ADVERTISEMENT

രാജ്യത്തെ മൂന്നാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷന്‍ നൽകി ആദരിച്ച മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല, ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയും ഇന്ത്യയ്ക്ക് അഭിമാനമാണ്. ടെക്‌ ലോകത്തെ ഇതിഹാസം ബില്‍ ഗേറ്റ്സിന്റെ സമ്രാജ്യം ഇപ്പോൾ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ വംശജനായ സത്യ നദെലയാണെന്നത് രാജ്യത്തിന് അഭിമാനമാണ്. നേരത്തെ, ഗൂഗിള്‍ സ്ഥാപകരായ ലാറി പേജിനും, സെര്‍ഗായ് ബ്രിനിനും പകരമായെത്തി ഇന്ത്യൻ വംശജനായ സുന്ദര്‍ പിച്ചൈയും ഇത്തരമൊരു നേട്ടം കൈവരിച്ചിരുന്നു. നേരത്തെ തന്നെ ഗൂഗിളിന്റെ മേധാവിയായിരുന്ന പിച്ചൈയ്ക്ക് 2019ലാണ് മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ കൂടി ചുമതല നല്‍കിയത്. സമാനമായ ഒരു നീക്കമാണ് മൈക്രോസോഫ്റ്റും നടത്തിയത്. ബില്‍ഗേറ്റ്സ് രാജിവച്ചതോടെ ഒഴിഞ്ഞുകിടക്കുകയായിരുന്ന മൈക്രോസോഫ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനമാണ് നദെലയ്ക്ക് നൽകിയത്. ബില്‍ ഗേറ്റ്സ് ചുമതലയേറ്റ് രണ്ടു പതിറ്റാണ്ടിനു ശേഷമാണ് പുതിയൊരു ചെയര്‍മാനെ മൈക്രോസോഫ്റ്റ് നിയമിച്ചത്. 

 

ടെക്‌നോളജി മേഖലയിലെ ഏറ്റവും പ്രഗത്ഭരായവര്‍ക്ക് നേതൃത്വം നല്‍കുന്ന ചുമതലയാണ് ഇരുകമ്പനികളും ഇന്ത്യന്‍ വംശജര്‍ക്ക് നല്‍കിയിരിക്കുന്നത്. 2014 ഫെബ്രുവരി 14 നാണ് സത്യ നദെലയെ മൈക്രോസോഫ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആയി നിയമിച്ചത്. ഈ പദവിയില്‍ ഇതിനു മുൻപ് ഇരുന്നിട്ടുള്ളവര്‍ സാക്ഷാല്‍ ബില്‍ ഗേറ്റ്സും, സ്റ്റീവ് ബാമറുമായിരുന്നു. ഇപ്പോള്‍ ചെയര്‍മാനായി ഉയര്‍ത്തിയിരിക്കുന്ന നദെലയ്ക്ക് കമ്പനിയുടെ ബോര്‍ഡിന്റെ ചര്‍ച്ചയ്ക്കു വരേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് എന്നതു വരെ തീരുമാനിക്കാനുള്ള അവകാശമാണ് നല്‍കിയിരിക്കുന്നത്. ഈ മേഖലയിലെ അദ്ദേഹത്തിന്റെ അഗാധമായ അറിവാണ് കമ്പനി ചൂഷണം ചെയ്യാന്‍ ശ്രമിക്കുക. തന്ത്രപരമായ തീരുമാനങ്ങൾ, കമ്പനിക്കു ഗുണകരമായേക്കാവുന്ന സാഹസ തീരുമാനങ്ങളും എടുക്കാൻ നദെലയ്ക്ക് സാധിക്കുന്നുണ്ട്. കമ്പനിയുടെ സാധ്യതകളെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹമായിരിക്കും ഇനി ബോര്‍ഡിനെ അറിയിക്കുക. 

 

മൊബൈല്‍ കംപ്യൂട്ടിങ്ങിന്റെ സാധ്യതകള്‍ മനസിലാക്കാന്‍ കഴിയാതെ പോയത് തന്റെ ഏറ്റവും വലിയ പിഴവുകളിലൊന്നായി ബില്‍ ഗേറ്റ്സ് വിലയിരുത്തിയിരുന്നു. കൂടാതെ മൈക്രോസോഫ്റ്റിനെതിരെ അമേരിക്ക കൈക്കൊണ്ട ആന്റിട്രസ്റ്റ് നടപടികളുടെ ക്ഷീണവും വഹിച്ചുനടന്നിരുന്ന കമ്പനി സ്മാര്‍ട് ഫോണ്‍ മേഖലയില്‍ വിജയം കൈയ്യടക്കാന്‍ ശ്രമിക്കാതെയാണ് നീങ്ങിയത്. അതേസമയം, നദെലയുടെ നേതൃത്വത്തില്‍ ക്ലൗഡ് കംപ്യൂട്ടിങ്, മൈക്രോസോഫ്റ്റ് 365, ബിസിനസ് കമ്യൂണിക്കേഷന്‍സ് തുടങ്ങിയവയുടെ മികവില്‍ ലോകത്തെ ഏറ്റവും വിലയേറിയ കമ്പനികളിലൊന്നായി മാറുകയും ചെയ്തു. ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ക്കൊപ്പം ഉയരുന്ന ആരവത്തിന്റെ അകമ്പടിയില്ലെങ്കിലും പണമുണ്ടാക്കുന്ന കാര്യത്തില്‍ മൈക്രോസോഫ്റ്റ് ഏറെ മുന്നിലാണ്. ഇതെല്ലാം നദെലയുടെ നേട്ടമാണ്.

 

മൈക്രോസോഫ്റ്റ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രഖ്യാപിച്ച കണക്കുകള്‍ പ്രകാരം കമ്പനിക്ക് 41.7 ബില്ല്യന്‍ ഡോളറാണ് വില്‍പനയിലൂടെ നേടാനായത്. പോയ വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. ക്ലൗഡ് സേവനങ്ങള്‍ വഴി മാത്രം 15.1 ബില്ല്യന്‍ ഡോളര്‍ ലഭിച്ചു. ഇത് മുൻവര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം വളര്‍ച്ചയാണിത്. 2021 വര്‍ഷം ആദ്യ പാദത്തിലെ വരുമാനമാകട്ടെ 15.5 ബില്ല്യന്‍ ഡോളറും. 

 

മഹാമാരി തുടങ്ങിയിട്ട് രണ്ടു വര്‍ഷം പിന്നിട്ടെങ്കിലും ഡിജിറ്റല്‍ മേഖലയിലേക്ക് കൂടുതല്‍ പേർ കടന്നുവരുന്നുണ്ട്. ഈ മേഖലയില്‍ ഒരു പ്രതിസന്ധിയും ബാധിച്ചിട്ടില്ല, കുതിപ്പാണ് നടക്കുന്നത്. ഇത് തുടക്കം മാത്രമാണ്. നമ്മളിപ്പോള്‍ അടുത്ത പതിറ്റാണ്ടിനുള്ള ക്ലൗഡ് സേവനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുകയാണ് എന്നാണ് അന്ന് നദെല പറഞ്ഞത്. ഓണ്‍ലൈന്‍ പഠനവും, ജോലിയും വര്‍ധിച്ചതോടെ മൈക്രോസോഫ്റ്റ് ടീംസിനിപ്പോള്‍ ദിനംപ്രതി 145 ദശലക്ഷം ഉപയോക്താക്കളാണ് ഉള്ളത്. ഹൈദരാബാദില്‍ ജനിച്ച നദെല മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് ഇലക്ട്രിക്കല്‍ എൻജിനീയറിങ് ബിരുദം സ്വന്തമാക്കിയത്. ഓരോന്നും ഉണ്ടാക്കിയെടുക്കാന്‍ തനിക്ക് എക്കാലത്തും അറിയാമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

 

English Summary: Nadella one bright star of technology who make India proud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com