വാട്‌സാപ് നിങ്ങളുടെ ഔദ്യോഗിക പേര് ചോദിച്ചേക്കാം; കാരണം ഇതാണ്

whatsapp-logo-1248-10
SHARE

കള്ളപ്പേരിലും വിളിപ്പേരുകളിലുമൊക്കെ വാട്‌സാപ് ചാറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ചെറിയൊരു ആപ്പ്. വാട്‌സാപ് പേ സംവിധാനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവര്‍ ഇനി തങ്ങളുടെ ഔദ്യോഗിക പേര് വെളിപ്പെടുത്തണം. വാട്‌സാപ് പേ സൈന്‍-അപ് ചെയ്യുമ്പോൾ, തിരിച്ചറിയൽ രേഖകളിലുള്ള പേരാണ് നൽകേണ്ടത്. ഇത് പ്രൊഫൈലിലുള്ള പേരില്‍നിന്നു വ്യത്യസ്തമായാല്‍ കുഴപ്പമില്ല. അതേസമയം, വാട്‌സാപ് പേ വഴി പണമടച്ചാല്‍ പണം ലഭിക്കുന്നയാള്‍ക്ക് അക്കൗണ്ട് ഉടമയുടെ യഥാർഥപേര് അറിയാനാവും.

യുപിഐ നിര്‍ദേശങ്ങള്‍ പാലിക്കണം

നാഷനല്‍ പേയ്മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ യൂണിഫൈഡ് പേയ്മെന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യുപിഐ) മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനാണ് വാട്‌സാപ് ഔദ്യോഗിക നാമം ചോദിക്കുന്നത്. സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍. അവ പാലിക്കണമെന്ന് വാട്‌സാപ് വെബ്‌സൈറ്റില്‍ അറിയിപ്പു നൽകിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറിലൂെടയാണ് യുപിഐ വഴി അക്കൗണ്ട് തിരിച്ചറിയുന്നത്. പണം അടയ്ക്കുമ്പോള്‍ നല്‍കുക അക്കൗണ്ടിലുള്ള പേരായിരിക്കും, വാട്‌സാപ് യൂസര്‍ നെയിം ആയിരിക്കില്ല.

whatsapp-pay-india

ഇതുവരെയുള്ള രീതി മാറുന്നു

ഇതുവരെ വാട്‌സാപ് ഉപയോഗിച്ച് പണമടച്ചിരുന്നവര്‍ക്ക് 25 വരെ അക്കങ്ങളോ അക്ഷരങ്ങളോ ഇമോജിയോ കാണിച്ചാല്‍ മതിയാകുമായിരുന്നു. ഇനി പണം കൈമാറുമ്പോൾ ഔദ്യോഗിക പേര് നിര്‍ബന്ധമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാൻ ആപ്പില്‍ സെറ്റിങ്‌സ്>ഹെല്‍പ് സെന്റര്‍>എബൗട്ട് യുപിഐ പേമെന്റ്‌സ് എന്ന വിഭാഗം വായിച്ചാല്‍ മതി.

ചുരുക്കിപ്പറഞ്ഞാല്‍, ഇനി വാട്‌സാപ് യൂസര്‍ നെയിമിനു പിന്നില്‍ മറഞ്ഞിരുന്നുള്ള പേയ്മെന്റ് സാധ്യമല്ല. കള്ളപ്പേരുകാര്‍ക്ക് വാട്‌സാപ് പേ ഉപയോഗിക്കണമെങ്കില്‍ അതിനായി മറ്റൊരു വാട്‌സാപ് അക്കൗണ്ട് സൃഷ്ടിക്കേണ്ടി വരും. അല്ലെങ്കില്‍ തന്റെ പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്തവർക്ക് പണം കൈമാറാതിരിക്കുകയോ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നാണ് എന്നു പറയുകയോ ചെയ്യാം.

വാട്‌സാപ് പേ ഉപയോഗിക്കാന്‍ ഡിജിറ്റല്‍ വാലറ്റ് വേണ്ട

വാട്‌സാപ് പേ ഉപയോഗിക്കാൻ ഡിജിറ്റല്‍ വാലറ്റ് സൃഷ്ടിക്കേണ്ടതില്ല. വാട്‌സാപ് പ്രയോജനപ്പെടുത്തുന്നതും ഗൂഗിള്‍ പേ, ഫോണ്‍ പേ, ഭിം (BHIM), വിവിധ ബാങ്ക് ആപ്പുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്ന യുപിഐ സംവിധാനം തന്നെയാണ്. വാട്‌സാപ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍പേ, ഫോണ്‍ പേ, ഭിം തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ചും പണം കൈമാറാം.

എയര്‍ടാഗ്‌സിന്റെ പിന്തുടരല്‍ ഒഹായോ ക്രിമിനല്‍ കുറ്റമാക്കുമോ?

ആളുകളെ അവരറിയാതെ പിന്തുടരാന്‍ ആപ്പിളിന്റെ എയര്‍ടാഗ്‌സ് ഉപയോഗിക്കുന്നത് കുറച്ചുകാലമായി നടക്കുന്നുണ്ട്. മനപ്പൂര്‍വം മറ്റൊരാളെ പിന്തുടരാൻ ഇത്തരം ഉപകരണങ്ങൾ ഇന്‍സ്‌റ്റാള്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാക്കാനാണ് അമേരിക്കന്‍ സ്‌റ്റേറ്റ് ഒഹായോ അവതരിപ്പിച്ചിരിക്കുന്ന ബില്ലില്‍ ശ്രമിക്കുന്നത്.

Apple

ഓഫിസിലെത്തണമെന്ന് നിര്‍ദേശം; ആപ്പിളിന്റെ എഐ മേധാവി രാജിവച്ചു

ആപ്പിളിന്റെ മെഷീന്‍ ലേണിങ് വിഭാഗം ഡയറക്ടർ ഇയന്‍ ഗുഡ്‌ഫെലോ രാജി വച്ചു. ആപ്പിള്‍ ജോലിക്കാര്‍ തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഓഫിസില്‍ ഹാജരാകണം എന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. ജോലി ചെയ്യാന്‍ കൂടുതല്‍ അയഞ്ഞ നിയമങ്ങള്‍ വേണമെന്നാണ് ഇയന്റെ വാദം. ഗൂഗിള്‍, മെറ്റാ തുടങ്ങിയ പല വമ്പന്‍ സിലിക്കന്‍ വാലി കമ്പനികളും ജോലിക്കാര്‍ ഓഫിസിലെത്തിയേ മതിയാകൂ എന്ന് ഇപ്പോഴും നിര്‍ബന്ധിക്കുന്നില്ല.

മസ്‌ക് കരാര്‍ ലംഘനം നടത്തിയെന്ന് ട്വിറ്റര്‍

താൻ കരാർ‌ലംഘനം നടത്തിയെന്ന് ട്വിറ്ററിന്റെ നിയമ വിഭാഗം ആരോപിച്ചതായി ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. വ്യാജ അക്കൗണ്ട് സാംപിളിനെക്കുറിച്ച് നടത്തിയ ട്വീറ്റാണ് കാരണമെന്നും മസ്‌ക് വെളിപ്പെടുത്തി.

1248-elon-musk

നിക്ഷേപ സാധ്യത ആരായാന്‍ മസ്‌ക് ഇന്തൊനീഷ്യ സന്ദര്‍ശിക്കും

ലോകത്തെ ഏറ്റവും ധനികനായ ഇലോണ്‍ മസ്‌ക് തന്റെ കമ്പനികള്‍ക്കുള്ള നിക്ഷേപ സാധ്യതകളെക്കുറിച്ച് ആരായാന്‍ ഇന്തൊനീഷ്യ സന്ദര്‍ശിക്കുമെന്ന് ബ്ലൂംബര്‍ഗ്. ഇന്തൊനീഷ്യൻ പ്രസിഡന്റ് ബൊകാചിക ആണ് മസ്‌കിനെ രാജ്യത്തേക്ക് ക്ഷണിച്ചത്.

ആന്‍ഡ്രോയ്ഡ് 13 ബീറ്റ വിവിധ ഫോണുകള്‍ക്ക് ലഭിക്കും

ആന്‍ഡ്രോയ്ഡ് ഒഎസിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റായ ആന്‍ഡ്രോയ്ഡ് 13ന്റെ ബീറ്റാ വേര്‍ഷന്‍ ഗൂഗിള്‍, സാംസങ്, അസൂസ്, ഷഓമി, ഒപ്പോ തുടങ്ങിയ കമ്പനികളുടെ ഫോണുകള്‍ക്ക് സ്വീകരിക്കാം. ഗൂഗിള്‍ പിക്‌സല്‍ 4 മുതലുള്ള ഫോണുകള്‍ക്ക് ഇത് ലഭ്യമാക്കും. ഷഓമി 12 മുതലുള്ള ഫോണുകളിലും ഒപ്പോ ഫൈന്‍ഡ് എന്‍ തുടങ്ങിയ ഫോണുകളിലും ഇതു ലഭിക്കും.

ടെക് കമ്പനികള്‍ക്ക് മൂക്കുകയറിടണം എന്നു കരുതുന്ന അമേരിക്കക്കാരുടെ എണ്ണം കുറഞ്ഞു

ടെക്‌നോളജി കമ്പനികളെ സർക്കാർ നിയന്ത്രിക്കണം എന്നു കരുതുന്ന അമേരിക്കക്കാരുടെ എണ്ണം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. പ്യൂ സര്‍വേയാണ് ഇതു കണ്ടെത്തിയിരിക്കുന്നതെന്ന് എന്‍ഗ്യാജറ്റ് പറയുന്നു. കഴിഞ്ഞ വര്‍ഷം സര്‍വെയില്‍ പങ്കെടുത്ത 56 ശതമാനം അമേരിക്കക്കാരും പറഞ്ഞത് ടെക് കമ്പനികളെ നിയന്ത്രിക്കണം എന്നായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഈ ആവശ്യം ഉന്നയിക്കുന്നവരുടെ എണ്ണം 44  ശതമാനം കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.

ബൈഡനും ബെസോസും ട്വിറ്ററില്‍ ഏറ്റുമുട്ടി

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും ട്വിറ്ററില്‍ ഏറ്റുമുട്ടി. നാണയപ്പെരുപ്പം നിയന്ത്രിക്കാനായി ഏറ്റവും കാശുണ്ടാക്കുന്ന കോര്‍പറേറ്റ് കമ്പനികള്‍ക്ക് അധികം നികുതി ചുമത്തണം എന്ന ബൈഡന്റെ ട്വീറ്റാണ് ബെസോസിനെ പ്രകോപിപ്പിച്ചത്. ബൈഡന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ബെസോസ് കുറിച്ചത്.

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA