ADVERTISEMENT

യന്ത്രങ്ങള്‍ക്ക് തമാശ മനസിലാകുന്ന കാലത്തേക്ക് കടക്കുകയാണ് കംപ്യൂട്ടിങ് മേഖല എന്നതാണ് ഇക്കഴിഞ്ഞ ഗൂഗിളിന്റെ ഡിവലപ്പര്‍ കോണ്‍ഫറന്‍സ് ആയ ഐഒയില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ കാര്യം. ഗൂഗിളിന്റെ നാച്വറല്‍ ലാംഗ്വേജ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ഭാഷാ പ്രയോഗങ്ങളുടെ വിവിധ അര്‍ഥതലങ്ങള്‍ മനസിലാക്കാനാകുക എന്നു പറഞ്ഞാല്‍ യന്ത്രങ്ങളും മനുഷ്യരും തമ്മിലുള്ള ഇടപെടലുകള്‍ കൂടുതല്‍ സ്വാഭാവികമാക്കുമെന്നാണ് സത്യം. അപ്പോള്‍ ഇതൊരു യന്ത്രത്തില്‍ വന്നുകാണാന്‍ എത്ര വര്‍ഷം കാത്തിരിക്കേണ്ടിവരും? ഏതാനും മാസങ്ങള്‍ മാത്രം എന്നാണ് ഉത്തരം. അധികം താമസിയാതെ ഗൂഗിള്‍ പുറത്തെടുക്കാന്‍ ഒരുങ്ങുന്ന പിക്‌സല്‍ 7, 7 പ്രോ, പിക്‌സല്‍ ബഡ്‌സ് പ്രോ, പിക്‌സല്‍ ടാബ്‌ലറ്റ് എന്നിവയില്‍ ഇതിന്റെ സാന്നിധ്യം ഉണ്ടായേക്കാം.

തമാശകള്‍, വ്യാജസ്തുതികള്‍, വ്യംഗ്യാര്‍ത്ഥ പ്രയോഗങ്ങള്‍, നര്‍മ്മം തുടങ്ങിയവ വേര്‍തിരിച്ച് അറിയുക എന്നു പറഞ്ഞാല്‍, ഭാഷ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് എഐ പുതിയ ഉള്‍ക്കാഴ്ചകള്‍ നേടിക്കഴിഞ്ഞിരിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്. ഒരു ഹാസ്യ നടന്‍ സ്വരത്തില്‍ വ്യതിയാനം വരുത്തി ഒരു കാര്യം പറഞ്ഞാല്‍ അതിന് അര്‍ഥവ്യത്യാസം സംഭവിക്കാം. അതില്‍ വ്യംഗ്യാര്‍ത്ഥമുണ്ടാകും, പരിഹാസമുണ്ടാകാം, വിവാദമുണ്ടാകാം. ഇത് നടന്‍ ഉപയോഗിച്ച ഭാഷ അറിയാവുന്ന മിക്കവര്‍ക്കും മനസിലാകുകയും ചെയ്യും. ഇതാകട്ടെ, മനുഷ്യര്‍ വര്‍ഷങ്ങളെടുത്ത് ആര്‍ജ്ജിച്ച അനുഭവസമ്പത്തില്‍ നിന്നുമാണ് സാധ്യമാകുന്നത്.

വരുന്നു പാം

ഗൂഗിളിന്റെ പാത്‌വെയ്‌സ് ലാംഗ്വെജ് മോഡല്‍ (പാം, PaLM) തമാശ എന്താണെന്നും, തമാശക്കഥകള്‍ക്കു പിന്നിലുള്ള ഉദ്‌ബോധനശക്തി ശക്തി എന്താണെന്നും ഒക്കെ ഒരു പ്രത്യേക പരിശീലനവും നല്‍കാതെ പഠിച്ചെടുത്തിരിക്കുന്നു. പാമിന് രണ്ടു തമാശകള്‍ പറഞ്ഞു കൊടുത്തപ്പോള്‍ അവയക്കുള്ള ശരിയായ വിശദീകരണങ്ങളും നല്‍കാന്‍ പാമിനു സാധിച്ചു. ഇന്റര്‍നെറ്റില്‍ ഇല്ലാത്ത തമാശകള്‍ പോലും പാം മനസിലാക്കാന്‍ ശ്രമിക്കുന്നതെങ്ങനെ എന്നും ഗൂഗിള്‍ വിശദീകരിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി ഒരു സമൂഹത്തിനിടയില്‍ പറഞ്ഞു നടക്കുന്ന തമാശ മനസിലാക്കുക എന്നതൊന്നുമല്ല, ഗൂഗിളിന്റെ ലക്ഷ്യം. വിവിധ ഭാഷാ പ്രയോഗങ്ങളിലെ സങ്കീര്‍ണ്ണമായ അര്‍ത്ഥതലങ്ങള്‍ പോലും അതിവേഗം പഠിച്ചെടുക്കുക എന്ന ദൗത്യമാണ് ഗൂഗിള്‍ ഏറ്റെടുക്കുന്നത്.

ഭാഷാ മതില്‍ക്കെട്ടുകള്‍ തകര്‍ക്കാനായേക്കും

ഇതു സാധ്യമായി കഴിയുമ്പോള്‍ യന്ത്രങ്ങളുമായുള്ള ഇടപെടലിന് മനുഷ്യര്‍ക്ക് ഇപ്പോള്‍ ചെയ്യുന്നതു പോലെ ചില പ്രത്യേക ആജ്ഞകള്‍ നടത്തേണ്ടതായി വന്നേക്കില്ല. ഒരേ ഭാഷ അറിയാവുന്ന രണ്ടുപേര്‍ തമ്മില്‍ നടത്തുന്ന സംഭാഷണം പോലെ മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള ഇടപെടല്‍ സ്വാഭാവികമാക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം ഗൗരവത്തിലെടുക്കേണ്ടതായിരിക്കും.

ഒരു ഭാഷയില്‍ ചോദിക്കുന്ന ഉത്തരത്തിനായി മറ്റൊരു ഭാഷ പരിശോധിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നടത്താന്‍ സാധിക്കുന്ന സാധ്യതകളെക്കുറിച്ച് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ തന്നെ പറഞ്ഞിരുന്നു. ന്യൂയോര്‍ക്ക് നഗരത്തിലുള്ള പീറ്റ്‌സ ടോപ്പിങ്‌സിനെക്കുറിച്ച് ബംഗാളി ഭാഷയില്‍ ചോദ്യം ചോദിക്കുകയും, അതിന്റെ ഉത്തരത്തിനായി ഇംഗ്ലിഷ് ഭാഷ പരിശോധിക്കുകയും, ഉത്തരം ബംഗാളി ഭാഷയില്‍ തന്നെ നല്‍കുന്നതുമാണ് അദ്ദേഹം കാണിച്ചത്. ഇത്തരത്തിലുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ ഭാഷകളില്‍ ചോദ്യങ്ങളുന്നയിക്കാനും ഉത്തരങ്ങള്‍ നല്‍കാനുമുള്ള ശ്രമമാണ് കമ്പനി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പാമിനു പുറമെ ലാംഡ

പാമിനെ പോലെ, മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള ഭാഷയിലൂടെയുള്ള ഇടപെടല്‍ കൂടുതല്‍ സ്വാഭാവികമാക്കാനുള്ള ഗൂഗിളിന്റെ ശ്രമത്തിനു പിന്‍ബലം നല്‍കുന്ന മറ്റൊരു പദ്ധതിയാണ് ലാംഡ (LaMDA), ലാംഗ്വെജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍സ്. എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളില്‍ സ്വാഭാവികമായ സംഭാഷണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിഭാഗത്തില്‍ ഗവേഷണം പുരോഗമിക്കുന്നത്. സംഭാഷണ ചാതുര്യമാണ് ഇതിന്റെ മികവ്. ഇത് വികസിപ്പിക്കാന്‍ വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ട്. ട്രാന്‍സ്‌ഫോര്‍മര്‍ എന്ന ന്യൂറല്‍ നെറ്റ് വര്‍ക്ക് ആര്‍ക്കിടെക്ചര്‍ ആണ് ഇതിന് പ്രയോജനപ്പെടുത്തുന്നത്.

ഭാഷാ മേഖലയില്‍ പാം തന്നെ കേമന്‍

ഇതുവരെയുള്ള ഗവേഷണം പരിഗണിച്ചാല്‍ പാം തന്നെയാണ് ഗൂഗിളിന്റെ ഏറ്റവും വലിയ എഐ മോഡല്‍. അതിന് ഇപ്പോള്‍ത്തന്ന 540 ബില്ല്യന്‍ സവിശേഷ മേഖലകളില്‍ (parameter) പരിശീലനം നല്‍കിക്കഴിഞ്ഞു. ടെക്സ്റ്റില്‍ നിന്ന് കോഡ് ഉണ്ടാക്കാനും, വാക്കുകളുപയോഗിച്ച് ഉന്നയിക്കുന്ന ഒരു ഗണിത പ്രശ്‌നത്തിന് ഉത്തരം കാണാനും, തമാശ മനസിലാക്കാനും ഒക്കെ സാധിക്കും. ചെയ്ന്‍-ഓഫ്-തോട്ട് പ്രോംപ്റ്റിങ് പ്രയോജനപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വേദിയില്‍ പിച്ചൈ കാണിച്ചതൊക്കെ യാഥാര്‍ത്ഥ്യമാണെങ്കില്‍ ശാസ്ത്ര ഫിക്ഷന്‍ സിനിമകളില്‍ ഇതുവരെ കണ്ട പല കാര്യങ്ങളെയും ഒറ്റച്ചാട്ടത്തിനു മറികടന്നിരിക്കുകയാണ് എന്ന് സിനെറ്റ് പറയുന്നു.

ആപ്പിളും ഗൂഗിളും 15 ലക്ഷത്തോളം ആപ്പുകള്‍ ഉടന്‍ നീക്കംചെയ്‌തേക്കാം; എന്തിന്?

