ADVERTISEMENT

രാജ്യാന്തര യാത്രകള്‍ക്കും കുടിയേറ്റത്തിനും കൂടുതല്‍ ഗുണകരമായ ഇ-പാസ്‌പോര്‍ട്ട് സംവിധാനത്തിലേക്ക് കടക്കുകയാണ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം രാജ്യത്തിന്റെ വിദേശകാര്യ വകുപ്പാണ് കഴിഞ്ഞ ദിവസം നടത്തിയത്. വിദേശകാര്യ വകുപ്പു സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ഇതുമായി ബന്ധപ്പെട്ടു നടത്തിയ ട്വീറ്റില്‍ പല പുതിയ ഫീച്ചറുകളെക്കുറിച്ചും പറയുന്നുണ്ട്. ഉടമയുടെ ബയോമെട്രിക് ഡേറ്റ അടക്കംചെയ്തിരിക്കുന്ന മൈക്രോ ചിപ്പാണ് ഇ-പാസ്‌പോര്‍ട്ടിന്റെ കേന്ദ്ര സ്ഥാനത്ത്. ഇതാകട്ടെ, വ്യോമയാനവുമായി ബന്ധപ്പെട്ട രാജ്യാന്തര സംഘടനയായ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും ഇറക്കുക. നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസിലായിരിക്കും പാസ്‌പോര്‍ട്ട് നിർമിക്കുക എന്ന് ഡിഎന്‍എ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

 

∙ സാധാരണ പാസ്‌പോര്‍ട്ടും ഇ-പാസ്‌പോര്‍ട്ടും തമ്മിലുള്ള വ്യത്യാസമെന്ത്?

 

പരമ്പരാഗത പാസ്‌പോര്‍ട്ടുമായി സമാനതകള്‍ ഉള്ളതാണ് ഇ-പാസ്‌പോര്‍ട്ടും. എന്നാല്‍, ഇ-പാസ്‌പോര്‍ട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പില്‍ ഉടമയെക്കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ബയോമെട്രിക് ഡേറ്റ, പേര്, അഡ്രസ്, മറ്റു തിരിച്ചറിയാന്‍ ഉപകരിക്കുന്ന വിവരങ്ങള്‍ തുടങ്ങിയവയൊക്കെ ഉള്‍ക്കൊള്ളിച്ചിരിക്കും. ഉടമ നടത്തിയ യാത്രകളെക്കുറിച്ചുള്ള വിവരങ്ങളടക്കം അതില്‍ ലഭ്യമാക്കും. ഉന്നത നിലവാരമുള്ള സുരക്ഷാ വലയം ചിപ്പിന് ഒരുക്കും. ചിപ്പുള്ള പാസ്‌പോര്‍ട്ട് ആണ് ഉപയോഗിക്കുന്നതെങ്കില്‍ എയര്‍പോര്‍ട്ടില്‍ വേരിഫിക്കേഷന് അധികം സമയം ചെലവഴിക്കേണ്ടി വരില്ല എന്നത് എയര്‍പോര്‍ട്ട് സ്റ്റാഫിനും പാസ്‌പോര്‍ട്ട് ഉടമയ്ക്കും ഗുണം ചെയ്‌തേക്കും. നിലവിലുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പ്രിന്റ് ചെയ്തതാണ്.

 

∙ ആര്‍എഫ്‌ഐഡി

 

ചിപ്പിന്റെ സവിശേഷതകളില്‍ മുഖ്യം അതിന്റെ റേഡിയോ-ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) മൈക്രോചിപ്പ് തന്നെയാണ്. ബയോമെട്രിക് ഡേറ്റ അടക്കം അടങ്ങുന്ന ചിപ്പില്‍ നിന്ന് അനുവാദമില്ലാതെ ഡേറ്റ എടുത്തേക്കാനുള്ള സാധ്യത കുറയ്ക്കാനായി കനത്ത സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു. ഇതെല്ലാം രാജ്യാന്തര തലത്തില്‍ യാത്രകള്‍ നടത്തുന്നവര്‍ക്ക് വളരെ ഗുണപ്രദമായിരിക്കും എന്നാണ് സർക്കാർ പറയുന്നത്. ജനങ്ങള്‍ക്ക് ഇ-പാസ്‌പോര്‍ട്ട് നല്‍കി തുടങ്ങുന്നിതന്റെ പ്രാരംഭ നടപടി എന്ന രീതിയില്‍ സ്ഥാനപതികള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഉള്ള 20,000 ഇ-പാസ്‌പോര്‍ട്ട് നല്‍കി കഴിഞ്ഞു. ഈ പരീക്ഷണം വിജയിച്ചു എന്നു കണ്ടെത്തിയാല്‍ പിന്നെ അധികം താമസിയാതെ ജനങ്ങള്‍ക്കും ഇ-പാസ്‌പോര്‍ട്ട് നല്‍കി തുടങ്ങും.

 

∙ മസ്‌കിനെക്കൊണ്ട് 13 ബില്ല്യന്‍ ഡോളർ തിരിച്ചടപ്പിക്കണമെന്ന് ടെസ്‌ല ഓഹരി ഉടമകള്‍

 

ടെസ്‌ലയുടെ ഓഹരിയുടമകള്‍ ഡെലവെയറിലെ കോര്‍ട്ട് ഓഫ് ചാന്‍സെറിയില്‍ കമ്പനി മേധാവി ഇലോണ്‍ മസ്‌കിനെതിരെ കേസ് കൊടുത്തു. ടെസ്‌ലയുടെ ബോര്‍ഡിനെക്കൊണ്ട്, തകര്‍ന്നു നിന്നിരുന്ന കമ്പനിയായ സോളാര്‍സിറ്റി (SolarCity) ഏറ്റെടുപ്പിക്കാന്‍ മസ്‌ക് 2016ല്‍ മുന്‍കൈ എടുത്തു എന്നാണ് കേസ്. സോളാര്‍സിറ്റി എന്ന കമ്പനിയുടെയും ഏറ്റവുമധികം ഓഹരി മസ്‌കിന്റെ കൈവശമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ആരോപണം. ടെസ്‌ലയുടെ 22 ശതമാനം ഓഹരി മാത്രം കൈവശമുള്ള മസ്‌ക് ബോര്‍ഡ് അംഗങ്ങളെ ഭീഷണിപ്പെടുത്തിയാണ് ഇടപാട് നടത്തിയതെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. ടെസ്‌ല കമ്പനിക്ക് മൊത്തം മൂല്യം 2.6 ബില്ല്യന്‍ ഡോളര്‍ ഉണ്ടായിരുന്ന സമയത്താണ് അതിന്റെ ഓഹരി സോളാര്‍സിറ്റിയെ രക്ഷിക്കാനായി നല്‍കിയത്. അന്നു നല്‍കിയ ഓഹരിയുടെ മൂല്യം ഇപ്പോഴത്തെ ടെസ്‌ലയുടെ മൂല്യവുമായി തട്ടിച്ചു നോക്കിയാല്‍ ഏകദേശം 13 ബില്ല്യന്‍ ഡോളറാണ് വരിക. ആ പണം മസ്‌കിനെക്കൊണ്ട് തിരിച്ചടപ്പിക്കണം എന്നാണ് നിക്ഷേപകരുടെ ആവശ്യമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.  

 

∙ മൈക്രോസോഫ്റ്റ്-ആക്ടിവിഷന്‍ ഇടപാട് അമേരിക്കന്‍ അധികാരികള്‍ പരിശോധിക്കും

 

ആഗോള ഗെയിമിങ് വ്യവസായത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് മൈക്രോസോഫ്റ്റ് നടത്താന്‍ ഒരുങ്ങുന്നത്. ഇതാകട്ടെ ഈ മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കരുതുന്നു. ഈ ഇടപാട് അമേരിക്കയുടെ ആന്റിട്രസ്റ്റ് അധികാരികള്‍ പരിശോധിച്ചേക്കുമെന്ന് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പുതിയ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 75 ബില്ല്യന്‍ ഡോളറിനാണ് ആക്റ്റിവിഷന്‍ ബ്ലിസഡിനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാങ്ങലുമാണിത്. ഈ ഇടപാടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടെ ഗെയിമിങ് മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനിയായ സോണിയുടെ ഓഹരികള്‍ക്ക് ഇടിവു നേരിട്ടു. ആക്ടിവിഷനെ ഏറ്റെടുക്കാനായാല്‍ വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ ഗെയിമിങ് കമ്പനി മൈക്രോസോഫ്റ്റ് ആയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

 

∙ മെറ്റാവേഴ്‌സിനും ഉപകരിച്ചേക്കാം

 

ലോകത്തെ ഏറ്റവും വലിയ ഗെയിമിങ് കമ്പനിയായി തീര്‍ന്നേക്കാമെന്നതു കൂടാതെ മൈക്രോസോഫ്റ്റിന് മറ്റു ഗുണങ്ങളും ആക്ടിവിഷന്‍ ഏറ്റെടുക്കല്‍ മൂലം ലഭിക്കുമെന്നു പറയപ്പെടുന്നു. വെര്‍ച്വല്‍ ലോകങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ മെറ്റാ (ഫെയ്‌സ്ബുക്) കമ്പനിക്കും മറ്റും വെല്ലുവിളി ഉയര്‍ത്താന്‍ ഇതു വഴി മൈക്രോസോഫ്റ്റിനു സാധിച്ചേക്കും. മെറ്റാവേഴ്‌സിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ ഫെയ്‌സ്ബുക് ആണെന്നാണ് ഇതുവരെയുള്ള വിലയിരുത്തലുകള്‍ പറയുന്നത്. ആക്ടിവിഷന്റെ ഗെയിം ലൈബ്രറി ലഭിക്കുമ്പോള്‍ മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ബോക്‌സിന് സോണി പ്ലേസ്റ്റേഷനേക്കാള്‍ സ്വീകാര്യത ലഭിക്കാം. സോണിയും ചൈനീസ് കമ്പനിയായ ടെന്‍സന്റും അടക്കി വാഴുന്ന ഗെയിമിങ് മേഖലയിലേക്ക് കൂടുതല്‍ കരുത്തോടെ മൈക്രോസോഫ്റ്റിന് എത്താന്‍ സാധിച്ചേക്കും.

 

∙ മൈക്രോസോഫ്റ്റ് ഹോളോലെന്‍സ് 2 ഇന്ത്യയില്‍ വില്‍പനയ്ക്ക്

 

മൈക്രോസോഫ്റ്റിന്റെ മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റായ ഹോളോലെന്‍സിന്റെ രണ്ടാം തലമുറ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തി. ഇത് ബിസിനസ് കമ്പനികള്‍ക്ക് ഉപകരിക്കുന്ന ഹെഡ്‌സെറ്റാണ്. മൈക്രോസോഫ്റ്റിന്റെ അംഗീകൃത വ്യാപാരികളായ സോഫ്റ്റ്‌ലൈന്‍, ടീം കംപ്യൂട്ടര്‍ എന്നിവ വഴിയാരിക്കും വില്‍പന. കംപ്യൂട്ടിങ്ങിന്റെ പുതിയ കാലഘട്ടത്തിലെ ഉപകരണമാണ് ഹോളോലെന്‍സ് എന്നാണ് കമ്പനി പറയുന്നത്.

 

∙ ബ്രോഡ്ബാന്‍ഡിലും ബിഎസ്എന്‍എലിനെ പിന്തള്ളി ജിയോ

 

ഏകദേശം രണ്ടു വര്‍ഷം മുൻപ് മാത്രം ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം തുടങ്ങിയ റിലയന്‍സ് ജിയോ 20 വര്‍ഷമായി ഇതേ മേഖലയില്‍ ഉണ്ടായിരുന്ന ബിഎസ്എന്‍എലിനെ വരിക്കാരുടെ എണ്ണത്തില്‍ മറികടന്നു എന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ട്രായി പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. ജിയോയ്ക്ക് നിലവില്‍ 4.34 ദശലക്ഷം വരിക്കാരുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിലെ കണക്കുകള്‍ പ്രകാരമാണിത്. അതേസമയം, 2021 ഒക്ടോബറില്‍ 4.72 ദശലക്ഷം വരിക്കാർ ഉണ്ടായിരുന്ന ബിഎസ്എന്‍എലിന് നവംബറില്‍ 4.2 ദശലക്ഷം വരിക്കാർ മാത്രമായി കുറഞ്ഞു. 

 

∙ ആപ്പിളിന് നാണക്കേട്, സഫാരിയല്‍ സുരക്ഷാ ബഗ്

 

ആപ്പിളിന്റെ സഫാരി ബ്രൗസറില്‍ ബഗ് കണ്ടെത്തി. സഫാരിയില്‍ നടത്തുന്ന ബ്രൗസിങ് വിവരങ്ങള്‍ പുറത്തുപോകാം എന്നാണ് കണ്ടെത്തല്‍. മാക്ഒഎസിലെ സഫാരി 15, ഐഒഎസ് 15, ഐപാഡ് ഒഎസ് 15 എന്നിവയിലുള്ള സഫാരി ബ്രൗസറുകളിലും ബഗ് ഉണ്ട്. ഇതിനുള്ള പരിഹാരമായി സോഫ്റ്റ്‌വെയര്‍ പാച്ച് ഒരുക്കിക്കൊണ്ടിരിക്കുകയാണ് ആപ്പിള്‍ എൻജിനീയര്‍മാര്‍ എന്ന് 9ടു5മാക്ക് റിപ്പോര്‍ട്ടു ചെയ്യുന്നു.

 

∙ ക്രിപ്‌റ്റോ ബ്രൗസറുമായി ഓപ്പറ

 

തേഡ് പാര്‍ട്ടി ബ്രൗസറുകളില്‍ പ്രാമുഖ്യമുണ്ടായിരുന്ന ഓപ്പറാ, വെബ്3 കേന്ദ്രീകൃത ക്രിപ്‌റ്റോ ബ്രൗസറിന്റെ ബീറ്റാ പതിപ്പ് പുറത്തിറക്കി. വികേന്ദ്രീകൃതമായിരിക്കും എന്നു കരുതപ്പെടുന്ന വെബ്3യ്ക്ക് ഉചിതമായ രീതിയിലാണ് ബ്രൗസറെന്നു പറയുന്നു. ഫ്രീയായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ് പുതിയ ഓപ്പറാ ബ്രൗസര്‍.

 

English Summary: India to introduce e-passport. How will the chip-based passport work?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com