ADVERTISEMENT

‘കണ്ണടച്ചു തുറക്കുന്നതിനിടയില്‍' ആഗോള ക്രിപ്‌റ്റോകറന്‍സി നിക്ഷേപകര്‍ക്ക് നഷ്ടമായത് 1 ട്രില്ല്യന്‍ ഡോളറാണെന്ന് (ഏകദേശം 7,438,250 കോടി രൂപ) ബ്ലൂംബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ നവംബറില്‍ 69,000 ഡോളര്‍ വരെ വിലയെത്തിയ ക്രിപ്‌റ്റോ നാണയമായ ബിറ്റ്‌കോയിന്റെ വില ഇടിഞ്ഞ് 35,000 ഡോളറില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. നവംബര്‍ മുതലുള്ള ഇടിവ് കണക്കിലെടുത്താല്‍ ബിറ്റ്‌കോയിന്‍ നിക്ഷേപകര്‍ക്കു മാത്രം നഷ്ടമായിരിക്കുന്നത് 600 ബില്ല്യന്‍ ഡോളറാണ്. താരത്യമേന അപ്രശസ്ത നാണയക്കൈമാറ്റ വ്യവസ്ഥയായ ബിറ്റ്‌കോയിന്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടയിലാണ് പലരും വിശ്വസിക്കുന്ന ഒന്നായി തീര്‍ന്നത്. ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോനാണയങ്ങള്‍ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിരതയെത്തന്നെ ബാധിക്കാമെന്ന ഭീതിയും ഉയര്‍ന്നുകഴിഞ്ഞു. അതേസമയം, എന്തൊക്കെ സംഭവിച്ചാലും ബിറ്റ്‌കോയിനില്‍ തങ്ങള്‍ വിശ്വസിക്കുന്നു എന്ന നിലപാടിലാണ് ചില നിക്ഷേപകര്‍ എന്നും ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

∙ അസ്ഥിരത ഭയപ്പെടുത്തുന്നത്

 

ഇപ്പോള്‍ 1 ട്രില്ല്യന്‍ ഡോളറാണ് 'നിന്നനില്‍പ്പില്‍' നഷ്ടമായിരിക്കുന്നത് എന്നതു തന്നെ ഡിജിറ്റല്‍ നാണയ വ്യവസ്ഥ എത്ര അസ്ഥിരമായേക്കാമെന്ന ദിശയിലേക്ക് വിരല്‍ചൂണ്ടുന്നു എന്ന് വിദഗ്ധര്‍ പറയുന്നു. ഇത്തരം ഒരു നാണയവ്യവസ്ഥയെ ആശ്രയിച്ച് മുന്നോട്ടു നീങ്ങുക എന്നത് വിഷമകരമാണെന്നും ചൂണ്ടിക്കാണിക്കുന്നു. ദീര്‍ഘകാലത്തേക്ക് ക്രിപ്‌റ്റോ നാണയങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്നവരില്‍ ചിലരെ വരെ ഞെട്ടിച്ചാണ് ഇപ്പോഴത്തെ വിലയിടിവ് സംഭവിച്ചത്. ചൈനയ്ക്കു പിന്നാലെ, റഷ്യ, ബ്രിട്ടൻ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും ക്രിപ്‌റ്റോ നാണങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചേക്കും. രാജ്യത്തു നിന്ന് ക്രിപ്‌റ്റോകറന്‍സി വ്യാപാരം തുടച്ചു നീക്കാനായിരുന്നു ഇന്ത്യയുടെയും ഉദ്ദേശം. പാര്‍ലമെന്റില്‍ അധികം താമസിയാതെ അവതരിപ്പിക്കുമെന്നു കരുതുന്ന ബില്ലില്‍ എന്തെല്ലാം വ്യവസ്ഥകള്‍ ഉണ്ടാകും എന്നതിനെക്കുറിച്ചുള്ള ജിജ്ഞാസയിലാണ് ഇവിടത്തെ ക്രിപ്‌റ്റോ നിക്ഷേപകര്‍. ക്രിപ്‌റ്റോ ഇഷ്ടപ്പെടുന്ന മൈക്ക് നോവോഗ്രാറ്റ്‌സ് (Mike Novogratz) ഒക്കെയാണ് ക്രിപ്‌റ്റോ നാണയ വ്യവസ്ഥയെ ഡിജിറ്റല്‍ സ്വര്‍ണമെന്നു വിളിച്ചു വന്നത്. എന്നാല്‍, ഇത്തരം ചാഞ്ചാട്ടമൊന്നും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

∙ അമേരിക്കയുടെ നിലപാട് നിര്‍ണായകം

 

അമേരിക്കയിലെ ബൈഡന്‍ ഭരണകൂടവും ക്രിപ്‌റ്റോ നാണയങ്ങള്‍ക്കെതിരെ എടുക്കേണ്ട നിലപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്തുവരികയാണ്. ഡിജിറ്റല്‍ നാണയ വ്യവസ്ഥ നിലനിര്‍ത്തിയാലും നിരോധിച്ചാലും ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അമേരിക്കയുടെ ഫെഡറല്‍ സർക്കാർ ഏജന്‍സികള്‍ ഇപ്പോള്‍ പഠിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്ക ക്രിപ്‌റ്റോ നാണയങ്ങള്‍ക്കെതിരെ നിലപാടു കടുപ്പിച്ചാല്‍ നിക്ഷേപകര്‍ എത്രയും പെട്ടെന്ന് തങ്ങളുടെ നിക്ഷേപങ്ങള്‍ വിറ്റൊഴിവാക്കാന്‍ ശ്രമിച്ചേക്കും. ഇതുകൂടാതെ, ബിറ്റ്‌കോയിന്‍ വില വളരെ പെട്ടെന്ന് 40,000 ഡോളറിനു മുകളിലേക്ക് ഉയരുന്നില്ലെങ്കിലും നിക്ഷേപകരെ സമ്മര്‍ദത്തിലാക്കിയേക്കാമെന്നും പറയുന്നു. ഡിജിറ്റല്‍ നാണയ വ്യവസ്ഥ എന്ന സ്വപ്‌നം തുടക്കത്തിലെ നുള്ളിക്കളയേണ്ടി വന്നേക്കുമോ എന്ന ഭീതിയും വ്യാപിച്ചു കഴിഞ്ഞു. ചെറിയ കാലയളവില്‍ ഇത്രയധികം നഷ്ടം വരുത്തുന്ന ഒരു നാണയവ്യവസ്ഥയെ എങ്ങനെയാണ് എല്ലാവരും ആശ്രയിക്കുക എന്ന ചോദ്യവും ഉയരുന്നു. അതേസമയം, ക്രിപ്‌റ്റോകറന്‍സികളില്‍ ഉറച്ചു വിശ്വസിക്കുന്നവരും ഉണ്ട്. അവര്‍ പറയുന്നത് 2017ല്‍ ക്രിപ്‌റ്റോകറന്‍സികളുടെ മൊത്തം മൂല്യം 620 ബില്ല്യന്‍ ഡോളര്‍ മാത്രമായിരുന്നു, കേവലം മൂന്നു വര്‍ഷത്തിനുളളിലാണ് അത് 3 ട്രില്ല്യന്‍ കടന്നത്.

 

∙ ഡീപ്‌മൈന്‍ഡ് സഹസ്ഥാപകന്‍ ഗൂഗിള്‍ വിട്ടു

(Photo by Jung Yeon-je / AFP)
(Photo by Jung Yeon-je / AFP)

 

2014ല്‍ ഗൂഗിള്‍ ഏറ്റെടുത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഡീപ്‌മൈന്‍ഡിന്റെ സഹ സ്ഥാപകന്‍ മുസ്തഫ സുലൈമാന്‍ കമ്പനിയില്‍ നിന്നു രാജിവച്ചു. അപ്ലൈഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തോട് ഗൂഗിള്‍ 2019ല്‍ അഡ്മിനിസ്‌ട്രേറ്റീവ് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അമേരിക്കയുടെ പ്രതിരോധ ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിക്കാനുള്ള ഗൂഗിളിന്റെ നീക്കം തടഞ്ഞ ജോലിക്കാരില്‍ ഒരാളാണ് മുസ്തഫ എന്ന് ദി ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഗൂഗിളിന് ഈ നീക്കത്തില്‍ നിന്ന് പിന്നീട് പിന്മാറേണ്ടി വന്നു. എന്നാല്‍, ഇക്കഴിഞ്ഞ നവംബറില്‍ പെന്റഗണുമായി മറ്റൊരു ടെക്‌നോളജി ഇടപാടില്‍ ഏര്‍പ്പെടാനുളള ശ്രമം ഗൂഗിള്‍ തുടങ്ങിയിട്ടുണ്ട്. ഗൂഗിള്‍ വിട്ട മുസ്തഫ ഗ്രേലോക് പാര്‍ട്ട്‌ണേഴ്‌സ് എന്ന വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റ് കമ്പനിയിലേക്കാണ് പോകുന്നതെന്ന് എന്‍ഗ്യാജറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. 

 

∙ അമേരിക്കക്കാര്‍ ഇലക്ട്രിക് വാഹനങ്ങളുമായി ഇനിയും പ്രേമത്തിലായിട്ടില്ലെന്ന്

 

യൂറോപ്പിനെയും ചൈനയെയും പോലെയല്ലാതെ അമേരിക്കയില്‍ ഇലക്ട്രിക് കാറുകള്‍ വന്‍തോതില്‍ വില്‍ക്കാന്‍ തുടങ്ങിയിട്ടില്ലെന്ന് വയേഡ് മാഗസിന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. യൂറോപ്പില്‍ 2021ല്‍ 176,000 ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റു. ഈ സംഖ്യം ഇതേകലായളവില്‍ വിറ്റ ഡീസല്‍ വാഹനങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. ചൈനയിലാകട്ടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്, 2021ല്‍ ഇലക്ട്രിക് വാഹന വില്‍പന 158 മടങ്ങ് വര്‍ധിച്ചു. രാജ്യത്ത് 35 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഓടിത്തുടങ്ങിയത്. യൂറോപ്പില്‍ വില്‍ക്കപ്പെടുന്ന പുതിയ വാഹനങ്ങളില്‍ 14 ശതമാനവും, ചൈനയില്‍ 9 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. അതേസമയം, അമേരിക്കയില്‍ കേവലം 4 ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

 

∙ ഫെബ്രുവരിയില്‍ സാംസങ് അദ്ഭുതങ്ങള്‍ പുറത്തെടുക്കുമോ?

 

സാംസങ് പലപ്പോഴും മികച്ച ഉപകരണങ്ങള്‍ പുറത്തെടുക്കുന്നത് 'അണ്‍പാക്ക്ഡ്' എന്നു വിളിക്കുന്ന അവതരണ പരിപാടിയിലാണ്. ഈ വര്‍ഷത്തെ അണ്‍പാക്ക്ഡ് ഫെബ്രുവരിയില്‍ നടത്തുമെന്ന് കമ്പനി അറിയിച്ചു കഴിഞ്ഞു. എന്തെല്ലാം ഉപകരണങ്ങളായിരിക്കാം ഈ വര്‍ഷം കമ്പനി പുറത്തെടുക്കുക എന്ന ആകാംക്ഷയിലാണ് സാംസങ് ആരാധകര്‍.

 

∙ സാംസങ് ഗാലക്‌സി എസ്22 സീരീസ്

 

കമ്പനിയുടെ ഏറ്റവും വിലയേറിയ സ്മാര്‍ട് ഫോണ്‍ സീരീസുകളിലൊന്നായ ഗാലക്‌സി എസ്22 ശ്രേണി അവതരിപ്പിച്ചേക്കുമെന്ന കാര്യം ഏറക്കുറെ ഉറപ്പാണ്. മൂന്നു മോഡലുകളാണ് പ്രതീക്ഷിക്കുന്നത്-ബെയ്‌സ്, പ്ലസ്, അള്‍ട്രാ എന്നിങ്ങനെയായിരിക്കും പേരുകള്‍ എന്നു കരുതുന്നു. ഇവയ്ക്കെല്ലാം ശക്തി പകരുന്നത് സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് 2200 പ്രോസസര്‍ ആയിരിക്കും. (ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും സ്‌നാപ്ഡ്രാഗണ്‍ പ്രോസസറുകളുള്ള ഫോണുകള്‍ വില്‍പനയ്ക്കു വരില്ല.) പിന്നില്‍, 108 എംപി പ്രധാന ക്യാമറ അടക്കം നാലു ലെന്‍സുകളാണ് പ്രതീക്ഷിക്കുന്നത്. സെല്‍ഫി ക്യാമറയ്ക്ക് 40 എംപി റെസലൂഷന്‍ ഉണ്ടായിരിക്കുമെന്നും പറയപ്പെടുന്നു. അതേസമയം, മുന്‍ വര്‍ഷത്തേ മോഡലുകളെ അപേക്ഷിച്ച് വിലക്കൂടുതലും പ്രതീക്ഷിക്കുന്നു. അള്‍ട്രാ മോഡലിനൊപ്പം സാംസങ്ങിന്റെ സ്റ്റൈലസായ എസ് പെന്‍ ഉണ്ടായിരിക്കുമെന്നും കരുതുന്നു.

 

∙ 16 ജിബി റാമുള്ള ഗാലക്‌സി ടാബ് എസ്8

 

സാധാരണ ലാപ്‌ടോപ്പുകള്‍ക്കു കാണുന്നത്ര വലിയ സ്‌ക്രീനുമായിട്ടായിരിക്കും ടാബ് എസ്8 എത്തുക. 14.6-ഇഞ്ച് സ്‌ക്രീന്‍ വലുപ്പമാണ് പ്രതീക്ഷിക്കുന്നത്. ഇതിന് റാം 16 ജിബി വരെയുള്ള വേരിയന്റുകള്‍ പ്രതീക്ഷിക്കുന്നു.

 

English Summary: Crypto carnage: Bitcoin collapse wipes off $1 trn in the blink of an eye

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com