ഇത് ടെക്നോളജിയുടെ പുതിയ ലോകം, നിറം മാറുന്ന കാർ മുതൽ മസാജ് ചെയ്യുന്ന റോബട്ട് വരെ

Massage-Robotics
SHARE

ലാസ് വേഗസ് കൺസ്യൂമർ ഇലക്ട്രോണിക് ഷോ (സിഇഎസ് 2022). ടെക് പ്രേമികളുടെ ആവേശമായ ഷോ, കോവിഡ് പ്രതിസന്ധി തീർക്കുന്ന കാലത്ത് ‘ഹൈബ്രിഡ്’ ആയാണ് നടന്നതെങ്കിലും അവതരിപ്പിക്കപ്പെട്ട പല പ്രോഡക്ടുകളും പ്രതീക്ഷ വാനോളം ഉയർത്തുന്നതാണ്. ടെക് ഭീമൻമാരായ പല കമ്പനികളും ഇക്കുറിയും ഓൺലൈൻ ആയാണ് ഷോയിൽ പങ്കെടുത്തത്. ഓഫ് ലൈൻ സ്റ്റാളുകൾ വളരെ കുറവായിരുന്നു. കഴിഞ്ഞ വർഷവും സമാനമായ രീതിയിലായിരുന്നു ഷോ. മേള കഴിഞ്ഞപ്പോൾ ചർച്ചകളിൽ ഇടം പിടിച്ച ചില ഉൽപന്നങ്ങൾ ഇവയാണ്.

∙ ഐ എക്സ് ഫ്ലോ

ബിഎംഡബ്ല്യു എന്നു കേൾക്കുമ്പോഴേ വാഹനപ്രേമികൾക്ക് ആവേശമാകും. ജർമൻ സാങ്കേതിക വിദ്യകളുടെ സമന്വയമാണ് അവരുടെ കാറുകൾ. ഇക്കുറി സിഇഎസിൽ ചർച്ചയായ പ്രധാന ഇവന്റുകളിൽ ഒന്ന് ബിഎംഡബ്ല്യുവിന്റെ ഐ എക്സ് ഫ്ലോ എന്ന കാർ ആയിരുന്നു. അതിന്റെ നിറമായിരുന്നു പ്രധാന ആകർഷണം. ഇ–ഇങ്ക് എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ റിമോട്ട് ഉപയോഗിച്ച് നിറം മാറുന്ന കാർ ആണിത്. കറുപ്പ്, വെളുപ്പ് നിറങ്ങളിൽ മാറാൻ റിമോട്ടിൽ ഒരു സ്വിച്ച് അമർത്തേണ്ട കാര്യം മാത്രം. വെറുതേ നിറം മാറുക മാത്രമല്ല. വ്യത്യസ്തമായ പാറ്റേണുകളിൽ ഈ നിറങ്ങളെ സമന്വയിപ്പിക്കാനും ഐഎക്സ് ഫ്ലോയ്ക്ക് കഴിയും. ഭംഗിക്ക് പുറമേ മറ്റ് ഗുണങ്ങളും ഇതിനുണ്ട് എന്നു കമ്പനി അവകാശപ്പെടുന്നു. ചൂടുള്ള സമയങ്ങളിൽ കാറിന്റെ നിറം കറുപ്പിൽനിന്നു വെളുപ്പിലേക്കു മാറ്റിയാൽ കാറിനകത്ത് ചൂട് കുറയ്ക്കാൻ കഴിയുമെന്നത് ഉൾപ്പെടെയാണ് കമ്പനിയുടെ അവകാശവാദം. അതേസമയം, കേരള എംവിഡി ഈസ് വെയിറ്റിങ് എന്ന പേരിൽ ട്രോളന്മാർ ആഘോഷം തുടങ്ങിയിട്ടുമുണ്ട്.

bmw-ix-flow-1

∙ സോണി പ്ലേ സ്റ്റേഷൻ വിആർ 2

സോണിയുടെ പ്ലേ സ്റ്റേഷന്റെ പുതിയ അപ്ഡേറ്റ് മേളയിലെ ചർച്ചാ വിഷയമായി. പ്ലേ സ്റ്റേഷൻ 5 നു വേണ്ടി വികസിപ്പിച്ച വിആർ2 ഹെഡ് സെറ്റും സെൻസ് കൺട്രോളറുമാണ് പുതുമ. പുതിയ പ്രോസസറിന്റെ മുഴുവൻ സവിശേഷതയും ഗെയിമർക്ക് ആസ്വദിക്കാൻ സൗകര്യം നൽകുന്നതാണ് പുതിയ വിആർ. ഹൈ റെസലൂഷൻ അനുഭവമാണ്. 4കെ ഒഎൽഇഡി എച്ച്ഡിആർ ഡിസ്പ്ലേ, മെച്ചപ്പെട്ട ഐ ട്രാക്കിങ് സംവിധാനം എന്നിവയാണ് ഹെഡ്സെറ്റിലെ സൗകര്യം. ക്യാമറ സൗകര്യമില്ലാതെ തന്നെ ഗെയിം കൺട്രോളിങ് സൗകര്യമാണ് പുതുക്കിയ വിആർ സെൻസറിൽ ഉള്ളത്. എന്നാൽ സെൻസർ കൺട്രോൾ വയേർഡ് ആണ് എന്നത് ഗെയിമർമാർക്ക് നിരാശയുണ്ടാക്കിയിട്ടുണ്ട്.

