ADVERTISEMENT

നിങ്ങൾ മരിക്കുമ്പോൾ കുടുംബത്തെയും ബന്ധുക്കളെയും ബുദ്ധിമുട്ടിക്കരുതെന്ന് ആഗ്രഹമുണ്ടോ ? അതിനും വഴിയുണ്ട്. ഒരു മൊബൈൽ ഉപയോഗിച്ചു തന്നെ സ്വന്തം മരണാനന്തര ചടങ്ങുകൾ പ്ലാൻ ചെയ്യാം. അത്തരം സേവനങ്ങൾ ലഭിക്കുന്ന ന്യൂജൻ ആപ്പുകൾ ഇപ്പോൾ ലഭ്യമാണ്. ജീവിതകാലത്ത് നിങ്ങൾ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ആസ്തിയും എന്തു ചെയ്യണമെന്നതടക്കം എല്ലാത്തിനും വ്യക്തമായ രൂപരേഖയുണ്ടാക്കി വച്ചാൽ അതുപ്രകാരം ഞങ്ങൾ ചെയ്തുകൊള്ളാം എന്നാണ് ഈ ആപ്പുകൾ പറയുന്നത്. മരണത്തെക്കുറിച്ചുള്ള ആശങ്കകൾ, മരിച്ചു കഴിഞ്ഞ് നമ്മുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുമോയെന്ന ഭയം, ഇഷ്ടപ്പെട്ട സ്ഥലത്ത് സംസ്കരിക്കാനുള്ള സജ്ജീകരണം തുടങ്ങി നിരവധി കാര്യങ്ങൾ ആപ്പുകൾ പരിഹരിക്കുമെന്നാണ് അവകാശപ്പെടുന്നത്. വിവാഹ ആഘോഷങ്ങളും മറ്റും നടത്തിയിരുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ മരണവും തുടർന്നുള്ള ചടങ്ങുകളും ഏറ്റെടുത്തിടത്താണ് ഈ ആപ്പുകൾ വികസിപ്പിച്ചവർ സാധ്യതകൾ തിരിച്ചറിഞ്ഞത്.

 

ഡിജിറ്റൽ യുഗത്തിൽ ഫോണിന്റെ പാസ്‌വേഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങി സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ വരെ ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. മരണശേഷം അവ എന്തു ചെയ്യണമെന്നു പലർക്കും ആശങ്കയുണ്ട്. സ്വകാര്യ വിവരങ്ങൾ ചോർന്നു പോകുമോയെന്നു സംശയമുണ്ട്. അവയെല്ലാം ഇല്ലാതാക്കുകയാണ് ‘മരണ ആപ്പുകൾ’. സുഖമായി, ആശങ്കകളില്ലാതെ ജീവിതത്തിന്റെ അവസാന ദിനങ്ങൾ ആഘോഷിക്കാം എന്നാണ് ഈ ആപ്പുകളുടെയെല്ലാം അവകാശവാദം. അവരെ ഏൽപിക്കുന്ന പ്രവൃത്തികൾ കൃത്യമായി നടപ്പാക്കുമെന്നും അവകാശപ്പെടുന്നു.

 

ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതിലൂടെ വ്യക്തിക്കു ചുറ്റുമുള്ളയാളുകളെ അവരുടെ മരണം കൊണ്ട് ബുദ്ധിമുട്ടിക്കുന്നതു കുറയ്ക്കാനാകും എന്നാണ് അവകാശവാദം. മരിച്ചയാൾ വ്യക്തമായ പദ്ധതി തയാറാക്കിയിട്ടുണ്ട്, സംസ്കാരം എവിടെയെന്നു തീരുമാനിച്ച് അതിനു വേണ്ട ചെലവുകൾ മരിച്ച വ്യക്തി തന്നെ മുൻകൂട്ടി വഹിച്ചിട്ടുണ്ട് എന്നറിയുമ്പോൾ ചുറ്റുമുള്ളവർക്ക് ആശ്വാസം ഉണ്ടാകുമെന്നാണ് ആപ് നിർമാതാക്കൾ പറയുന്നത്. എന്നാൽ മരണത്തെ മുന്നിൽ കണ്ടുള്ള ജീവിതം എത്ര സന്തോഷകരമായി ജീവിക്കാൻ കഴിയുമെന്നതിൽ പലരും സംശയവും പ്രകടിപ്പിക്കുന്നുണ്ട്. മരണാനന്തര കാര്യങ്ങളിൽ രൂപരേഖ തയാറാക്കി വയ്ക്കുകയും ദിവസവും അതു പുതുക്കുകയും ചെയ്യുന്നവർ മരണത്തെക്കുറിച്ച് കൂടുതലായി ചിന്തിക്കുകയും മാനസിക സമ്മർദം കൂടുകയും ചെയ്യുമെന്നാണ് എതിർ അഭിപ്രായക്കാരുടെ വാദം.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

 

കോവിഡ് മഹാമാരി ലോകമാകെ വ്യാപിക്കുന്നതിനു മുൻപാണ് ലാന്റേൺ എന്ന ആപ് വികസിപ്പിച്ചത്. മരണാനന്തര പദ്ധതികൾ രൂപപ്പെടുത്തുന്ന ആപ്പുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ലാന്റേൺ. സംരംഭകരായ ലിസ് എഡ്ഡിയും അലിസ റുഥർമാനുമാണ് ലാന്റേൺ വികസിപ്പിച്ചത്. അൽപം കടന്ന കയ്യാണെങ്കിലും ഈ ലോകത്ത് മരണം മാത്രമാണ് ഉറപ്പായും സംഭവിക്കുന്നത് എന്നാണ് സ്വന്തം ആപ്പിനെക്കുറിച്ച് ഇവർ പറയുന്നത്. ഉറപ്പായും സംഭവിക്കാനിരിക്കുന്ന മരണത്തിന്റെ വിപണി സാധ്യതകളെ ഉപയോഗിക്കുകയാണ് അവർ ചെയ്യുന്നത്. കോവിഡാണ് അവരുടെ വളർച്ചയ്ക്കു വേഗം നൽകിയത്. ചെറുപ്പക്കാർ പോലും മരിച്ചതോടെ എല്ലാവരിലും മരണഭീതി ജനിക്കുകയും അവരെല്ലാം മരണാനന്തര പദ്ധതികൾ തയാറാക്കാൻ തുടങ്ങുകയുമായിരുന്നു. കോവിഡ് കാലത്ത് 2 മാസങ്ങൾക്കുള്ളിൽ 450 ശതമാനം വരെയാണ് ലാന്റേൺ വളർന്നത്. വികസിത രാജ്യങ്ങളിലാണ് ഈ ആപ്പുകൾ പച്ചപിടിച്ചത്. 30 വയസ്സിൽ തന്നെ ഇത്തരം ആപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയ യുവാക്കളുടെ ചിത്രവും അവരുടെ അനുഭവവും പങ്കുവച്ചാണ് ആപ്പുകൾ വരിക്കാരെ തേടുന്നത്. ചില രാജ്യങ്ങളിലെ മരണ റജിസ്ട്രേഷനും അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതിന്റെ നിയമ നടപടികളും ഏറ്റെടുത്തു നടത്തുന്ന ഒരു ആപ്പാണ് എംപതി. ‌മരണ ശേഷം ‌ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ എന്തു ചെയ്യണമെന്ന് മുൻകൂട്ടി നിർദേശങ്ങൾ നൽകാൻ എംപതിയിലൂടെ കഴിയും. എവർപ്ലാൻസ് എന്ന ആപ് ആകട്ടെ നിയമപ്രകാരം സാധുതയുള്ള വിൽപത്രം തയാറാക്കാനാണ് സഹായികകുന്നത്. വിൽപത്രവും മെസേജുകളും വിഡിയോകളും സൂക്ഷിക്കാനും മരണശേഷം അവയെ ആർക്കാണോ അയച്ചു നൽകേണ്ടത് അവരിൽ കൃത്യമായി എത്തിക്കുകയും ചെയ്യുമെന്നാണ് എവർപ്ലാൻസ് പറയുന്നത്.

 

സൗജന്യ സേവനത്തിനു പുറമേ പ്രീമിയം അക്കൗണ്ടും പല ആപ്പുകളും മുന്നോട്ടു വയ്ക്കുന്നുണ്ട്. പണം അടച്ചുള്ള സേവനത്തിനു കൂടുതൽ സൗകര്യങ്ങളാണ് അവർ വാഗ്ദാനം ചെയ്യുന്നത്. മാസം 8.99 യുഎസ് ഡോളർ അല്ലെങ്കിൽ വർഷം 64.99 യുഎസ് ഡോളർ എന്നതാണ് ലാന്റേൺ എന്ന ആപ്പിന്റെ വരിസംഖ്യ പ്ലാനുകൾ. വരിസംഖ്യ അടച്ച് അക്കൗണ്ട് എടുക്കുന്നവർക്ക് ഡോക്യുമെന്റുകൾ സുരക്ഷിതമായി സൂക്ഷിക്കാവുന്ന ലോക്കർ സംവിധാനവും സമൂഹ മാധ്യമ അക്കൗണ്ടുകൾ തനിയെ നിർജീവമാകുന്ന സംവിധാനവുമാണ് പ്രധാനമായും ലഭ്യമാകുന്നത്. ഇതിനു പുറമേ, സംസ്കാര സ്ഥലവും മറ്റു വിവരങ്ങളും കൂട്ടുകാരെ അറിയിക്കുന്ന പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിലെ അവസാന മെസേജായി ഇടുന്ന ആപ്പുകളുമുണ്ട്.

 

∙ എന്നു മരിക്കുമെന്നും ആപ് പറയും

പ്രതീകാത്മക ചിത്രം. (Photo - Shutterstock / shutting)
പ്രതീകാത്മക ചിത്രം. (Photo - Shutterstock / shutting)

 

നിങ്ങൾക്കെത്ര ദിവസം ജീവിതം ബാക്കിയുണ്ടെന്നും ആ ദിവസങ്ങളിൽ നിങ്ങൾക്കിഷ്ടപ്പെട്ടെ എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്നും പദ്ധതി തയാറാക്കാൻ ആപ്പുകളുണ്ട്. മരണം പ്രവചിക്കുന്ന ആപ്പുകളുടെ കൃത്യത എത്രത്തോളമെന്ന് പറയാനാകില്ല. ഏതാനും ചില ചോദ്യങ്ങളിലൂടെയാണ് അവ മരണം എന്നാകുമെന്നു പ്രവചിക്കുന്നത്. ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞതിനാൽ, ആ ദിനങ്ങളിൽ സന്തോഷവാനാകാനും പൂർത്തീകരിക്കാനുള്ള കാര്യങ്ങൾ ചെയ്തു തീർക്കാനുമുള്ള പദ്ധതികൾ തയാറാക്കാനാണ് കൗണ്ട്ഡൗൺ ടു സീറോ എന്ന ആപ് സഹായിക്കുന്നത്.

 

∙ മരണാനന്തര ജീവിതത്തിനും ആപ്

 

മരിച്ചാൽ സംസ്കാരം നടത്താനും നമ്മുടെ പാസ്‌വേഡുകൾ കൈകാര്യം ചെയ്യാനും മാത്രമല്ല, മരണത്തിനു ശേഷം ലോകം നമ്മളെ ഓർത്തിരിക്കാനും ഉപകരിക്കുന്ന ആപ്പുകളുണ്ട്. സമൂഹ മാധ്യമങ്ങൾ തന്നെയാണ് ആ ആപ്പുകളും പ്രധാനമായും ഉപയോഗിക്കുന്നത്. മരണ ശേഷവും വിശേഷ ദിവസങ്ങളിൽ സുഹൃത്തുക്കൾക്കു മെസേജുകൾ അയയ്ക്കുകയും പ്രധാനപ്പെട്ട ഓർമകൾ പങ്കുവയ്ക്കുന്ന മെസേജുകളും പടങ്ങളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ആപ്പുകളുമുണ്ട്. മരിച്ചയാളുടെ ഒഴിവ് ഡിജിറ്റൽ ലോകത്ത് ഇല്ലാതാക്കാൻ ഇത്തരം ആപ്പുകൾ സഹായിക്കും. മുൻകൂട്ടി തയാറാക്കിയ മെസേജുകൾ അതാതു ദിവസങ്ങളിൽ പങ്കുവയ്ക്കുകയാണ് ആപ്പുകൾ ചെയ്യുന്നത്. നിർദേശത്തിലുള്ള വ്യക്തികൾക്കു മെസേജ് അയയ്ക്കുകയോ, മെസേജുകളിൽ അവരെ ടാഗ് ചെയ്യുകയോ ചെയ്യും.

 

∙ ആവശ്യപ്പെടുന്നത് സ്വകാര്യ വിവരങ്ങൾ

 

മരണത്തിനു പദ്ധതി തയാറാക്കുന്ന ആപ്പുകളെല്ലാം ഒരു പരിധി വരെ മോശം അഭിപ്രായം കേൾക്കാനിടയില്ല. കാരണം അതിന്റെ ഉപയോഗം മരണത്തിനു ശേഷമാണെന്നിരിക്കെ, മരിച്ചവരാരും തിരികെവന്നു കുറ്റം പറയില്ല എന്നതു തന്നെ. ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമൂഹ മാധ്യമങ്ങളുടെ അക്കൗണ്ടും ഉൾപ്പെടെ എല്ലാം തന്നെ ഈ ആപ്പുകൾക്കു നൽകുമ്പോൾ ആ വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കാണുന്നുണ്ട്. ഓരോ പ്രായത്തിലുമുള്ള ആളുകളുടെ ആശങ്കകൾ, താൽപര്യങ്ങൾ എന്നിവ തിരിച്ചറിയാൻ കോർപറേറ്റ് കമ്പനികളെ സഹായിക്കാൻ ഈ ആപ്പുകൾക്കു സാധിക്കും. പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കുമ്പോൾ അവയ്ക്കു പരസ്യം നൽകുന്നതിനും ഏതു പ്രായക്കാരിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു തീരുമാനിക്കാനും ആപ്പുകളിലെ വിവരങ്ങൾ സഹായിക്കും. ഡിജിറ്റൽ കാലത്ത് ഏറ്റവും വിലപിടിച്ചത് വിവരങ്ങളാണെന്നിരിക്കെ എല്ലാ വിവരങ്ങളും ഒരേയിടത്തു സൂക്ഷിക്കുന്നത് സുരക്ഷിതമല്ല എന്നാണ് സൈബർ വിദഗ്ധർ പൊതുവെ അഭിപ്രായപ്പെടുന്നത്. ആ പശ്ചാത്തലത്തിൽ നോക്കുമ്പോൾ ഒരു ആപ്പിൽ തന്നെ എല്ലാ വിവരവും ശേഖരിക്കപ്പെടുകയും വ്യക്തി ആ ആപ് ഉപയോഗിച്ച വിവരം മറ്റുള്ളവർ അറിയാതിരിക്കുകയും ചെയ്യുന്നിടത്തോളം അയാളുടെ വ്യക്തി വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. വരിസംഖ്യ കൊടുക്കുന്നതാണ് മറ്റൊരു പ്രശ്നം. ഒരിക്കൽ അക്കൗണ്ട് എടുത്താൽ പിന്നെ ജീവിത കാലമത്രയും അവരുടെ സ്ഥിരം വരിക്കാരായി മാറേണ്ട സ്ഥിതിയുമുണ്ട്.

 

∙ പണി കിട്ടാനും സാധ്യത

 

വ്യക്തി മരിക്കാതെ തന്നെ മരിച്ചെന്നു വിളിച്ചു പറയുന്ന അവസരങ്ങളും ചിലപ്പോഴെങ്കിലും സംഭവിച്ചേക്കാം. എല്ലാ ആപ്പുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായി പ്രവർത്തിക്കുന്നവ ആയതിനാൽ എത്രത്തോളം കൃത്യമാണെന്നു പറയാൻ കഴിയില്ല. ചില ആപ്പുകൾ ഇത്ര സമയത്തിനുള്ളിൽ ഫോൺ ഉപയോഗിച്ചില്ലെങ്കിൽ വ്യക്തി മരിച്ചെന്നോ, അപകടത്തിൽപെട്ടെന്നോ കണക്കാക്കും. മരിച്ചെന്നു തെറ്റിദ്ധരിച്ചു മെസേജുകൾ പങ്കുവയ്ക്കാനും സാധ്യതയുണ്ട്. മറ്റു ചില ആപ്പുകൾ അടുത്ത വ്യക്തികളുടെ സമൂഹ മാധ്യമ പോസ്റ്റുകളിൽ നിന്നാണ് വ്യക്തി മരിച്ചോയെന്നു മനസ്സിലാക്കുക. ഒരാൾ മരിച്ചെന്നു പോസ്റ്റ് ചെയ്യുമ്പോൾ അതേ പേരുള്ള മറ്റൊരാളുടേതായി തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്. ഒരാൾക്കു നൽകാൻ തയാറാക്കിയ വിവരങ്ങൾ അതേ പേരുള്ള മറ്റൊരാൾക്ക് ലഭിച്ചെന്നും വരാം. മരിച്ചയാളുടെ സ്വകാര്യ സമ്പാദ്യത്തെക്കുറിച്ച് മറ്റുള്ളവർക്കറിയില്ല, ആപ്പ് പ്രവർത്തിച്ചുമില്ല എങ്കിൽ ആ വിവരങ്ങൾ ആർക്കും ഉപകാരപ്പെടാതെ പോകും. സാങ്കേതിക വിദ്യയുമായും മെഷീനുമായുമാണ് വിവരങ്ങൾ പങ്ക് വയ്ക്കുന്നത് എന്ന് ഓർമിച്ചു വേണം ഇത്തരം ആപ്പുകൾ ഉപയോഗിക്കാൻ. ഇന്ത്യയിൽ മരണം എന്നെന്നു കണക്കുകൂട്ടുന്ന ആപ്പുകൾ ഏറെ പ്രചാരത്തിലുണ്ടെങ്കിലും മറ്റു വിഭാഗങ്ങൾക്കു കാര്യമായ ഉപയോക്താക്കളില്ല.

 

English Summary: Dealing with death? There’s an app for that

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com