ADVERTISEMENT

ന്യൂഡൽഹി∙ ഫെയ്സ്ബുക് സ്ഥാപകൻ മാർക് സക്കർബർഗ്, ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്ക്, ആമസോൺ സിഇഒ ജെഫ് ബെസോസ് ഉൾപ്പടെ ഇരുപതിലധികം വമ്പൻമാർ കോടികളുടെ നിക്ഷേപം നടത്തിയ തൊടുപുഴ സ്വദേശി ദിലീപ് ജോർജിന്റെ വൈക്കേരിയസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), റോബോട്ടിക്സ് കമ്പനി ഗൂഗിളിന്റെ (ആൽഫബെറ്റ്) ഉപകമ്പനിയായ 'ഇൻട്രിൻസിക്' ഏറ്റെടുക്കുന്നു. ഗൂഗിളിന്റെ മാതൃകമ്പനിയാണ് ആൽഫബെറ്റ്. വ്യവസായിക ആവശ്യങ്ങൾക്കുള്ള റോബട്ടുകളെ വികസിപ്പിക്കുന്ന കമ്പനി തന്നെയാണ് ഗൂഗിളിന്റെ 'ഇൻട്രിൻസിക്'.

സഹസ്ഥാപകനായ സ്കോട് ഫീനിക്സും ഒരു വിദഗ്ധ സംഘവും ഇൻട്രിൻസിക്കിന്റെ ഭാഗമാകും. ന്യൂറോസയൻസ് എൻജിനീയർ കൂടിയായ ദിലീപ് ജോർജും മറ്റൊരു സംഘവും ഗൂഗിളിന്റെ (ആൽഫബെറ്റ്) എഐ കമ്പനിയായ 'ഡീപ്‍മൈൻഡി'ന്റെ ഭാഗമാകും. എത്ര തുകയ്ക്കാണ് ഏറ്റെടുക്കലെന്ന് പുറത്തുവിട്ടിട്ടില്ല.

 

തൊടുപുഴ കരിമണ്ണൂർ സ്വദേശിയായ ദിലീപ് ജോർജ് യുഎസിലെ സാൻഫ്രാൻസ്കോ ബേ ഏരിയയിൽ 2010ൽ ആരംഭിച്ച വൈക്കേരിയസിൽ‌ സാംസങ്, ഹോളിവുഡ് നടൻ ആഷ്റ്റൻ കുച്ചർ, പീറ്റർ തിയെൽ (പേയ്പാൽ), യാഹൂ സ്ഥാപകൻ ജെറി യങ്, സെയിൽസ്ഫോഴ്സ് സിഇഒ മാർക് ബെനിയോഫ് തുടങ്ങിയവും നിക്ഷേപം നടത്തിയിട്ടുണ്ട്.

 

∙ വൈക്കേരിയസ് ചെയ്യുന്നത്?

 

റോബോട്ടിക്സ് രംഗത്ത് പേരുകേട്ട വൈക്കേരിയസ് യുഎസിൽ വ്യാവസായിക ആവശ്യങ്ങൾക്കായി മനുഷ്യർക്കു പകരമായി 'ബുദ്ധിമാന്മാരായ' റോബട്ടുകളെ വാടകയ്ക്കു നൽകുന്നുണ്ട്. പ്രമുഖ ഇ–കൊമേഴ്സ് കമ്പനിയായ പിറ്റ്നി ബൗസും, സൗന്ദര്യവർധക കമ്പനിയായ സെഫോറയടക്കം ഉപയോഗിക്കുന്നത് വൈക്കേരിയസ് റോബട്ടുകളാണ്. മണിക്കൂർ കണക്കിനോ ജോലിയുടെ അളവനുസരിച്ചോ ആണ് വാടക. പൂർണമായും മനുഷ്യനെ പോലെ പ്രവർത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന റോബട്ടുകളെ വികസിപ്പിക്കുക എന്ന വൈക്കേരിയസിന്റെ ദീർഘകാല ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായിരുന്നു ഇത്.

 

∙ ഡീപ്മൈൻഡിനെ തോൽപ്പിച്ച് ഡീപ്മൈൻഡിലേക്ക്!

 

വർഷങ്ങൾക്കു മുൻപ് വൈക്കേരിയസ് വാർത്തകളിൽ നിറയുന്നത് ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്മൈൻഡിനെ നേരിട്ടതോടെയാണ്. ബ്രേക്ക്ഔട്ട് എന്ന കംപ്യൂട്ടർ ഗെയിം എഐ ഉപയോഗിച്ച് വിജയിക്കാമെന്നായിരുന്നു ഡീപ്മൈൻഡിന്റെ കണ്ടെത്തൽ. എന്നാൽ പ്രതിബന്ധങ്ങളുയർത്തി ഈ വിജയം തടയാമെന്നു വൈക്കേരിയസ് തെളിയിച്ചുവെന്നു മാത്രമല്ല, പ്രതിബന്ധങ്ങളും അതിജീവിക്കുന്ന പുതിയ പ്രോഗ്രാമും രൂപപ്പെടുത്തി. പ്രമുഖ ടെക് മാസിക വയേഡിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു–'ഗൂഗിൾ ഡീപ്മൈൻഡിനെ സിംഹാസനത്തിൽ നിന്നു നീക്കാൻ വൈക്കേരിയസ്!' അതേ ഡീപ്മൈൻഡിലേക്കാണ് ദിലീപും ടീമും പോകുന്നത്.

 

∙ വൈക്കേരിയസിലെ സ്റ്റാർ നിക്ഷേപകർ

 

1 മാർക് സക്കർബർഗ്– ഫെയ്സ്ബുക് സിഇഒ

2 ഇലോൺ മസ്ക്– ടെസ്‍ല,സ്പെയ്സ്എക്സ് സ്ഥാപകൻ

3 ജെഫ് ബെസോസ്– ആമസോൺ സിഇഒ

4 മാർക് ബെനിയോഫ്– സെയ്‍ൽസ്ഫോഴ്സ്, സിഇഒ

5 ഡസ്റ്റിൻ മോസ്കോവിറ്റ്സ്– ഫെയ്സ്ബുക് സഹസ്ഥാപകൻ

6 ജെറി യങ്– യാഹൂ സ്ഥാപകൻ

7 സാംസങ് 

8 ആഷ്റ്റൻ കുച്ചർ– പ്രമുഖ ഹോളിവുഡ് നടൻ

9 പീറ്റർ തിയെൽ (ഫൗണ്ടേഴ്സ് ഫണ്ട്)– പേയ്പാൽ സഹകസ്ഥാപകൻ

10 വിനോദ് ഖോസ്‍ല (ഖോസ്‍ല വെഞ്ച്വേഴ്സ്)– സൺ മൈക്രോസിസ്റ്റംസ് സ്ഥാപകൻ

11 റിഷാദ് പ്രേംജി (വിപ്രോ വെഞ്ച്വേഴ്സ്) – വിപ്രോ സ്ഥാപകൻ അസീം പ്രേംജിയുടെ മകൻ

12 ജാനസ് ഫ്രിസ്– സ്കൈപ് സ്ഥാപകൻ

13 അദം ഡി ആഞ്ജലോ– ക്വോറ സ്ഥാപകൻ

14 ആരോൺ വിൻസർ ലെവി– പ്രമുഖ ക്ലൗഡ് സേവനമായ ബോക്സിന്റെ (box.net) സിഇഒ 

15 പീറ്റർ ഡിമാൻഡിസ്– എക്സ് പ്രൈസ് ഫൗണ്ടേഷൻ ചെയർമാൻ

16 അലെക്സിസ് കെറി ഒഹാനിയൻ (ഇനിഷ്യലൈസ്ഡ് ക്യാപിറ്റർ ഫണ്ട്)– റെഡിറ്റ് സ്ഥാപകൻ

 

∙ കരിമണ്ണൂരിൽ നിന്ന് സ്റ്റാൻഫഡിലേക്ക് 

 

