ADVERTISEMENT

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപമുള്ള ഇന്റർനെറ്റ് കഫേയിലിരുന്ന് വർഷങ്ങൾക്കു മുൻപ് പെരിന്തൽമണ്ണ സ്വദേശി അനീഷ് അച്യുതൻ നെയ്തു തുടങ്ങിയ സ്വപ്നങ്ങൾക്ക് ഇന്ന് 100 കോടി ഡോളറിന്റെ മൂല്യം! കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ യൂണികോൺ പ്രോഡക്ട് സ്റ്റാർട്ടപ്പ് എന്ന നേട്ടം ഇനി അനീഷിന്റെ 'ഓപ്പണി'നു സ്വന്തം. രാജ്യത്തെ നൂറാമത് യൂണികോൺ സ്റ്റാർട്ടപ് കൂടിയാണ് ഓപ്പൺ. ഗൂഗിൾ അടക്കമുള്ള കമ്പനികളാണ് പ്രധാന നിക്ഷേപകർ.

ഓഹരി വിപണിയുടെ ഭാഗമാകാത്ത ഒരു ബില്യൻ (100 കോടി) ഡോളറിലും കൂടുതൽ മൂല്യമുള്ള കമ്പനികളെയാണു യൂണികോണായി കണക്കാക്കുന്നത്. യുഎസ്ടി, ഐബിഎസ്, ജോയ് ആലൂക്കാസ് തുടങ്ങിയ കേരള കമ്പനികൾ യൂണികോൺ പദവി നേടിയിട്ടുണ്ടെങ്കിലും ഒരു യൂണികോൺ സ്റ്റാർട്ടപ് ആദ്യമാണ്. ഐഐഎഫ്എൽ, ടെമസെക്, ടൈഗർ ഗ്ലോബൽ,3വൺ4 ക്യാപിറ്റൽ തുടങ്ങിയ കമ്പനികളുടെ പുതിയ റൗണ്ട് ഫണ്ടിങ്ങോടെയാണ് ഓപ്പണിന്റെ മൂല്യം 7,500 കോടി രൂപ കടന്നത്. കമ്പനിയുടെ ഓഫിസ് ബംഗളൂരുവിലാണെങ്കിലും റജിസ്റ്റർ ചെയ്തിരിക്കുന്നത് പെരിന്തൽമണ്ണയിലാണ്.

വിദ്യാഭ്യാസ കാലഘട്ടത്തിൽ മലയാള മനോരമ ദിനപത്രത്തിൽ ഹോട്ട്‍മെയിൽ സ്ഥാപകനായ സബീർ ഭാട്യയുടെ ജീവിതകഥ വായിച്ചതാണ് അനീഷിന്റെ ജീവിതത്തിലെ പ്രധാനവഴിത്തിരിവായത്.

അന്ന് ഇന്റർനെറ്റ് ഇത്രയും വ്യാപകമായിട്ടില്ലെങ്കിലും സബീർ ഭാട്യയെപ്പോലെ ഒരു വിജയകരമായ ഇന്റർനെറ്റ് സ്റ്റാർട്ടപ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്തേക്ക് വണ്ടികയറിയത്. ചില രാത്രികളിൽ തങ്ങിയത് ശ്രീകണ്ഠേശ്വരം ക്ഷേത്രപരിസരത്തും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലുമായി. നാട്ടിൽ നിന്ന് പഠനാവശ്യത്തിനായി നാട്ടിലെത്തിയ 3 സുഹൃത്തുകളാണ് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നത്. രാവിലെ എണീറ്റാലുടൻ ഇവരിലൊരാൾ പ്രഭാതക്ഷണം കൊണ്ടുവരും. ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്ന് തന്നെയായിരുന്നു ഭക്ഷണം. സ്ഥിരമായി സെക്രട്ടേറിയറ്റിനു സമീപമുള്ള ഇന്റർനെറ്റ് കഫെയിൽ പോയി സ്വപ്നങ്ങൾ നെയ്തുതുടങ്ങി. ഇന്ത്യഫസ്റ്റ് എന്ന വെബ്പോർട്ടൽ ആരംഭിച്ചു.2007ലാണ് കാഷ്നെക്സ്റ്റ് എന്ന അടുത്ത സംരംഭത്തിലേക്ക് അനീഷ് കടക്കുന്നത്. 

Founders-1

കടകളിലെ മേശവലിപ്പ് പോലും എടിഎം ആയി മാറുന്നതായിരുന്നു പദ്ധതി. ഇതേക്കുറിച്ച് 2009 ന്യൂയോർക്ക് ടൈംസിൽ വന്ന ലേഖനം അനീഷിന്റെ സ്റ്റാർട്ടപ് ജീവിതത്തിൽ നിർണായകമായി. പല സ്ഥാപനങ്ങളിലൂടെ കടന്ന് ഒടുവിൽ വെറും 2.5 കോടി രൂപ മൂലധനവുമായാണ് 2017ൽ ഭാര്യ മേബൽ ചാക്കോയും ചേർന്ന് ഓപ്പൺ ആരംഭിക്കുന്നത്. അനീഷിന്റെ സഹോദരൻ അജീഷ് അച്യുതനും ദീന ജേക്കബും സ്ഥാപക ടീമിലുണ്ട്.

രാജ്യത്തെ ആദ്യ ഡിജിറ്റൽ നിയോബാങ്കിങ് സ്റ്റാർട്ടപ്പാണ് 'ഓപ്പൺ'. ബാങ്കിങ് ലൈസൻസ് ഇല്ലാത്ത ഒരു കമ്പനി മറ്റൊരു ലൈസൻസ്ഡ് ബാങ്കുമായി ചേർന്ന് ഉപഭോക്താവിന് അധിക ഫീച്ചറുകൾ ഉൾപ്പെടുത്തിയ സേവനം നൽകുന്നതിനെയാണ് നിയോ ബാങ്ക് എന്നു വിളിക്കുന്നത്.

എന്താണ് യൂണികോൺ?

ഗ്രീക്ക് പുരാണങ്ങളിൽ കഥാപാത്രമാകുന്ന ഒറ്റക്കൊമ്പുള്ള, കുതിരയെപ്പോലുള്ള ജീവിയാണു യൂണികോൺ. കാഴ്ചയിൽ കുതിരയെങ്കിലും തലയിലെ ഒറ്റക്കൊമ്പാണു യൂണികോണിനെ വേറിട്ടു നിർത്തുന്നത്. തൂവെള്ള നിറത്തിലുള്ള യൂണികോണിനെ സ്പർശിച്ചാൽ പ്രശ്നങ്ങളും സങ്കടങ്ങളുമെല്ലാം മാറി സന്തോഷത്തോടെയിരിക്കുമെന്നാണു ഗ്രീക്കുകാരുടെ വിശ്വാസം. 2013ൽ യുഎസിലെ വെഞ്ച്വർ ക്യാപിറ്റലിസ്റ്റായ അയ്ലിൻ ലീയാണ് ഓഹരി വിപണിയുടെ ഭാഗമാകാത്ത, ഒരു ബില്യൻ ഡോളറിലും കൂടുതൽ മൂല്യമുള്ള സ്വകാര്യ കമ്പനികളെ യൂണികോൺ എന്നു വിശേഷിപ്പിച്ചത്. 10 ബില്യൻ ഡോളർ കടന്നാൽ ഈ കമ്പനികളെ ഡെക്കാകോൺ എന്നു വിളിക്കും.

unicorn-startup

ഓപ്പൺ ഈ പട്ടികയിലേക്ക്

ഇന്ത്യയിലെ 100 യൂണികോൺ പ്രോഡക്ട് കമ്പനികളിൽ പ്രധാനപ്പെട്ടവബൈജൂസ്, ഫ്ലിപ്കാർട്ട്, പേയ്ടിഎം, സ്വിഗ്ഗി, ഓയോ, ഒല, നൈക, സ്നാപ്ഡീൽ, ലെൻസ്കാർട്, ഗ്രോഫേഴ്സ് (ബ്ലിങ്ക്ഇറ്റ്), ഷെയർചാറ്റ്, ക്രെഡ്, ബിഗ്ബാസ്ക്കറ്റ്, മേക്ക് മൈ ട്രിപ്, ഫസ്റ്റ്ക്രൈ

കാഷ്നെക്സ്റ്റിൽ നിന്ന് നിയർറ്റിവിറ്റിയിലേക്ക്

2007ൽ കാഷ്‍നെക്സ്റ്റ് എന്ന കമ്പനി തുടങ്ങിയെങ്കിലും ബാങ്കിങ് ബിസിനസ് കറസ്പോണ്ടൻസ് ഇന്നത്തേതുപോലെ വളരാത്തതുകൊണ്ട് കമ്പനിക്ക് കൂടുതൽ വളരാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങളും വെല്ലുവിളിയായി. തുടർന്ന് പ്രീപെയ്ഡ് മാസ്റ്റേഴ്സ് എന്ന ലാറ്റിൻ അമേരിക്കൻ കമ്പനി കാഷ്നെക്സ്റ്റിനെ ഏറ്റെടുത്തു. ന്യൂയോർക്ക് ടൈംസിലെ ലേഖനം വായിച്ചാണ് ഓപ്പണിലെ സഹസ്ഥാപക കൂടിയായ മേബിൾ ചാക്കോ അനീഷിനെക്കുറിച്ചറിയുന്നത്. മേബിളും ആ സമയത്ത് ഒരു പേയ്മെന്റ് സംവിധാനം വികസിപ്പിക്കുകയായിരുന്നു. തുടർന്ന് മേബിളും കാഷ്നെക്സ്റ്റിന്റെ ഭാഗമായി. കാഷ്നെക്സ്റ്റ് വിട്ട ശേഷം ഇരുവരും ചേർന്ന് ആരംഭിച്ചതാണ് നിയർറ്റിവിറ്റിയെന്ന സ്റ്റാർട്ടപ്. പിന്നീടാണ് 2011ലാണ് മേബിൾ അനീഷിന്റെ ജീവിതപങ്കാളിയായത്.

നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻഎഫ്സി) അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സൗകര്യമായിരുന്നു നിയർറ്റിവിറ്റി. എന്നാൽ ആ സമയത്ത് ഒരു ശതമാനം ഫോണുകളിൽ മാത്രമാണ് എൻഎഫ്സി സൗകര്യമുണ്ടായിരുന്നത്. ഇക്കാരണത്താൽ 70 അംഗങ്ങളുള്ള കമ്പനി വൈകാതെ അടയ്ക്കേണ്ടിവന്നു.

Team-Open-2

പേയ്‍യുവിൽ നിന്ന് പേയുവിലേക്ക്

ഒഎൽഎക്സ്, ഐബിബോ തുടങ്ങിയ സംരംഭങ്ങളുടെ ഉടമയായ വമ്പൻ ഇന്റർനെറ്റ് കമ്പനി നാസ്പേഴ്സ് ഇന്ത്യയിൽ പേയ്‍യു (PayU) എന്ന പേരിൽ ഒരു പേയ്മെന്റ് ഗേറ്റ്‍വേ തുടങ്ങുന്ന സമയമായിരുന്നു അത്. സ്ഥാപകടീമിലെ മൂന്നാമത്തെ ജീവനക്കാരനായി അനീഷ് പേയ്‍യുവിന്റെ ഭാഗമായി. ഹെഡ് ഓഫ് പ്രോഡക്റ്റ് എന്നായിരുന്നു തസ്തിക.

പിന്നീട് 2011ൽ ഓൺമൊബൈൽ എന്ന ബംഗളൂരു കമ്പനിയിലേക്ക് ചേക്കേറി. ടെലികോം ഓപ്പറേറ്റർമാർക്ക് കോളർ ട്യൂണുകൾ ലഭ്യമാക്കുന്ന കമ്പനിയായിരുന്നു അത്. അവിടെ ഹെഡ് ഓഫ് എം–കൊമേഴ്സ് ആയി ജോലി നോക്കുന്നതിനിടെയാണ് വീണ്ടും സംരംഭക മോഹം ഉദിക്കുന്നത്. 2013ൽ സ്വിച്ച് എന്ന പേയ്മെന്റ് പ്ലാറ്റ്ഫോം തുടങ്ങി. ഇത് പിന്നീട് സിട്രസ് പേ എന്ന പ്രമുഖ പേയ്മെന്റ് കമ്പനി ഏറ്റെടുത്തു. അങ്ങനെ സിട്രസ് പേയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തി. തുടർന്ന് സിട്രസ് പേ കമ്പനിയെ പേയ്‍യു ഏറ്റെടുത്തതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തോടെ വീണ്ടും പേയ്‍യുവിലെത്തി. 

'ഓപ്പൺ' ഓപ്പണായതിങ്ങനെ

പേയ്‍യുവിലെ ജോലിക്കിടെ ഒട്ടേറെ ചെറുകിട–ഇടത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെടാൻ അനീഷിനു കഴിഞ്ഞു. അവരെല്ലാം പറഞ്ഞ പൊതുവായ പ്രശ്നം ബിസിനസ് ബാങ്കിങ് സംബന്ധിച്ചായിരുന്നു. ബിസിനസ് ആവശ്യങ്ങൾക്ക് ബാങ്കിങ് രീതിയിൽ സമൂലമായ മാറ്റം ആവശ്യമാണെന്ന് മനസ്സിലാക്കുന്നത് അങ്ങനെയാണ്. 

ബാങ്കിങ് ലൈസൻസ് ഇല്ലാത്ത ഒരു കമ്പനി മറ്റൊരു ലൈസൻസ്ഡ് ബാങ്കുമായി ചേർന്ന് ഉപഭോക്താവിന് ആഡ് ഓൺ ഫീച്ചറുകൾ ഉൾപ്പെടുത്തിയ സേവനം നൽകുന്നതിനെയാണ് നിയോ ബാങ്ക് എന്നു വിളിക്കുന്നത്. പല വിദേശരാജ്യങ്ങളിലെയും നിയോബാങ്ക് സങ്കൽപ്പം അനീഷ് പഠിച്ചു. തുടർന്ന് ചെറുകിട–ഇടത്തരം ബിസിനസുകളെ ലക്ഷ്യംവച്ചുകൊണ്ടുള്ള ഒരു നിയോബാങ്ക് എന്ന ആശയം വികസിപ്പിച്ചു. പേയ്‍യുവിലെ അമരീഷ് റാവു, ജിതേന്ദ്ര ഗുപ്ത എന്നിവരോടാണ് ആദ്യം ഇക്കാര്യം പങ്കുവച്ച്. അവരതിനു പൂർണ പിന്തുണ നൽകി. അവർ നൽകി 2.5 കോടിയുടെ പ്രാഥമിക മൂലധനവുമായാണ് ഓപ്പൺ തുടങ്ങുന്നത്. പിന്നീട് യുണിക്കോൺ ഇന്ത്യ വെഞ്ച്വേഴ്സ് അടക്കം പല വിസി കമ്പനികളും മുതൽമുടക്കി.

പല ബാങ്കുകളുമായി ചേർന്നാണ് നിയോബാങ്ക് സേവനം നൽകുന്നത്. സേവനം ഉപയോഗിക്കുന്ന സംരംഭകന് ആദ്യം നൽകുന്നത് ഒരു കറന്റ് അക്കൗണ്ടാണ്. ഇതിന്റെ നെറ്റ് ബാങ്കിങ് ഡാഷ്ബോർഡിൽ പ്രാഥമിക ബാങ്കിങ് സേവനത്തിനു പുറമേ ഒരു ബിസിനസ് ഓടിക്കാൻ വേണ്ട എല്ലാ സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻവോയിസ്, പേയ്റോൾ, അക്കൗണ്ടിങ് എല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ നടക്കുമെന്നു ചുരുക്കം. അകത്തേക്കും പുറത്തേക്കും പോകുന്ന ഓരോ രൂപയുടെയും കൃത്യമായ കണക്ക് റെക്കോർഡ് ചെയ്യുകയും ഇന്റലിജന്റ് ആയി നിർദേശങ്ങൾ നൽകുകയും ചെയ്യും. മറ്റ് ബാങ്ക് അക്കൗണ്ടുകളും ഇതുമായി ബന്ധിപ്പിക്കാമെന്നതാണ് മെച്ചം. പല ലോഗിൻ ഒഴിവാക്കുകയും ചെയ്യാം. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് 5 മുതൽ 50 ലക്ഷം രൂപ വരെ നൽകുന്ന ക്രെ‍ഡിറ്റ് കാർഡും ഓപ്പൺ പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ 520 ജീവനക്കാരുണ്ട് കമ്പനിക്ക്.

English Summary: Open becomes Kerala’s first unicorn and India's 100th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com