യാത്രയ്ക്കിടെ ‘5ജി ഫോണുകൾ’ ഉപയോഗിച്ചാൽ വിമാനം തകർന്നുവീഴുമോ? വിദഗ്ധർ പറയുന്നതെന്ത്?

spiritairlines
Photo: AFP
SHARE

5ജി ഫോണുകള്‍ ഉപയോഗിക്കുന്ന യാത്രികര്‍ വിമാനം പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും നിര്‍ബന്ധമായും ഹാൻഡ്സെറ്റുകൾ ഓഫാക്കണമെന്ന് നേരത്തേ തന്നെ ഫ്രഞ്ച് സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. 5ജി ഉപകരണങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ വിമാനങ്ങളുടെ ഉയരം അളക്കുന്ന അള്‍ട്ടിമീറ്റര്‍ ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനം താറുമാറാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

∙ യാത്രക്കാർ 5ജി ഫോണുകൾ ഉപയോഗിക്കരുത്

വിമാനങ്ങളിലെ 5ജി ഉപയോഗം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഫ്രഞ്ച് സിവില്‍ വ്യോമയാന മന്ത്രാലയം വിമാന കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതു പ്രകാരം വിമാനങ്ങള്‍ പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും 5ജി ഫോണുകള്‍ ഓഫാക്കുകയോ എയര്‍പ്ലെയിന്‍ മോഡിലേക്ക് മാറ്റുകയോ ചെയ്യണം. അള്‍ട്ടിമീറ്റര്‍ അടക്കമുള്ള വിമാനത്തിലെ നിര്‍ണായകമായ ഉപകരണങ്ങളുടെ തരംഗദൈര്‍ഘ്യത്തോട് അടുത്തോ അതിനേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതോ ആയ തരംഗങ്ങളാണ് 5ജി ഫോണുകളില്‍ നിന്നും വരുന്നത്. ഇത് ഉപകരണങ്ങളുടെ റീഡിങ്ങില്‍ മാറ്റം വരുത്തുമെന്നതാണ് അപായ മുന്നറിയിപ്പിന് പിന്നില്‍.

വിമാനങ്ങള്‍ പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തിന് നേരത്തെ തന്നെ നിയന്ത്രണങ്ങളുണ്ട്. അതേസമയം, പല വിമാന കമ്പനികളും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാനും കോളുകള്‍ ചെയ്യാനും യാത്രക്കാരെ അനുവദിക്കാറുണ്ട്. ഇതാണ് കര്‍ശനമായി പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാനുള്ള കാരണം. 5ജി ഫോണുകളുടെ ഉപയോഗത്തെ തുടര്‍ന്ന് വിമാനങ്ങളിലെ ഉപകരണങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ദൃശ്യമായാല്‍ ഉടന്‍ തന്നെ എയര്‍ക്രൂ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ വഴി വിമാനത്താവള അധികൃതരെ അറിയിക്കണമെന്നും ഫ്രഞ്ച് സിവില്‍ വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശത്തിലുണ്ട്.

∙ 5ജിക്ക് ഉയര്‍ന്ന വേഗത്തിലുള്ള കണക്ടിവിറ്റിയും ബാന്‍ഡ്‌വിഡ്ത്തും

മുന്‍ തലമുറകളെ അപേക്ഷിച്ച് ഉയര്‍ന്ന വേഗത്തിലുള്ള കണക്ടിവിറ്റിയും ബാന്‍ഡ്‌വിഡ്ത്തും 5ജിക്കുണ്ട്. ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ഇതിനനുസരിച്ചുള്ള അധിക വേഗവും കൂടുതല്‍ ഉപകരണങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള സൗകര്യവും 5ജിയില്‍ ലഭിക്കും. അതേസമയം, കുറഞ്ഞ ദൂരത്തേക്ക് മാത്രമേ 5ജി സിഗ്നലുകള്‍ സഞ്ചരിക്കൂ എന്നതാണ് പ്രധാന ന്യൂനത. അതുകൊണ്ട് കൂടുതല്‍ ബേസ് സ്റ്റേഷനുകളും ടവറുകളും 5ജി മൊബൈല്‍ നെറ്റ്‌വര്‍ക്കിന് ആവശ്യമാണ്. ഇത്തരം 5ജി ടവറുകളും മറ്റും വിമാനത്താവളങ്ങള്‍ക്ക് അടുത്ത് വേണ്ടെന്നും ഫ്രഞ്ച് വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശത്തിലുണ്ട്.

∙ 5ജിക്കെതിരെ വ്യാപക ആരോപണങ്ങൾ

ഫ്രാന്‍സില്‍ 5ജി സാങ്കേതികവിദ്യക്കുള്ള അനുമതി ഔദ്യോഗികമായി നല്‍കിയതിന് പിന്നാലെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും വന്നിരിക്കുന്നത്. 5ജി സാങ്കേതികവിദ്യക്കൊപ്പം നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുന്‍ തലമുറകളെ അപേക്ഷിച്ച് 3 മുതല്‍ 300 ജിഗാഹെട്‌സ് വരെ ഉയര്‍ന്ന ഫ്രീക്വന്‍സിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. അതേസമയം, മരങ്ങളും ചുമരുകളും അടക്കമുള്ളവയുടെ തടസങ്ങള്‍ പോലും 5ജിയുടെ അള്‍ട്രാഹൈ തരംഗങ്ങളെ ബാധിക്കും. ഇത് കൂടുതല്‍ ടവറുകള്‍ക്ക് കാരണമായതും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് വഴിമരുന്നിട്ടു. 

∙ 5ജിക്കെതിരെ യുഎസ് ശാസ്ത്രജ്ഞരും

അമേരിക്കന്‍ ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മിഷന്‍ സി-ബാന്‍ഡ് ഫ്രീക്വന്‍സികള്‍ ലേലത്തില്‍ വില്‍ക്കാന്‍ ഒരുങ്ങിയപ്പോൾ തന്നെ 5ജിക്കെതിരെ ഒരു സംഘം ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരുന്നു. ഈ സൂപ്പര്‍-ഫാസ്റ്റ് 5ജി നെറ്റ്‌വര്‍ക്കിന് അനുവദിക്കുന്ന സ്‌പെക്ട്രം വിമാനത്തിലെ ഇലക്ട്രോണിക്‌സിനോട് ഇടപെടാനുള്ള സാധ്യതയാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിലൂടെ വിമാനം തകർന്ന് വീണേക്കാമെന്ന് വരെ അവര്‍ പറയുന്നു. സി-ബാന്‍ഡ് ഫ്രീക്വന്‍സി ഇപ്പോള്‍ സാറ്റലൈറ്റ് പ്രൊവൈഡര്‍മാരും മറ്റുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍, അതുംകൂടി 5ജിക്കു വിട്ടുകൊടുക്കാനാണ് അമേരിക്കയിലെ നീക്കം. സി-ബാന്‍ഡ് വിട്ടുകൊടുക്കുക വഴി അടുത്ത തലമുറ വയര്‍ലെസ് സേവനമായ 5ജിയിലും ഒന്നാം സ്ഥാനത്ത് തുടരാമെന്ന അമേരിക്കയുടെ മോഹമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.

∙ വിമാനങ്ങളിലെ ടെക് സംവിധാനങ്ങൾക്ക് ഭീഷണി

എന്നാല്‍, ഇത്തരം ഫ്രീക്വന്‍സികള്‍ വിമാനത്താവളത്തിനടുത്തുള്ള ട്രാന്‍സ്മിറ്ററുകളും പ്രസിരിപ്പിക്കാന്‍ തുടങ്ങിയാല്‍ അവ വിമാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രോണിക്‌സുമായി ഇടപെടാമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. താന്‍ ഈ കാര്യത്തില്‍ അതിശക്തമായ സുരക്ഷാ പ്രശ്‌നമാണ് കാണുന്നതെന്ന് വ്യോമയാന സാങ്കേതികവിദ്യാ പരമായ പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്ന, വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, ആര്‍ടിസിഎയുടെ മേധാവിയായ ടെറി മക്‌വീനസ് പറഞ്ഞു. അല്ലെങ്കില്‍ അതു മറികടക്കാനുള്ള എന്തെങ്കിലും കണ്ടെത്തലുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറയുന്നു. 

∙ വിമാനത്തിലെ റഡാര്‍ അള്‍ട്ടിമീറ്ററുകളുടെ താളം തെറ്റും

അതേസമയം, അമേരിക്കയുടെ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ അഥവാ എഫ്‌സിസി പറയുന്നത് 5ജിക്കു നല്‍കിയിരിക്കുന്ന സി-ബാന്‍ഡ് സ്‌പെക്ട്രവും വിമാനത്തിലെ റഡാര്‍ അള്‍ട്ടിമീറ്ററുകളും തമ്മില്‍ ഒരു ബഫര്‍ ഉണ്ടെന്നും അപകടങ്ങള്‍ ഒഴിവാക്കാന്‍ അതു മതിയാകുമെന്നുമാണ്. ഇവയ്ക്കു രണ്ടിനും ഒരേസമയം സുരക്ഷിതമായി പ്രവര്‍ത്തിക്കാമെന്നാണ് എഫ്‌സിസിയുടെ വാദം. തങ്ങള്‍ വിശ്വസിക്കുന്നത് 5ജി അത്തരമൊരു ഇടപെടലും നടത്തില്ലെന്നാണ് എഫ്‌സിസിയുടെ വക്താവ് വില്‍ വിക്വിസ്റ്റ് പറഞ്ഞത്.

∙ എന്തുകൊണ്ട് വിമാനങ്ങൾ തകരാം? തെളിവുകളുമായി വിദഗ്ധര്‍

എന്നാല്‍, തങ്ങളുടെ വാദം തെളിയിക്കാനായി 217-പേജുള്ള പഠനമാണ് ആര്‍ടിസിഎ പുറത്തിറക്കിയിരിക്കുന്നത്. അത്തരം സാധ്യതകള്‍ നിലനില്‍ക്കുന്നു എന്നാണ് അവര്‍ വാദിക്കുന്നത്. ഷിക്കാഗോയിലെ ഓ'ഹെയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പോലെയുള്ള ഇടങ്ങളില്‍ എന്തുകൊണ്ട് വിമാനങ്ങള്‍ തകരാം എന്നതിന്റെ കാര്യകാരണങ്ങള്‍ സഹിതമാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ നിലായിലാണ് മുന്നോട്ടു പോകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങളായിരിക്കും കാത്തിരിക്കുന്നതെന്ന് സ്ഥാപിക്കാനുള്ള ഡേറ്റ കൈവശമുണ്ടെന്നാണ് ടെറിയുടെ വാദം. ഈ പ്രശ്‌നം പരിഹരിക്കാനുളള മാര്‍ഗങ്ങളൊന്നും ടെറിക്കു നിര്‍ദേശിക്കാനില്ല. എന്നാല്‍, കമ്യൂണിക്കേഷന്‍സ് വ്യവസായവുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ പരിഹാരം ഉരുത്തിരിഞ്ഞുവരാമെന്നാണ് അദ്ദേഹത്തിന്റെ വാദം. 

∙ വിമാനങ്ങളിലെ ആൾട്ടിമീറ്ററുകൾ മാറ്റിസ്ഥാപിക്കാൻ സമയമെടുക്കും

ആള്‍ട്ടിമീറ്ററുകള്‍ പുതിയതായി ഡിസൈന്‍ ചെയ്ത് എടുക്കാനും മാറ്റിവയ്ക്കാനും വര്‍ഷങ്ങള്‍ വേണ്ടി വരുമെന്ന നിലപാടാണ് അദ്ദേഹം എടുത്തിരിക്കുന്നത്. ലാന്‍ഡിങ്ങിന്റെ നിര്‍ണായക സമയത്ത് കൃത്യതയില്ലാത്ത സിഗ്നലുകളായിരിക്കും ചെല്ലുക. ഓരോ തവണയും ഇതു സംഭവിക്കാം. അള്‍ട്ടിമീറ്ററുകളുടെ പ്രവര്‍ത്തനം താറുമാറായി ഇത് മഹാവിപത്തിനു കാരണമാകുമെന്നും പഠനം പറയുന്നു. താനൊരു 5ജി വിരുദ്ധനല്ല. എന്നാല്‍, വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ടെറി വാദിക്കുന്നു.

∙ 5ജിക്കെതിരെ എയര്‍ലൈന്‍സ് ഫോര്‍ അമേരിക്കയും

അതേസമയം, അമേരിക്കന്‍ വിമാനക്കമ്പനികളുടെ ഗ്രൂപ്പായ എയര്‍ലൈന്‍സ് ഫോര്‍ അമേരിക്ക ആര്‍ടിസിഎയുടെ പഠന റിപ്പോര്‍ട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തിയതും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. എഫ്‌സിസി തങ്ങളുടെ നിലപാട് പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് എയര്‍ലൈന്‍സ് ഫോര്‍ അമേരിക്ക പറഞ്ഞിരിക്കുന്നത്. സുരക്ഷ നിര്‍ണായകമായ വ്യോമയാന സാങ്കേതികവിദ്യ 5ജി സി-ബാന്‍ഡ് വരുമ്പോള്‍ സുഗമമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കുകയെങ്കിലും എഫ്‌സിസി ചെയ്യണമെന്നാണ് അവരുടെ ആവശ്യം. അതേസമയം, അമേരിക്കയുടെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും സി-ബാന്‍ഡ് അള്‍ട്ടിമീറ്ററുകളുടെ പ്രവര്‍ത്തനത്തില്‍ ഇടങ്കോലിടില്ലെന്ന കാര്യത്തില്‍ സംശയമുണ്ടെന്നു പറഞ്ഞ് രംഗത്തെത്തി. ഇക്കാര്യത്തില്‍ തങ്ങള്‍ എഫ്‌സിസിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണിപ്പോള്‍ എന്നാണ് അവര്‍ പറയുന്നത്. അതേസമയം, ഫ്രാന്‍സിലെ വ്യോമയാന മന്ത്രാലയം വിമാനത്താവളങ്ങള്‍ക്കടുത്ത് 5ജി ടവറുകള്‍ സ്ഥാപിക്കല്‍ മന്ദഗതിയിലാക്കി. ഇക്കാര്യത്തില്‍ തങ്ങള്‍ പഠനം നടത്തുകയാണെന്നാണ് അവര്‍ പറഞ്ഞത്. 

∙ വിമാനത്താവളങ്ങള്‍ക്കടുത്ത് 5ജി ടവറുകള്‍ സ്ഥാപിക്കല്‍ മന്ദഗതിയിലാക്കി ഫ്രാൻസ്

5ജി വയർലെസ് സാങ്കേതികകവിദ്യയിൽ നിന്നുള്ള തരംഗസ്വാധീനം കാരണം വിമാനങ്ങൾ പറക്കുന്നത് ബാധിക്കപ്പെടാമെന്ന് ബോയിങ്, എയർബസ് കമ്പനികളുടെ അധികൃതരും വ്യോമയാന മേഖലയിലെ വിദഗ്ധരുമായ ഡേവ് കാൽഹൗൻ, ജെഫ്രി നിറ്റൽ എന്നിവർ യുഎസ് ഗതാഗത സെക്രട്ടറി പീറ്റ് ബട്ട്ഗീഗിന് അയച്ച കത്തിൽ പറയുന്നത്. എയർലൈൻസ് ഫോർ അമേരിക്ക എന്ന ഗവേഷക സംഘത്തിന്റെ പഠനം അടിസ്ഥാനമാക്കിയാണ് ഇവർ കത്തയച്ചിരിക്കുന്നത്.

English Summary: 5G smartphones can interfere with Critical aircraft instruments

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA