ADVERTISEMENT

ആപ്പിളിന്റെ ഈ വര്‍ഷത്തെ പ്രീമിയം ഐഫോണുകളുടെ അവതരണം മാസങ്ങള്‍ അകലെയാണെങ്കിലും അടുത്ത മോഡല്‍ താമസിയാതെ അവതരിപ്പിച്ചേക്കുമെന്നു കരുതുന്നു. വില കുറഞ്ഞ ഐഫോണ്‍ ശ്രേണിയിലെ അടുത്ത മോഡലാണ് താമസിയാതെ പുറത്തിറക്കുക. ആപ്പിള്‍ കമ്പനിയെക്കുറിച്ച് അധികം തെറ്റില്ലാത്ത വിവരങ്ങള്‍ പുറത്തുവിടുന്ന റോസ് യങ് പറയുന്നത് ഈ മോഡലിന്റെ പേര് ഐഫോണ്‍ എസ്ഇ + 5ജി (SE + 5G) എന്നായിരിക്കുമെന്നാണ്. ജിഎസ്എം അരീനയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ ഫോണിന് 4.7-ഇഞ്ച് വലുപ്പമുള്ള എല്‍സിഡി സ്‌ക്രീനായിരിക്കും ഉണ്ടാകുക. അതേസമയം, 5.7 ഇഞ്ച് വലുപ്പമുള്ള മറ്റൊരു എസ്ഇ മോഡലും ആപ്പിള്‍ പരീക്ഷിക്കുന്നുണ്ടെന്നു പറയുന്നു. ഇത് 2023-24 കാലഘട്ടത്തില്‍ പുറത്തിറക്കിയേക്കുമെന്നാണ് കരുതുന്നത്. ഇതിന് ഓലെഡ് പാനലായിരിക്കും. വിലയും കൂടിയേക്കും.

 

∙ ഈ വര്‍ഷത്തെ ആദ്യ ഐഫോണ്‍ അവതരിപ്പിക്കുക മാര്‍ച്ച്-ഏപ്രിലില്‍

 

ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മാന്‍ പ്രവചിക്കുന്നത് പുതിയ ഐഫോണ്‍ എസ്ഇ അവതരിപ്പിക്കുന്നത് 2022 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ആയിരിക്കുമെന്നാണ്. വെര്‍ച്വല്‍ ആയിട്ടായിരിക്കും അവതരണമെന്നും അദ്ദേഹം പറയുന്നു. ഈ വര്‍ഷത്തെ ഐഫോണ്‍ എസ്ഇ മോഡലിന് 5ജി ഉണ്ടായിരിക്കും എന്നതു കൂടാതെ, മറ്റു ചില അവകാശവാദങ്ങളും നിലവിലുണ്ട് - അതിന് ശക്തിപകരുക ഐഫോണ്‍ 13 സീരീസില്‍ ഉപയോഗിച്ചിരിക്കുന്ന എ15 ബയോണിക് പ്രോസസര്‍ ആയിരിക്കുമെന്നും, 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഒരു വേരിയന്റ് മാത്രമാണ് ഉണ്ടായിരിക്കുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് ഇന്ത്യയില്‍ അവതരണ സമയത്ത് 50,0000 രൂപയോളമാണ് വില പ്രതീക്ഷിക്കുന്നത്.

 

∙ ഫോൺ വിൽപനയിൽ സാംസങ്ങിനെ പിന്തള്ളി ആപ്പിള്‍

 

സാംസങ് അടക്കമുള്ള നിര്‍മാതാക്കളെ പിന്തള്ളി, 2021 അവസാന പാദത്തില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണുകള്‍ വിറ്റത് ആപ്പിള്‍ ആണെന്ന് ഗവേഷണ കമ്പനിയായ കനാലിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള തലത്തില്‍ ഈ കാലഘട്ടത്തില്‍ വിറ്റ ഫോണുകളില്‍ 22 ശതമാനവും ഐഫോണുകളാണ്. കഴിഞ്ഞ വര്‍ഷവും ഈ സമയത്ത് ആപ്പിള്‍ മുന്നിലെത്തിയിരുന്നു. സാംസങ് ആണ് ആപ്പിളിനു തൊട്ടുപിന്നില്‍. ലോകത്ത് 20 ശതമാനം ഫോണുകളാണ് അവര്‍ വിറ്റിരിക്കുന്നത്. ഈ കാലയളവില്‍ ആപ്പില്‍ മുന്നിലെത്താനുള്ള കാരണം ഐഫോണ്‍ 13 ന്റെ വില്‍പന തുടങ്ങിയതാണ്. കൂടാതെ, ചൈനയിൽ ഐഫോണുകള്‍ക്ക് മത്സരബുദ്ധിയോടെ വിലയിട്ടതും കമ്പനിക്കു ഗുണംചെയ്തുവെന്ന് കനാലിസ് പറയുന്നു. ഗവേഷണ കമ്പനിയുടെ റിപ്പോര്‍ട്ടില്‍ ആപ്പിളിനും സാംസങ്ങിനു പിന്നിലായി 12 ശതമാനം മാര്‍ക്കറ്റ് ഷെയറുമായി ഷഓമി മൂന്നാമത് നില്‍ക്കുന്നു. നാലും അഞ്ചും സ്ഥാനങ്ങളില്‍ ഒപ്പോയും (9 ശതമാനം), വിവോയും (8 ശതമാനം) ആണ്.

 

∙ ആപ്പിളിനെ പരാജയപ്പെടുത്താന്‍ എഎംഡിയുടെ സഹായം തേടി സാംസങ്

 

ഐഫോണുകളെ പിന്തള്ളി കരുത്തുറ്റ ഗെയിമിങ് ഫോണ്‍ ഇറക്കാനുള്ള പരിശ്രമത്തിനു ബലംപകരാന്‍ മറ്റൊരു അമേരിക്കന്‍ കമ്പനിയായ അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസിന്റെ (എഎംഡി) സഹായം തേടിയിരിക്കുകയാണ് സാംസങ് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനായി എഎംഡിയുടെ ഗ്രാഫിക്‌സ് ഉള്‍ക്കൊള്ളിച്ചുള്ള ആദ്യ പ്രോസസര്‍ പുറത്തിറക്കിയിരിക്കുകയാണ് സാംസങ്. എക്‌സിനോസ് 2200 എന്നു പേരിട്ടിരിക്കുന്ന പ്രോസസറിന് സാംസങ്ങിന്റെ ഏറ്റവും നൂതനമായ 4എന്‍എം ഫാബ്രിക്കേഷന്‍ പ്രോസസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം എഎംഡിയുടെ വിഖ്യാതമായ ഗ്രാഫിക്‌സ് ചിപ്പ് നിര്‍മാണ മികവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

 

∙ പുത്തന്‍ ടെക്‌നോളജി

 

സ്മാര്‍ട് ഫോണ്‍ പ്രോസസര്‍ നിര്‍മാതാക്കള്‍ ആരും ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത റേ ട്രെയ്‌സിങ് (ray tracing) പിന്തുണയുള്ള ചിപ്പുമാണിത്. കംപ്യൂട്ടറുകളിലെ ഗ്രാഫിക്‌സ് കാര്‍ഡുകളില്‍ മാത്രം ഉപയോഗിച്ചു വന്ന സാങ്കേതികവിദ്യയെ മൊബൈല്‍ പ്രോസസറില്‍ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. എഎംഡിയുടെ ആര്‍ഡിഎന്‍എ 2 ആര്‍ക്കിടെക്ചര്‍ ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്ന ഗ്രാഫിക്‌സ് ചിപ്പിന് എക്‌സ്‌ക്ലിപ്‌സ് (Xclipse) എന്നാണ് പേരിട്ടിരിക്കുന്നത്. മൊബൈല്‍ ഗെയിമിങ്ങില്‍ പുതിയൊരു ചുവടുവയ്പ്പാകാം ഇതെന്നും കരുതുന്നു. എട്ടു കോറുകളുള്ളതാണ് സാംസങ്ങിന്റെ പുതിയ എക്‌സിനോസ് 2200 പ്രോസസര്‍.

 

∙ ഗെയിമിങ് വ്യവസായത്തെ ഞെട്ടിച്ച് മൈക്രോസോഫ്റ്റ്, 'കോള്‍ ഓഫ് ഡ്യൂട്ടി' നിർമിച്ച കമ്പനിയെ 68.7 ബില്ല്യന്‍ ഡോളറിനു വാങ്ങും

 

വിഖ്യാതമായ കോള്‍ ഓഫ് ഡ്യൂട്ടി ഗെയിം നിര്‍മിച്ച ആക്ടിവിഷന്‍ ബ്ലിസഡിനെ (Activision Blizzard) 68.7 ബില്ല്യന്‍ ഡോളര്‍  നല്‍കി വാങ്ങാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. ഈ വാര്‍ത്ത ഗെയിമിങ് മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. ആക്ടിവേഷനും എക്‌സ്‌ബോക്‌സ് നിര്‍മാതാവ് മൈക്രോസോഫ്റ്റിനൊപ്പം എത്തുമ്പോള്‍ ആഗോള തലത്തില്‍ ഗെയിമിങ് മേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ മൂന്നിലൊന്നും അവരുടേതാകുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ആക്ടിവിഷന്റെ ഒരു ഓഹരിക്ക് 89.55 ഡോളര്‍ വിലയുണ്ടായിരുന്ന സമയത്താണ് ഓഹരിക്ക് 95 ഡോളര്‍ വച്ചു നല്‍കി കമ്പനി വാങ്ങാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചത്.

 

∙ ഗെയിമിങ് വഴി മെറ്റാവേഴ്‌സിലേക്ക് പ്രവേശിക്കാന്‍ മൈക്രോസോഫ്റ്റ്

 

ഗെയിമിങ് കമ്പനികളെ ഏറ്റെടുക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളായി നിരവധി ബില്ല്യന്‍ ഡോളര്‍ മൈക്രോസോഫ്റ്റ് മുടക്കി കഴിഞ്ഞിട്ടുണ്ട്. മൈന്‍ക്രാഫ്റ്റ് നിര്‍മാതാവ് മൊജാങ് സ്റ്റുഡിയോസ്, സെനിമാക്‌സ് തുടങ്ങിയ കമ്പനികളെയും മൈക്രോസോഫ്റ്റ് വാങ്ങി. ആക്ടിവിഷന്റെ ഗെയിമുകളായ കോള്‍ ഓഫ് ഡ്യൂട്ടി, ഓവര്‍വാച്ച് തുടങ്ങിയവയും എത്തുമ്പോള്‍ മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ബോക്‌സ് പ്ലാറ്റ്‌ഫോമിന് സോണിയുടെ പ്ലേസ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിനെക്കാള്‍ അല്‍പം കൂടുതല്‍ മികവ് അവകാശപ്പെടാനായേക്കും. അതേസമയം, ഇന്റര്‍നെറ്റിന്റെ അടുത്ത ഘട്ടം ആയേക്കുമെന്നു കരുതുന്ന മെറ്റാവേഴ്‌സിന് ഇപ്പോഴത്തെ ഗെയിമുകള്‍ക്കുള്ള രീതിയിലുള്ള ത്രിമാന സ്വഭാവവും മറ്റുമാണ് പ്രതീക്ഷിക്കുന്നത്. പുതിയ നീക്കം വഴി ഈ മേഖലയില്‍ വന്‍ ചുവടുവയ്പ്പു നടത്താനും മൈക്രോസോഫ്റ്റിന് സാധിച്ചേക്കുമെന്നും കരുതുന്നു.

 

∙ എയര്‍പോര്‍ട്ടുകള്‍ക്ക് അടുത്ത് 5ജി ടവറുകള്‍ ദുരന്തം വിതറുമോ?

 

എയര്‍പോര്‍ട്ടുകള്‍ക്ക് അടുത്ത് 5ജി ടവറുകള്‍ സ്ഥാപിക്കുന്നത് ദുരന്തമായേക്കാമെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് അമേരിക്കയിലെ മുന്‍നിര എയര്‍ലൈന്‍ കമ്പനികളെന്ന് എഎഫ്പി റിപ്പോര്‍ട്ടു ചെയ്യുന്നു. ഇക്കാര്യത്തില്‍ നേരത്തെ മുതലുള്ള മുന്നറിയിപ്പുകള്‍ പരിഗണിച്ച് അമേരിക്കയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ വെറൈസണും എടിആന്‍ഡ്ടിയും തങ്ങളുടെ സി-ബാന്‍ഡ് 5ജി സേവനം തുടങ്ങുന്നത് ഇതിനോടകം രണ്ടു തവണ മാറ്റിവച്ചു. ഇതില്‍ നിന്നുള്ള സിഗ്നല്‍ വിമാനങ്ങളില്‍, സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം (altitude) അളക്കാന്‍ പിടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാമെന്നാണ് വിമാന നിര്‍മാണ കമ്പനികള്‍ നല്‍കുന്ന മുന്നറിയിപ്പ്.

 

വിമാനത്താവളങ്ങളുടെ റണ്‍വേക്ക് ഏകദേശം രണ്ടു മൈല്‍ അടുത്തെങ്ങും 5ജി ടവറുകള്‍ സ്ഥാപിക്കരുതെന്നും തങ്ങളുടെ മുന്നറിയിപ്പ് അടിയന്തര പ്രാധാന്യത്തോടെ കാണണമെന്നും വ്യോമയാന കമ്പനികള്‍ അധികാരികള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. അമേരിക്കയുടെ വ്യോമയാന വിഭാഗമായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ റണ്‍വേയെക്കുറിച്ച് നിര്‍വചിക്കുന്ന അകലം കണക്കിലെടുത്താണ് ഈ മേഖല മാറ്റിയിടണമെന്ന് പറയുന്നത്. അല്ലെങ്കില്‍ സാമ്പത്തിക ദുരന്തമാണ് സംഭവിക്കുക എന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. രാജ്യത്തിന്റെ വ്യാപാരമേഖല അക്ഷരാര്‍ഥത്തില്‍ സ്തംഭിക്കുമെന്നാണ് കത്തില്‍ പറയുന്നത്. 

 

അതേസമയം, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ രാജ്യത്തെ 88 എയര്‍പോര്‍ട്ടുകളില്‍ 48 എണ്ണത്തിനും സമീപത്ത് സുരക്ഷിതമായി 5ജി ടവര്‍ സ്ഥാപിക്കാനുള്ള അംഗീകാരം നല്‍കിയിരിക്കുകയുമാണ്. വിമാനത്താവളങ്ങളിലേക്ക് എത്തുന്ന വിമാനങ്ങളില്‍ 5ജിയുടെ സി-ബാന്‍ഡ് കലര്‍ന്ന് പ്രശ്‌നമുണ്ടാക്കാമെന്നാണ് മുന്നറിയിപ്പ്. ആയിരക്കണക്കിനു ഫ്‌ളൈറ്റുകള്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വിമാനത്താവളങ്ങള്‍ക്ക് അടുത്ത് എവിടെയൊക്കെ ടവര്‍ സ്ഥാപിച്ചാല്‍ ദുരന്തമുണ്ടാകില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ കണ്ടെത്തുന്നതു വരെയെങ്കിലും ഈ മേഖലയില്‍ ടവറുകള്‍ സ്ഥാപിക്കരുതെന്നും അവര്‍ അഭ്യര്‍ഥിക്കുന്നു. അതേസമയം, വെറൈസണും എടിആന്‍ഡ്ടിയും നിരവധി ബില്ല്യന്‍ ഡോളര്‍ നല്‍കിയാണ് 3.7-3.98 ഗിഗാഹെട്‌സ് ബാന്‍ഡില്‍ 5ജി ട്രാന്‍സ്മിഷന്‍ നടത്താന്‍ കരാര്‍ ഒപ്പുവച്ചത്.

 

English Summary: Apple Led Smartphone Shipments in Q4 2021, Samsung Close Second Amid Chip Shortage: Canalys

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com