∙ അസുസ് സെൻഫോൺ 17 ഫോൾഡ് ഒഎൽഇഡി

ടാബ് ആയും ലാപ്ടോപ് ആയും വലിയ സ്ക്രീനായുമൊക്കെ ഉപയോഗിക്കാവുന്ന വിധത്തിൽ ഹൈബ്രിഡ് ലാപ്ടോപ് പുറത്തിറക്കിയിരിക്കുകയാണ് അസുസ്. ഏറ്റവും മികച്ച ദൃശ്യാനുഭവം ലഭ്യമാകുന്ന സ്ക്രീനാണ് ഇതിന്റേതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. 17.3 ഇഞ്ച് ആണ് സ്ക്രീൻ. പക്ഷേ ഇത് മടക്കാൻ കഴിയുന്നതാണ് എന്നതാണ് സവിശേഷത. കൂടാതെ ലാപ്ടോപിൽനിന്ന് കീബോർഡിന്റെ ഭാഗം അഴിച്ചെടുത്താൽ ടാബ്‌ലറ്റ് പോലെ പ്രവർത്തിപ്പിക്കാനുമാകും. വലിയ സ്ക്രീൻ ആയതുകൊണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലെ സിനിമകൾ ടിവി സ്ക്രീനിൽ കാണുന്ന മിഴിവോടെ കാണാം എന്നും കമ്പനി പറയുന്നു.

∙ നൊവെറ്റോ സൗണ്ട് ബാർ

പാട്ട് കേൾപ്പിക്കുന്ന സൗണ്ട് ബാർ. അതിലെന്താ പ്രത്യേകത എന്നല്ലേ. ഇത് സൗണ്ട് ബാർ ആണെങ്കിലും ഇതിലൂടെ ശബ്ദം നിങ്ങൾക്കു മാത്രമേ കേൾക്കൂ. ഇയർ ഫോൺ പോലെ പേഴ്സണലൈസ്ഡ് ആയ കേൾവിക്കാണ് ഉപകരണം. പക്ഷേ, അതു ചെവിയിൽ തിരുകേണ്ടതില്ലത്രേ. അൾട്രാ സൗണ്ട് ആയി ട്രാൻസ്മിറ്റ് ചെയ്യുന്ന ശബ്ദം നിശ്ചയിക്കപ്പെട്ടവർക്കു മാത്രമേ കേൾക്കാൻ കഴിയൂ. ഫേസ് ട്രാക്കിങ് സംവിധാനമുൾപ്പെടെ ഘടിപ്പിച്ച ഈ സ്മാർട് സൗണ്ട് ബാർ ഓഡിയോ വിപണി മാറ്റിമറിച്ചേക്കുമെന്നാണ് കരുതുന്നത്. ഇതിന്റ ആശയം മാത്രമാണ് നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉൽപന്നം ഈ വർഷം അവസാനം പുറത്തിറക്കുമെന്നാണ് നൊവേറ്റോയുടെ അവകാശവാദം.

∙ സ്റ്റിയറിങ് വീൽ ഇല്ലാതെ കാഡിലാക്

കാഡിലാക്കിന്റെ കൺസപ്റ്റ് കാർ ആണ് മറ്റൊരു ചർച്ചാ വിഷയം. 2 സീറ്റർ ഇലക്ട്രിക് വാഹനമായി അവതരിപ്പിക്കുന്ന കാർ ഓട്ടമേറ്റഡ് ആണ്. ഇതിൽ സ്റ്റിയറിങ് വീൽ ഇല്ല. നിലവിൽ ആശയവും ഡിസൈനുമാണ് കാഡിലാക് അവതരിപ്പിച്ചതെങ്കിലും മേളയിൽ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒന്ന് ഇവനാണ്.

∙ മസാജ് റോബട്ട്

തളർച്ച മാറ്റാൻ ഒരു മസാജ്. അതു ചെയ്യുന്നത് റോബട്ട്. മസാജ് റോബട്ടിക്സ് എന്ന കമ്പനിയാണ് മസാജിങ് റോബട്ടിനെ അവതരിപ്പിച്ചത്. 7 അടി ഉയരമുള്ള യന്ത്രത്തിൽ 2 യന്ത്രക്കൈകളാണ് മസാജ് ചെയ്യുന്നത്. വോയ്സ് കമാൻഡ് അനുസരിച്ച് പ്രവർത്തിക്കുന്ന യന്ത്രത്തിന് ശരീരത്തിന്റെ ഘടന, ശരീരത്തിലെ പ്രശ്നങ്ങൾ എന്നിവ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയുമത്രേ. അധികം വൈകാതെ വ്യാവസായികാടിസ്ഥാനത്തിൽ ഇതിന്റെ ഉൽപാദനം ആരംഭിക്കും. മസാജ് സെന്ററിൽ ഒരാൾക്ക് ശമ്പളം കൊടുക്കുന്ന തുകയുണ്ടെങ്കിൽ ഈ യന്ത്രമനുഷ്യനെ വാങ്ങാമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

English Summary: CES - The Most Influential Tech Event in the World - CES 2022

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA