ഐഫോണില്‍ ചാര്‍ജ് ദീര്‍ഘിപ്പിക്കാന്‍ കളര്‍ ഇപിഡി? കാലറി ട്രാക്കിങ്ങില്‍ ആപ്പിള്‍ വാച്ച് മോശമോ?

color-epd
SHARE

ഉപകരണങ്ങളില്‍ ബാറ്ററി ലൈഫ് പല മടങ്ങ് വര്‍ധിപ്പിക്കാവുന്ന കളര്‍ ഇലക്ട്രോണിക് പേപ്പര്‍ ഡിസ്‌പ്ലേ (ഇപിഡി) ടെക്‌നോളജി ആപ്പിള്‍ കമ്പനി പരീക്ഷിച്ചു തുടങ്ങി. ഭാവിയില്‍ ഇറക്കിയേക്കാവുന്ന ഐപാഡുകള്‍ക്കും മടക്കാവുന്ന ഐഫോണിലും പുറത്തെ ഡിസ്‌പ്ലേ ആയിട്ടായിരിക്കും ഇത് പ്രയോജനപ്പെടുത്തുക എന്ന് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ വാദിക്കുന്നു. (അടുത്തിടെയായി കുവോയുടെ പ്രവചനങ്ങള്‍ പലതും പാളിയെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.) ഇ ഇങ്ക് (E Ink) കമ്പനിയുടെ ഇപിഡിയാണ് ആപ്പിള്‍ പരീക്ഷിക്കുന്നത്.

പൊതുവേ ഉപയോഗിക്കപ്പെടുന്ന ഇപിഡി ബ്ലാക് ആന്‍ഡ് വൈറ്റാണ്. ഇബുക്ക് റീഡറുകളിലും മറ്റും ഉപയോഗിക്കുന്ന ഇവയ്ക്ക് മികച്ച ബാറ്ററി ലൈഫ് ആണ്. ആപ്പിള്‍ പരീക്ഷിക്കുന്നത് കളര്‍ ഇപിഡിയാണ്. ഇവയ്ക്കും മികച്ച ബാറ്ററി ലൈഫ് ലഭിക്കും. ഐഫോണുകളിലും ഐപാഡുകളിലും പിടിപ്പിക്കാനുള്ള മികവ് ഇവയ്ക്ക് ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഫോള്‍ഡബിൾ ഫോണ്‍, ടാബ് ഉപകരണങ്ങളുടെ ബാറ്ററി ലൈഫിന് വലിയ മാറ്റമായിരിക്കും വരിക എന്നും മറ്റു കമ്പനികളും ഇത് ഏറ്റെടുത്തേക്കുമെന്നും കരുതുന്നു.

∙ എന്താണ് ഇപിഡി?

സാധാരണ പേപ്പറില്‍ മഷി പുരണ്ടുവന്നാല്‍ കിട്ടുന്ന അനുഭവം ഇലക്ട്രോണിക്കായി പുനഃസൃഷ്ടിക്കാനുള്ള ശ്രമമാണ് ഇലക്ട്രോണിക് പേപ്പര്‍ ഡിസ്‌പ്ലേ. ഇപ്പോള്‍ ഫോണുകളിലും മറ്റും പ്രയോജനപ്പെടുത്തുന്ന, പ്രകാശം പുറത്തുവിട്ടുകൊണ്ടിരിക്കുന്ന, എല്‍സിഡി, ഓലെഡ് ഡിസ്‌പ്ലേകളെ പോലെയല്ലാതെ ഇപിഡി ചുറ്റുമുള്ള പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു. ഇവയ്ക്ക് മികച്ച ദൃഷ്ടികോണും ലഭിക്കുന്നു. ഇതിലെല്ലാം ഉപരി വളരെ കുറച്ച് ബാറ്ററി ഉപയോഗിച്ചാണ് ഇപിഡി പ്രവര്‍ത്തിക്കുന്നത് എന്നതാണ് ആകര്‍ഷകം.

∙ ഫോള്‍ഡബിൾ ഐഫോണ്‍ കാണാന്‍ കാത്തിരിക്കണമെന്ന്

ആദ്യ ഫോള്‍ഡബിൾ ഐഫോണ്‍ പുറത്തിറക്കാന്‍ നേരത്തേ പറഞ്ഞിരുന്നതിനേക്കാള്‍ കൂടുതൽ കാത്തിരിക്കേണ്ടിവന്നേക്കും എന്നാണ് കുവോ പറയുന്നത്. ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിൾ ഫോണിന് 9 ഇഞ്ച് സ്‌ക്രീനായിരിക്കും ഉണ്ടായിരിക്കുക എന്നും കുവോ പറയുന്നു. ഇത്തരം ഉപകരണങ്ങളുടെ അകത്തെ പ്രധാന സ്‌ക്രീന്‍ ഓലെഡ് ആയരിക്കും. എന്നാല്‍, നോട്ടിഫിക്കേഷന്‍, കോള്‍ മുതലായ കാര്യങ്ങള്‍ക്കു വേണ്ടി ആയിരിക്കും ഇപിഡി സ്‌ക്രീന്‍ പുറമെ ഉപയോഗിക്കാനുള്ള സാധ്യത ആപ്പിള്‍ ആരായുക. നേരത്തേ, 2024ല്‍ ആദ്യ ഫോള്‍ഡബിൾ ഐഫോണ്‍ ഇറങ്ങുമെന്നു പറഞ്ഞിരുന്ന കുവോ ഇപ്പോള്‍ പറയുന്നത് ഇതിനായി 2025 വരെ കാത്തിരിക്കണമെന്നാണ്.

അതേസമയം, ഫോള്‍ഡബിൾ ഫോണിനുള്ള നന്നേ നേര്‍ത്ത ഡിസ്‌പ്ലേ നിര്‍മിക്കാൻ കൊറിയന്‍ ഡിസ്‌പ്ലേ നിര്‍മാതാവായ എല്‍ജിയുമായി ആപ്പിള്‍ കരാറിലെത്തിക്കഴിഞ്ഞിരിക്കാമെന്ന് കൊറിയന്‍ മാധ്യമമായ ദി എലക് റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ പുതിയ ഡിസ്‌പ്ലേ, മാക്ബുക്കുകളിലും ഉപയോഗിച്ചേക്കാമെന്ന് മറ്റൊരു വിശകലന വിദഗ്ധനായ റോസ് യങും പ്രവചിക്കുന്നു.

∙ ആപ്പിള്‍ വാച്ച് സീരീസ് 6 ന്റെ കാലറി ട്രാക്കിങ് മികച്ചതല്ലെന്ന്

ആപ്പിള്‍ ഉപകരണങ്ങളില്‍ നല്‍കുന്ന ഫീച്ചറുകളില്‍ പലതും മികച്ച പ്രകടനം നല്‍കുന്നു എന്നതാണ് ഉപയോക്താക്കള്‍ക്ക് അവയോട് പ്രിയം തോന്നാനുള്ള കാരണങ്ങളിലൊന്ന്. എന്നാല്‍, ഇപ്പോള്‍ വില്‍പനയിലുള്ള ആപ്പിള്‍ വാച്ച് സീരീസ് 6ന്റെ ഫീച്ചറുകളലൊന്നായ കാലറി ട്രാക്കിങ് അത്ര മികച്ചതല്ലെന്ന് റിപ്പോര്‍ട്ട്. മോണ്‍ട്രിയല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലിന് അടിസ്ഥാനം.

∙ ഫിറ്റ്ബിറ്റ് സെന്‍സും മോശം

ആപ്പിള്‍ വാച്ച് 6 മാത്രമല്ല, എനര്‍ജി എക്‌സ്പന്‍ഡിചറിന്റെ കാര്യത്തില്‍ ഫിറ്റ്ബിറ്റ് സെന്‍സ്, പോളാര്‍ വാന്റെജ് വി എന്നീ മോഡലുകളും മോശം പ്രകടനമാണ് നടത്തിയതെന്ന് പറയുന്നു. ഈ മൂന്ന് ഉപകരണങ്ങളില്‍നിന്നു ലഭിക്കുന്ന ഡേറ്റ ആരോഗ്യ രംഗത്തെ പ്രഫഷനലുകള്‍ മുഖവിലയ്ക്ക് എടുക്കരുതെന്നാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്. അതേസമയം, ഹൃദയമിടിപ്പു പരിശോധനയില്‍ ആപ്പിള്‍ വാച്ച് മികച്ച പ്രകടനം നടത്തുന്നു എന്നും ഗവേഷകര്‍ നിരീക്ഷിക്കുന്നു.

∙ ആപ്പിള്‍ ഡിവൈസസിലെ സബ്‌സ്‌ക്രിപ്ഷന്‍ സ്വയം പുതുക്കും

ആപ്പിളിന്റെ സേവനങ്ങള്‍ക്കും ആപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ക്കും സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളവര്‍ ശ്രദ്ധിക്കുക: ഇപ്പോള്‍ സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ക്കുള്ള വില കൂട്ടിക്കഴിഞ്ഞാല്‍ ഉപയോക്താവിന് തീരുമാനിക്കാം തനിക്ക് അത് തുടരണമോ എന്ന്. എന്നാല്‍, പുതിയ മാറ്റംവഴി ഉപയോക്താവിന് അത്തരമൊരു തീരുമാനം എടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല. സബ്‌സ്‌ക്രിപ്ഷന്‍ സ്വയം പുതുക്കും. ഇങ്ങനെ ഓട്ടോ റിന്യൂവല്‍ ഫീച്ചര്‍ അവതരിപ്പിച്ചതായി കമ്പനി ആപ്പ് ഡവലപ്പര്‍മാരെയും അറിയിച്ചിട്ടുണ്ട്. പുതിയ ചാര്‍ജ് നിലവില്‍ വരികയും ഉപയോക്താവ് അതിലേക്ക് സ്വയം കടക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഇപ്പോള്‍ സേവനങ്ങള്‍ നിലയ്ക്കുന്നു. ഇത് ഒഴിവാക്കാനാണ് പുതിയ രീതി എന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.

∙ ഉപയോക്താവിന് നോട്ടിഫിക്കേഷന്‍

അതേസമയം, വില വര്‍ധന വര്‍ഷത്തിലൊന്ന് നടത്തുമ്പോള്‍ മാത്രമായിരിക്കും ഇതു ബാധകമാകുക. അതുപോലെ, പരമാവധി 5 ഡോളര്‍ വരെയോ, നല്‍കിവന്ന സബ്‌സ്‌ക്രിപ്ഷന്റെ 50 ശതമാനം വരെയോ വര്‍ധിപ്പിക്കുമ്പോള്‍ മാത്രമായിരിക്കും പുതിയ നിയമം ബാധകമാകുക എന്നും കമ്പനി പറയുന്നു. കൂടാതെ വില വര്‍ധനയെക്കുറിച്ച് ഉപയോക്താവിനെ ആപ്പിള്‍ മെയില്‍ വഴിയോ പുഷ് നോട്ടിഫിക്കേഷന്‍ വഴിയോ അറിയിക്കുകയും ചെയ്യും. അതിനാല്‍ സേവനം വേണ്ടന്നു വയ്‌ക്കേണ്ടവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള അവസരവും ഒരുങ്ങും.

∙ ഐഒഎസ്, ഐപാഡ് ഒസ്, മാക് ഒഎസ് എന്നിവയ്ക്ക് അപ്‌ഡേറ്റ്

ഐഒഎസ്, ഐപാഡ് ഒഎസ് എന്നിവയുടെ 15.5 അപ്‌ഡേറ്റ് ഇപ്പോള്‍ ലഭ്യമാണ്. മാക്ഒഎസ് 12.4 ഉം പുറത്തിറക്കിയിട്ടുണ്ടെന്ന് എക്‌സ്ഡിഎ ഡവലപ്പേഴ്‌സ് പറയുന്നു.

∙ വിലയിടിച്ച് ട്വിറ്റര്‍ വാങ്ങാനുള്ള ശ്രമം നടത്തിയേക്കാമെന്ന് മസ്‌ക്

സമൂഹ മാധ്യമമായ ട്വിറ്ററില്‍ 20 ശതമനത്തോളം വ്യാജ-സ്പാം അക്കൗണ്ടുകള്‍ കണ്ടേക്കാമെന്നു പറഞ്ഞ് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് രംഗത്തെത്തിയിരുന്നു. അതൊന്നുമില്ല, അങ്ങേയറ്റം 5 ശതമാനം വ്യാജ അക്കൗണ്ട് കണ്ടേക്കാമെന്നാണ് ട്വിറ്റര്‍ പ്രതികരിച്ചത്. എന്നാല്‍പ്പിന്നെ പൊതുജനസമക്ഷം അത് തെളിയിക്കാനാണ് മസ്‌ക് ആവശ്യപ്പെട്ടത്. ഈ വാദപ്രതിവാദങ്ങളുടെ അവസാനം മസ്‌ക് പറഞ്ഞത്, 20 ശതമാനം വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ ട്വിറ്ററിന് താന്‍ നല്‍കാമെന്നു പറഞ്ഞ 44 ബില്യന്‍ ഡോളര്‍ വില കുറച്ചു ചോദിക്കാനുള്ള സാധ്യതയുണ്ടെന്നാണ്.

∙ ട്വിറ്റര്‍ ഏറ്റെടുക്കലില്‍ മസ്‌കിന്റെ ചൈനാ ബന്ധം വിനയാകുമോ എന്ന്

മസ്‌കിന്റെ ടെസ്‌ലയുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രങ്ങളിലൊന്ന് ചൈനയാണ്. അതിനാല്‍ തന്നെ മസ്‌കിന് ചൈനയെ തള്ളിപ്പറയല്‍ എളുപ്പമാവില്ല. ചൈനയില്‍ ട്വിറ്റര്‍ നിരോധിച്ചിരിക്കുകയാണ്. അതേസമയം, ചൈനീസ് സർക്കാർ ആഗോള തലത്തിലുള്ള പ്രചാരണ പരിപാടികള്‍ക്ക് ട്വിറ്റര്‍ വ്യാപകമായി പ്രയോജനപ്പെടുത്തുന്നുമുണ്ട്. മസ്‌കിനെ സമ്മര്‍ദത്തിലാക്കി ചൈന ട്വിറ്റര്‍ ദുരുപയോഗം ചെയ്യുമോ എന്ന ഭീതി ചില കോണുകളില്‍നിന്ന് ഉയര്‍ന്നു തുടങ്ങി. അതിനുള്ള സാധ്യതയില്ലെന്നാണ് മസ്‌ക് പറയുന്നത്.

elon-musk-in-twitter

∙ ചോറുണ്ടിട്ട് പാത്രം പൊട്ടിക്കുന്ന പണി നിർത്തണമെന്ന് ചൈന

പക്ഷേ, ചൈനീസ് അധികാരികള്‍ അടുത്തിടെ പറഞ്ഞത്, ചൈനയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ചൈനീസ് ജനതയുടെ വികാരങ്ങള്‍ മാനിക്കണം എന്നാണ്. അത്തരം കമ്പനികള്‍ ‘ചൈനയുടെ ചോറ് ഉണ്ണുകയും അതിനു ശേഷം ചൈനീസ് പാത്രങ്ങള്‍ അടിച്ചു പൊട്ടിക്കുകയും’ ചെയ്യുന്ന രീതി അംഗീകരിക്കില്ലെന്നാണ് അവര്‍ പറയുന്നത്. ട്വിറ്റര്‍ ഏറ്റെടുക്കലിനുള്ള അന്തിമ അനുമതി നല്‍കുന്നതിനു മുൻപ് മസ്‌കിനെ ചൈന വരച്ചവരയില്‍ നിർത്തുമോ എന്ന കാര്യം പടിഞ്ഞാറന്‍ അധികൃതര്‍ പരിശോധിച്ചേക്കാം. ധാരാളം ഇളവുകള്‍ നല്‍കിയാണ് മസ്‌കിനെ ചൈന ആകര്‍ഷിച്ചത്.

English Summary: Apple ‘testing’ foldable with secondary E Ink display

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA