ടെസ്‌ല കാറൊക്കെ എന്ത്? റോബോട്ട് കാറിനേക്കാള്‍ വലിയ ബിസിനസ് ആയിത്തീരാമെന്ന് മസ്‌ക്

tesla-robot
SHARE

ഇലക്ട്രിക് കാര്‍ നിര്‍മാണ മേഖലയിൽ നേരത്തേ ഇറങ്ങാനായ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ്. കമ്പനിയുടെ അപ്രതീക്ഷിത വിജയം മസ്‌കിനെ ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍ പോലുമാക്കി. എന്നാലിപ്പോള്‍ അദ്ദേഹം പറയുന്നത് കമ്പനി നിര്‍മിച്ചുവരുന്ന ടെസ്‌ല റോബോട്ടിന് തന്റെ കാര്‍ നിര്‍മാണത്തെ കവച്ചുവയ്ക്കാവുന്ന ഒരു ബിസിനസായി തീരാനുള്ള സാധ്യതയുണ്ട് എന്നാണ്. അഞ്ചു മാസം മുൻപാണ് ടെസ്‌ലയുടെ ഹ്യൂമനോയിഡ് റോബോട്ടിനെ പരിചയപ്പെടുത്തിയത്. റോബോട്ടുകളുടെ നിര്‍മാണവും അവയുടെ ഉപയോഗവും കാര്‍ ബിസിനസിനെ മറികടക്കാന്‍ സാധ്യതയുള്ള ഒന്നാണ് എന്നാണ് കമ്പനി മേധാവി മസ്‌ക് പറഞ്ഞിരിക്കുന്നത്. 

∙ മസ്‌കിന്റെ റോബോട്ടിന് പേര് ഒപ്ടിമസ്

‘ടെക്‌നോകിങ്’ എന്നറിയപ്പെടുന്ന മസ്‌ക് കഴിഞ്ഞ ദിവസമാണ് റോബോട്ടിന്റെ സാധ്യതകളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങൾ വെളിപ്പെടുത്തിയത്. കമ്പനിക്കുള്ളില്‍ ടെസ്‌ലാ ബോട്ടിനു നല്‍കിയിരിക്കുന്ന പേര് ഒപ്ടിമസ് എന്നാണ്. കഴിഞ്ഞ ഏതാനും വര്‍ഷമായി കമ്പനിയുടെ റോബോട്ടിക്‌സ് വിഭാഗത്തില്‍ യന്ത്ര മനുഷ്യരുടെ നിര്‍മാണം നടന്നുവരികയാണ്. ടെസ്‌ല ബോട്ട് ആദ്യമായി ജോലി ചെയ്യാന്‍ പോകുന്നത് മസ്‌കിന്റെ സ്വന്തം ഫാക്ടറികളില്‍ തന്നെയായിരിക്കും. സാധനങ്ങള്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിവയ്ക്കുക എന്ന ജോലിയായിരിക്കും അവയ്ക്ക് നല്‍കുക. ഒപ്ടിമസിനെ കഴിഞ്ഞ ഓഗസ്റ്റിലാണ് ആദ്യം പരിചയപ്പെടുത്തിയത്. അന്ന് അവതരിപ്പിച്ചത് റോബോട്ടിന്റെ നൃത്തമായിരുന്നു. കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശേഷിയുടെ പ്രകടനം കൂടിയായിരുന്നു അന്നു നടന്നത്.

∙ ഒപ്ടിമസ് സമ്പദ്ഘടന തകാരാതിരിക്കാന്‍ ഉതകും ?

സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ തന്നെ ജോലിയെടുക്കലാണ്. അപ്പോള്‍ ജോലിയെടുക്കാന്‍ ആളെ കിട്ടാതായാല്‍ എന്തു സംഭവിക്കുമെന്ന് മസ്ക് ചോദിക്കുന്നു. അത്തരം ഒരു ഘട്ടത്തില്‍ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ എന്തായി തീരുമെന്നതിനെക്കുറിച്ചു പോലും തനിക്ക് ഉറപ്പില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അങ്ങനെ സംജാതമായേക്കാവുന്ന ഒരു ഘട്ടത്തെ നേരിടാനാണ് ഒപ്ടിമസ് എന്നാണ് മസ്ക് പറയുന്നത്. ടെസ്‌ല കാറുകളില്‍ ഓട്ടോ പൈലറ്റ് സംവിധാനത്തില്‍ ഡ്രൈവര്‍ക്ക് സഹായത്തിനായി ഉപയോഗിച്ചുവരുന്ന ക്യാമറകള്‍ ഒപ്ടിമസിന്റെ തലയിലും ഘടിപ്പിച്ചേക്കുമെന്ന് മസ്‌ക് നേരത്തേ പറഞ്ഞിരുന്നു. 

∙ സമ്പൂര്‍ണ സെല്‍ഫ്‌ ഡ്രൈവിങ് ഒപ്ടിമസിലേക്കും

ടെസ്‌ല കാറുകളില്‍ സമ്പൂര്‍ണ സെല്‍ഫ്‌ ഡ്രൈവിങ് സാധ്യമാക്കാനായി ഒരു കംപ്യൂട്ടര്‍ ഘടിപ്പിക്കും. ഇതേ കംപ്യൂട്ടറായിരിക്കും ഒപ്ടിമസിന്റെ ഉടലിലും ഘടിപ്പിക്കുക. അതേസമയം, ടെസ്‌ലയേയും ഇപ്പോള്‍ വിതരണ ശൃംഖലയ്ക്ക് നേരിട്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. എന്നാലും തന്റെ കമ്പനി 'സുഖമായി' അമ്പതു ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് മസ്‌ക് പറഞ്ഞു. അതേസമയം, കമ്പനി 2022ല്‍ പുതിയ മോഡലുകള്‍ ഒന്നും ഇറക്കില്ലെന്നും നിലവിലുള്ള ഫാക്ടറികളില്‍ നിന്ന് കൂടുതല്‍ വാഹനങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമമായിരിക്കും നടത്തുക എന്നും പറയുന്നു. ടെസ്‌ലയുടെ മോഡല്‍ വൈ ഓസ്റ്റിന്‍, ടെക്‌സസ്, ബെര്‍ലിന്‍ എന്നിവടങ്ങളിലുള്ള പ്ലാന്റുകളിലും നിര്‍മാണം തുടങ്ങും.

∙ വാട്‌സാപ്പിന് അന്ത്യശാസനം നല്‍കി യൂറോപ്യന്‍ യൂണിയന്‍

മെറ്റാ (ഫെയ്‌സ്ബുക്) കമ്പനിക്കു കീഴില്‍ സ്വകാര്യമായി സന്ദേശങ്ങള്‍ കൈമാറാമെന്ന അവകാശവദാവുമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് വാട്‌സാപ്. അതേസമയം, ഇതിന്റെ ഉപയോക്താക്കള്‍ക്ക് അത്ര വലിയ സ്വകാര്യതയൊന്നുമില്ലെന്ന് വാദിക്കുന്നവരും ഉണ്ട്. ഇതിനു പുറമെയാണ് വാട്‌സാപ്പും ഫെയ്‌സ്ബുക്കുമായി ബന്ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചത്. ഇതുവഴി വാട്‌സാപ് ഉപയോക്താക്കളെക്കുറിച്ചുള്ള എന്തു വിവരങ്ങളാണ് ഫെയ്‌സ്ബുക് ശേഖരിക്കുന്നത് എന്നു പറയണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തില്‍ ഇതുവരെ ഒഴിഞ്ഞുമാറി നടന്നിരുന്ന കമ്പനിക്ക് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഇയുവിന്റെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരമാണ് ഒരു മാസത്തിനുള്ളില്‍ വിവരങ്ങള്‍ നല്‍കാന്‍ വാട്‌സാപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഫെയ്‌സ്ബുക്കും വാട്‌സാപ്പുമായി ബന്ധിപ്പിക്കാനുള്ള നീക്കം വിവാദമായിരുന്നു. സ്വകാര്യതയ്ക്കായി നിലകൊള്ളുന്ന സംഘടനകളും മറ്റും കമ്പനിയുടെ വിവാദ നീക്കത്തിനെതിരെ രംഗത്തു വന്നിരുന്നു. ഇതിനു പിന്നിലുളള ഫെയ്‌സ്ബുക്കിന്റെ ഉദ്ദേശങ്ങള്‍ സുതാര്യമല്ലെന്നാണ് അധികാരികളും പറയുന്നത്.

∙ കമ്പനിയെ പുകഴ്ത്തിയാല്‍ പണം ജോലിക്കാര്‍ക്ക് നല്‍കുന്ന പരിപാടി ഉപേക്ഷിച്ച് ആമസോണ്‍

കമ്പനിയുടെ നല്ല വശങ്ങള്‍ എടുത്തുകാട്ടി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരണം നടത്താന്‍ ജോലിക്കാര്‍ക്ക് പണം നല്‍കിവന്ന രീതി നിർത്തലാക്കാന്‍ ആമസോണ്‍ തീരുമാനിച്ചു. ഈ വിവാദ രീതി ആമസോണ്‍ നിർത്തലാക്കിയെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. കമ്പനിയുടെ ഗോഡൗണുകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന ആരോപണങ്ങള്‍ നിലനിന്നിരുന്നു. അതിനാല്‍ ജോലി സ്ഥലത്ത് പ്രശ്ങ്ങള്‍ ഇല്ലെന്ന ധാരണ പരത്താന്‍ ഉതകുന്ന തരം പ്രചാരണം നടത്തിയാല്‍ അതിന് പ്രതിഫലം നല്‍കുമെന്നതായിരുന്നു കമ്പനിയുടെ നിലപാട്. ഇക്കാര്യം ദി ഇന്റര്‍സെപ്റ്റ് ആണ് തുറന്നുകാണിച്ചത്. ഈ പദ്ധതി 2018 മുതല്‍ നിലവിലുണ്ടെന്നും ദി ഇന്റര്‍സെപ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

∙ മൂന്നു മാസത്തിനിടയില്‍ 30,000 ബിറ്റ്‌കോയിന്‍ കോടീശ്വരന്മാര്‍ക്ക് പണം നഷ്ടമായെന്ന് റിപ്പോര്‍ട്ട്

ക്രിപ്‌റ്റോകറന്‍സിയുടെ അസ്ഥിരത എടുത്തുകാട്ടുന്ന മറ്റൊരു റിപ്പോര്‍ട്ടു കൂടി പുറത്തു വന്നിരിക്കുന്നു. ഏകദേശം 30,000 ബിറ്റ്‌കോയിന്‍ കോടീശ്വരന്മാര്‍ക്ക് കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ കനത്ത നഷ്ടം ഉണ്ടായിരിക്കുന്നു എന്നാണ് ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ബിറ്റ്‌കോയിന്‍ അഡ്‌സുകള്‍ പരിശോധിച്ചതില്‍ നിന്നു മനസിലാകുന്നത് 1 ദശലക്ഷം ഡോളറിലേറെ ബിറ്റ്‌കോയിന്‍ നിക്ഷേപം ഉണ്ടായിരുന്നവര്‍ക്കാണ് കനത്ത നഷ്ടം ഉണ്ടായിരിക്കുന്നതെന്നു പറയുന്നു. ഫിന്‍ബോള്‍ഡ് എന്ന പോര്‍ട്ടല്‍ ലഭ്യമാക്കിയ ഡേറ്റാ പ്രകാരമാണ് കനത്ത നഷ്ടം ഉണ്ടായിരിക്കുന്നത് കാണാനാകുന്നത്. 

∙ ഷഓമി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനികളിലൊന്നായ ഷഓമി പുതിയ ആപ് ഇറക്കിയിരിക്കുകയാണ്. ഷഓമി സര്‍വീസ് പ്ലസ് (Xiaomi Service+) എന്ന പേരില്‍ ഇറക്കിയിരിക്കുന്ന ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് സര്‍വീസ് സെന്ററുകളും മറ്റുസപ്പോര്‍ട്ടും വിരല്‍ത്തുമ്പത്ത് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ആപ് എല്ലാ ഷഓമി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും പ്രയോജനപ്പെടുത്താം - സ്മാര്‍ട് ഫോണുകള്‍ മുതല്‍ ലാപ്‌ടോപ്പുകളും ഫിറ്റ്‌നസ് ബാന്‍ഡുകളും വരെയുള്ള ഏത് ഉപകരണം ഉപയോഗിക്കുന്നവര്‍ക്കും ഗുണകരമായിരിക്കും. റിപ്പെയര്‍ ലഭിക്കാന്‍, ഡെമോ കാണാന്‍, ഇന്‍സ്റ്റലേഷനു വേണ്ടി, ഷഓമി ഉല്‍പന്നങ്ങളുടെ വിലയും ലഭ്യതയും അറിയാന്‍, സര്‍വീസ് നടത്താന്‍ നല്‍കിയിരിക്കുന്ന ഉപകരണം തിരിച്ചു കിട്ടാറായൊ എന്നറിയാന്‍, കമ്പനിയുമായി ലൈവ് ചാറ്റ് നടത്താന്‍ തുടങ്ങി പല പ്രയോജനങ്ങളും ഇതുവഴി ലഭ്യമാകുമെന്നു പറയുന്നു. ഇപ്പോള്‍ ഇത് ഗൂഗിള്‍ പ്ലേ വഴിയോ, ഗെറ്റ് ആപ്പ്‌സ് വഴിയോ ഡൗണ്‍ലോഡ് ചെയ്യാം. 

∙ വില കുറഞ്ഞ രണ്ട് 5ജി ഫോണുകള്‍ സാംസങ് ഉടനെ ഇന്ത്യയില്‍ അവതരിപ്പിക്കും

ചൈനീസ് കമ്പനികളുടെ 5ജി ഫോണ്‍ വാങ്ങില്ലെന്ന് ശപഥം ചെയ്തിരിക്കുന്നവര്‍ക്ക് ആഹ്ലാദ വാര്‍ത്ത. താരതമ്യേനെ വില കുറഞ്ഞ രണ്ട് 5ജി ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കാനൊരുങ്ങുകയാണ് സാംസങ് എന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് വെബ്‌സൈറ്റ് പറയുന്നു. ഗ്യാലക്‌സി എ335ജി ആയിരിക്കും ഏറ്റവും വില കുറഞ്ഞ മോഡല്‍. അതിനെ അപേക്ഷിച്ച് വില കൂടിയ മോഡലായ ഗ്യാലക്‌സി എ53 5ജിയും കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കും.

English Summary: Elon Musk says Tesla’s Optimus robots can help solve the U.S. labor shortage

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA