ADVERTISEMENT

ലോൺ ആപ്പുകളുടെ ചതിക്കുഴിയിൽ വീണ് ആളുകൾ പറ്റിക്കപ്പെടുന്നതു വ്യാപകമായതോടെ തട്ടിപ്പ് ആപ്പുകൾക്കു നിയന്ത്രണം ഏർപ്പെടുത്താൻ ഗൂഗിൾ രംഗത്ത്. ഇതിന്റെ ഭാഗമായി, പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ആപ്പുകളോടു വായ്പ വിതരണത്തിനുള്ള യോഗ്യത സംബന്ധിച്ച കൂടുതൽ രേഖകൾ ഗൂഗിൾ ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പ വിതരണത്തിനുള്ള ആർബിഐ ലൈസൻസും ഹാജരാക്കണം. ചില ആപ്പുകൾ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കു സേവനങ്ങൾ ഒരുക്കുന്ന പ്ലാറ്റ്ഫോം മാത്രമാണെന്നതിനാൽ ആപ്പിലൂടെ ഏത് എൻബിഎഫ്സിയുടെ വായ്പയാണ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്നും ഗൂഗിൾ ആവശ്യപ്പെട്ടിട്ടുണ്ട്.

വായ്പാ ആപ്പുകൾ നിയമപരമായാണ് പ്രവർത്തിക്കുന്നതെന്ന രേഖ നൽകണമെന്ന് 2021 ജനുവരിയിൽ ഗൂഗിൾ ആവശ്യപ്പെട്ടിരുന്നു. കൃത്യമായ മറുപടി നൽകാത്ത ആപ്പുകൾ പ്ലേ സ്റ്റോറിൽനിന്നു നീക്കിയതായും ഗൂഗിൾ ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചിരുന്നു. എന്നാൽ, വീണ്ടും ഒട്ടേറെ ആപ്പുകൾ വായ്പ വാഗ്ദാനം ചെയ്തു രംഗത്തുവരികയും കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയാകുകയും ചെയ്ത സാഹചര്യത്തിലാണ് ഗൂഗിൾ നടപടി കടുപ്പിക്കുന്നത്. 

വായ്പ വേണോ, വായ്പ

∙ 2017 മുതലാണ് ഇന്ത്യയിൽ ഡിജിറ്റൽ വായ്പ വിതരണം വ്യാപകമായത്. ആർബിഐയുടെ റിപ്പോർട്ട് പ്രകാരം, വായ്പ ലഭിക്കാൻ യോഗ്യരായ 22 കോടി ആളുകൾ ഇന്ത്യയിലുണ്ടെങ്കിലും ബാങ്കുവായ്പ നേടിയെടുക്കുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവാത്തതിനാൽ ഒട്ടേറെപ്പേർക്കാണ് ഈ സേവനം പ്രയോജനപ്പെടാതെ പോകുന്നത്. ഈ ഘട്ടത്തിലാണ് ഡിജിറ്റൽ വായ്പകളുമായി നിയമപരമായ അംഗീകാരത്തോടെ ഏതാനും ആപ്പുകൾ രംഗത്തുവന്നത്. ബാങ്ക് അക്കൗണ്ടിനെക്കാൾ വ്യാപകമായി ആളുകൾ ഉപയോഗിക്കുന്ന സ്മാർട് ഫോണിലൂടെ വായ്പ ലഭ്യമാക്കി ലാഭമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഈ അവസരം മുതലാക്കി ഒട്ടേറെ തട്ടിപ്പ് ആപ്പുകളും ഇതിനൊപ്പം വ്യാപകമായി. നവംബർ 2021 വരെയുള്ള കണക്കുകൾ പ്രകാരം 205 തട്ടിപ്പ് ആപ്പുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഒഴിവാക്കപ്പെട്ടത്. ആർബിഐ 600 അനധികൃത ആപ്പുകൾ കണ്ടെത്തുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കി 27 എണ്ണം നിരോധിക്കുകയും ചെയ്തു.

∙ പണം തരും, മാനമെടുക്കും

2,000 രൂപ മുതൽ 10,000 രൂപ വരെയുള്ള ചെറിയ തുക ഒരു ഈടും ആവശ്യപ്പെടാതെ ലഭ്യമാക്കുകയാണ് ഭൂരിഭാഗം ആപ്പുകളും ചെയ്യുന്നത്. 36% മുതൽ 50% വരെയാണ് പല വായ്പയുടെയും വാർഷിക പലിശ. 20 മുതൽ 25 ശതമാനം വരെ കൈകാര്യച്ചെലവായി ഈടാക്കും. ഇതിനു പുറമേ, 18% തുക ജിഎസ്ടി എന്ന പേരിലും എടുക്കും. ചുരുക്കിപ്പറഞ്ഞാൽ, വാഗ്ദാനം ചെയ്യുന്നതിലും കുറഞ്ഞ തുകയാകും വായ്പയെടുക്കുന്നയാൾക്ക് കിട്ടുക. ഇതിന്റെ പല മടങ്ങ് തിരികെ ആവശ്യപ്പെടുകയും ചെയ്യും. കൊടുക്കാൻ വൈകിയാൽ ഏജന്റുമാർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തും. എന്നിട്ടും വഴങ്ങിയില്ലെങ്കിൽ ഫോണിൽ സേവ് ചെയ്തിരിക്കുന്ന കോൺടാക്ടിലേക്ക് ഫോൺ കോളുകളും സന്ദേശങ്ങളും അയച്ച് വായ്പയെടുത്തയാളെ സമ്മർദത്തിലാക്കും.

തിരൂരിൽ സ്മോൾ ലോൺ എന്ന ആപ് വഴി 3000 രൂപ കടമെടുത്ത യുവാവിന് പ്രോസസിങ് ചാർജ് കഴിച്ച് 2150 രൂപയാണ് നൽകിയത്. പറഞ്ഞ സമയത്തു തന്നെ തിരിച്ചടച്ചതോടെ ആവശ്യപ്പെടാതെ തന്നെ ഇവർ വീണ്ടും 2980 രൂപ അയച്ചു കൊടുത്തു. ഇവർ നൽകിയ വാട്സാപ് നമ്പർ വഴി ഇത് വേണ്ടെന്ന് അറിയിച്ചിട്ടും മറുപടി നൽകിയില്ല. തുടർന്ന് ഈ നമ്പറിൽ വിളിച്ചപ്പോൾ ഗുജറാത്തിലുള്ള ഒരാളാണ് ഫോണെടുത്തത്. അയാൾ വാട്സാപ് ഉപയോഗിക്കാറില്ലെന്നാണു പറഞ്ഞത്. പിന്നീട് കഴിഞ്ഞ 24ന് പണം തിരികെ ആവശ്യപ്പെട്ട് പല നമ്പറിൽനിന്ന് വിളിക്കാൻ തുടങ്ങി. 2980 തിരിച്ചു നൽകാമെന്ന് അറിയിച്ചപ്പോൾ 5000 രൂപ നൽകണമെന്ന് പറഞ്ഞ് ഭീഷണി ഉയർത്തുകയായിരുന്നു. നൽകില്ലെന്നു പറഞ്ഞതോടെ യുവാവിന്റെ ഫോണിൽ സേവ് ചെയ്ത നമ്പറുകളിലേക്ക് വാട്സാപ് വഴി യുവാവിന്റെ തന്നെ മോർഫ് ചെയ്ത അശ്ലീല ഫോട്ടോ അയയ്ക്കാൻ തുടങ്ങി. ഇതിനിടെ യുവാവ് ഇവർക്ക് 3000 രൂപ തിരിച്ചയച്ചു കൊടുത്തിരുന്നു. എന്നാൽ വീണ്ടും 5000 രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണി തുടരുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com