പിച്ചൈ കാണിച്ചത് ഞെട്ടിക്കും ടെക്നോളജികൾ; ഗൂഗിള്‍ പിക്‌സല്‍ 6 എയിൽ വരുന്നത് അതിഗംഭീര മാറ്റങ്ങള്‍

pixel-6a-pichai
SHARE

ടെക്‌നോളജി ഭീമന്‍ ഗൂഗിളിന്റെ വാർഷിക ഡവലപ്പർ കോൺഫറൻസ് ഐ/ഒ തുടങ്ങി. സ്മാര്‍ട് ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങി വിവിധ മേഖലകളില്‍ താമസിയാതെ എത്താന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വ്യക്തമായ സൂചന നല്‍കി ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ മേഖലകളില്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുകയാണ് കമ്പനി. ഐഫോണ്‍ എസ്ഇ 2022ന് വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന സ്മാര്‍ട് ഫോണ്‍ ഗൂഗിള്‍ പിക്‌സല്‍ 6എ അനാവരണം ചെയ്തു. കമ്പനി മേധാവി സുന്ദർ പിച്ചൈ അവതരിപ്പിച്ച പുതിയ സാങ്കേതിക സംവിധാനങ്ങളെല്ലാം ടെക് ലോകത്തെ മാറ്റിമറിക്കുന്നതാണ്.

∙ പിക്‌സല്‍ 6എ

ഗൗരവത്തിലെടുക്കേണ്ട സ്മാര്‍ട് ഫോണ്‍ നിര്‍മാതാവാകുകയാണ് ഗൂഗിൾ എന്നതിന്റെ തെളിവാണ് ഈ വര്‍ഷം പുറത്തിറക്കിയ പിക്‌സല്‍ 6 ശ്രേണി. ആ ശ്രേണിയിലെ വില കുറഞ്ഞ മോഡലാണ് 6 എ. പ്രീമിയം ഫോണിന്റെ അതേ പ്രോസസര്‍ ഉപയോഗിക്കുക തുടങ്ങി ഐഫോണ്‍ എസ്ഇ സീരീസില്‍ ആപ്പിള്‍ സ്വീകരിച്ചിരിക്കുന്ന രീതികള്‍ പിക്‌സല്‍ 6എയിലും കാണാം. ഐഫോണ്‍ എസ്ഇയെ പോലെയല്ലാതെ ഓലെഡ് സ്‌ക്രീന്‍ അടക്കമുള്ള പല മികച്ച ഫീച്ചറുകളും ഉള്‍ക്കൊള്ളിക്കാനും ഗൂഗിള്‍ മറന്നട്ടില്ല. മനോഹരമായി നിര്‍മിച്ച ഫോണില്‍ ഇന്‍-സ്‌ക്രീന്‍ ഒപ്ടിക്കല്‍ ഫിംഗര്‍പ്രിന്റ് റീഡറും ഉണ്ട്.

ഗൂഗിളിന്റെ കരുത്തന്‍ ടെന്‍സര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോസസറുമായാണ് പിക്‌സല്‍ 6 എ എത്തുന്നത്. ഈ വിലയ്ക്ക് ടെന്‍സര്‍ പ്രോസസര്‍ ഉള്‍ക്കൊള്ളുന്ന ഫോണ്‍ നല്‍കാന്‍ സാധിക്കുക എന്നത് ഗൗരവത്തിലെടുക്കേണ്ട കാര്യമാണെന്ന് ഗൂഗിള്‍ പറയുന്നു. 6.1-ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള ഫോണിന് 60 ഹെട്‌സ് റിഫ്രഷ് റേറ്റുള്ള ഓലെഡ് ഡിസ്‌പ്ലേയും 2400x1080 പിക്‌സല്‍ റെസലൂഷനുമാണ് ഉള്ളത്. കൂടാതെ, 6 ജിബി റാം, 128 ജിബി സ്റ്റോറേജ് ശേഷി, 4,306 എംഎഎച് ബാറ്ററി എന്നിവയുമുണ്ട്. അടുത്ത ഫ്‌ളാഗ്ഷിപ് ഫോണായ പിക്‌സല്‍ 7, 7 പ്രോ, ആൻഡ്രോയിഡ് 13, പിക്‌സല്‍ വാച്ച്, പിക്‌സല്‍ ബഡ്‌സ് പ്രോ വയര്‍ലെസ് ഇയര്‍ഫോണ്‍, പിക്‌സല്‍ ടാബ്, എആര്‍ ഗ്ലാസ് തുടങ്ങിയവയും കോൺഫറൻസിൽ പരിചയപ്പെടുത്തി.

∙ ക്യാമറാ സിസ്റ്റം

പിക്‌സല്‍ 6 പ്രോ സീരീസിനെ എടുത്തു കാണിക്കുന്ന ക്യാമറാ ബാര്‍ പിക്‌സല്‍ 6 എയിലും കാണാം. (ഈ ബാര്‍ ഫോണ്‍ മേശയുടെയോ മറ്റോ പ്രതലത്തില്‍ വച്ച് എന്തെങ്കിലും ചെയ്താല്‍ അതിനെ ചലന രഹിതമായി നിർത്താൻ സഹായിക്കുമെന്നും പറയുന്നു.) ക്യാമറാ ബാറില്‍ രണ്ടു ക്യാമറകളാണ് ഉള്ളത്. പ്രധാന ക്യാമറ 12 എംപി റെസലൂഷനുള്ള സോണിയുടെ ഐഎംഎക്‌സ്363 സെന്‍സര്‍ ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്നു. പിക്‌സല്‍ 2 മുതലുള്ള ഫോണുകളില്‍ ഗൂഗില്‍ ഉപയോഗിക്കുന്നത് ഈ സെന്‍സറാണെന്ന് ആര്‍സ്‌ടെക്‌നിക് റിപ്പോര്‍ട്ടു ചെയ്യുന്നു. പിക്‌സല്‍ 6 ഫോണില്‍ കണ്ട ക്യാമറയല്ല ഇതെന്നത് അല്‍പം നിരാശയ്ക്കു വകനല്‍കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

∙ എടുത്തു പറയാനുള്ള വ്യത്യാസം ഇല്ല

അതേസമയം, ഇരു ഫോണുകളിലും എടുത്ത ചിത്രങ്ങള്‍ തമ്മില്‍ പറഞ്ഞറിയിക്കാനുള്ള വ്യത്യാസം കണ്ടില്ലെന്നും അവര്‍ പറയുന്നു. ഒപ്പമുള്ള അള്‍ട്രാവൈഡ് ക്യാമറയ്ക്ക് സോണിയുടെ ഐഎംഎക്‌സ്368 സെന്‍സര്‍ ഉപയോഗിച്ചിരിക്കുന്നു. സെല്‍ഫിക്കായി 8 എംപി പഞ്ച്-ഹോള്‍ ക്യാമറയും ഉണ്ട്. ഗൂഗിളിന്റെ ഏറ്റവും പുതിയ ക്യാമറാ ടെക്‌നോളജി തന്നെ വേണമെങ്കില്‍ പിക്‌സല്‍ 6, 6 പ്രോ മോഡലുകള്‍ തന്നെ വാങ്ങേണ്ടി വരും. പക്ഷേ, 6എ മോഡലും നിരാശപ്പെടുത്തില്ല. റിയല്‍ ടോണ്‍, നൈറ്റ് സൈറ്റ് ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ സാധാരണ ഫോണുകളെ അപേക്ഷിച്ച് ഫോട്ടോയില്‍ മികവു പുലര്‍ത്തുമെന്നതില്‍ സംശയം വേണ്ടെന്നും റിപ്പോർട്ട് പറയുന്നു.

∙ മറ്റു മികവുകള്‍

സുരക്ഷയ്ക്കായി ഗൂഗിളിന്റെ സ്വന്തം ടൈറ്റന്‍ എം2 ചിപ്പും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശക്തി പകരുന്ന ഫോട്ടോ ഫീച്ചറുകളും ഉണ്ട്. അതായത്, മാജിക് ഇറെയ്‌സര്‍ തുടങ്ങിയവ. ഫോണിന് അഞ്ചു വര്‍ഷത്തേക്ക് ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് നല്‍കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. ലൈവ് ട്രാന്‍സ്‌ലേറ്റ് തുടങ്ങിയ സോഫ്റ്റ്‌വെയര്‍ ഫീച്ചറുകളും ലഭിക്കും. ചുരുക്കിപ്പറഞ്ഞാല്‍ കെട്ടിലും മട്ടിലും മികച്ച മധ്യനിര ഫോണാണിത്.

∙ ഐഫോണ്‍ എസ്ഇ 2022നെക്കാള്‍ മികച്ചത്?

പ്രത്യക്ഷത്തില്‍ ഐഫോണ്‍ എസ്ഇയെക്കാള്‍ മികച്ച ഫോണാണിതെന്ന് സമ്മതിക്കേണ്ടിവരും. ഗൂഗിളിന്റെ കുപ്രസിദ്ധമായ ട്രാക്കിങ് കാര്യമാക്കാത്തവര്‍ക്ക് എസ്ഇ മോഡലിനെക്കാള്‍ മികച്ച ഫോണായിരിക്കും. അതേസമയം, പുതിയ പിക്‌സല്‍ 6എ ആപ്പിളിനു വെല്ലുവിളിയാകുമോ എന്ന് അടുത്ത എസ്ഇ മോഡല്‍ ഇറങ്ങുമ്പോള്‍ അറിയാം. പഴഞ്ചന്‍ രൂപകല്‍പനാ രീതിയും എല്‍സിഡി സ്‌ക്രീനും ഇനിയെങ്കിലും എസ്ഇ ഫോണുകളില്‍ വരാതിരിക്കുമോ എന്ന് അടുത്ത വര്‍ഷങ്ങളില്‍ അറിയാം. മറ്റൊരു കാര്യം, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രീമിയം മോഡല്‍ ഫോണുകള്‍ ഇന്ത്യയില്‍ ഗൂഗിള്‍ വില്‍ക്കുന്നില്ല എന്നുള്ളതാണ്. പിക്‌സല്‍ 6എ വില്‍പനയ്ക്ക് എത്തുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. പിക്‌സല്‍ 6എയ്ക്ക് വില 450 ഡോളറാണ്.

∙ പിക്‌സല്‍ 7, 7 പ്രോ

വരും മാസങ്ങളില്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്ന പ്രീമിയം ഫോണുകളായ പിക്‌സല്‍ 7, 7 പ്രോ എന്നിവ എങ്ങനെയിരിക്കും എന്നു കാണിക്കാനും കമ്പനി മറന്നില്ല. പിക്‌സല്‍ വാച്ചിനൊപ്പം ഇവയും എത്തിയേക്കും. ആന്‍ഡ്രോയിഡ് 13 പുതിയ ഫോണുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങിയേക്കും.

∙ പിക്‌സല്‍ ബഡ്‌സ് പ്രോ

ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ അടക്കമുള്ള ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന പ്രീമിയം വയര്‍ലെസ് ഇയര്‍ഫോണുകളാണ് ഗൂഗിളിന്റെ പിക്‌സല്‍ ബഡ്‌സ് പ്രോ. കമ്പനി സ്വന്തമായി നിര്‍മിച്ച 6 കോറുള്ള പ്രോസസറാണ് ഇതിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകള്‍, ടിവികള്‍, ലാപ്‌ടോപ്പുകള്‍, ടാബുകള്‍ തുടങ്ങിയവയ്‌ക്കൊപ്പം പ്രവര്‍ത്തിപ്പിക്കാം. സവിശേഷ ഫീച്ചറുകളിലൊന്ന് ‘സൈലന്റ് സീല്‍’ ആണ്. ചെവിയിലേക്ക് ചേർത്തുവയ്ക്കുക വഴി കൂടുതല്‍ നോയിസ് ക്യാന്‍സലേഷന്‍ നല്‍കാനുള്ള കഴിവാണിതെന്നു കരുതുന്നു. ആപ്പിളിന്റെ എയര്‍പോഡ്‌സ് പ്രോയില്‍ ഉള്ള സ്‌പെഷല്‍ ഓഡിയോ ഫീച്ചറും ഉണ്ട്. ബഡ്‌സിലെ ഗൂഗിള്‍ അസിസ്റ്റന്റിന് 40 ഭാഷകള്‍ തര്‍ജമ ചെയ്തു നല്‍കാനുള്ള ശേഷിയും ഉണ്ട്. പിക്‌സല്‍ ബഡ്‌സ് പ്രോയ്ക്ക് 199 ഡോളറായിരിക്കും വില.

∙ പിക്‌സല്‍ വാച്ച്

ഏറെക്കാലമായി പറഞ്ഞു കേട്ടിരുന്ന പിക്‌സല്‍ വാച്ച് യാഥാര്‍ഥ്യമാകുന്നു. അത്തരത്തിലൊന്ന് ഉണ്ടാക്കി വരുന്നുവെന്ന കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ് ഗൂഗിള്‍. എല്‍ടിഇ ഓപ്ഷന്‍ ഉള്ള വാച്ചും പുറത്തിറക്കും.

∙ പിക്‌സല്‍ ടാബ്

വിലകൂടിയ ടാബ്‌ലറ്റ് കംപ്യൂട്ടറുകളും ഗൂഗിള്‍ പുറത്തിറക്കും. പിക്‌സല്‍ ഫോണുകളുമായി ഇവ സഹകരിച്ചു പ്രവര്‍ത്തിക്കും.

∙ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിലേക്ക് 24 ഭാഷകള്‍ കൂടി

ട്രാന്‍സ്‌ലേറ്റ് ഫീച്ചര്‍ കൂടുതല്‍ വികസിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് നേരിട്ടു സംവാദിക്കാനുള്ള ഭാഷയുടെ മതില്‍ക്കെട്ടുകള്‍ തകര്‍ക്കാനുള്ള ശ്രമമാണിത്. (തുടക്കത്തില്‍ നിരവധി തെറ്റുകള്‍ പ്രതീക്ഷിക്കാം.) പുതിയതായി 24 ഭാഷകള്‍ കൂടി സപ്പോര്‍ട്ട് ചെയ്യുന്നതോടെ ഇപ്പോള്‍ മൊത്തം 133 ഭാഷകളില്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് പ്രവര്‍ത്തിക്കുന്നു. അസമീസ്, സംസ്‌കൃതം എന്നിവയും പുതിയ ഭാഷകളുടെ ലിസ്റ്റിലുണ്ട്.

∙ ആന്‍ഡ്രോയിഡ് 13

മൊബൈല്‍ ഒഎസ് ആയ ആന്‍ഡ്രോയിഡ് 13 ന്റെ ചല പ്രത്യേകതകള്‍ ഗൂഗിള്‍ പരിചയപ്പെടുത്തി. അപ്‌ഡേറ്റില്‍ പ്രാധാന്യം സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമാണ്. അനവധി കസ്റ്റമൈസേഷന്‍ ഫീച്ചറുകളും വരും. വലിയ സ്‌ക്രീനുള്ള ഉപകരണങ്ങളിലെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കും. യൂട്യൂബ് അടക്കം 20 ഗൂഗിള്‍ ആപ്പുകള്‍ക്ക് അപ്‌ഡേറ്റ് വരും. ഏറ്റവും മികച്ച ഫീച്ചറുകളിലൊന്ന് ഡിവൈസുകളില്‍നിന്നു ഡിവൈസുകളിലേക്ക് പകര്‍ന്ന് ചെയ്തുകൊണ്ടിരിക്കുന്ന ജോലി തുടരാമെന്നതായിരിക്കും. ഉദാഹരണത്തിന് ഫോണില്‍ ബ്രൗസ് ചെയ്തുകൊണ്ടിരിക്കുന്ന ആള്‍ക്ക് അതേ പേജ് ഒരേ സൈന്‍-ഇന്‍ ഉള്ള ടാബില്‍ ലഭിച്ചേക്കും.

∙ മൈ ആഡ് സെന്റര്‍

ഒരാള്‍ക്കു ലഭിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കാനായിരിക്കും ഇത്.

∙ സൈബര്‍ സുരക്ഷയ്ക്ക് പ്രാധാന്യം

ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ സുരക്ഷ നല്‍കാനായി 1000 കോടി ഡോളര്‍ ചെലവിടുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

∙ ലംബാഡാ 2 എഐ ടെസ്റ്റ് കിറ്റ്

എന്ത് സാങ്കല്‍പിക വിഷയത്തെക്കുറിച്ചും സംഭാഷണം നടത്താവുന്ന എഐ ടെസ്റ്റ് കിറ്റ് ഗൂഗിള്‍ അവതരിപ്പിച്ചു. ലംബാഡാ 2 എന്ന് ഇത് അറിയപ്പെടുന്നു. വിവിധ തരം ഡെമോകളും ലഭിക്കും.

∙ ഹായ് ഗൂഗിള്‍ ഇനി ഒഴിവാക്കാം

ഗൂഗിള്‍ അസിസ്റ്റന്റിന് ഇനി മുഖവും ശബ്ദവും നോക്കി മറുപടി നല്‍കാന്‍ സാധിക്കും. ഇതിനായി ഗൂഗിള്‍ അസിസ്റ്റന്റിനെ പ്രത്യേകമായി വിളിച്ചു വരുത്തേണ്ട. പിക്‌സല്‍, നെക്സ്റ്റ് ഉപകരണങ്ങളില്‍ ഇനി ഇത്തരം ഉണര്‍ത്തു വാക്കുകള്‍ ഇല്ലാതെ ലൈറ്റുകള്‍ ഓണാക്കാനും ഓഫാക്കാനുംഒക്കെ പറയാം.

English Summary: Here’s everything you need to know from the Google I/O 2022

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA