ADVERTISEMENT

ലോകത്ത് ഇന്നുവരെ പുറത്തു വന്നതിൽവച്ച് ഏറ്റവും വലിയ ഡേറ്റാ വിശ്വാസവഞ്ചനയാണ് ഗൂഗിള്‍ നടത്തിയതെന്ന് ഐറിഷ് കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (ഐസിസിഎല്‍) ആരോപിച്ചതായി ടെക് ക്രഞ്ച് റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ഡേറ്റ ശേഖരിച്ച് വിശകലനം ചെയ്യുന്നുവെന്നും അതു മറ്റു കമ്പനികള്‍ക്കു കൈമാറുന്നുവെന്നുമാണ് ആരോപണം.

∙ ദിവസവും നിങ്ങള്‍ എവിടെയൊക്കെ പോകുന്നെന്നും അറിയുന്നു

വെബ്‌സൈറ്റുകളുടെയും ആപ്പുകളുടെയും മാത്രമല്ല, മൊത്തം ഇന്റര്‍നെറ്റിന്റെതന്നെ ‘പിന്നാമ്പുറ കാഴ്ച’യാണ് ഇപ്പോള്‍ ഐസിസിഎല്‍ തുറന്നുവച്ചിരിക്കുന്നത്. റിയല്‍-ടൈം ബിഡിങ്ങിനു (ആര്‍ടിബി-തത്സമയ ലേലംവിളി) വേണ്ടിയാണ് ഇതെല്ലാം ചെയ്തുകൂട്ടുന്നതെന്നാണ് കണ്ടെത്തല്‍. നിങ്ങള്‍ ഇന്റര്‍നെറ്റിലും പുറംലോകത്തും നടത്തുന്ന പ്രവർത്തനങ്ങളുടെയും യാത്രകളുടെയുമൊക്കെ മുഴുവൻ വിവരങ്ങളും ഗൂഗിളും മറ്റു കമ്പനികളും ശേഖരിക്കുന്നു എന്നാണ് ആരോപണം. നിങ്ങൾക്ക് ഇത് എത്രമാത്രം സ്വകാര്യമാണ് എന്നത് അവർക്കു പ്രശ്‌നമല്ല.

∙ തത്സമയ ഡേറ്റാ കൈമാറ്റവും

ഡേറ്റ ചോർത്തൽ മൂലം ഇന്നുവരെയുണ്ടായ സ്വകാര്യതാഭേദനങ്ങളുടെ ‘മാതാവ്’ എന്നാണ് പുതിയ കണ്ടെത്തലിനെ വിശേഷിപ്പിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ ഗൂഗിള്‍ വിവിധ കമ്പനികള്‍ക്കു നല്‍കുന്നു. ഇത് നിരന്തരം നടക്കുകയാണ്. അതുവഴി വിവിധ കമ്പനികള്‍ക്ക് നിങ്ങള്‍ ഏതു തരത്തിലുളള ആളാണെന്ന് രേഖപ്പെടുത്തി സൂക്ഷിക്കാന്‍ (പ്രൊഫൈലിങ്) സാധിക്കുന്നു.

∙ ഈ കണക്കുകള്‍ ഞെട്ടിക്കും

ആര്‍ടിബിയാണ് ഇന്നേവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ ഡേറ്റാ സ്വകാര്യതാ ലംഘനം. ആളുകള്‍ ഓണ്‍ലൈനില്‍ എന്തു കാണുന്നു എന്നും അവര്‍ എവിടെയൊക്കെ പോകുന്നു എന്നും തത്സമയം രേഖപ്പെടുത്തുന്നു. ഇത് അമേരിക്കയില്‍ ദിവസവും 294 ബില്യന്‍ തവണയാണെന്നും യൂറോപ്പില്‍ 197 ബില്യൻ തവണയാണെന്നും ഐസിസിഎലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഡേറ്റ ലോകമെമ്പാടുമുള്ള കമ്പനികള്‍ക്ക് വിതരണം ചെയ്യുന്നു. ഇത് ചൈനയിലെയും റഷ്യയിലേയും കമ്പനികൾക്കു പോലും ലഭിക്കുന്നു. ഈ ഡേറ്റ ഏതുവിധത്തിലാണ് പിന്നീട് ഉപയോഗക്കപ്പെടുന്നത് എന്നതില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

∙ ആര്‍ടിബി വഴി വാരിയത് 117 ബില്യനിലേറെ

അമേരിക്കയിലും യൂറോപ്പിലുംനിന്ന് ആര്‍ടിബി വഴി 2021ല്‍ മാത്രം വാരിക്കൂട്ടിയത് 117 ബില്യന്‍ ഡോളറിലേറെയാണെന്നാണ് കണ്ടെത്തല്‍. ഇതിനായി ഒരു അമേരിക്കക്കാരനെ ഒരു ദിവസം ശരാശരി 747 തവണ ട്രാക്ക് ചെയ്യുന്നു. യൂറോപ്പിലുള്ളവരുടെ ഡേറ്റ പ്രതിദിനം 376 തവണയാണ് ശേഖരിക്കുന്നത്. ഇതില്‍ അയാള്‍ ഇന്റര്‍നെറ്റില്‍ എന്തു ചെയ്തുവെന്നും എവിടെയെല്ലാം പോയി എന്നുമുള്ള വിവരങ്ങളും ഉള്‍പ്പെടും. ഒരു വര്‍ഷം അമേരിക്കയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഡേറ്റ 107 ട്രില്യന്‍ തവണ ശേഖരിക്കുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നു. ഇത് യൂറോപ്പില്‍ 71 ട്രില്യന്‍ തവണ ആണ്.

∙ ആമസോണും ഫെയ്‌സ്ബുക്കും ശേഖരിക്കുന്നത് ഇതിനു പുറമെ

ഇപ്പോള്‍ പുറത്തുവിട്ടത് ഗൂഗിളിന്റെ മാത്രം കണക്കുകളാണ്. ഫെയ്‌സ്ബുക്കും ആമസോണും അടക്കമുള്ള കമ്പനികളും ഇങ്ങനെ ആര്‍ടിബി ഡേറ്റ ചോർത്തുന്നുണ്ട്. അത് മുകളില്‍ പറഞ്ഞ ഡേറ്റയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഗിള്‍ ശേഖരിക്കുന്ന ഡേറ്റ അവര്‍ 4,698 കമ്പനികള്‍ക്ക് കൈമാറുന്നു. മൈക്രോസോഫ്റ്റ് ആകട്ടെ 1,647 കമ്പനികള്‍ക്കും കൈമാറുന്നു. ലോകത്തെ ഏറ്റവും വലിയ ആര്‍ടിബി കമ്പനി ഗൂഗിളാണ്.

∙ ഇതില്‍ എന്താണ് കുഴപ്പം?

പ്രത്യക്ഷത്തില്‍ ഈ ഡേറ്റാ ശേഖരണം വഴി ഗൂഗിളും മറ്റും കാശുണ്ടാക്കുന്നു എന്നതു മാത്രമാണ് നടക്കുന്നത്. എന്നാല്‍, ഇങ്ങനെ പുറത്തുവിടുന്ന സ്വകാര്യ വിവരങ്ങള്‍ വീണ്ടും കൈമറിയാം. ഇവ ആളുകളെ തിരിച്ചറിയാന്‍ ഉപയോഗിച്ചു തുടങ്ങാം. പ്രത്യേകിച്ചും സ്ത്രീകളെയും മറ്റും. ഒരാളുടെ രോഗങ്ങളും ശീലങ്ങളും ഒക്കെ ലോകമെമ്പാടുമുള്ള കമ്പനികള്‍ക്ക് അറിയാമെന്നതു കൂടാതെ അവ എക്കാലത്തേക്കുമായി സൂക്ഷിച്ചു വയ്ക്കപ്പെടുകയും ചെയ്‌തേക്കാം. വരുംകാലത്ത് ഡേറ്റയാണ് ഏറ്റവും അമൂല്യമെന്നാണ് പറയുന്നത്. വെബ്‌സൈറ്റുകള്‍ക്ക് ലഭിക്കുന്ന പല പരസ്യങ്ങളും ഇത്തരത്തിലുള്ള ആര്‍ടിബി ലേലം വഴി ലഭിക്കുന്നവയാണ്. പരസ്യത്തിനായി ആര്‍ടിബി വഴി അമേരിക്കയിലും യൂറോപ്പിലും 100 ബില്യന്‍ ഡോളറാണ് ചെലവിടുന്നത്. അപ്പോള്‍ ഈ രീതി മാറില്ല എന്നു പറയുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാണല്ലോ. ഗൂഗിളും മൈക്രോസോഫ്റ്റും പുതിയ ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

∙ ഇന്ത്യയിലും ഇതു നടക്കുമോ?

ഗൂഗിള്‍ തുടങ്ങിയ വെബ്‌സൈറ്റുകളുടെ ഡിഎന്‍എയില്‍ത്തന്നെ ഇത് ഉണ്ടെന്നാണ് പറയുന്നത്. ഇത് എല്ലാ രാജ്യങ്ങളിലും ഒരു പോലെയായിരിക്കണം പ്രവര്‍ത്തിക്കുന്നത്.

∙ പ്രതിവിധിയുണ്ടോ?

നമ്മള്‍ ചെയ്ത കാര്യങ്ങള്‍ നമ്മള്‍ മറന്നാലും കമ്പനികൾക്ക് അറിയാം എന്നതും ഭാവിതലമുറയ്ക്കു പോലും അതു പരിശോധിക്കാം എന്നതും ചിലര്‍ക്കെങ്കിലും വിഷമമുണ്ടാക്കുന്ന കാര്യമാണ്. അത്തരത്തിലൊരാളാണോ നിങ്ങള്‍? ഇവിടെയാണ് മോസില ഫയര്‍ഫോക്‌സ് പോലെയൊരു ബ്രൗസറിന്റെയും ലിനക്‌സ് പോലെയുള്ള സോഫ്റ്റ്‌വെയറിന്റെയും പ്രസക്തി. ദുര്‍ലഭമാണെങ്കിലും ലിനക്‌സ്-കേന്ദ്രീകൃത സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കുന്നതും സദാ ട്രാക്ക് ചെയ്യാതിരിക്കുന്നതിന് പ്രയോജനപ്രദമായിരിക്കും. സേര്‍ച്ചില്‍ ഗൂഗിളിനെ ഒഴിവാക്കി ഡക്ഡക്‌ഗോ (ഡിഡിജി) പോലെയുള്ള സേവനം ഉപയോഗിക്കുക. ഡിഡിജി സേര്‍ച്ചില്‍ കിട്ടാത്തതു മാത്രം ഗൂഗിള്‍ ഉപയോഗിച്ച് ആരായുക. തുടര്‍ന്ന് കുക്കീസും ക്യാഷെയും ക്ലിയര്‍ ചെയ്യുക. ഗ്യാരന്റി പോയേക്കാമെങ്കിലും ആന്‍ഡ്രോയ്ഡ് ഫോണുകള്‍ റൂട്ട് ചെയ്യുന്നത് ഗൂഗിളിനെ പിഴുതു കളയാന്‍ അനുവദിക്കും. എന്നാല്‍, ചിലപ്പോള്‍ വാറന്റി ലഭിക്കാതിരിക്കുകയോ വൈറസ് കയറുകയോ ചെയ്‌തേക്കാം.

Apple-office-

∙ ആപ്പിള്‍

ഐഫോണുകള്‍ തുറന്നിടുന്നത് മികച്ച സാധ്യതകളാണ്. നിങ്ങളുടെ ഫോണില്‍, ടാബില്‍, കംപ്യൂട്ടറില്‍ ഒക്കെ നടക്കുന്നത് അവിടെ മാത്രമായിരിക്കും എന്നാണ് ആപ്പിള്‍ പറയുന്നത്. ആപ്പിളിന് ആര്‍ടിബി ബിസിനസും ഇല്ല. പക്ഷേ, തങ്ങളുടെ ഉപകരണങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ആപ്പിളിനു വേണമെങ്കില്‍ അതിസൂക്ഷ്മമായിത്തന്നെ അറിയാം. അവര്‍ അത് ഉപയോഗിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായിട്ടില്ല. സ്വകാര്യതാ പ്രേമികള്‍ക്ക് ആപ്പിള്‍ ഉപകരണങ്ങളും ഗൂഗിളിനെ ഒഴിവാക്കിയുള്ള സേര്‍ച്ചും ഒക്കെ പരിഗണിക്കാവുന്നതാണ്.

English Summary: Google-led internet giants behind 'biggest data breach ever recorded'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com