വളരെക്കാലമായി അപ്‌ഡേറ്റു ചെയ്യാതെ കിടക്കുന്ന ആപ്പുകളുടെ ഡിവലപ്പര്‍മാര്‍ക്ക് ഈ വര്‍ഷം ആദ്യം ആപ്പിളും ഗൂഗിളും ഒരു മുന്നറിയിപ്പു നല്‍കിയിരുന്നു. വേഗം അപ്‌ഡേറ്റു ചെയ്തില്ലെങ്കില്‍ അവയെ ആപ്പിളിന്റെ ആപ് സ്റ്റോറില്‍ നിന്നും ഗൂഗിളിന്റെ പ്ലേ സ്‌റ്റോറില്‍ നിന്നും നീക്കംചെയ്യമെന്നായിരുന്നു മുന്നറിയിപ്പ്. ഗവേഷണ കമ്പനിയായ പിക്‌സലേറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രണ്ടു കമ്പനികളുടെയും സ്‌റ്റോറിലുള്ള 30 ശതമാനത്തോളം ആപ്പുകള്‍ നീക്കംചെയ്യല്‍ ഭീഷണി നേരിടുന്നു. പല ആപ്പുകളുടെയും ഡിവലപ്പര്‍മാര്‍ അവയെ ഉപേക്ഷിച്ചതായുള്ള തോന്നല്‍ ഉള്ളതിനാലാണ് അവ നീക്കം ചെയ്യാന്‍ ടെക്‌നോളജി ഭീമന്മാര്‍ തീരുമാനിച്ചിരിക്കുന്നത്.

വിദ്യാഭ്യാസം, റെഫറന്‍സ്, ഗെയിംസ് തുടങ്ങിയ വിഭാഗങ്ങളിലുള്ള ആപ്പുകളാണ് വളരെക്കാലമായി അനക്കമില്ലാതെ കിടക്കുന്നത്. അഞ്ചു വര്‍ഷത്തിലേറെയായി ഒരു അപ്‌ഡേറ്റുമില്ലാതെ കിടക്കുന്ന 314,000 ആപ്പുകള്‍ തങ്ങള്‍ കണ്ടെത്തിയെന്ന് പിക്‌സലേറ്റ് പറയുന്നു. എന്നാല്‍, പല ഡിവലപ്പര്‍മാരും ആപ്പിളിന്റെയും ഗൂഗിളിന്റെയും മുന്നറിയിപ്പ് ഗൗരവത്തിലെടുത്തു എന്നും റിപ്പോര്‍ട്ടിലുണ്ട്. ഏകദേശം 13 ലക്ഷത്തോളം ഡിവലപ്പര്‍മാര്‍ കഴിഞ്ഞ 6 മാസത്തിനിടയ്ക്ക് ആപ്പുകള്‍ അപ്‌ഡേറ്റു ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഉപയോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന ആപ്പുകള്‍ അവരുടെ ഉപകരണങ്ങളില്‍ നിന്നു നീക്കംചെയ്‌തേക്കില്ല.

ആപ്പിള്‍ ടിവിയുടെ വിലകുറഞ്ഞ പതിപ്പും എത്തിയേക്കും

ആപ്പിള്‍ ടിവി ഹാര്‍ഡ്‌വെയറും താമസിയാതെ കൂടുതല്‍ ജനകീയമായേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടു 4കെ വേരിയന്റുകള്‍ അടക്കം മൂന്ന് ആപ്പിള്‍ ടിവി മോഡലുകളാണ് ആപ്പിള്‍ ഇപ്പോള്‍ വില്‍ക്കുന്നത്. വീടുകളില്‍ ഏറ്റവും മികച്ച ഹോം തിയറ്ററുകള്‍ പിടിപ്പിച്ചു നല്‍കുന്നവര്‍ക്ക് പ്രീയം 4കെ ആപ്പിള്‍ ടിവിയിലുള്ള എക്സ്റ്റന്‍ഡഡ് ഡിസ്‌പ്ലെ ഐഡന്റിഫിക്കേഷന്‍ ഡേറ്റ (ഇഡിഐഡി) ശേഷിയാണെന്നു പറയുന്നു. എന്തുതരം ഡിസ്‌പ്ലെയാണ് ഉപയോക്താവ് ഉപയോഗിക്കുന്നത് എന്ന്, ഹോം തിയറ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സെറ്റ്-ടോപ് ബോക്‌സ്, ബ്ലൂറേ പ്ലെയര്‍ തുടങ്ങിയ ഉപകരണങ്ങളെ അറിയിക്കുകയാണ് ഇഡിഐഡി ചെയ്യുന്നത്. ഇത് ഉള്‍പ്പെടുത്തിയായിരിക്കും വില കുറഞ്ഞ ആപ്പിള്‍ ടിവിയും ഇറക്കുക എന്നാണ് വിശകലന വിദഗ്ധന്‍ മിങ് ചി കുവോ അടക്കമുള്ളവര്‍ പ്രവചിക്കുന്നത്. നല്ല ഹോം തിയറ്ററുകള്‍ പിടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് അനുഗ്രഹമായിരിക്കാമെന്നു കരുതപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com