ഡേറ്റ 5 വര്‍ഷം സൂക്ഷിക്കണം, വിപിഎന്‍ കമ്പനികള്‍ക്ക് പറ്റില്ലെങ്കില്‍ ഇന്ത്യ വിടാം, പുതിയ നിയമങ്ങള്‍ നിലവില്‍ വരും

vpn-usage
SHARE

ലോക രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കടുത്തത് എന്ന വിശേഷണം ലഭിച്ച പുതിയ ഇന്റര്‍നെറ്റ് നിയമങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാരെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. പുതിയ സൈബര്‍ സുരക്ഷാ നിയമങ്ങള്‍ സമൂഹ മാധ്യമങ്ങള്‍, ടെക്‌നോളജി കമ്പനികള്‍, ക്ലൗഡ് സേവനദാതാക്കള്‍, വിപിഎന്‍ കമ്പനികള്‍ തുടങ്ങിയവര്‍ക്കെല്ലാം ബാധകമായിരിക്കും. ഇന്ത്യയുടെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്) ഏപ്രില്‍ 28ന് പുറപ്പെടുവിപ്പിച്ച പുതിയ നിയമങ്ങള്‍ പ്രകാരം എവിടെയെങ്കിലും ഡേറ്റാ നിയമ ലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ അത് ആറു മണിക്കൂറിനുള്ളില്‍ അറിയിക്കണമെന്നും ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ വിവരങ്ങളെല്ലാം അഞ്ചു വര്‍ഷത്തേക്കു സൂക്ഷിക്കണമെന്നും അനുശാസിക്കുന്നു.

∙ വിപിഎന്‍ സേവനദാതാക്കള്‍ വെട്ടില്‍

ആമസോണ്‍ പോലെയുള്ള ക്ലൗഡ് സേവനദാതാക്കളും വിപിഎന്‍ പ്രൊവൈഡര്‍മാരും ഇതോടെ വെട്ടിലായെന്നാണ് വാർത്ത. ഉപഭോക്താവിന്റെ പേര്, ഐപി അഡ്രസ് തുടങ്ങിയ വിവരങ്ങളെല്ലാം അഞ്ചു വര്‍ഷത്തേക്കു സൂക്ഷിക്കണം. ഒരു ഉപഭോക്താവ് കുറച്ചുകാലം വിപിഎന്‍ സേവനം ഉപയോഗിച്ചശേഷം നിർത്തിയെങ്കില്‍ പോലും അയാളുടെ ഇന്റര്‍നെറ്റ് സന്ദര്‍ശന വിവരങ്ങള്‍ സൂക്ഷിച്ചേ മതിയാവൂ. പുതിയ നിയമങ്ങള്‍ കമ്പനികള്‍ക്ക് കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറയുന്നത് തങ്ങളുടെ സേവനങ്ങള്‍ ആരാണ് ഉപയോഗിക്കുന്നതെന്ന് അറിഞ്ഞുവയ്ക്കാന്‍ കമ്പനികള്‍ക്കു ബാധ്യതയുണ്ടെന്നാണ്.

∙ ഇന്ത്യ-അമേരിക്ക ബന്ധം ഉലയുമോ?

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യ നടപ്പാക്കാന്‍ ഒരുങ്ങിയ ഐടി നിയമങ്ങള്‍ക്കെതിരെ വന്‍ ടെക്‌നോളജി കമ്പനികള്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. അതേസമയം, തങ്ങള്‍ ചോദിക്കുന്ന വിവരങ്ങള്‍ ടെക്‌നോളജി കമ്പനികള്‍ തന്നേ തീരൂ എന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണെന്നും കഴിഞ്ഞയാഴ്ച പല കമ്പനികളും രഹസ്യ യോഗം ചേര്‍ന്നിരുന്നു എന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമങ്ങള്‍ മരവിപ്പിക്കണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെടാനൊരുങ്ങുന്നത്. ഡേറ്റാ കുറ്റകൃത്യം ഉണ്ടായാല്‍ അറിയിക്കാന്‍ യൂറോപ്പില്‍ 72 മണിക്കൂര്‍ സമയം നല്‍കുന്നുവെന്നും അവര്‍ വാദിക്കുന്നു. എന്നാല്‍, കുറ്റകൃത്യങ്ങൾ അറിയിക്കാൻ ആറുമണിക്കൂർ സമയം നൽകുന്ന ഇന്ത്യ വലിയ ഔദാര്യമാണ് ചെയ്യുന്നതെന്നും ചില രാജ്യങ്ങളിലെ നിയമങ്ങള്‍ പ്രകാരം അപ്പോള്‍ത്തന്നെ റിപ്പോര്‍ട്ടു ചെയ്യണമെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

∙ പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയാല്‍ പ്രവര്‍ത്തനം നിർത്തുമെന്ന് കമ്പനികള്‍

ലോകത്തെ ഏറ്റവും വലിയ വിപിഎന്‍ സേവനദാതാക്കളില്‍ ഒന്നായ നോര്‍ഡ് പറഞ്ഞത് ഈ നിമയങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെന്നാണ്. മറ്റു പല കമ്പനികളും ഇതേ അഭിപ്രായം പറയുകയുണ്ടായി. വിപിഎന്‍ കമ്പനികള്‍ ഒരു തരത്തിലുമുള്ള ഡേറ്റയും ശേഖരിക്കാറില്ലെന്നാണ് വയ്പ്പ്. ഇങ്ങനെ ഡേറ്റ ശേഖരിച്ചുവയ്ക്കണമെങ്കില്‍ ധാരാളം സെര്‍വറുകളും മറ്റും ഒരുക്കുകയും വേണം. ഇതെല്ലാം അധികച്ചെലവുമാണ്. നിയമങ്ങള്‍ക്കെതിരെ സ്വകാര്യതയ്ക്കായി നിലകൊള്ളുന്നവരും രംഗത്തെത്തിയിരുന്നു.

∙ പറ്റില്ലെങ്കില്‍ പൊയ്‌ക്കോളാന്‍ മന്ത്രി

ജൂണ്‍ അവസാനത്തോടെ പുതിയ നിയമങ്ങള്‍ നിലവില്‍ വരും. ഈ നിയമങ്ങള്‍ അനുസരിക്കാന്‍ താത്പര്യമില്ലെങ്കില്‍ കമ്പനികൾക്കു പ്രവര്‍ത്തനം അവസാനിപ്പക്കാമെന്നാണ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.

∙ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഇളവ്

വിപിഎന്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ വിദേശ കമ്പനികളുടെ അടക്കം ഡേറ്റ പ്രോസസ് ചെയ്യുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പുതിയ നിയമത്തില്‍ ഇളവു നല്‍കുമെന്ന് ഐഎന്‍സി42.കോം റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം, ഇന്ത്യ ഒരു ഡേറ്റാ പരിപാലന നിയമം പോലും ഇല്ലാതെ ഇത്തരം കടുത്ത നിയമങ്ങള്‍ കൊണ്ടുവരുന്നതിനെതിരെ സുരക്ഷാ വിദഗ്ധര്‍ പ്രതികരിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

∙ ബ്രോഡ്ബാന്‍ഡ് സ്പീഡിന്റെ കാര്യത്തില്‍ ഇന്ത്യ നാലു സ്ഥാനം പിന്നോട്ട്

രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്കുകള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്ന ഈ വേളയിലും ബ്രോഡ്ബാന്‍ഡ് സ്പീഡിന്റെ കാര്യത്തില്‍ ഇന്ത്യ പിന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്ന് ഊക്‌ല റിപ്പോര്‍ട്ട്. ഏപ്രിലിലെ കണക്കു പ്രകാരം ഇന്ത്യ 72-ാം സ്ഥാനത്തു നിന്ന് 76-ാം സ്ഥാനത്തേക്കാണ് താഴ്ന്നത്. മാര്‍ച്ചില്‍ രാജ്യത്തെ ബ്രോഡ്ബാന്‍ഡ് സ്പീഡ് 48.15 എംബിപിഎസ് ആയിരുന്നെങ്കില്‍ ഏപ്രിലില്‍ അത് 48.09 എംബിപിഎസ് ആയി കുറഞ്ഞു.

∙ എന്താണ് ആമസോണിന്റെ ഡിജിറ്റല്‍ ദൂക്കാന്‍സ്?

ആമസോണും ഫ്‌ളിപ്കാര്‍ട്ടും കച്ചവടം കൊണ്ടുപോകുന്നു എന്നു മുറവിളി കൂട്ടുന്ന പ്രാദേശിക കച്ചവടക്കാര്‍ക്കായി പുതിയ നീക്കവുമായി ആമസോണ്‍ ഇന്ത്യ. കമ്പനിയുടെ ഏറ്റവും വലിയ വാര്‍ഷിക സമ്മേളനമായ ആമസോണ്‍ സംഭവ് വേദിയിലാണ് ഇത് പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാര്‍ട് കൊമേഴ്‌സ് എന്ന പേരിലാണ് ഇത് കൊണ്ടുവരുന്നത്. പ്രാദേശിക കടകളെ ഡിജിറ്റല്‍ ദൂക്കാന്‍സ് ('digital dukaans') ആയി പരിവര്‍ത്തനം ചെയ്യുക എന്നതാണ് ഉദ്ദേശ്യം.

പ്രദേശിക കടകള്‍ക്ക് ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി ഒരുക്കുകയാണ് ആമസോണ്‍. കടയില്‍ സാധനം വാങ്ങാന്‍ നേരിട്ടെത്തുന്നവര്‍ക്കും കടയുടമകള്‍ക്കും ഇത് ഉപയോഗപ്രദമായിരിക്കും. കടക്കാര്‍ക്ക് കടയിലുള്ള സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കാമെന്നതു കൂടാതെ, ആമസോണ്‍.ഇന്‍ വെബ്‌സൈറ്റിലുള്ള സാധനങ്ങളും ഡിജിറ്റല്‍ ദൂക്കാന്‍ വഴി വില്‍ക്കാന്‍ സാധിക്കുന്ന രീതിയിലാണ് പുതിയ മാറ്റങ്ങള്‍ വരിക.

∙ അഗ്രവാളിന്റെ അവകാശവാദം അധികൃതര്‍ പരിശോധിക്കണമെന്ന് മസ്‌ക്

സമൂഹ മാധ്യമ കമ്പനിയായ ട്വിറ്റര്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കും ട്വിറ്റര്‍ മേധാവി പരാഗ് അഗ്രവാളും തമ്മിലുള്ള അടി തുടരുകയാണ്. ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകളും സ്പാം അക്കൗണ്ടുകളും അഞ്ചു ശതമാനത്തില്‍ താഴെയേ ഉള്ളൂ എന്ന അഗ്രവാളിന്റെ അവകാശവാദം അമേരിക്കയുടെ സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ (സെക്) പരിശോധിക്കണം എന്നാണ് മസ്‌ക് ആവശ്യപ്പെട്ടിരിക്കുന്നത്. മസ്ക് പറയുന്നത് ട്വിറ്ററില്‍ 20 ശതമാനത്തോളം അക്കൗണ്ടുകള്‍ കണ്ടേക്കുമെന്നാണ്. അദ്ദേഹം 44 ബില്യന്‍ ഡോളറാണ് ട്വിറ്ററിനു നല്‍കാമെന്നു പറഞ്ഞിരിക്കുന്ന വില. ഈ വില കുറയ്ക്കാനുള്ള തന്ത്രമായിരിക്കാം മസ്‌കിന്റേതെന്നു കരുതുന്നവരും ഉണ്ട്.

∙ ട്വിറ്റര്‍ വിറ്റൊഴിവാക്കണമെന്ന് ബോര്‍ഡ്

മസ്‌ക്-അഗ്രവാള്‍ അടിക്കിടയില്‍ ട്വിറ്റര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് 44 ബില്യന്‍ ഡോളറിന് ട്വിറ്റര്‍ മസ്‌കിന് വില്‍ക്കണമെന്നും അത് ഓഹരിയുടമകളുടെ താത്പര്യം സംരക്ഷിക്കുമെന്നും പ്രസ്താവന ഇറക്കി.

∙ മൂന്നു മുതിര്‍ന്ന ട്വിറ്റര്‍ ജോലിക്കാര്‍ കൂടി കമ്പനി വിട്ടു

മസ്‌ക് - അഗ്രവാൾ വാക്‌പോരിനിടയില്‍, മുതിര്‍ന്ന കൂടുതല്‍ ട്വിറ്റര്‍ ഉദ്യോഗസ്ഥര്‍ രാജിവച്ചു. ഇല്യാ ബ്രൗണ്‍, ക്യാട്രീന ലെയ്ന്‍, മാക്‌സ് സ്‌ക്‌മെയ്‌സര്‍ എന്നിവരാണ് രാജിവച്ചത്.

elon-musk-in-twitter

∙ വാട്‌സാപ് ഗ്രൂപ്പില്‍ മുൻപ് ഉണ്ടായിരുന്നവരെ കാണാനുള്ള ഫീച്ചറും

വാട്‌സാപ് ഗ്രൂപ്പുകളില്‍നിന്ന് അഡ്മിനുകള്‍ ഒഴികെയുള്ളവര്‍ അറിയാതെ അംഗങ്ങൾക്ക് ഇറങ്ങിപ്പോകാമെന്നുള്ള ഫീച്ചര്‍ വരുന്നു എന്ന വാര്‍ത്തയ്ക്കു പിന്നാലെ അതിന്റെ വിപരീത ഫലം ഉളവാക്കുന്ന നീക്കവും വരുന്നുവെന്ന് റിപ്പോര്‍ട്ട്. ആപ്പിന്റെ 2.22.12.4 പതിപ്പില്‍ ഒരു ഗ്രൂപ്പില്‍ നേരത്തേ ഉണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് കമ്പനിയെന്ന് വാബീറ്റാഇന്‍ഫോ റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ വിവരം അഡ്മിനുകള്‍ക്കു മാത്രമല്ല എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും കാണാനാകും.

English Summary: Follow rules or exit the country, minister tells VPN service providers

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA