ADVERTISEMENT

കോവിഡ്–ലോക്ഡൗൺ കാലമായിരുന്ന 2020ഉം 2021ഉം യൂട്യൂബിന്റെയും കാലമായിരുന്നു. 2020ൽ യൂട്യൂബിലേക്കു യാത്രപോയവർ 2021ൽ അവിടെ വീടുവച്ചു താമസമാക്കി. എന്തൊക്കെയായിരുന്നു കഴിഞ്ഞ വർഷം ഇന്ത്യയിൽ യൂട്യൂബിലെ കാഴ്ചകൾ– യൂട്യൂബ് പാർട്നർഷിപ് ഡയറക്ടർ സത്യ രാഘവൻ ‘മനോരമ’യോടു സംസാരിക്കുന്നു: 

 

വസ്തുതകളും വിജ്ഞാനവും പങ്കുവയ്ക്കുന്ന ചാനലുകൾ‌ക്ക് ഇന്ത്യയിൽ വലിയ വളർച്ചയുണ്ടായി. ഇതിൽ ഷോർട് വിഡിയോകൾ ഫോക്കസ് ചെയ്തവരും പരീക്ഷണങ്ങൾ‌ കാണിച്ചും ഡ്യൂഇറ്റ്‌യുവർസെൽഫ് രീതി സ്വീകരിച്ചും പ്രേക്ഷകരെ എൻഗേജ് ചെയ്യിച്ചവരുമുണ്ട്. എ2 മോട്ടിവേഷൻ, ജ്ഞാനി ഫാക്ട്സ്, ക്രേസി എക്സ്‌വൈസെഡ്, ഇന്ത്യൻ ഹാക്കർ എന്നിങ്ങനെ ഒരുപാട് ക്രിയേറ്റർമാർ ഇക്കൂട്ടത്തിലുണ്ട്. ശാസ്ത്രവും വിനോദവും സംയോജിപ്പിക്കുന്ന രീതി വലിയ വിജയമായി.

 

ജെനറേഷൻ സെഡിന്റെ ജീവിതത്തിന്റെ ഭാഗമായി ഗെയിമിങ് മാറിയപ്പോൾ യൂട്യൂബ് ആ തരംഗത്തിന്റെ മുന്നിൽത്തന്നെ നിന്നു. ടോപ് ട്രെൻഡിങ് വിഡിയോസ്, ടോപ് ക്രിയേറ്റേഴ്സ് എന്നിങ്ങനെ ടോപ് പട്ടികകളിലെല്ലാം രാജ്യത്തെ ഗെയിമർമാർ വലിയ സാന്നിധ്യമായി. മൈൻക്രാഫ്റ്റ് മുതൽ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 5 വരെയുള്ള ഗെയിമുകളിൽ, ഫ്രീഫയറിന്റെ ജനപ്രീതി വളരെ പ്രകടമായിരുന്നു. ഫ്രീഫർ വേൾഡ് സീരീസ് ഫൈനലിന്റെ 5 മണിക്കൂർ നീളുന്ന ലൈവ് സ്ട്രീമിങ് ഇന്ത്യയിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും പോപ്പുലർ ആയ വിഡിയോകളിലൊന്നായിരുന്നു. ഗെയിമിങ് തന്നെ കോമഡി, പ്രാങ്ക്, ഫെസ്റ്റിവൽ, ചാലഞ്ച് എന്നിങ്ങനെ പല രീതികളിലേക്കു മാറുന്നതും നമ്മൾ കണ്ടു.

 

കോമഡിയുടെ രീതികൾ വലിയ തോതിൽ മാറി. സ്റ്റാൻഡപ് കോമഡി, സ്കെച്ച് കോമഡി എന്നിങ്ങനെയുള്ള സബ് ജോണറുകളൊക്കെ മെയിൻ സ്ട്രീമായെന്നു മാത്രമല്ല, അവ എല്ലാ പ്രാദേശിക ഭാഷകളിലും സൃഷ്ടിക്കപ്പെട്ടു. പുതിയ പുതിയ താരോദയങ്ങൾക്കു യൂട്യൂബ് സാക്ഷ്യം വഹിച്ചു. സ്റ്റോറിടെല്ലിങ്ങിനു പുതിയ മാർഗങ്ങൾ തുറന്നു, ഷോർട്ഫിലിമും ഹൊറർ കോമഡിയും അനിമേഷനും സ്കെച്ചും റോസ്റ്റ് വിഡിയോയും ഒക്കെയായി ഹാസ്യം പുതിയ തലത്തിലെത്തി.

 

പാചകമായിരുന്നു മറ്റൊരു മേഖല. ഓരോ നാടിന്റെയും ആഹാര രീതികൾ ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികൾക്കായി അവതരിപ്പിക്കാൻ ക്രിയേറ്റർമാർ മുന്നോട്ടുവന്നു. എല്ലാ ഭാഷകളിലും ഫുഡ് ചാനലുകൾ സൂപ്പർ ഹിറ്റായി. മലയാളത്തിൽ വില്ലേജ് ഫുഡ് ചാനൽ, തമിഴിൽ ഇർഫാൻസ് വ്യൂ, ഇദയം തൊട്ട സമയൽ, തെലുങ്കിൽ മമത നാച്ചുറൽ ഫുഡ് എന്നിങ്ങനെ...

 

∙ ഇക്കൊല്ലം ട്രെൻഡ് എന്താകാം?

 

ലോകത്തേക്കുള്ള വാതിൽ ആയാണ് വിഡിയോകളെ ഇന്ത്യക്കാർ കാണുന്നത്. 85 ശതമാനം പ്രേക്ഷകരും കോവിഡ് കാലത്ത് മറ്റെന്നത്തേക്കാളും കൂടുതലായി യൂട്യൂബ് കണ്ടു. വിനോദത്തിനു മാത്രമല്ല, പുതിയ സ്കിൽ പഠിക്കാൻ, പാഷൻ യാഥാർഥ്യമാക്കാൻ, കുടുംബസമേതം വിഡിയോകൾ കാണാൻ, കൂട്ടായ്മകൾ രൂപീകരിക്കാൻ ഒക്കെ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുകയാണ് ഇന്ത്യ. 2 കോടിയിലേറെ ഇന്ത്യാക്കാരാണ് കഴിഞ്ഞ വർഷം യൂട്യൂബ് കൺടെന്റ് ടിവിയിലേക്കു കണക്ട് ചെയ്ത് ബിഗ് സ്ക്രീനിൽ കണ്ടത്. ക്രിക്കറ്റ്, കോമഡി, ബ്യൂട്ടി, വിദ്യാഭ്യാസം എന്നിങ്ങനെ എല്ലാം കണക്ടഡ് ടിവിയിലേക്കു സ്ട്രീം ചെയ്ത് ലിവിങ് റൂമിലെത്തിക്കുന്നതായിരുന്നു കാഴ്ച.

 

ഇക്കൊല്ലവും വിനോദം, വിജ്ഞാനം, വിദ്യാഭ്യാസം, അറിവ്, പ്രചോദനം എന്നിങ്ങനെ എല്ലാറ്റിനും ഇന്ത്യക്കാർ യൂട്യൂബ് മാർഗമാക്കും എന്നുതന്നെ പ്രതീക്ഷിക്കാം. യൂട്യൂബ് ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായി മാറിക്കഴിഞ്ഞു. പുതിയ സ്കിൽ പഠിക്കാൻ യൂട്യൂബിനെ ആണു മിക്കവരും ആശ്രയിക്കുന്നത്. യുപിഎസ്‌സി, ഐഐടി ജെഇഇ എന്നിങ്ങനെ മൽസരപരീക്ഷകൾക്കും യൂട്യൂബിനെ ആശ്രയിക്കുന്നു. കൈറ്റ് വിക്ടേഴ്സ് ചാനൽ വെർച്വൽ ക്ലാസ് റൂമുകളിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം പകരുന്നത് കേരളത്തിന്റെ തന്നെ ഉദാഹരണം. ചെറുപ്പക്കാരുടെ പാഷനും അത് സാക്ഷാത്കരിക്കാനുള്ള കഠിനാധ്വാനവും എടുത്തുപറയണം. ഫിഷിങ് ഫ്രീക്സ് പോലെ എത്ര ചാനലുകളാണ് വൈവിധ്യം കൊണ്ടു ശ്രദ്ധേയമാകുന്നത്.

 

∙ കണ്ടന്റിന്റെ വൈവിധ്യമാണ് ഇന്ത്യയിൽ യൂട്യൂബിന്റെ ശക്തി. 2021 ജൂണിൽ, 10 ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് ഉള്ള ചാനലുകളുടെ എണ്ണം മുൻകൊല്ലം ഇതേ മാസത്തെക്കാൾ 50% അധികമായി. 140ൽ കൂടുതൽ ചാനലുകൾക്ക് ഒരു കോടിയിലേറെ സബ്സ്ക്രൈബേഴ്സ് ഉണ്ട്. ഈ റീച്ച് ആണ് ക്രിയേറ്റേഴ്സിന്റെ വരുമാനസാധ്യത. സ്ഥിരവരുമാനം കണ്ടെത്താനും ബിസിനസായിത്തന്നെ നടത്താനും അവർക്കു സാധിക്കുന്നു.

 

പല മാർഗങ്ങളിൽ ക്രിയേറ്റേഴ്സിനു വരുമാനം ഉറപ്പാക്കാനാണ് യൂട്യൂബിന്റെ ശ്രമം. ഇതിനായി നൂതന മാർഗങ്ങൾ കണ്ടെത്തിക്കൊണ്ടേയിരിക്കുകയാണു യൂട്യൂബ്. മെർച്ചൻഡീസ്, ചാനൽ മെംബർഷിപ്, സൂപ്പർചാറ്റ്, സൂപ്പർ സ്റ്റിക്കർ എന്നിങ്ങനെ ഈയടുത്തകാലത്തുണ്ടായ വരുമാന മാർഗങ്ങൾ വൻ വിജയമാണ്.

 

∙ 2022 മലയാളം കണ്ടെന്റിന്റെ സുവർണകാലമായിരിക്കുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. കരിക്ക്, എം4ടെക്, വില്ലേജ് ഫുഡ് ചാനൽ തുടങ്ങിയ ചാനലുകളുടെ അതിവേഗ വളർച്ച മറ്റുള്ളവർക്കും മാതൃകയാകും.

 

English Summary: Trends and Insights on YouTube Malayalam Content

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com