തൊടുപുഴ കരിമണ്ണർ ഗവ.ഹൈസ്കൂളിലായിരുന്നു ദിലീപ് പത്താം ക്ലാസ് വരെ. അതുകഴിഞ്ഞ് കലൂർ മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക്. ഐഐടി നാട്ടിൽ ട്രെൻഡ് ആയി മാറാത്ത നാട്ടിൽ സർക്കാർ സ്കൂളിലെ അധ്യാപിക കൂടിയായ അമ്മ അച്ചാമ്മ പറഞ്ഞാണ് ദിലീപ് ഐഐടിയെക്കുറിച്ച് ആദ്യമറിയുന്നത്. സ്ഥിരമായി ആത്മഹത്യകൾ നടക്കുന്ന സ്ഥലമെന്നായിരുന്നു അക്കാലത്ത് ഐഐടികളെക്കുറിച്ച് നാട്ടിൽ പരക്കെയുള്ള സംസാരം. പ്രവേശനപരീക്ഷയ്ക്ക് കൂടെ പഠിക്കാൻ പ്രവീൺ എന്നൊരു സുഹൃത്തിനെയും കിട്ടി. ഒരുപാട് പണം മുടക്കാനില്ലാത്തതിനാൽ രണ്ടു പേരും പകുതി പണം വീതം പങ്കിട്ട് ഒരു കറസ്പോൺഡൻസ് കോഴ്സിന്റെ ഭാഗമായി. റജിസ്റ്റർ ചെയ്തത് പ്രവീണിന്റെ പേരിലായതിനാൽ കോഴ്സ് നടത്തുന്ന സ്ഥാപനം നടത്തിയ മാതൃക പ്രവേശന പരീക്ഷയ്ക്ക് ഐഡി കാർഡിലെ ചിത്രം മാറ്റിയൊട്ടിച്ചാണ് പരീക്ഷയെഴുതിയത്. ഒടുവിൽ റാങ്കെത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഫോണിൽ വിളിച്ചു ‘ഒന്നും നോക്കേണ്ട, ഐഐടി ഉറപ്പിച്ചോളൂ’. 1994ലെ ആ യാത്ര ചെന്നെത്തിയത് ഐഐടി ബോംബെയിൽ. ആദ്യം ലഭിച്ചത് സിവിൽ എൻജിനീയറിങ് കോഴ്സ്, രണ്ടാം വർഷം മാർക്കിന്റെ അടിസ്ഥാനത്തിൽ ഇഷ്ടവിഷയമായ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലേക്ക്. 

 

dileep
ദിലീപ് ജോർജ്

∙ 400 ഡോളറിന് ആദ്യ കംപ്യൂട്ടർ! 

 

1998ൽ ഐഐടിയോട് വിടപറഞ്ഞപ്പോൾ വിദേശത്ത് ഉപരിപഠനമായിരുന്നു സ്വപ്നം. പക്ഷേ പണമില്ലാത്തതിനാൽ ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ ജോലിക്കു കയറി. സ്റ്റാൻഫഡ്, ബെർക‍്‍ലി തുടങ്ങി യുഎസിലെ എട്ട് പ്രധാന സർവകലാശാലകളിലേക്ക് ഒരുമിച്ചാണ് അക്കാലത്ത് അപേക്ഷിച്ചിരുന്നത്. ഒരു അപേക്ഷയ്ക്ക് മാത്രം 50 ഡോളർ വരെ ചെലവുണ്ടായിരുന്നു. വിദേശ പ്രവേശന പരീക്ഷയായ ഗ്രാജുവറ്റ് റെക്കോഡ് എക്സാമിന് (ജിആർഇ) 150 ഡോളറും. മൂന്നു വർഷം ജോലിയെടുത്ത് കിട്ടിയ പണവുമായാണ് യുഎസിലേക്ക് പറക്കുന്നത്. ചെല്ലുന്നത് സാൻഫ്രാൻസിസ്ക്കോയിലെ ഒരു സോഫ്റ്റ്‍വെയർ കമ്പനിയിലെ ജോലിക്കായിരുന്നെങ്കിലും രണ്ടാമത്തെ മാസം എല്ലാവരുടെയും സ്വപ്നമായ സ്റ്റാൻഫഡിൽ നിന്നു കത്തു വന്നു. അവിടെ വച്ചാണ് ജീവിതത്തിൽ ആദ്യമായൊരു കംപ്യൂട്ടറിന്റെ ഉടമായകുന്നത്, അതും 400 ഡോളറിന്റെ സെക്കൻഡ് ഹാൻഡ് ഡെസ്ക്ടോപ്പ്! 

 

സ്റ്റാൻഫഡിലെ പഠനം ഞാണിന്മേൽകളിയായിരുന്നു. ക്ലാസിലെ 95 ശതമാനം പേരുടെയും മാർക്ക് നൂറിൽ നൂറായിരിക്കും. അതും പോരാഞ്ഞിട്ട് 20 ശതമാനം പേരും എക്സട്രാ ക്രെഡിറ്റിനായും ശ്രമിക്കും. ഒന്നു കണ്ണിമവെട്ടിയാൽ തീർന്നു! 

 

വയർലെസ് സാങ്കേതികവിദ്യയിൽ ഗവേഷണമായിരുന്നു ആദ്യം ലക്ഷ്യം പക്ഷേ ആദ്യ വർഷം ക്യാംപസിൽ നടന്ന സെമിനാർ പരമ്പരയിൽ തലച്ചോറ് എങ്ങനെയാണ് പ്രവർത്തിക്കുന്നു എന്നതു സംബന്ധിച്ച ചർച്ചകൾ മനസിലുടക്കി. ഇതോടെ വായന മുഴുവൻ തലച്ചോറിനെക്കുറിച്ചായി. ന്യൂറോസയൻസ്, സൈക്കോളജി, മെഷീൻ ലേണിങ് എന്നീ വിഷയങ്ങൾ ഒപ്പമെടുത്തു. പാം കംപ്യൂട്ടിങ്ങിന്റെ സ്ഥാപകനായ ജെഫ് ഹോക്കിൻസുമായി ചേർന്ന് ന്യുമെന്റ എന്ന എഐ കമ്പനി ആരംഭിച്ചു. 

 

∙ വൈക്കരിയസ് തുടങ്ങിയതിങ്ങനെ

 

പുതിയ കമ്പനി തുടങ്ങുക എന്ന ലക്ഷ്യവുമായി ന്യുമെന്റയോട് വിടപറയുമ്പോൾ ജെഫ് ഹോക്കിൻസ് ദിലീപിനൊരു ഓഫർ കൊടുത്തു. 'ആറുമാസം കഴിഞ്ഞും പുതിയ കമ്പനി തുടങ്ങാൻ കഴിയാതെ വന്നാൽ വിഷമിക്കേണ്ട, തിരികെ ന്യുമെന്റയിലേക്ക് വരാം'. അങ്ങനെ ആറുമാസത്തെ അവധിയിലാണ് വൈക്കേരിയസ് ജനിക്കുന്നത്. മനുഷ്യന്റെ തലച്ചോറ് പ്രവർത്തിക്കുമ്പോലെയൊരു റോബട്ട്, അതായിരുന്നു സ്വപ്നം. ഒറ്റയ്ക്കു കമ്പനി തുടങ്ങുക ഒട്ടും എളുപ്പമായിരുന്നില്ല. കൂട്ടിനൊരാളെ തേടി പലയിടത്തും അലഞ്ഞു, കാരണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയത്തിൽ പ്രവർത്തിക്കുന്ന ഒരേയൊരു കമ്പനി ന്യുമെന്റ മാത്രമായിരുന്നു. അതേസമയം, പെൻസിൽവേനിയ സർവകലാശാലയിൽ ഉപരിപഠനം പൂർത്തിയാക്കിയ സ്കോട്ട് ഫീനിക്സ് ദിലീപിനെ തേടി നടക്കുകയായിരുന്നു. ന്യുമെന്റയിൽ ചേരാനായിരുന്നു സ്കോട്ടിന്റെ ആഗ്രഹം. അന്വേഷിച്ചപ്പോൾ ദിലീപ് സ്വന്തം കമ്പനി തുടങ്ങുന്നു എന്നറിഞ്ഞു. തേടിയ വള്ളി കാലിൽ ചുറ്റിയെന്നു പറഞ്ഞതുപോലെ ദിലീപിനൊപ്പം സ്കോട്ടും കൂടി. അങ്ങനെ 2010ൽ വൈക്കേരിയസ് പിറന്നു.

 

∙ നിക്ഷേപകരെ തേടിയുള്ള യാത്ര! 

 

നമ്മൾ എന്തു പറഞ്ഞാലും ചെയ്യുന്ന സാമാന്യബുദ്ധിയുള്ള റോബട്ട്–അസാധ്യമെന്നു തോന്നാവുന്ന ഈ ലക്ഷ്യത്തിലേക്കുള്ള യാത്ര പെട്ടെന്നു പൂർത്തിയാക്കാൻ കഴിയുന്നതല്ലെന്നു വ്യക്തമായിരുന്നു. സമയം മാത്രമല്ല പണവും വലിയ വെല്ലുവിളി തന്നെ. നിക്ഷേപകരെ തേടിയുള്ള യാത്ര അവിടെ തുടങ്ങി. ആദ്യം കണ്ടത് പ്രമുഖ ഓൺലൈൻ പണമിടപാടു കമ്പനിയായ പേയ്പ്പാലിന്റെ സ്ഥാപകൻ പീറ്റയർ തിയെലിനെ. ലക്ഷ്യം വിദൂരത്തിലാണെന്നും അതിനുള്ള പണം ഐഫോൺ ആപ്ലിക്കേഷനുകൾ നിർമിച്ചു കണ്ടെത്തുകയാണ് പദ്ധതിയെന്നും അറിയിച്ചതോടെ തിയെൽ ചിരിച്ചു– 'എഐ ചെയ്യുന്നുവർ എന്തിന് ആപ്പുണ്ടാക്കണം? ആപ്പുകൾ വികസിപ്പിച്ചു തുടങ്ങിയാൽ നിങ്ങൾ വെറുമൊരു മൊബൈൽ ആപ്ലിക്കേഷൻ കമ്പനിയായി മാറും. പണം ഞാൻ മുടക്കാം!'. പീറ്റർ തിയെൽ ആരംഭിച്ച ഫൗണ്ടേഴ്സ് ഫണ്ട് അങ്ങനെ വൈക്കേരിയസിലെ ആദ്യ നിക്ഷേപകരായി. ആദ്യ വർഷം മാത്രം നിക്ഷേപമായി സമാഹരിച്ചത് ഒന്നര മില്യൻ ഡോളർ. 

 

∙ കാപ്ച തകർത്ത് വൈക്കേരിയസ്! 

 

അടച്ചിട്ട ഒരു മുറിയിൽ നിന്നു പുറത്തിറങ്ങണമെങ്കിൽ കതകു തുറക്കണമെന്ന് നമുക്കറിയാം. തുറക്കുമ്പോൾ കതകിൽ നിന്ന് നിശ്ചിത അകലം വിട്ടു നിന്നില്ലെങ്കിൽ വീഴുമെന്നുമറിയാം. പക്ഷേ ഇതൊക്ക ഒരു യന്ത്രമനുഷ്യനെ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യങ്ങളാണ്. ഈ സാമാന്യബുദ്ധി അഥവാ ജനറൽ ഇന്റലിജൻസിലേക്കുള്ള യാത്രയാണ്  വൈക്കേരിയസ് നടത്തുന്നത്. യന്ത്രങ്ങൾക്ക് അസാധ്യമെന്ന് തോന്നുന്ന പലതും സാധ്യമാക്കുകയായിരുന്നു ലക്ഷ്യം. ഉപയോക്താവ് മനുഷ്യനെന്ന് ഉറപ്പിക്കാനായി വികലമായ രീതിയിൽ വാക്കുകൾ എഴുതുന്ന കാപ്ചാക്കോഡുകൾ മനുഷ്യനു മാത്രമേ വായിക്കാൻ കഴിയൂ എന്നായിരുന്നു അതുവരെയുള്ള ധാരണ. എന്നാൽ വൈക്കേരിയസ് തുടങ്ങി രണ്ടാം വർഷം കാപ്ച യന്ത്രങ്ങൾക്കും വായിക്കാമെന്നു തെളിയിച്ചു. ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത് ഒന്നാം കിട അക്കാദമിക പ്രസിദ്ധീകരണമായ സയൻസ് ജേണലായിരുന്നു. 

 

∙ സക്കർബർഗിന്റെ വീട്ടിൽ, മസ്ക് ഓഫിസിൽ! 

 

കാപ്ച തകർത്തതിലൂടെ രാജ്യാന്തര മാധ്യമങ്ങളിൽ വൈക്കേരിയസ് എന്ന പേര് നിറഞ്ഞു. പല വമ്പൻമാരുടെയും കണ്ണ് വൈക്കേരിയസിലുടക്കിയതും ആ സമയത്താണ്. വൈക്കേരിയസിലെ നിക്ഷേപകനും വൈക്കേരിയസ് ഡയറക്ടർ ബോർഡ് അംഗവുമായ ഫെയ്സ്ബുക് സഹസ്ഥാപകൻ ഡസ്റ്റിൻ മോസ്കോവിറ്റ്സ് ആണ് വൈക്കേരിയസിനെ ഫെയ്സ്ബുക് സിഇഒ മാർക് സക്കർബർഗിനു പരിചയപ്പെടുത്തുന്നത്. അടുത്ത ദിവസം ദിലീപിനെയും സ്കോട്ടിനെയും വീട്ടിലേക്കു വിളിപ്പിച്ചു. ഫെയ്സ്ബുക് സ്വന്തമായി ആർട്ടിഫിഷ്യൽ ഇന്റലി‍ജൻസ് ടീം രൂപീകരിക്കുന്ന സമയമായിരുന്നു. വീട്ടിലെ കൂടികാഴ്ചയ്ക്കു ശേഷം ഫെയ്സ്ബുക് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. അവിടെ ഫെയ്സ്ബുക് എഐ ടീമിന് ഒത്ത നടുക്ക് ദിലീപിനെയും സ്കോട്ടിനെയും ഇരുത്തി. സക്കർബർഗ് ഒരു വശത്തിരുന്നു. പിന്നെ ചോദ്യങ്ങളുടെ പൂരമായി. സ്വന്തം ടീമിനെ ഉപയോഗിച്ച് വൈക്കേരിയസിന്റെ മൂല്യം കണക്കാക്കുകയായിരുന്നു സക്കർബർഗ്. മീറ്റിങ് കഴിഞ്ഞപ്പോൾ എല്ലാവർക്കും പുഞ്ചിരി. രണ്ടാം റൗണ്ട് ഫണ്ടിങ്ങിലെ ആദ്യ നിക്ഷേപം സക്കർബർഗ് വക. തീർന്നില്ല, കൂടുതൽ നിക്ഷേപത്തിനായി സുഹൃത്തായ ഇലോൺ മക്സിനെ പോയി കാണാൻ ഇരുവരെയും പറഞ്ഞുവിട്ടതും സക്കർബർഗ് തന്നെ. 

 

ഇലോൺ മസ്കുമായുള്ള കൂടികാഴ്ച ടെസ്‍ല ആസ്ഥാനത്തു വച്ചായിരുന്നു. നടക്കാത്ത കാര്യങ്ങൾ വല്ലതും തട്ടിവിട്ടാൽ മുഖത്തുനോക്കി 'ബുൾഷിറ്റ്' എന്നു പറയുന്ന പ്രകൃതമാണ് മസ്ക്കിന്റേത്. ദിലീപ് പറഞ്ഞതെല്ലാം സസൂക്ഷ്മം കേട്ടിരുന്നു. ഒടുവിൽ പറഞ്ഞു– 'ഞാൻ നിങ്ങളുടെ ഓഫിസിലേക്കു വരികയാണ്'. അത് വെറുംവാക്കായിരുന്നില്ല. ബേ ഏരിയയിലുള്ള വൈക്കേരിയസ് ഓഫിസിലെത്തിയ മസ്ക് അവിടെ ചെലവഴിച്ചത് രണ്ട് മണിക്കൂറിലധികം! തിരിച്ചും മറിച്ചു ചോദ്യം ചെയ്ത് എല്ലാ ബോധ്യപ്പെട്ട ശേഷം നിക്ഷേപിക്കാമെന്ന് സമ്മതിച്ചു. 

 

ഹോളിവുഡ് നടനായ ആഷ്റ്റൺ കുച്ചർ ആരാധകശല്യം ഭയന്ന് പലപ്പോഴും സൺഗ്ലാസും തൊപ്പിയും ധരിച്ചാണ് നടക്കാറുള്ളത്. വൈക്കേരിയസ് സംഘവുമായി ആഷ്റ്റൺ കൂടികാഴ്ച നടത്തിയതും അങ്ങനെയായിരുന്നു. 

2013ൽ യുഎസിൽ നടന്ന സൺവാലി കോൺഫറൻസിൽ വച്ചാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് വൈക്കേരിയസിലെ നിക്ഷേപകനാകുന്നത്.

 

English Summary: Google (Alphabet) subsidiary acquires Malayali AI company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com