ADVERTISEMENT

ആമസോണ്‍ സ്ഥാപകനും ലോകത്തെ രണ്ടാമത്തെ വലിയ ധനികനുമായ ജെഫ് ബെസോസിന്റെ ആസ്തിയില്‍ കനത്ത ഇടിവ്. ഒറ്റ ദിവസം കുറവു വന്നിരിക്കുന്നത് 20.5 ബില്ല്യന്‍ ഡോളറാണെന്ന് (ഏകദേശം 15680.76 കോടി രൂപ) ദി സ്ട്രീറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നുവച്ച് ബെസോസ് പാപ്പരാകുമെന്നു പേടിക്കുകയൊന്നും വേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തകര്‍ച്ചയ്ക്കു ശേഷം അദ്ദേഹത്തിന്റെ വ്യക്തിഗത ധനം ഏകദേശം 148 ബില്ല്യന്‍ ഡോളറാണ്. ഇത് ലോകത്തെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌കിനേക്കാള്‍ ഏകദേശം 100 ബില്ല്യന്‍ ഡോളര്‍ കുറവ് കാണിക്കുന്നു. 

 

∙ ബെസോസിന് വെള്ളിമെഡലും നഷ്ടമാകുമോ?

 

എന്നാല്‍, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ രണ്ടാം സ്ഥാനത്തിന് അല്ലെങ്കില്‍ വെള്ളി മെഡലിന് ഇപ്പോള്‍ ഫ്രഞ്ച് ബിസിനസുകാരന്‍ ബേണഡ് ആര്‍ണോയില്‍ നിന്ന് കനത്ത ഭീഷണിയുണ്ടെന്നു പറയുന്നു. അദ്ദേഹത്തിന് ഇപ്പോള്‍ 136 ബില്ല്യന്‍ ഡോളറാണ് ആസ്തി. ബേണഡിന് പിന്നിലായി നാലാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗെയ്റ്റ്‌സ് ആണ്. 125 ബില്ല്യന്‍ ഡോളര്‍ ആണ് അദ്ദേഹത്തിന്റെ ആസ്തി. ബെസോസിന്റെ ആസ്തി അദ്ദേഹം സ്ഥാപിച്ച കമ്പനിയായ ആമസോണിന്റെ സൗഭാഗ്യവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു - അദ്ദേഹത്തിന് ആമസോണില്‍ 9.81 ശതമാനം ഓഹരിയാണ് ഉള്ളത്. 

 

∙ ആമസോണിന് തകര്‍ച്ച

 

ഇന്ത്യയിലും അമേരിക്കയിലും അടക്കം ലോകമെമ്പാടും കേസുകളില്‍ പെട്ടുകിടക്കുകയാണ് ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ ആമസോണ്‍. കമ്പനിക്ക് ഈ വര്‍ഷം ആദ്യ പാദത്തില്‍ വരുമാനത്തില്‍ 3.8 ബില്ല്യന്‍ ഡോളറിന്റെ ഇടിവുണ്ടായി എന്ന വാര്‍ത്ത വന്നതോടെ കമ്പനിയുടെ ഓഹരി ഇടിയുകയായിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണിത്. (അതേസമയം, ആമസോണ്‍ തങ്ങളുടെ വരുമാനം റിപ്പോര്‍ട്ടു ചെയ്തതില്‍ ഉണ്ടായ പാളിച്ചയാണ് ഇതെന്നും, ഇതൊരു സെല്‍ഫ് ഗോള്‍ ആയിരിക്കാമെന്നും യാഹു.കോം അതിന്റെ വിശകലനത്തില്‍ പറയുന്നു.) കോവിഡും, യുക്രെയ്ന്‍ യുദ്ധവുമാണ്കമ്പനിയുടെ മോശം പ്രകടനത്തിനു കാരണമായി ആമസോണ്‍ മേധാവി ആന്‍ഡി ജാസി ചൂണ്ടിക്കാണിക്കുന്നത്.

 

∙ ജാസിക്ക് ഈ വര്‍ഷം നല്‍കിയത് 212 ബില്ല്യന്‍ ഡോളർ

 

അതേസമയം, ബെസോസ് ആമസോണ്‍ മേധാവി സ്ഥാനം ഒഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിനു മുൻപാണ് തകര്‍ച്ച എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആമസോണ്‍ മേധാവിയായി ജാസി ചുമതല ഏല്‍ക്കുന്നത് 2021 ജൂലൈ 5ന് ആണ്. പക്ഷേ, കമ്പനിയുടെ ഭാവിയെപ്പറ്റി തനിക്ക് ആത്മവിശ്വാസമാണ് ഉള്ളതെന്ന് ജാസി ഫോര്‍ബ്‌സിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ജാസിക്ക് ആമസോണ്‍ ഈ വര്‍ഷം പ്രതിഫലമായി നല്‍കിയത് 212 ബില്ലന്‍ ഡോളറാണെന്നും യാഹു റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതില്‍ 212,701,169 ഡോളര്‍ ഓഹരിയായാണ് നല്‍കിയത്. 

 

∙ ഫെയ്‌സ്ബുക്കിനും സക്കര്‍ബര്‍ഗിനും കുതിപ്പ്

 

നേര്‍ വിപരീത ദിശയിലായിരുന്നു ഫെയ്‌സ്ബുക്കും (മെറ്റാ) മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെയും പോക്ക്. തനിക്ക് ജീവിതത്തില്‍ ഒരു ദിവസം നേടാനായതില്‍ വച്ച് ഏറ്റവുമധികം ധനമാണ് സക്കര്‍ബര്‍ഗിന് ലഭിച്ചിരിക്കുന്നത് - 11 ബില്ല്യന്‍ ഡോളര്‍. ഇതോടെ, ബ്ലൂംബര്‍ഗിന്റെ ബില്ല്യനയര്‍മാരുടെ പട്ടികയില്‍ 12-ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് സക്കര്‍ബര്‍ഗ്. മെറ്റാ പ്ലാറ്റ്‌ഫോമിന്റെ ഓഹരി 17.6 ശതമാനം കുതിച്ചുയര്‍ന്നതാണ് അദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്.

 

∙ ട്വിറ്റര്‍ വാങ്ങാനുള്ള മസ്‌കിന്റെ ശ്രമം അനാവശ്യമോ?

 

ലോകത്തെ ഏറ്റവും വലിയ ധനികനും ടെസ്‌ല, സ്‌പേസ്എക്‌സ്, ബോറിങ് തുടങ്ങി പല വമ്പന്‍ കമ്പനികളുടെയും മേധാവിയായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങാന്‍ ശ്രമിച്ച് സമയം കളയേണ്ടിയിരുന്നില്ലെന്നുള്ള വിമര്‍ശനവും ഉയരുന്നു. കേവലം ഒരു സമൂഹ മാധ്യമത്തിനു പിന്നാലെ പോകുമ്പോള്‍ അദ്ദേഹത്തിന്റെ വമ്പന്‍ പദ്ധതികള്‍ക്കായി വനിയോഗിക്കപ്പെടേണ്ട സമയമാണ് നഷ്ടമാകുന്നത് എന്നാണ് വിമര്‍ശനം. മനുഷ്യരാശിയുടെ ഉന്നമനത്തിനായി ഏറ്റവും വലിയ സ്വപ്‌നങ്ങള്‍ കാണുന്ന ആളുകളില്‍ ഓരാളായി അറിയപ്പെടുന്ന മസ്‌ക് ട്വിറ്റര്‍ വാങ്ങാന്‍ പോകേണ്ടിയിരുന്നില്ലെന്നാണ് ഈ വാദം ഉയര്‍ത്തുന്നവര്‍ പറയുന്നത്. 

 

∙ ട്വിറ്റര്‍ വാങ്ങാനായി മസ്‌ക് 8.5 ബില്ല്യന്‍ ഡോളറിനുള്ള ഓഹരി വില്‍ക്കുന്നു

 

ട്വിറ്റര്‍ വാങ്ങാനായി മസ്‌ക് 8.5 ബില്ല്യന്‍ ഡോളറിനുള്ള തന്റെ കൈവശമുള്ള ടെസ്‌ലയുടെ ഓഹരി വില്‍ക്കുന്നു എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ട്വിറ്റര്‍ വാങ്ങാന്‍ അദ്ദേഹം നല്‍കാമെന്നു പറഞ്ഞിരിക്കുന്ന 44 ബില്ല്യന്‍ ഡോളര്‍ പണം എങ്ങനെയാണ് ഉണ്ടാക്കുക സംശയമുണ്ടായിരുന്നു. പുതിയ കണക്കുകള്‍ പ്രകാരം 13 ബില്ല്യന്‍ ഡോളര്‍ അദ്ദേഹം ബാങ്കുകളില്‍ നിന്ന് കടമെടുക്കും. കൂടാതെ, 12.5 ടെസ്‌ല ഓഹികള്‍ക്കു മേല്‍ 'മാര്‍ജിന്‍ ലോണ്‍' ആയി എടുക്കുമെന്നും, 21 ബില്ല്യന്‍ തന്റെ ആസ്തിയില്‍ നിന്ന് നേരിട്ടു നല്‍കുമെന്നും പറയുന്നു. എന്നാല്‍, അദ്ദേഹം 8.5 ബില്ല്യന്‍ ഡോളറിനുള്ള ഓഹരി വിറ്റാല്‍ മാര്‍ജിന്‍ ലോണ്‍ തരപ്പെടുത്തുന്നതില്‍ പ്രശ്‌നമുണ്ടാകുമോ എന്ന സംശയവും ഉന്നയിക്കപ്പെടുന്നു. ഇനി ഏകദേശം 146 ബില്ല്യന്‍ ഡോളര്‍ വിലയ്ക്കുള്ള ഓഹരികളാണ് മസ്‌കിന് ടെസ്‌ലയില്‍ ബാക്കിയുള്ളത്. 

 

∙ ട്വിറ്ററില്‍ ജോലി തരുമോ എന്നു ചോദിച്ച് മസ്‌ക് ഫാന്‍സ്

 

മസ്‌കിന് ട്വിറ്റര്‍ നിലവിലുള്ള ട്വിറ്റര്‍ ജോലിക്കാരെ വലിയ താത്പര്യമില്ലെന്നുള്ളത് ഒരു രഹസ്യമേയല്ല. അദ്ദേഹത്തിന് ട്വിറ്ററിലുള്ള ദശലക്ഷക്കണക്കിനു ഫോളോവര്‍മാരില്‍ ചിലര്‍ തങ്ങള്‍ക്ക് സമൂഹ മാധ്യമത്തില്‍ ജോലി തരുമോ എന്നു ചോദിച്ച് ട്വീറ്റുകള്‍ നടത്തി തുടങ്ങിയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു.

 

∙ മൈക്രോസോഫ്റ്റ് എജ് ബ്രൗസറില്‍ ഫ്രീ വിപിഎന്‍

 

ഒരു കാലത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടിരുന്ന വെബ് ബ്രൗസര്‍ മൈക്രോസോഫ്റ്റിന്റേതായിരുന്നു-ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍. എന്നാല്‍, ഗൂഗിള്‍ ക്രോമിന്റെ വരവോടെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തകര്‍ന്നു എന്നു മാത്രമല്ല, മൈക്രോസോഫ്റ്റ് പുതിയതായി ഇറക്കിയ എജ്ബ്രൗസറിനും ക്രോമിനെതിരെ മികവു കാട്ടാനായിട്ടില്ല. എന്നാല്‍, അടുത്തിടെയായി മൈക്രോസോഫ്റ്റിന്റെ എജ് ബ്രൗസര്‍ തരക്കേടില്ലാത്ത പുരോഗതി കൈവരിച്ചുവരുന്നുമുണ്ട്. എജിലേക്ക് പുതിയ പുതിയ ഫീച്ചറുകള്‍ ചേര്‍ത്ത് ആളുകളെ ആകര്‍ഷിക്കുകയാണ് മൈക്രോസോഫ്റ്റ്. താമസിയാതെ എജില്‍ ഒരു ഫ്രീ വിപിഎന്‍ നല്‍കുമെന്നാണ് കമ്പനി പറയുന്നത്. വിപിഎന്‍ ഇല്ലാതെ വെബ് ബ്രൗസിങ് നടത്തിയാല്‍ ഒരാളെക്കുറിച്ചുള്ള വിവരങ്ങള്‍ പല കമ്പനികള്‍ക്കും ശേഖരിക്കാനാകും. എന്നാല്‍, മൈക്രോസോഫ്റ്റിന്റെ വിപിഎന്‍ വളരെയധികം പരിമിതികള്‍ ഉള്ളതാണ്. പ്രതിമാസം 1ജിബി ഡേറ്റയ്ക്കുള്ള ബ്രൗസിങ്ങാണ് ഫ്രീയായി നല്‍കുക. അതും എജില്‍ സൈന്‍-ഇന്‍ ചെയ്താല്‍. 

 

ഇത് ഉപയോഗിക്കേണ്ടവര്‍ എജില്‍ സൈന്‍-ഇന്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. തുടര്‍ന്ന് 'സെറ്റിങ്‌സ് ആന്‍ഡ് മോര്‍' കണ്ടെത്തുക. അവിടെ, 'സെക്യുവര്‍ നെറ്റ്‌വര്‍ക്ക്' ക്ലിക്കു ചെയ്യുക. അങ്ങനെ വിപിഎന്‍ ആക്ടിവേറ്റു ചെയ്യാം. എജ് ബ്രൗസര്‍ ഒരു സെഷനു ശേഷം ക്ലോസു ചെയ്യുന്നതോടെ, വിപിഎന്നും പോകും. അടുത്ത സെഷനില്‍ മേല്‍പ്പറഞ്ഞ നടപടിക്രമങ്ങള്‍ വഴി വീണ്ടും ആക്ടിവേറ്റു ചെയ്യണം. നിലവില്‍ ഇത് ഒരു പ്രിവ്യൂ ആണ്. വരും ആഴ്ചകളില്‍ എല്ലാവര്‍ക്കും ലഭിക്കും. മോസിലാ ഫയര്‍ഫോക്‌സിന് വിപിഎന്‍ ഉണ്ട്. പക്ഷേ, ആ സേവനം ഉപയോഗിക്കാന്‍ പണം നല്‍കണം. 

 

∙ ആപ്പിളിനു വെല്ലുവിളി, ക്വാല്‍കം പുതിയ കംപ്യൂട്ടര്‍ പ്രോസസര്‍ അവതരിപ്പിച്ചേക്കും

 

സ്മാര്‍ട് ഫോണ്‍ പ്രോസസര്‍ നിര്‍മാണത്തില്‍ മുൻപനായ ക്വാല്‍കം ലാപ്‌ടോപ് പ്രോസസര്‍ നിര്‍മാണത്തിലേക്കും കാര്യമായി ശ്രദ്ധ തിരിക്കാന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട്. ടോംസ് ഹാര്‍ഡ്‌വെയറിനു നല്‍കിയ അഭിമുഖത്തിലാണ് കമ്പനി മേധാവി ക്രിസ്റ്റിയന്‍ അമറോണ്‍ ഭാവി പരിപാടി വെളിപ്പെടുത്തിയത്. 2023ല്‍ പുതിയ ഹൈ-എന്‍ഡ് ലാപ് ടോപ് പ്രോസസറുകള്‍ പുറത്തിറക്കിയേക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇതാകട്ടെ, ആപ്പിളിന്റെ എം1 പ്രോസസറുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നവ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

English Summary: Billionaire Jeff Bezos lost $20.5 billion in 24 hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com