ഇന്ത്യയിലെ ആദ്യ 5ജി വിഡിയോ കോൾ ചെയ്തത് കേന്ദ്രമന്ത്രി, വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

5g-video-call
SHARE

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നെറ്റ്‌വർക് സംവിധാനം ഉപയോഗിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇന്ത്യയിലെ ആദ്യ 5ജി ഓഡിയോ, വിഡിയോ കോളുകൾ ചെയ്തു. ഐഐടി മദ്രാസാണ് നെറ്റ്‌വർക് വികസിപ്പിച്ചത്. രാജ്യത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിടുന്നതാണ് 5ജിയുടെ വരവ്. 

ആത്മനിർഭർ പദ്ധതിയുടെ നിർണായക ചുവടുകളിലൊന്നാണിതെന്നും സൈബർ സുരക്ഷ ഉറപ്പാക്കാൻ തദ്ദേശീയ 4ജി, 5ജി സാങ്കേതികവിദ്യകൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. വിഡിയോ കോൾ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിന്റെ ഇന്ത്യൻ ബദലായ ‘കൂ’ വിൽ അദ്ദേഹം പോസ്റ്റ് ചെയ്തു. സ്റ്റാർട്ടപ്പുകൾക്കും മറ്റ് വ്യവസായങ്ങൾക്കും 5ജി ഉപകരണങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിക്കാൻ ആവശ്യമായ 5ജി ടെസ്റ്റ്-ബെഡ് കഴിഞ്ഞ ദിവസമാണു പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.

മദ്രാസിലെ ഐഐടിയിൽ നടന്ന ചടങ്ങിലാണ് ഇന്ത്യ ആദ്യമായി 5ജി കോൾ പരീക്ഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ആദ്യത്തെ 5ജി ടെസ്റ്റ്–ബെഡ് ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. 5ജി നെറ്റ്‌വർക്കിൽ വിഡിയോ കോൾ ചെയ്യുന്ന വൈഷ്ണവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. ഒരേ മുറിയിലുള്ള ഒരു 5ജി ഉപയോക്താവിനെയാണ് കോൾ ചെയ്‌തിരിക്കുന്നത്. ഒരേ 5ജി നെറ്റ്‌വർക്കിന് കീഴിലായിരുന്നു ഇരുവരും.

പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമാണ് ഇത്. നമ്മുടെ സ്വന്തം 4ജി, 5ജി ടെക്‌നോളജി സംവിധാനം ഇന്ത്യയിൽ വികസിപ്പിച്ചെടുത്തതും നിർമിച്ചതുമാണ്. ഇത് ലോകത്തിനു കൂടി വേണ്ടി നിർമിച്ചതാണ് എന്നതാണ് മോദിയുടെ കാഴ്ചപ്പാട്. ഈ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് നമുക്ക് ലോകം കീഴടക്കാമെന്നും ചടങ്ങിൽ വൈഷ്ണവ് പറഞ്ഞു.

∙ ഇന്ത്യയിൽ എപ്പോഴാണ് 5ജി നിലവിൽ വരിക?

ഏകദേശം അഞ്ച് വർഷമായി ലോകമെമ്പാടും 5ജി വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലും ഉടൻ തന്നെ 5ജി ആരംഭിക്കും. ഇതുവരെ 5ജി സ്പെക്ട്രം ലേലം നടന്നിട്ടില്ല. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതികൾ സമയത്തിനു നടക്കുകയാണെങ്കില്‍ ഈ വർഷം അവസാനത്തോടെ തന്നെ 5ജി സേവനങ്ങൾ അവതരിപ്പിക്കും. ടെലികോം കമ്പനികളും മറ്റ് പ്രധാന ഒഇഎമ്മുകളും 5ജി നെറ്റ്‌വർക്ക് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

∙ 5ജി വോയ്‌സ്, വിഡിയോ കോളുകൾ വന്നാൽ നേട്ടമെന്ത്?

ടെലികോം നെറ്റ്‌വർക്കുകളുടെ അഞ്ചാം തലമുറയാണ് 5ജി നെറ്റ്‌വർക്ക്. 4ജിയേക്കാൾ 100 മടങ്ങ് വേഗമുണ്ടെന്ന് അവകാശവാദങ്ങളുണ്ട്. വേഗത്തിനു പുറമേ, ഐഒടി സെഗ്‌മെന്റിലെ ഉപയോഗത്തിനായി ഇത് വളരെ കുറഞ്ഞ ലേറ്റൻസിയും വലിയ ബാൻഡ്‌വിഡ്ത്തും വാഗ്ദാനം ചെയ്യും. ഇ-ഹെൽത്ത്, കണക്റ്റുചെയ്‌ത വാഹനങ്ങൾ, ട്രാഫിക് സംവിധാനങ്ങൾ, വിപുലമായ മൊബൈൽ ക്ലൗഡ് ഗെയിമിങ് തുടങ്ങിയ സേവനങ്ങളെ പിന്തുണയ്ക്കാൻ ഇതിന് കഴിയും.

കോൾ ഗുണനിലവാരവും കണക്റ്റിവിറ്റിയും പോലുള്ള അടിസ്ഥാന സംവിധാനങ്ങളെ സംബന്ധിച്ച് 5ജി കൂടുതൽ സ്ഥിരതയുള്ള അനുഭവം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 5ജി നെറ്റ്‌വർക്കിൽ വോയ്‌സ്, വിഡിയോ നിലവാരം ഗണ്യമായി മെച്ചപ്പെടും.

∙ ഗെയിമിങ്ങിൽ 5ജി സ്വാധീനം

5ജി നെറ്റ്‌വർക്ക് വരുന്നതോടെ ഓൺലൈൻ ഗെയിമിങ്ങിന് വൻ നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നു. 5ജിയുടെ ലേറ്റൻസി 20 മില്ലിസെക്കൻഡിൽ നിന്ന് 5 മില്ലിസെക്കൻഡായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. ഇതിനർഥം സുഗമവും കൂടുതൽ മികവാർന്ന സംവിധാനങ്ങളോടെ ഓൺലൈനിൽ ഗെയിം കളിക്കാമെന്നാണ്. വിലയേറിയ ഹാർഡ്‌വെയർ സ്വന്തമാക്കാതെ തന്നെ ഗെയിമർമാർക്ക് ക്ലൗഡ്, മൊബൈൽ കംപ്യൂട്ടിങ് ഉപയോഗിക്കാൻ കഴിയും. വെർച്വൽ റിയാലിറ്റി (വിആർ), ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ), എക്സ്റ്റെൻഡഡ് റിയാലിറ്റി (എക്സ്ആർ) എന്നിവയുടെ യഥാർഥ സാധ്യതകളും ഗെയിമർമാർക്ക് ഉപയോഗപ്പെടുത്താനാകും.

English Summary: India makes its first 5G call: Here's how 5G will impact your life

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA