതെഴുതുന്ന സമയത്ത് വിഡിയോയ്ക്ക്ഉള്ളത് 10,013,169,475 വ്യൂസ് ആണ്. അത് 32 ദശലക്ഷം ലൈക്‌സും വാരിക്കൂട്ടിയാണ് ജൈത്രയാത്ര തുടരുന്നത്. 2016 ജൂൺ 18ന് പുറത്തിറക്കിയ വിഡിയോയ്ക്ക് ഇപ്പോഴും കാഴ്ചക്കാര്‍ കുറഞ്ഞിട്ടില്ല.

 

English Summary: Project Cambria: All there is to know about Meta's rumored Oculus Quest Pro

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com