ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ ടെസ്‌ല സ്പീക്കറുകള്‍, ഹെഡ്‌ഫോണുകള്‍ ഉൾപ്പെടെ ഒരുപറ്റം ഉപകരണങ്ങള്‍ നിര്‍മിച്ചു വരികയാണെന്ന് ദി ഇലക്ട്രെക് (The Electrek) റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത്തരം കുറച്ച് ഉപകരണങ്ങളുടെ ട്രേഡ്മാര്‍ക്ക് റജിസ്റ്റര്‍ ചെയ്യാന്‍ കമ്പനി അപേക്ഷ നല്‍കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതുവരെ പരിമിത എണ്ണം ടെക്വീല, ടി-ഷര്‍ട്ടുകള്‍, ഷോര്‍ട്‌സ് തുടങ്ങിയവ ആണ് കമ്പനി പ്രധാന ഉൽപന്നങ്ങളായ ഇലക്ട്രിക് കാര്‍, സ്‌പേസ്എക്‌സിന്റെ ബഹിരാകാശ പ്രോഡക്ടുകള്‍ തുടങ്ങിയവയ്ക്കു പുറമെ നിർമിച്ചിരുന്നത്. ഇതിനാല്‍ തന്നെ കമ്പനിയുടെ ആരാധകര്‍ക്ക് പുതിയ വാര്‍ത്ത പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി തീരുന്നു.

 

∙ മറ്റൊരു മേഖല കീഴടക്കാന്‍ ടെസ്‌ല? 

 

മൈക്രോഫോണുകള്‍, ഹെഡ്‌ഫോണുകള്‍, ഇയര്‍ഫോണുകള്‍, ഡിജിറ്റല്‍ ഓഡിയോ പ്ലെയറുകള്‍, ശബ്ദം പ്രക്ഷേപണം ചെയ്യുന്ന ഉപകരണം, ഓഡിയോ സ്പീക്കറുകള്‍, സബ്‌വൂഫറുകള്‍, ഹെഡ്‌ഫോണുകള്‍ക്കുള്ള ഇയര്‍പാഡുകള്‍, ഓഡിയോ ഇന്റര്‍ഫെയ്‌സസ്, ഓഡിയോ ഇക്വലൈസര്‍ അപ്പറെയ്റ്റസ്, ലൗഡ്‌ സ്പീക്കറുകള്‍ക്കുള്ള ഹോണ്‍സ്, മെഗാഫോണ്‍സ് എന്നിവയ്ക്കെല്ലാം പുതിയ (TESLA™ ) ലോഗോ റജിസ്റ്റര്‍ ചെയ്തു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ഉപകരണങ്ങള്‍ ടെസ്‌ല കാറുകള്‍ക്കു മാത്രമായി ഉള്ളവ ആയിരിക്കാം. എന്നാല്‍, അതിനുള്ള സാധ്യത കുറവാണെന്നും കമ്പനി മറ്റൊരു മേഖലയിലേക്ക് കാലെടുത്തുവയ്ക്കുന്നതിന്റെ തുടക്കമായിരിക്കണം ഇതെന്നും വാദിക്കുന്നവരുണ്ട്. അതേസമയം, ഒരു വാണിജ്യ ചിഹ്നം റജിസ്റ്റര്‍ ചെയ്തുവെന്ന കാരണം കൊണ്ട് അതിന്റെയൊപ്പം പുതിയ ഉല്‍പന്നങ്ങള്‍ ഇറക്കണമെന്നില്ലെന്നും പറയുന്നു. മറ്റു പേറ്റന്റുകളുടെ കാര്യത്തിലെന്ന പോലെ ഇത് ഒരു സമാന്യ സങ്കല്‍പത്തിനു (concept) വേണ്ടി ആയിരിക്കാം. ഭാവിയില്‍ ഉപയോഗിക്കാന്‍ വേണ്ടി ആയിരിക്കാം. മറ്റു കമ്പനികള്‍ ഇത് തട്ടിയെടുക്കാതിരിക്കാന്‍ വേണ്ടിയുള്ള കരുതല്‍ നടപടി പോലുമാകാം.

 

∙ ആകാംക്ഷയോടെ ടെസ്‌ല ആരാധകര്‍

 

ടെസ്‌ലയുടെ കാറുകള്‍ക്കുള്ളിലെ ഓഡിയോ സിസ്റ്റങ്ങള്‍ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അടുത്തിടെ ആമസോണ്‍ എക്കോ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഏതാനും എൻജിനീയര്‍മാരെ തങ്ങളുടെ ടീമില്‍ എത്തിക്കുകയും ചെയ്തു കഴിഞ്ഞു. കൂടാതെ, സംഗീതത്തിന്റെ കാര്യത്തില്‍ പുതിയ ചുവടുവയ്പ്പുകള്‍ നടത്താന്‍ കമ്പനിക്കുള്ള താത്പര്യം ഇതാദ്യമായല്ല വെളിപ്പെടുത്തുന്നത്. ഏതാനും വര്‍ഷം മുൻപ് സ്ട്രീമിങ് ഓഡിയോ ഉപകരണങ്ങള്‍ നിർമിക്കാനുള്ള താത്പര്യം കമ്പനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അന്ന് ടെസ്‌ലയ്ക്ക് മറ്റു മ്യൂസിക് സേവനങ്ങള്‍ അമേരിക്കയില്‍ ഉപയോഗിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. ആ ആശയം പിന്നീട് മസ്‌ക് തന്നെ വേണ്ടന്നു വയ്ക്കുകയായിരുന്നു. എന്തായാലും, ഇതാദ്യമായാണ് ടെസ്‌ല മറ്റു ചില കണ്‍സ്യൂമര്‍ ഉപകരണ നിര്‍മാണത്തിലേക്ക് കടന്നേക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ഗൗരവമുള്ള വാര്‍ത്ത വരുന്നത്. നിലവിലുള്ള സാഹചര്യത്തിലും ഇത് ടെസ്‌ല കാറുകള്‍ക്കു മാത്രം വേണ്ടിയുള്ളവ ആയിരിക്കാനുള്ള സാധ്യതയുണ്ട്. അപ്പോഴും, കമ്പനി ഒരു ഓഡിയോ ബ്രാന്‍ഡ് ആകാനുളള സാധ്യത തള്ളിക്കളയാനാവില്ല. അതോടൊപ്പം, ടെസ്‌ല ഒരു സ്മാര്‍ട് ഫോണ്‍ നിര്‍മിച്ചേക്കാമെന്ന സ്വപ്‌നത്തിനും ജീവന്‍ വച്ചേക്കാം. വേറിട്ട ഉപകരണങ്ങള്‍ നിർമിക്കാന്‍ താത്പര്യമുള്ള മസ്‌കിന്റെ കമ്പനികള്‍ കൂടുതല്‍ മേഖലകളിലേക്ക് എത്താനുള്ള സാധ്യത എതിരാളികളുടെ ഉറക്കംകെടുത്തിയേക്കാം എന്നതാണ് പുതിയ വാര്‍ത്തയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

 

∙ രാജ്യത്തെ 1000 നഗരങ്ങളില്‍ 5ജി കൊണ്ടുവരാനുള്ള പദ്ധതിക്ക് അന്തിമരൂപം നല്‍കി ജിയോ

This illustration photograph taken on July 19, 2021 in Istanbul shows a physical banknote and coin imitations of the Bitcoin crypto currency. (Photo by Ozan KOSE / AFP)
This illustration photograph taken on July 19, 2021 in Istanbul shows a physical banknote and coin imitations of the Bitcoin crypto currency. (Photo by Ozan KOSE / AFP)

 

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട 1000 നഗരങ്ങളിലായിരിക്കും റിലയന്‍സ് ജിയോ ആദ്യമായി 5ജി സേവനം എത്തിക്കുക. ജിയോയുടെ ഫൈബര്‍ ഇന്റര്‍നെറ്റിന്റെ ലഭ്യതയും ഒരു നഗരത്തില്‍ 5ജി ടവറുകള്‍ സ്ഥാപിക്കുമോ എന്ന കാര്യത്തില്‍ കമ്പനി പരിഗണിക്കും. പുതിയ സേവനം തുടങ്ങുന്നതിന്റെ മുന്നോടിയായി പല ടീമുകളെയും നിയോഗിച്ചു കഴിഞ്ഞതായി റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ പ്രസിഡന്റ് കിരണ്‍ തോമസ് പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ രാജ്യത്തെ 5ജി ലേലം നടക്കുമെന്നു കരുതപ്പെടുന്നു. 

 

∙ ക്രിപ്‌റ്റോകറന്‍സി ഖനനം നിരോധിക്കാന്‍ റഷ്യയും

 

ചൈനയ്ക്കും ഇന്ത്യയ്ക്കും പിന്നാലെ റഷ്യയും ക്രിപ്‌റ്റോകറന്‍സിക്കെതിരെ നിലപാടു സ്വീകരിച്ചേക്കും. അതിന്റെ ഭാഗമായി റഷ്യയുടെ അധികാര പരിധിയില്‍ ക്രപ്‌റ്റോകറന്‍സി ഖനനം നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കും പൗരന്മാരുടെ ക്ഷേമത്തിനും ഡിജിറ്റല്‍ നാണയ വ്യവസ്ഥ ഗുണകരമായേക്കില്ലെന്ന വിലയിരുത്തലാണ് റഷ്യ നടത്തുന്നത്. ഏഷ്യന്‍ രാജ്യങ്ങള്‍ മുതല്‍ അമേരിക്ക വരെ ക്രിപ്‌റ്റോ നാണയ വ്യവസ്ഥ സർക്കാരുകള്‍ക്ക് പണത്തിനുമേലുള്ള ആധിപത്യം തകര്‍ത്തേക്കുമെന്ന് ഭയക്കുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ മുതല്‍ സാമ്പത്തിക ഭീകരവാദം (finance terrorism) വരെ ഉണ്ടായേക്കാമെന്ന് റഷ്യ വാദിക്കുന്നു.

 

∙ റഷ്യയുടെ ടെക് മേഖലയെ തന്നെ തകര്‍ത്തു കളഞ്ഞേക്കാമെന്ന് ടെലഗ്രാം മേധാവി

 

ക്രിപ്‌റ്റോകറന്‍സി നിരോധിക്കാനുള്ള റഷ്യയുടെ നീക്കത്തിനെതിരെ സമൂഹ മാധ്യമ ആപ്പായ ടെലഗ്രാം മേധാവി പാവല്‍ ഡൂറോവ് രംഗത്തെത്തി. രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി നിരോധനം നടപ്പിലാക്കിയാല്‍ അത് അവിടുത്തെ ടെക്‌നോളജി മേഖലയെ തന്നെ തകര്‍ത്തേക്കാമെന്നാണ് റഷ്യയില്‍ ജനിച്ച അദ്ദേഹം പറയുന്നത്. ഈ നീക്കം സോഫ്റ്റ്‌വെയര്‍ പ്രോഫഷണലുകളെ റഷ്യവിട്ട് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ പ്രേരിപ്പിച്ചേക്കാമെന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ, അടുത്തന്‍ ടെക്‌നോളജിയായ ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയേയും ഇത് മുരടിപ്പിച്ചേക്കാം. ബ്ലോക്‌ചെയിന്‍ ഉപയോഗിച്ചാണ് ക്രിപ്‌റ്റോകറന്‍സികള്‍ നിലനില്‍ക്കുന്നത്. ഒരു വികസിത രാജ്യവും ക്രിപ്‌റ്റോകറന്‍സി നിരോധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

 

∙ 2021ൽ സ്മാര്‍ട് ഫോണ്‍ വില്‍പനയില്‍ പുതിയ റെക്കോഡിട്ട് ഇന്ത്യ

 

രാജ്യത്ത് ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍പന നടന്ന വര്‍ഷമായി തീര്‍ന്നിരിക്കുകയാണ് 2021 എന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോയ വര്‍ഷം 169 ദശലക്ഷത്തിലേറെ ഹാന്‍ഡ്‌സെറ്റുകള്‍ രാജ്യത്തു വിറ്റു. ഇത് മുൻ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വളര്‍ച്ചയാണ് കാണിച്ചിരിക്കുന്നത്. രാജ്യത്ത് 2020ല്‍ ഏകദേശം 152 ദശലക്ഷം യൂണിറ്റ് ഫോണുകളാണ് വിറ്റു പോയിരിക്കുന്നത്. കോവിഡ് ബാധ, ഫോണുകള്‍ നിര്‍മിക്കാന്‍ വേണ്ട ഘടകഭാഗങ്ങള്‍ എത്തിച്ചു കിട്ടാനുണ്ടായ പ്രശ്‌നങ്ങള്‍, വില വര്‍ധന തുടങ്ങിയവയ്ക്കിടയിലും സ്മാര്‍ട് ഫോണ്‍ വില്‍പന വര്‍ധിച്ചു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചിലര്‍ പുതിയ ഫോണ്‍ വാങ്ങാനുണ്ടായ കാരണം 5ജി ഫോണുകള്‍ വന്നു തുടങ്ങിയാതാണെന്നു പറയുന്നു. വില കുറഞ്ഞ 5ജി ഹാന്‍ഡ്‌സെറ്റുകള്‍ പഴയ ഫോണ്‍ മാറി പുതിയതു വാങ്ങാന്‍ ചിലര്‍ക്ക് പ്രേരണയായി. അതേസമയം, പ്രീമിയം ഫോണുകളുടെ (30,000 രൂപയ്ക്കു മേലെ വിലയുള്ളവ) വില്‍പനയിലുണ്ടായ വളര്‍ച്ചയും അസൂയാവഹമാണ് - ഏകദേശം 98 ശതമാനം ആണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തരം ഫോണുകള്‍ക്ക് ഇന്ത്യയിലെ വില്‍പനയില്‍ ഉണ്ടായിരിക്കുന്ന വര്‍ധന.

 

∙ ഗൂഗിളിന്റെ സ്മാര്‍ട് വാച്ച് വരുന്നു!

 

അണിയാവുന്ന ഉപകരണങ്ങളുടെ കടന്നുകയറ്റമാണ് വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്നത്. സ്മാര്‍ട് വാച്ചുകള്‍, എആര്‍ ഗ്ലാസുകള്‍ തുടങ്ങിയവ മിക്ക പ്രധാന കമ്പനികളും ഇറക്കിയേക്കും. ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍ തങ്ങളുടെ ആദ്യ സ്മാര്‍ട് വാച്ച് വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കമ്പനിയെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിടുന്ന ജോണ്‍ പ്രൊസറിന്റെ പ്രവചനത്തെ ആശ്രയിക്കാമെങ്കില്‍ ഈ വര്‍ഷം മേയ് 26ന് ആയിരിക്കും പിക്‌സല്‍ വാച്ച് അവതരിപ്പിക്കുക. സാംസങ്ങുമായി ചേര്‍ന്നായിരിക്കാം ഗൂഗിള്‍ വാച്ച് ഇറക്കുക. സാംസങ്ങിന്റെ എക്‌സിനോസ് ചിപ്പ്‌സെറ്റ് ആയിരിക്കാം ഗൂഗിള്‍ വാച്ചിന് കരുത്തു പകരുന്നത്. കൂടുതല്‍ കരുത്തുറ്റ വോയിസ് അസിസ്റ്റന്റ് പിക്‌സല്‍ വാച്ചില്‍ ഉണ്ടായേക്കാം.

 

English Summary: Tesla may be working on headphones, speakers and more

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com