ഗൂഗിള്‍ മാപ്‌സിലും മാജിക്! ഡ്രോണ്‍ പോലെ നഗരങ്ങള്‍ക്കു മുകളില്‍ പാറിപ്പറക്കാം

google-map-view
SHARE

അവിശ്വസനീയമായ ചില പുതുമകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഗൂഗിള്‍ മാപ്‌സ് എന്ന് റിപ്പോര്‍ട്ട്. പുതിയ മാറ്റങ്ങളെക്കുറിച്ച് ഗൂഗിളിന്റെ ഐഒ ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ ചെറിയൊരു പരിചയപ്പെടുത്തല്‍ മാത്രമാണ് നടത്തിയിട്ടുള്ളത്. എങ്കിലും ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഫീച്ചറുകളുമായി എത്തുകയാണ് മാപ്‌സ്. മാറ്റങ്ങളില്‍ ഏറ്റവും പ്രധാനം സ്ഥലങ്ങളുടെ ത്രിമാന കാഴ്ച നൽകുന്ന ഇമേഴ്‌സിവ് വ്യൂ ആണെന്നു പറയുന്നു. ഇത് ലഭ്യമായ നഗരങ്ങൾക്കു മുകളിലൂടെ പറന്നെന്ന പോലെ കാഴ്ചകള്‍ കാണാം. ഇങ്ങനെ ചില കെട്ടിടങ്ങള്‍ക്കുള്ളിലേക്കു പോലും ചെല്ലാന്‍ പറ്റും. ഒരു ഹോട്ടലിന്റെ ഉൾഭാഗം വീട്ടിലോ വണ്ടിയിലോ ഇരുന്ന് പരിശോധിച്ചിട്ട് അങ്ങോട്ടു പോകാന്‍ വരെ സാധിക്കും! 

∙ അധികം വിവരങ്ങള്‍ ലഭ്യമല്ല

ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ മാപ്‌സിന്റെ ഫീച്ചറുകള്‍ പ്രദര്‍ശിപ്പിച്ച കൊച്ചു ക്ലിപ്പിന്റെ ഒടുവിലായി ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് ഇമേഴ്‌സിവ് വ്യൂ കാണിച്ചിരിക്കുന്നത്. ഇത് ചില വിഡിയോ ഗെയിമുകളില്‍ കാണുന്ന ഫീച്ചര്‍ പോലെയാണ് തോന്നുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'സിറ്റീസ്: സ്‌കൈലൈന്‍,' 'സിവിലൈസേഷന്‍ 6' തുടങ്ങിയ ഗെയിമുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇമേഴ്‌സിവ് വ്യൂ അവതരിപ്പിച്ചിരിക്കുന്നതെന്നു പറയുന്നു. പിച്ചൈ കാണിച്ച ഉദാഹരണത്തില്‍ ലണ്ടനിലെ ബിഗ് ബെന്‍ കാണിക്കുന്നു. തുടര്‍ന്ന് വെസ്റ്റ്മിനിസ്റ്റര്‍ ആബിക്കു ചുറ്റും പറന്നു നടന്നാലെന്നവണ്ണം നോക്കാം. ട്രേഡിങ് സമയം നോക്കാം. റോഡില്‍ എന്തുമാത്രം തിരക്കുണ്ടാകുമെന്നു പരിശോധിക്കാം. കാലാവസ്ഥ എങ്ങനെയിരിക്കുമെന്നും നോക്കാം. പറന്നു നോക്കിക്കഴിഞ്ഞ് റോഡിലെത്തി നടന്നു നോക്കുന്നതു പോലെ ഓരോ സ്ഥലവും പരിശോധിക്കാം. ഇതിനെല്ലാം മേമ്പൊടിയെന്ന പോലെ ആ സ്ഥലത്ത് ആ സമയത്തെ കാലാവസ്ഥയും ഒപ്പം ലഭിക്കും.

∙ കാതലായ മാറ്റമോ? ഇനി സിമ്യുലേഷന്റെ കാലമോ?

യഥാര്‍ഥ ലോകത്തിന്റെ ഒരു അനുകരണ മാതൃക അല്ലെങ്കില്‍ സിമ്യുലേഷനാണ് ഗൂഗിൾ അവതരിപ്പിക്കാനൊരുങ്ങുന്നതെന്നു കരുതുന്നവരും ഉണ്ട്. ഒരു സ്ഥലത്തിന്റെ കുറെയധികം ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു പകരം അതിന്റെ ഒരു സാങ്കല്‍പിക (virtual) പതിപ്പ് നിര്‍മിക്കാനുള്ള ശ്രമമാണിതെന്നും കരുതപ്പെടുന്നു. മൈക്രോസോഫ്റ്റിന്റെ പ്രസിദ്ധമായ ഫ്‌ളൈറ്റ് സിമ്യുലേറ്റര്‍ ഗെയിമിനെ അനുകരിക്കാനുള്ള ഒരു ശ്രമമാണെന്നും നിഗമനങ്ങളുണ്ട്. വേറിട്ടൊരു കാഴ്ചാനുഭവത്തിനായി 3ഡി മാപ്പിങ്, മെഷീന്‍ ലേണിങ് എന്നിവയുടെ പുതിയ സാങ്കേതിക മാറ്റങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും പിച്ചൈ പറഞ്ഞു. ഏരിയൽ, സ്ട്രീറ്റ് വ്യൂ ഫോട്ടോകള്‍ സംയോജിപ്പിച്ച് യാഥാര്‍ഥ്യത്തോട് വളരെയേറെ അടുത്തു നില്‍ക്കുന്ന ഒരു ലോകം സൃഷ്ടിക്കുകയാണ് ഗൂഗിള്‍ ചെയ്തിരിക്കുന്നത്.

∙ ഫ്‌ളൈറ്റ് സിമ്യുലേറ്റര്‍ ഗെയിമിനോടുള്ള സാദൃശ്യം കുറച്ചൊന്നുമല്ല

മൈക്രോസോഫ്റ്റിന്റെ ഫ്‌ളൈറ്റ് സിമ്യുലേറ്റര്‍ ഗെയിം പലരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒരു വിമാനലെന്നവണ്ണം പല സ്ഥലങ്ങളിലും കറങ്ങാന്‍ അനുവദിക്കുന്നതാണിത്. ഈ ഗെയിമിനോട് പുതിയ ഗൂഗിള്‍ മാപ്‌സിനുള്ള സാമ്യം കുറച്ചൊന്നുമല്ലെന്നു ചിലര്‍ കരുതുന്നു. ഗൂഗിള്‍ മാപ്‌സിന്റെ ഇമേഴ്‌സിവ് വ്യൂവിന്റെ അടിസ്ഥാനം തത്സമയ ഡേറ്റ പ്രയോജനപ്പെടുത്തുക എന്നതാണ്. ലൊസാഞ്ചൽസ്, ലണ്ടന്‍, ന്യൂയോര്‍ക്ക്, സാന്‍ ഫ്രാന്‍സിസ്‌കോ, ടോക്കിയോ തുടങ്ങിയ നഗരങ്ങളിലാണ് ഈ ഫീച്ചർ ആദ്യം എത്തുക. തുടര്‍ന്ന് ലോകത്തെ പല നഗരങ്ങളെയും ഉള്‍പ്പെടുത്തി പുതിയ മാപ്‌സ് എത്തും.

∙ മെറ്റാവേഴ്‌സും ?

ഗൂഗിള്‍ മാപ്‌സ് തുടങ്ങിയത് ദിശ കാട്ടാനുള്ള ഒരു ടൂളായിട്ടാണ്. ഇനി വെര്‍ച്വല്‍ ഇടങ്ങള്‍ പോലെ തോന്നിപ്പിക്കുന്ന സ്ഥലങ്ങളായിരിക്കാം ലഭിക്കുക. ഇതിന് മെറ്റാവേഴ്‌സ് സങ്കല്‍പത്തിന്റെ ഛായയുണ്ടെന്ന് ചില ടെക് നിരീക്ഷകർ പറയുന്നു. മെറ്റാവേഴ്‌സിനായി ലോകത്തിന്റെ ഒരു ഡിജിറ്റല്‍ പുനരാവിഷ്‌കാരവും ഒരു പക്ഷേ ഗൂഗിളിന്റെ സ്വപ്‌നങ്ങളുടെ ഭാഗമായിരിക്കാം. ഒരാളുടെ പ്രിയപ്പെട്ട ഹോട്ടലും ബാറും പാര്‍ക്കും ഒക്കെ എത്ര തിരക്കുള്ളതാണ് എന്നു പറയാനുള്ള മേല്‍പ്പാളികള്‍ ഒഴിവാക്കിയാല്‍ യഥാര്‍ഥ ലോകത്തെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഗൂഗിള്‍ എന്ന തോന്നലാണ് ഉണ്ടായിരിക്കുന്നത്. ഇത് ഒരേസമയം വശീകരണ സാമര്‍ഥ്യമുള്ളതും പേടിപ്പെടുത്തുന്നതും മുഷിപ്പനുമായേക്കാമെന്ന് നിരീക്ഷണങ്ങളുണ്ട്. അതായത് യഥാര്‍ഥ ലോകത്തെപ്പോലെ തന്നെ.

∙ കട തുറന്നോ എന്നു നോക്കിയിട്ട് വീട്ടില്‍ നിന്നിറങ്ങാം

നൂറു കോടിയിലേറെ ആളുകളെ വഴി കണ്ടുപിടിക്കാനും അന്വേഷണങ്ങള്‍ നടത്താനും സഹായിക്കുന്ന ഒന്നാണ് ഗൂഗിള്‍ മാപ്‌സ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നടത്തിയ ഗവേഷണങ്ങള്‍ മൂലം മികവു കൂടിയിട്ടുണ്ട് മാപ്‌സിനെന്ന് കമ്പനി പറയുന്നു. യഥാര്‍ഥ ലോകത്തെക്കുറിച്ചുള്ള ഉപയോഗപ്രദമായ വിവരങ്ങള്‍ നല്‍കാനുള്ള ശ്രമമാണിതെന്നും കമ്പനി പറയുന്നു.

കടകളും സ്ഥാപനങ്ങളും തുറന്നിട്ടുണ്ടോ എന്നും യാത്ര പോകാന്‍ ഒരുങ്ങുന്ന ബസില്‍ സീറ്റുണ്ടോ എന്നുമൊക്കെ നേരത്തെ പരിശോധിച്ചിട്ട് ഇറങ്ങാനാകുമെന്നതൊക്കെ മാറ്റങ്ങളാണ്. ഇന്ധനം അധികം കത്തിക്കാതെ എങ്ങനെ ഉദ്ദേശിച്ച സ്ഥലത്തെത്താം എന്നും മാപ്‌സ് പറഞ്ഞു തരും. നിങ്ങളുടെ അടുത്ത പ്രദേശത്തും ഇഷ്ടപ്പെട്ട ഹോട്ടലിലും പാര്‍ക്കുകളിലും എല്ലാം ഇപ്പോള്‍ എന്തു നടക്കുന്നുവെന്നും പരിശോധിക്കാം. ഗൂഗിള്‍ മാപ്‌സില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് ഓര്‍ത്ത് ആവേശത്തോടെ കാത്തിരിക്കാന്‍ മറ്റൊരു കാരണവും ഉണ്ടെന്ന് ഗൂഗിള്‍ പറയുന്നു - അത് മിക്കവാറും എല്ലാ ഫോണിലും അത്തരം മറ്റ് ഉപകരണങ്ങളിലും പ്രവര്‍ത്തിക്കും!

English Summary: google maps launches lifelike city navigation with ‘immersive view

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA