ADVERTISEMENT

വിപിഎന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് കുറഞ്ഞത് 5 വര്‍ഷം വരെ സൂക്ഷിക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവ്. ഇന്റര്‍നെറ്റിനു മേല്‍ കേന്ദ്ര സർക്കാർ ഇതുവരെ ഏര്‍പ്പെടുത്തിയതില്‍ വച്ച് ഏറ്റവും കര്‍ക്കശമായ നിയമമായിരിക്കാം. കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് ഐടി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ഡേറ്റാ സെന്ററുകളും ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും ഡേറ്റ ശേഖരിക്കണമെന്നും അഞ്ചു വര്‍ഷത്തേക്കോ അതിലേറെയോ സൂക്ഷിക്കണമെന്നും ഉത്തരവിലുണ്ട്. രാജ്യത്തെ സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ഇന്ത്യാ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

∙ വിപിഎന്‍ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം നിർത്തുമോ?

പുതിയ ഉത്തരവ് പാലിക്കണമെങ്കില്‍ രാജ്യത്ത് സെര്‍വറുകളും ഡേറ്റാ ശേഖരണ സംവിധാനങ്ങളും തുടങ്ങേണ്ട അവസ്ഥയിലാണ് വിപിഎന്‍ കമ്പനികള്‍. അഞ്ചു വര്‍ഷത്തേക്ക് ഡേറ്റ സംഭരിച്ചുവയ്ക്കണമെങ്കില്‍ ചെലവു വരും. മിക്ക വിപിഎന്‍ സേവനദാതാക്കളും ഇപ്പോൾ ഒരു ഡേറ്റയും ശേഖരിക്കുന്നില്ല. റാം-ഒണ്‍ലി സെര്‍വറുകളാണ് ഇവര്‍ വിപിഎന്‍ സേവനത്തിനായി ഉപയോഗിക്കുന്നത്. യൂസര്‍ ഡേറ്റ ഹ്രസ്വ കാലത്തേക്കു മാത്രമായിരിക്കും സെര്‍വറുകളില്‍ ഉണ്ടായിരിക്കുക. പുതിയ ഉത്തരവു പാലിച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവാണ് ശിക്ഷ. പല വിപിഎന്‍ കമ്പനികളും ഒരു വിവരവും ശേഖരിക്കാതെ എങ്ങനെ പ്രവര്‍ത്തിക്കാം എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. ലോഗ്-ലെസ് ടെക്‌നോളജി ഉപയോഗിക്കുന്ന ഇത്തരം സേവനദാതാക്കള്‍ക്ക് പുതിയ ഉത്തരവ് പാലിക്കല്‍ എളുപ്പമായിരിക്കില്ല എന്ന് ട്രാക്.ഇന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ വിപിഎന്‍ എന്നാല്‍ എന്ത്? എന്തിന്?

വെര്‍ച്വല്‍ പ്രോട്ടോക്കോള്‍ നെറ്റ്‌വര്‍ക്ക് (വിപിഎന്‍) ഉപയോക്താക്കള്‍ക്ക് ഒരു അധിക സുരക്ഷാപാളി സമ്മാനിക്കുന്നു. ഉപയോക്താക്കളെക്കുറിച്ച് അറിയാന്‍ വെബ്‌സൈറ്റുകളും മറ്റും ഉപയോഗിക്കുന്ന ട്രാക്കറുകളെ കബളിപ്പിക്കാനാണ് മിക്കവരും വിപിഎന്‍ ഉപയോഗിക്കുന്നത്. ഒരാള്‍ ഏതു പ്രദേശത്തു നിന്നാണെന്നത് അടക്കമുള്ള വിവരങ്ങള്‍ ട്രാക്ക് ചെയ്യാന്‍ പല വെബ്‌സൈറ്റുകള്‍ക്കും സാധ്യമാണ്. പല വലിയ കമ്പനികളും ജോലിക്കാര്‍ വീട്ടിലിരുന്നു ജോലി ചെയ്തിരുന്നപ്പോള്‍ വിപിഎന്‍ നല്‍കിയിരുന്നു. തങ്ങളുടെ സിസ്റ്റങ്ങളിലേക്ക് നുഴഞ്ഞുകയറാതിരിക്കാനുള്ള ഒരു സംവിധാനമായാണ് ആ സമയത്ത് കമ്പനികള്‍ വിപിഎന്‍ പ്രയോജനപ്പെടുത്തിയത്. എന്നാല്‍, വിപിഎന്‍ പലരും ദുരുപയോഗം ചെയ്യുന്നുണ്ടാകാമെന്ന വാദമാണ് സർക്കാർ ഉയര്‍ത്തുന്നത്. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങൾക്കും മറ്റും ഇത് ഉപയോഗിക്കുന്നുണ്ടാകാം എന്നാണ് സർക്കാർ കരുതുന്നത്.

∙ ഉത്തരവ് നടപ്പില്‍വരുന്നത് എന്ന്?

ഉത്തരവു പുറപ്പെടുവിച്ച് 60 ദിവസത്തിനുള്ളില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. അതായത് ജൂലൈ 27 മുതല്‍ ഇത് ബാധകമായിരിക്കും.

∙ സർക്കാരിനു നല്‍കേണ്ട ഡേറ്റ

ഉപയോക്താക്കളുടെ ഇന്റര്‍നെറ്റിലെ പ്രവർത്തനങ്ങളെക്കുറിച്ച് 20 കാര്യങ്ങള്‍ വിപിഎന്‍ കമ്പനികള്‍ സർക്കാരിന് സമര്‍പ്പിക്കണം. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത്, ഐടി സംവിധാനങ്ങളിലേക്ക് കടന്നുകയറുന്നത്, സെര്‍വറുകളെ ആക്രമിക്കുന്നത് തുടങ്ങിയവയാണ് ഇത്. പ്രത്യക്ഷത്തില്‍ സാധാരണ ബ്രൗസിങ് ഡേറ്റ സർക്കാരിനു വേണ്ട. എന്നാല്‍, വിപിഎന്‍ കമ്പനികള്‍ ഒരാളുടെ ബ്രൗസിങ്ങും ഡൗണ്‍ലോഡും എല്ലാം നോക്കിയിരിക്കുകയും അത് അഞ്ചു വര്‍ഷത്തിലേറെ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുമെന്നതിനാല്‍ വിപിഎന്‍ ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും ഗുണം കിട്ടാന്‍ സാധ്യതയില്ല.

∙ സർക്കാരിന് ഉപയോക്താവിനെക്കുറിച്ച് അറിയേണ്ടത് എന്തെല്ലാം?

ഫോസ്‌ബൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം വിപിഎന്‍ സേവനദാതാക്കള്‍ തങ്ങളുടെ കസ്റ്റമര്‍മാരുടെ പേരുകള്‍, അഡ്രസ്, ഇമെയില്‍ അഡ്രസ്, കോണ്ടാക്ട് നമ്പര്‍, എന്തിനുവേണ്ടി വിപിഎന്‍ ഉപയോഗിക്കുന്നു എന്ന വിവരം, തീയതി അടക്കം ഏതു സമയത്താണ് ഒരാള്‍ വിപിഎന്‍ ഉപയോഗിച്ചതെന്ന വിവരം, ശരിക്കുള്ള ഐപി അഡ്രസ് തുടങ്ങി പല കാര്യങ്ങളും സർക്കാരിനു നല്‍കണം. ഒരാള്‍ വിപിഎന്‍ സേവനം വേണ്ടെന്നുവച്ചാലും അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിക്കണമെന്നും ഉത്തരവിലുണ്ട്.

∙ കര്‍ക്കശ നിയമം

പാശ്ചാത്യ രാജ്യങ്ങളില്‍ വിപിഎന്‍ ഉപയോഗം നിയമവിധേയമാണ്. ചൈന പോലെയുള്ള രാജ്യങ്ങള്‍ വിപിഎന്‍ ആപ്പുകള്‍ ഇടരുതെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ആപ് സ്റ്റോറുകളില്‍ ആപ്പുകള്‍ എത്താതിരിക്കാന്‍ മാത്രമാണ് ചൈന ശ്രമിക്കുന്നത്. എങ്കിലും പല വിപിഎന്‍ ഉപയോക്താക്കളും അവിടെയുണ്ട്. വിപിഎന്‍ കര്‍ശനമായി നിരോധിച്ചിട്ടില്ലെന്നു മാത്രമല്ല, വിപിഎന്‍ കമ്പനിളോട് ഡേറ്റ ശേഖരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല. ഇന്ത്യയിലും പുതിയ നിയമത്തിനെതിരെ ആരെങ്കിലും കോടതിയെ സമീപിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

∙ ജാക് മാ ആണോ എന്നു സംശയം, ആലിബാബയുടെ ഓഹരികള്‍ 26 ബില്യന്‍ തകര്‍ന്നു

ആലിബാബ സ്ഥാപകന്‍ ജാക്ക് മായെക്കുറിച്ചാണോ ഒരു റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് എന്ന സന്ദേഹത്താല്‍ കമ്പനിയുടെ ഓഹരികള്‍ ഹോങ്കോങ് വിപണിയില്‍ തകര്‍ന്നു. ആലിബാബയുടെ ഓഹരി 9.4 ശതമാനം, അല്ലെങ്കില്‍ 26 ബില്യന്‍ ഡോളര്‍ ആണ് ഇടിഞ്ഞത്. ചൈനയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍ 'സിസിടിവി'യുടെ റിപ്പോര്‍ട്ടില്‍ ഏതോ ഒരു 'മാ'യെപ്പറ്റി വന്ന റിപ്പോര്‍ട്ടാണ് ഓഹരികളുടെ മൂല്യം ഇടിയാന്‍ ഇടവരുത്തിയത്. എന്നാല്‍ പരമാര്‍ശം ജാക് മായെക്കുറിച്ചല്ല എന്നു വ്യക്തമായതോടെ ഓഹരി വില ഉയര്‍ന്നു എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ ഇന്ത്യയില്‍ ആദായ വില്‍പന തുടരുന്നു

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളായ ഫ്ളിപ്കാര്‍ട്ടിലും ആമസോണിലും അടക്കം ആദായ വില്‍പന തുടരുന്നു. സാംസങ്, എല്‍ജി തുടങ്ങിയ പല കമ്പനികളും തങ്ങളുടെ വെബ്‌സൈറ്റുകള്‍ വഴിയും ഉല്‍പന്നങ്ങള്‍ വില കുറച്ചു വില്‍ക്കുന്നു.

amazon-flipkart

∙ 2026 ല്‍ 5ജി വോയിസ് സേവനങ്ങള്‍ 250 കോടി പേര്‍ ഉപയോഗിക്കുമെന്ന്

ആഗോള തലത്തില്‍ 250 കോടി പേര്‍ 5ജി വോയിസ് സേവനങ്ങള്‍ 2026 ആകുമ്പോഴേക്ക് ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോഴത്തെതില്‍ നിന്ന് 780 ശതമാനം വളര്‍ച്ചയാണ് ജുനിപര്‍ റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

∙ ടിക്‌ടോക്കിന്റെ ഫീച്ചറുകളിലൊന്ന് ഉള്‍പ്പെടുത്താന്‍ ഇന്‍സ്റ്റഗ്രാം

ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള സേവനങ്ങളിലൊന്നായ ടിക്‌ടോക്കിന്റെ ഫീച്ചറുകളിലൊന്ന് ഇന്‍സ്റ്റഗ്രാമിലേക്കും എത്തുമെന്ന് കമ്പനി മേധാവി ആഡം മൊസെറി. ഇന്‍സ്റ്റഗ്രാമിലെ ഫീഡില്‍ മുഴുവന്‍ സ്‌ക്രീനിലും കാണാവുന്ന വെര്‍ട്ടിക്കല്‍ വിഡിയോ ആയിരിക്കും താമസിയാതെ ലഭിക്കുക. ഇത് കൂടുതല്‍ മികവാര്‍ന്ന അനുഭവം നല്‍കുമെന്നും ആഡം പറയുന്നു.

∙ 36,990 രൂപയുടെ പ്രീമിയം വാക്വം ക്ലീനറുമായി സാംസങ്

വാക്വം ക്ലീനര്‍ നിര്‍മാണ മേഖലയിലേക്കും കടന്നിരിക്കുകയാണ് കൊറിയന്‍ ഭീമന്‍ സാംസങ്. ഏകദേശം 200w വലിച്ചെടുക്കല്‍ ശേഷി ഉള്ള കോഡ്‌ലെസ് സ്റ്റിക്ക വാക്വം ക്ലീനറിന് സാംസങ് ജെറ്റ് എന്നാണ് പേര്. തുടക്ക വേരിയന്റിന് വില 36,990 രൂപ. ഭാരക്കുറവുള്ള ഈ ശ്രേണിയിലെ ഏറ്റവും മികച്ച മോഡലിന്റെ വില 52,990 രൂപയാണ്.

∙ പുതിയ ശ്രേണി പ്രീമിയം ലാപ്‌ടോപ്പുകളുമായി ഫുജിറ്റ്‌സു

ജാപ്പനീസ് പഴ്‌സനല്‍ കംപ്യൂട്ടര്‍ നിര്‍മാതാവായ ഫുജിറ്റ്‌സു പുതിയ പ്രീമിയം ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇഗ്‌സോ (IGZO) ഡിസ്‌പ്ലേ ഉള്ള തുടക്ക വേരിയന്റിന് 69,990 രൂപയാണ് വില. എന്നാല്‍, ഓലെഡ് പാനലാണ് വേണ്ടതെങ്കില്‍ വില 73,990 രൂപയാകും. രണ്ടുവര്‍ഷത്തെ വാറന്റിയാണ് കമ്പനി നല്‍കുന്നത്. സ്‌ക്രീന്‍ വലുപ്പം 13.3-ഇഞ്ചാണ്. ഇന്റല്‍ കോര്‍ ഐ5 പ്രോസസറുകളില്‍ പ്രവര്‍ത്തിക്കുന്നു. 16 ജിബിയാണ് റാം.

English Summary: VPN services in India to store user-data for 5 years: All you need to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com