ADVERTISEMENT

ഇക്കാലത്ത് മികച്ച സ്മാര്‍ട് ഫോണ്‍ വാങ്ങുന്നവര്‍ പോലും അവയ്ക്കുണ്ടെന്നു തോന്നുന്ന നിസ്സാരമായ പോരായ്മകള്‍ പെരുപ്പിച്ചെടുത്ത് അസംതൃപ്തരാകുന്നതു കാണാം. ‘ബാക്കിയൊക്കെ നന്നായി, ആ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ കൂടി അല്‍പം മെച്ചമായിരുന്നെങ്കില്‍.’, ‘സെല്‍ഫി ക്യാമറയുടെ ഫോട്ടോയ്ക്ക് കുറച്ചു കൂടി മികവുണ്ടായിരുന്നെങ്കില്‍’ എന്നൊക്കെ പറഞ്ഞ് വിഷമിക്കുന്നവരാണ് പലരും. പലപ്പോഴും മാസങ്ങള്‍ എടുത്ത് പഠിച്ചൊക്കെയാണ് ഇവര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട ഫോണിന് പണം മുടക്കുന്നത്. അതും പാളിപ്പോയി എന്ന തോന്നല്‍ വന്നാലോ?

∙ പ്രധാന ആവശ്യങ്ങള്‍ തീരുമാനിക്കുക

ഫോണ്‍ വിളിക്കുകയും വാട്‌സാപ് പരിശോധിക്കുകയും കുറച്ചു ബ്രൗസ് ചെയ്യുകയും വല്ലപ്പോഴും ഒന്നോ രണ്ടോ ഫോട്ടോയോ വിഡിയോയോ പകര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് അതിന് അനുസരിച്ചുള്ള ഫോണ്‍ മതിയായിരിക്കും. അതേസമയം, ഒരു യൂട്യൂബ് ചാനല്‍ നടത്താനോ വ്ലോഗിങ് തുടങ്ങാനോ ഉദ്ദേശിക്കുന്നവര്‍ക്ക് അതു മതിയാകുകയുമില്ല. ധാരാളം ഗെയിം കളിക്കുന്നവര്‍ക്ക് 120 ഹെട്‌സ് റിഫ്രഷ് റേറ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഗുണം ചെയ്യും. അതേസമയം, ഗെയിം കളിക്കാന്‍ ആഗ്രഹമേയില്ലാത്ത മുതിര്‍ന്ന ഒരാള്‍ക്ക് ഈ ഫീച്ചറുള്ള ഫോണ്‍ വാങ്ങേണ്ട കാര്യമില്ല. ഒരു പക്ഷേ, കൂടുതല്‍ സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് (നിറ്റ്‌സ്) കൂടുതലുള്ള ഫോണ്‍ അവര്‍ക്ക് ഗുണകരമാകാനും വഴിയുണ്ട്.

ഫോണ്‍ വാങ്ങുന്നതിനു മുൻപ് അവരവര്‍ക്കു വേണ്ട പ്രധാനപ്പെട്ട ഫീച്ചറുകള്‍ എന്തൊക്കെയാണെന്നു തീരുമാനിക്കുകയാണ് ആദ്യം വേണ്ടത്. ഇതെല്ലാം എഴുതിവച്ച ശേഷം അനുയോജ്യമായ ഫോണ്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് നിരാശ ഒഴിവാക്കാന്‍ ഒരു പരിധിവരെയെങ്കിലും ഇടയാക്കിയേക്കും. അധിക ഫീച്ചറുകളുള്ള ഫോണ്‍ നിങ്ങള്‍ക്ക് ഉപകാരപ്രദമാണോ എന്നു സ്വയം ചോദിച്ചശേഷം മാത്രം പണം മുടക്കുക. അതേസമയം, വീമ്പിളക്കല്‍ ലക്ഷ്യക്കാര്‍ക്ക് മുന്തിയ ഹാന്‍ഡ്‌സെറ്റ് തന്നെ വേണ്ടിവരും താനും. എന്നാല്‍, വാട്‌സാപ് സപ്പോര്‍ട്ടു ചെയ്യുന്ന, യൂട്യൂബ് കാണാന്‍ അല്‍പം വലിയ സ്‌ക്രീനുള്ള ഒരു ഫോണാണ് തനിക്കു വേണ്ടതെന്നു തീരുമാനിച്ചു കഴിഞ്ഞാല്‍ അതിന് അനുസരിച്ചുള്ള ഹാന്‍ഡ്‌സെറ്റ് സ്വന്തമാക്കാം. അധ്വാനിച്ചുണ്ടാക്കുന്ന പണം ഫോണ്‍ വാങ്ങാൻ അനാവശ്യമായി ചെലവിടാതിരിക്കാം.

∙ ആന്‍ഡ്രോയിഡ് ഫോണോ ഐഫോണോ?

ധാരാളം പണമുള്ളവര്‍ക്ക് ഇഷ്ടമുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള പുതിയ ഫോണ്‍ തന്നെ സ്വന്തമാക്കാം. അതേസമയം, ക്വിക് ചാര്‍ജിങ്, നല്ല സ്‌ക്രീന്‍ തുടങ്ങി താരതമ്യേന മികച്ച ഫീച്ചറുകളും സ്റ്റോറേജ് ശേഷിയുമൊക്കെ വേണമെന്നും ഒരുപാടു പണം മുടക്കാനില്ലെന്നും തോന്നുന്നവര്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ തന്നെ വാങ്ങുക. എന്നാല്‍, സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന ആളാണെങ്കില്‍ നിശ്ചയമായും ഐഫോണ്‍ പരിഗണിക്കുന്നത് നല്ലതായിരിക്കും.

∙ ഫോണ്‍ എത്രകാലം ഉപയോഗിക്കാം ?

പരിഗണിക്കേണ്ട മറ്റൊരു സുപ്രധാന മേഖല ഇതാണ്. നന്നായി പ്രവര്‍ത്തിക്കുന്ന ഫോണ്‍ കയ്യിലുണ്ടെങ്കില്‍ പുതിയതു വാങ്ങാന്‍ ശ്രമിക്കാതിരിക്കുന്നത് നന്നായിരിക്കും. ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഭൂമിക്ക് കടുത്ത ആഘാതമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്ന കാര്യം മറക്കാതിരിക്കുക. ചെറിയൊരു അധിക ഫീച്ചര്‍ ആസ്വദിക്കാനായി ആ മാലിന്യക്കൂമ്പാരത്തിലേക്ക് നാമും സംഭാവന ചെയ്യുമ്പോള്‍, ഭാവി തലമുറയ്ക്ക് വൃത്തിയുള്ള ഭൂമി കൈമാറണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അത് വേദനയായിരിക്കും നൽകുക. അപ്പോൾ, കൂടുതല്‍ കാലം ഈടു നില്‍ക്കുന്ന ഫോണുകള്‍ വാങ്ങുന്നത് പരിഗണിക്കാം.

നിര്‍മാണ മികവ് തരക്കേടില്ലെങ്കിലും പല ചൈനീസ് ഫോണ്‍ നിര്‍മാതാക്കളും ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ്. പുതിയ വേര്‍ഷനുകള്‍ വരുമ്പോള്‍ പഴയ മോഡലുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റം വരുത്തി നല്‍കുകാൻ മിക്ക ചൈനീസ് ഫോണ്‍ നിര്‍മാതാക്കളും തയാറാകുന്നില്ലെന്നുള്ളത് വലിയൊരു പ്രശ്‌നം തന്നെയാണ്. അതേസമയം, തങ്ങളുടെ മിക്ക ഫോണുകള്‍ക്കും നാലുവര്‍ഷം വരെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കുമെന്ന് സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിളിന്റെയത്ര ഇല്ലെങ്കിലും ഇക്കാര്യത്തില്‍ ഗൂഗിള്‍ പിക്‌സല്‍ ഫോണുകളും മോശമല്ല.

∙ മുടക്കുന്ന പണവും ഫോണിന്റെ പ്രകടനവും തമ്മില്‍ ബന്ധമുണ്ടോ?

വില കൂടിയ ഫോൺ വാങ്ങിയാല്‍ തലവേദന ഒഴിവായി എന്ന തോന്നലുള്ള ആളുകള്‍ ഉണ്ട്. ഇത് എപ്പോഴും ശരിയായിരിക്കണം എന്നില്ല. വില കൂടിയ ഫോണുകള്‍ക്കും പ്രശ്‌നങ്ങള്‍ വരാം. വന്നാല്‍ നന്നാക്കാനും ചെലവു കൂടും.

∙ ഷഓമിയുടെ ആരോപണം അസംബന്ധമെന്ന് ഇഡി

ഭീഷണിപ്പെടുത്തിയും ശാരീരികമായി ആക്രമിക്കുമെന്നു പറഞ്ഞുമാണ് മൊഴി രേഖപ്പെടുത്തിയതെന്ന ഷഓമി ഇന്ത്യ ഉദ്യോഗസ്ഥരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഏപ്രില്‍ 29ന് ഷഓമി ഇന്ത്യയുടെ 5,551 കോടി രൂപ ഇഡി പിടിച്ചെടുത്തിരുന്നു. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരമാണ് ചൈനീസ് കമ്പനിയായ ഷഓമിയുടെ ഇന്ത്യന്‍ വിഭാഗത്തില്‍നിന്ന് ഇഡി പണം പിടിച്ചെടുത്തത്. തങ്ങളുടേത് ഒരു പ്രഫഷനല്‍ ഏജന്‍സിയാണെന്നും ചെയ്യുന്ന ജോലിയില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് ഊന്നല്‍കൊടുക്കുന്ന ടീമാണെന്നും ഷഓമിയുടെ പരാതിയിലുള്ളത് കാര്യാനന്തര ചിന്തയാണെന്നും ഇഡി പ്രതികരിച്ചു.

∙ നിയര്‍ബൈ ഫ്രണ്ട്‌സ് അടക്കമുള്ള ഫീച്ചറുകള്‍ ഫെയ്‌സ്ബുക് നിർത്തലാക്കുന്നു

അടുത്ത മാസം മുതല്‍ നിയര്‍ബൈ ഫ്രണ്ട്‌സ്, കാലാവസ്ഥാ മുന്നറിയിപ്പുകള്‍, ലൊക്കേഷന്‍ ഹിസ്റ്ററി, മറ്റു ലൊക്കേഷന്‍ കേന്ദ്രീകൃത സേവനങ്ങള്‍ തുടങ്ങിയവ നിർത്തുകയാണെന്ന് ഫെയ്‌സ്ബുക് ഉപയോക്താക്കളെ അറിയിച്ചു തുടങ്ങി. ഇതിന്റെ കാരണം കമ്പനി പറഞ്ഞിട്ടില്ല. ഉപയോക്താക്കളുടെ ഡേറ്റാ ശേഖരിക്കുന്നത് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം ഇതെന്നാണ് കരുതുന്നത്. യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാകാം ഇത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇയു രാജ്യങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് എന്നുവരെ മെറ്റ പറഞ്ഞിരുന്നു. ഏപ്രിലില്‍ തങ്ങളുടെ പുതിയ ഡിജിറ്റല്‍ സര്‍വീസസ് ആക്ടിന് ഇയു അന്തിമരൂപം നല്‍കിക്കഴിഞ്ഞു. ഇതാകട്ടെ, ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികള്‍ക്ക് തങ്ങള്‍ വര്‍ഷങ്ങളായി കൊണ്ടുനടന്നിരുന്ന പല ശീലങ്ങളും മാറ്റേണ്ട അവസ്ഥയിലേക്ക് എത്തിക്കുമെന്നും പറയുന്നു. പ്രധാനമായും ഉപയോക്താക്കളെക്കുറിച്ചുള്ള ഡേറ്റാ ശേഖരണത്തിന്റെ കാര്യത്തിലായിരിക്കും പുതിയ നിയമങ്ങള്‍ കമ്പനികള്‍ക്ക് കുരുക്കാകുക.

∙ ട്വിറ്റര്‍ നിരോധനത്തിനെതിരെ ട്രംപ് നല്‍കിയ കേസ് തള്ളി

സമൂഹ മാധ്യമമായ ട്വിറ്റര്‍ തന്നെ പുറത്താക്കിയതിനെതിരെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയിരുന്ന കേസ് കോടതി തള്ളി. സാന്‍ ഫ്രാന്‍സിസ്‌കോ ഫെഡറല്‍ ഡിസ്ട്രിക്ട് കോടതി ജഡ്ജി ജയിംസ് ഡൊണാറ്റോ ആണ് കേസു തള്ളിയതെന്ന് എന്‍ഗ്യാജറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് ആണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ എന്നന്നേക്കുമായി മരവിപ്പിച്ചത്. ഇതിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. അതേസമയം, ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കുന്നതോടെ ട്രംപ് അടക്കമുള്ളവരെ ട്വിറ്ററില്‍ തിരിച്ചെത്തിക്കണമെന്ന ആവശ്യം ഉയരുന്നുമുണ്ട്. എന്നാല്‍, താന്‍ ട്വിറ്റിറില്‍ തിരിച്ചു വരുന്നില്ലെന്നും തന്റെ സ്വന്തം സമൂഹ മാധ്യമമായ ട്രൂത് സോഷ്യലില്‍ തുടരുമെന്നുമാണ് അവസാനമായി അദ്ദേഹം പറഞ്ഞത്.

English Summary: Buying guide for smartphones: What to consider, how much to pay, and more

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com