കോവിഡ് കാലത്ത് കരുതേണ്ടത് ഫോൺ തന്നെ, അണുമുക്തമാക്കാൻ ശ്രമിക്കാം, എങ്ങനെ?

phone-covid
SHARE

കോവിഡ്-19 പല പ്രതലങ്ങളില്‍ നിന്നും പകരാമെന്ന് ജേണല്‍ ഓഫ് ഹോസ്പിറ്റല്‍ ഇന്‍ഫക്ഷന്‍ അടക്കം നടത്തിയ പഠനങ്ങള്‍ പറയുന്നു. ജനങ്ങൾ എപ്പോഴും ഇടപെടുന്ന അത്തരത്തിലൊരു ഉപകരണമാണ് സ്മാര്‍ട് ഫോൺ. മഹാമാരിയുടെ തുടക്കത്തില്‍ പലരും പൊതു സ്ഥലങ്ങളില്‍ തങ്ങളുടെ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ജാഗ്രത കാട്ടിയിരുന്നു. ഇപ്പോള്‍ കഥ മാറി. പുറത്ത് ഉപയോഗിച്ച സ്മാര്‍ട് ഫോൺ വീടുകളിലും ഓഫിസുകളിലും സാനിറ്റൈസ് ചെയ്യാതെ ഉപയോഗിക്കുന്നത് പതിവായിരിക്കുന്നു. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇനി പറയുന്ന കാര്യങ്ങള്‍ മനസില്‍വയ്ക്കുന്നത് പ്രയോജനപ്രദമായിരിക്കും. അതേസമയം, പല ലായനികളും ഉപയോഗിച്ച് സ്മാര്‍ട് ഫോണ്‍ വൃത്തിയാക്കുന്നത് ഫോണിന്റെ സ്‌ക്രീനിനു പ്രശ്‌നമാകുകയും ചെയ്‌തേക്കാം.

∙ ഒരു സ്‌പ്രേയും സ്‌ക്രീനില്‍ നേരിട്ട് അടിക്കരുത്

ഏറ്റവും സുരക്ഷിതമായ രീതി പൊതുസ്ഥലങ്ങളില്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗം തത്കാലം വേണ്ടന്നു വയ്ക്കുക എന്നതു തന്നെയാണ്. അതല്ല, ചില സാഹചര്യങ്ങളില്‍ ഉദാഹരണത്തിന് ആശുപത്രികളിലും മറ്റും വച്ച് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായെങ്കില്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നതും ഗുണകരമായിരിക്കും. ഈ സാഹചര്യത്തിലും സ്മാര്‍ട് ഫോണിന്റെ സ്‌ക്രീനിലേക്ക് അണുമുക്തമാക്കാനുള്ള ഒരു ലായനിയും നേരിട്ട് സ്‌പ്രേ ചെയ്യരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. അങ്ങനെ ചെയ്താല്‍ സ്‌ക്രീനില്‍ വിരലടയാളം പതിയാതിരിക്കാനും എണ്ണമയം പിടിക്കാതിരിക്കാനുമായി നല്‍കിയിരിക്കുന്ന ഓലിയോഫോബിക് ആവരണം നശിച്ചുപോകും എന്നാണ് ആപ്പിള്‍ പറയുന്നത്. പല തരം ക്ലീനിങ് ലായനികളും ഫോണിന്റെ സ്‌ക്രീന്‍ കാലക്രമത്തില്‍ നശിപ്പിച്ചേക്കും. ഇക്കാരണത്താല്‍ തന്നെ മികച്ച സ്‌ക്രീന്‍ ഗാര്‍ഡുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ സ്‌ക്രീനിന് ഗുണകരമായിരിക്കുകയും ചെയ്യും. ഇതിനാല്‍ തന്നെ ഫോണുകൾക്ക് എത്രയും വേഗം സ്‌ക്രീന്‍ ഗാര്‍ഡ് ഇടുന്നതു നന്നായിരിക്കും. 

∙ അണുമുക്തമാക്കുന്നതിനു മുൻപ് ഇക്കാര്യം ചെയ്യുക

അണുമുക്തമാക്കാന്‍ തുടങ്ങുന്നതിനു മുൻപ് ഫോണ്‍ ഓഫ് ചെയ്യുക. പ്രക്രിയ കഴിഞ്ഞതിനു ശേഷം മാത്രം ഓണ്‍ ചെയ്യുക. ഫോണ്‍ വൃത്തിയാക്കാന്‍, ലിന്റ് ഇല്ലാത്ത മൈക്രോഫൈബര്‍ തുണി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. ഇത്തരം തുണി ഉപയോഗിച്ച് സ്‌ക്രീനിന്റെ മുകളില്‍ ഇടത്തുനിന്ന് വലത്തോട് വൃത്തിയാക്കി തുടങ്ങുക. അങ്ങനെ സ്‌ക്രീനിന്റെ മുകളില്‍ നിന്ന് താഴെ വരെ എത്തുക. അതേസമയം, പൊതു സ്ഥലത്ത് ഉപയോഗിച്ചു എങ്കില്‍ ഐസോപ്രൊപില്‍ (isopropyl) ആല്‍ക്കഹോള്‍ കേന്ദ്രീകൃത ലായനി ഉപയോഗിച്ചു അണുമുക്തമാക്കുന്നതാണ് സുരക്ഷിതമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് സ്ക്രീനില്‍ നേരിട്ട് സ്‌പ്രേ ചെയ്യുന്നതിനു പകരം മൈക്രോഫൈബര്‍ തുണിലേക്ക് ഒരു തുള്ളി വീഴ്ത്തിയ ശേഷം വൃത്തിയാക്കുക. (സ്‌ക്രീന്‍ ഗാര്‍ഡ് ഉണ്ടെങ്കില്‍.) മുകളില്‍ വിവരിച്ച രീതിയില്‍ ഇടത്തു നിന്നു വലത്തോട്ടും, മുകളില്‍ നിന്നു താഴോട്ടും തുണി ചലിപ്പിച്ചു വൃത്തിയാക്കുന്നതാണ് ഏറ്റവും ഉചിതം. ഫോണിന് കവര്‍ ഇട്ടിട്ടുണ്ടെങ്കില്‍ അതും ഊരി ഐസോപ്രോപില്‍ ആല്‍ക്കഹോള്‍ കേന്ദ്രീകൃത ലായനി ഉപയോഗിച്ച് ക്ലീന്‍ ചെയ്ത് ഉണങ്ങിയ ശേഷം തിരിച്ചിടുക.

∙ ന്യൂയോര്‍ക്ക് മേയര്‍ ക്രിപ്‌റ്റോകറന്‍സിയില്‍ ശമ്പളം വാങ്ങും

തന്റെ ആദ്യ പേ ചെക്ക് കോയിന്‍ബെയ്‌സ് ഗ്ലോബല്‍ വഴി ക്രിപ്‌റ്റോകറന്‍സിയായി പരിവര്‍ത്തനം ചെയ്താണ് എത്തുക എന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ്. ശമ്പളം എതീരിയം, ബിറ്റ്‌കോയിന്‍ എന്നീ ക്രിപ്‌റ്റോകറന്‍സികളായാണ് മാറ്റുക എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. 'ന്യൂയോര്‍ക്ക് ലോകത്തിന്റെ കേന്ദ്രമാണ്. അത് ക്രിപ്‌റ്റോകറന്‍സിയുടെയും, മറ്റ് സാമ്പത്തിക നൂതനത്വത്തിന്റെയും കേന്ദ്രമായി നിലനില്‍ക്കണമെന്നും ആഡംസ് പറയുന്നു. എന്നാല്‍, നഗരത്തെ ക്രിപ്‌റ്റോകറന്‍സിയുടെ കേന്ദ്രമാക്കാനുള്ള പദ്ധതികളെക്കുറിച്ചൊന്നും ആഡംസ് പറഞ്ഞില്ലെന്നും പറയുന്നു. 

∙ ഇലക്ട്രിക് വാഹന നിര്‍മാണത്തിന് പങ്കാളിയെ തേടി സോണി

ഇലക്ട്രിക് വാഹന നിര്‍മാണ മേഖലയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്ന സോണി കമ്പനി പുതിയ ബിസിനസ് പങ്കാളികളെ തേടിയേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുക എന്നത് താരതമ്യേന എളുപ്പമാണ് എന്നതാണ് കൂടുതല്‍ കമ്പനികളെ ഈ മേഖലയിലേക്ക് എത്തിക്കുന്നത് എന്നു റിപ്പോര്‍ട്ട് പറയുന്നു. ഇതു കൂടാതെ സ്വയമോടുന്ന കാറുകളും, 5ജി സാങ്കേതികവിദ്യയും ഈ മേഖലയില്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ വന്‍ പരിവര്‍ത്തനം കൊണ്ടുവന്നേക്കുമെന്നും പറയുന്നു. ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ പങ്കാളികളാക്കുന്ന കാര്യത്തില്‍ ചൈനീസ് കമ്പനികളോട് അയിത്തം കാണിക്കില്ലെന്ന് സോണിയുടെ സീനിയര്‍ ജനറല്‍ മാനേജര്‍ ഇസുമി കാവാനിഷി പറഞ്ഞു.

∙ ഐഫോണ്‍ നിര്‍മാണ കമ്പനിയായ ഫോക്‌സ്‌കോണ്‍ ഇന്തൊനീഷ്യയ്ക്കു വേണ്ടി ഇലക്ട്രിക് വാഹനം നിര്‍മിക്കും

ആപ്പിളിനായി ഐഫോണ്‍ നിര്‍മിച്ചു നല്‍കുന്ന തയ്‌വാനീസ് കമ്പനിയായ ഫോക്‌സ്‌കോണ്‍, ഇന്തൊനീഷ്യയുടെ ഇന്‍വെസ്റ്റ്‌മെന്റ് മന്ത്രാലയവുമായി ഇലക്ട്രിക് വാഹന നിര്‍മാണത്തിന് കരാറില്‍ ഒപ്പുവച്ചു. മന്ത്രാലയം അടക്കം പല കമ്പനികളുമായും ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ സഹകരിക്കാന്‍ ഒരുങ്ങുകയാണ് കമ്പനിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ മൈക്രോമാക്‌സ് ഇന്‍ നോട്ട് 2 സ്മാര്‍ട് ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവ് മൈക്രോമാക്‌സ് പുതിയ ഇന്‍ നോട്ട് 2 (In Note 2) മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് കമ്പനിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നു മനസിലാക്കാം. മൂന്നു പിന്‍ ക്യാമറകള്‍ ഇതിന് ഉണ്ടായിരിക്കുമെന്നാണ് സൂചന.

∙ റിയല്‍മി 9 പ്രോ പ്ലസ് ഉടനെ അവതരിപ്പിച്ചേക്കും

വില കുറഞ്ഞ മോഡലായ റിയല്‍മി 9ഐ അവതരിപ്പിച്ചതിനു പിന്നാലെ മറ്റൊരു പുതിയ മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനിയെന്ന് ജിഎസ്എം അരീന റിപ്പോര്‍ട്ടു ചെയ്യുന്നു. മീഡിയടെക് ഡിമെന്‍സിറ്റി 920 ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക എന്നാണ് സൂചന. പ്രധാന ക്യാമറയ്ക്ക് 50 എംപി റെസലൂഷനാണ് പ്രതീക്ഷിക്കുന്നത്.

∙ ഇന്റര്‍നെറ്റ് കമ്പനികളുടെ സ്വേച്ഛാധിപത്യപരമായ പ്രവണതകള്‍ അന്വേഷിക്കാന്‍ ചൈന

ചില കമ്പനികള്‍ ഇന്റര്‍നെറ്റിനെ കുത്തകയാക്കി വച്ചിരിക്കുകയാണ് എന്ന ആരോപണം ലോകമെമ്പാടും ബലപ്പെടുകയാണ്. അമേരിക്കയില്‍ ഈ ആരോപണം നേരിടുന്നത് ഗൂഗിളും ഫെയ്‌സ്ബുക്കും ആണ്. ഇരു കമ്പനികളുടെയും രീതികള്‍ക്കെതിരെ അമേരിക്കയിലും യൂറോപ്പിലും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, രാജ്യത്തെ പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികള്‍ കുത്തക നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന രീതികളിലേക്ക് അന്വേഷണത്തിന് ഒരുങ്ങുകയാണ് ചൈനയും എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇഷ്ടംപോലെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ച് വിട്ടിരുന്ന ചൈനീസ് ടെക്‌നോളജി കമ്പനികള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ ചൈന മൂക്കുകയര്‍ ഇട്ടു തുടങ്ങിയിരുന്നു. ചൈനീസ് ടെക്‌നോളജിയുടെ മുഖമായിരുന്ന ആലിബാബ മേധാവി ജാക് മായെ ഇപ്പോള്‍ പൊതുപരിപാടികളില്‍ കാണാനേ ഇല്ലെന്നത് തന്നെ ചൈന നിലപാട് കടുപ്പിക്കുന്നതിന്റെ ലക്ഷണമാണ്. 

alibaba-jack-ma

എന്നാല്‍, ആ ഘട്ടത്തിനും അപ്പുറത്തേക്ക് നീങ്ങുകയാണ് രാജ്യമിപ്പോള്‍. ഉപയോക്താക്കളെ പിടിച്ചു നിർത്താനായി കമ്പനികള്‍ ഉപയോഗിക്കുന്ന രീതികളെക്കുറിച്ചാണ് ഇനി അന്വേഷണം. ഇത്തരം രീതികള്‍ ഈ മേഖലയുടെ പ്രവര്‍ത്തനത്തില്‍ അനിവാര്യമാണ് എന്നായിരുന്നു ഇതുവരെ അംഗീകരിച്ചിരുന്നത്. ഇപ്പോള്‍ സെന്‍ട്രല്‍ കമ്മിഷന്‍ ഫോര്‍ ഡിസിപ്ലിന്‍ ഇന്‍സ്‌പെക്ഷന്റെ വെബ്‌സൈറ്റിലാണ് പുതിയ നീക്കത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കമ്പനികളുടെ ഭാഗത്തു നിന്ന് തെറ്റായ പെരുമാറ്റം കണ്ടെത്തിയാല്‍ ശിക്ഷിക്കപ്പെടും എന്നാണ് പറയുന്നത്. ചില കമ്പനികളുടെ കുത്തക തകര്‍ക്കാനായിരിക്കും ചൈന ശ്രമിക്കുക എന്നു പറയുന്നു. അധികാരവും പണവും ചില കമ്പനികളില്‍ ചെന്ന് അവസാനിക്കുന്നു എന്നാണ് ബെയ്ജിങ് ഇപ്പോള്‍ കരുതുന്നത്.

English Summary: Can a smartphone spread Covid-19? Here’s how to sanitize phone the right way

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA