സ്മാര്‍ട് ഫോണിനപ്പുറം എന്തെന്നു ചിന്തിക്കുന്നവര്‍ക്കുള്ള ഉത്തരമായിരിക്കുമോ ഇനി വരുന്നത്? കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പറഞ്ഞു കേട്ടിരുന്ന എആര്‍/വിആര്‍ ഹെഡ്‌സെറ്റ് ആപ്പിള്‍ അടുത്ത വര്‍ഷം അവതരിപ്പിച്ചേക്കും. ഹെഡ്‌സെറ്റിന് 14 ക്യാമറകള്‍ ഉണ്ടായിരിക്കുമെന്നും അത് ഉപയോഗിക്കുന്ന വ്യക്തിയുടെ തനിസ്വരൂപം (അവതാര്‍) വെര്‍ച്വലായി, അതേപടി പുനഃസൃഷ്ടിക്കാന്‍ കെല്‍പ്പുള്ളതായിരിക്കുമെന്നും ദി ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ ക്യാമറയും ഉപയോക്താവിന്റെ മുഖം സൂക്ഷ്മമായി ട്രാക്ക് ചെയ്ത് യഥാര്‍ഥ മുഖഭാവും ചുണ്ടിന്റെ ചലനങ്ങളും പിടിച്ചെടുത്ത് ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്വരൂപമായി മറുതലയ്ക്കലുള്ള ആള്‍ക്ക് അയയ്ക്കുമെന്നാണ് കരുതുന്നത്.
∙ ഐഫോണ്‍ ഡിസൈനര്‍ ജോണി ഐവിന്റെ ഉപദേശം തേടി ആപ്പിള്‍
ഐഫോണ്‍ നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിച്ചത് സ്റ്റീവ് ജോബ്‌സ് ആയിരുന്നെങ്കിലും അതടക്കമുള്ള നിരവധി ആപ്പിള്‍ ഉപകരണങ്ങളുടെ രൂപകല്‍പനയ്ക്കു പിന്നിലെ ‘മാസ്റ്റര്‍മൈന്‍ഡ്’ ബ്രിട്ടിഷുകാരനായ സര്‍ ജോനാതന്‍ പോള്‍ ഐവ് അല്ലെങ്കില്‍ ജോണി ഐവ് ആയിരുന്നു. ആപ്പിള്‍ കമ്പനിയെ 1990 കളുടെ അവസാനം ആസന്ന മരണത്തില്‍നിന്ന് രക്ഷിച്ചത് അദ്ദേഹം ഡിസൈന്‍ ചെയ്ത ഐമാക്, ഐപോഡ് തുടങ്ങിയ ഉപകരണങ്ങളായിരുന്നു. തുടര്‍ന്ന് ഐഫോണ്‍, മാക്ബുക്ക് എയര്‍, ഐപാഡ്, ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ് എന്നിവയും അദ്ദേഹത്തിന്റെ ഭാവനയില്‍ വിരിഞ്ഞവയാണ്. കമ്പനിക്കായി 27 വര്‍ഷത്തെ സേവനത്തിനു ശേഷം ഐവ് 2019 ല്‍ ആപ്പിളില്‍നിന്ന് രാജിവച്ച് സ്വന്തം കമ്പനിയായ ലൗഫ്രം (LoveFrom) സാന്‍ഫ്രാന്‍സിസ്കോയില്‍ ആരംഭിച്ചു.
അദ്ദേഹത്തിന്റെ യാത്രയയപ്പു ചടങ്ങിൽ ഇപ്പോഴത്തെ ആപ്പിള്‍ മേധാവി ഐവിന്റെ പരിശ്രമങ്ങളെ വാനോളം പുകഴ്ത്തുകയുമുണ്ടായി. പുതിയ എആര്‍/വിആര്‍ ഹെഡ്‌സെറ്റിന്റെ നിര്‍മാണത്തിലും ആപ്പിള്‍ ഐവിന്റെ അഭിപ്രായം നിരന്തരം ആരായുന്നുണ്ടെന്നാണ് ദി ഇന്‍ഫര്‍മേഷന്‍ പറയുന്നത്. എക്‌സ്റ്റേണല്‍ കണ്‍സൽറ്റന്റ് എന്ന റോളിലാണ് ഐവ് സഹകരിക്കുന്നത്. ഹെഡ്‌സെറ്റ് വിഭാഗത്തിലെ ചില ജോലിക്കാര്‍ ആപ്പിളിന്റെ ആസ്ഥാനമായ കുപ്പര്‍ട്ടീനോയില്‍നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പോകുന്നതായി തങ്ങള്‍ക്കറിയാമെന്ന് രണ്ടുപേരെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് പറയുന്നു.
∙ ഐവിനു താത്പര്യം ബാറ്ററിയുമായി കണക്ട് ചെയ്ത ഹെഡ്‌സെറ്റ്
ഇപ്പോള്‍ ഏറ്റവും മികച്ച അനുഭവം നല്‍കുന്ന മാജിക് ലീപ് കമ്പനിയുടെ ഹെഡ്‌സെറ്റ് പ്രവര്‍ത്തിപ്പിക്കുന്നതു പോലെ ബാറ്ററിയുമായി കണ്ക്ട് ചെയ്തുള്ള ഉപകരണം എന്ന ആശയമാണ് ഐവിന്റെ മനസ്സില്‍. എന്നാല്‍, ആപ്പിളിന്റെ ഹെഡ്‌സെറ്റിന്റെ അന്തിമരൂപം ഇത്തരത്തിലായിരിക്കുമോ എന്ന് ഉറപ്പില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐവിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആപ്പിളിന്റെ ഡിസൈന്‍ ടീമിന് സംശയം വരുമ്പോഴൊക്കെ അദ്ദേഹത്തിന്റെ സഹായം തേടുന്നു എന്നാണ് റിപ്പോര്‍ട്ട്. ബാറ്ററി, ക്യാമറകള്‍ എവിടെ പിടിപ്പിക്കണം, മൊത്തം രൂപകല്‍പന എങ്ങനെയിരിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം ആപ്പിള്‍ ഐവിന്റെ സഹായം തേടി. അതേസമയം, ആപ്പിളിന്റെ ആദ്യ ഹെഡ്‌സെറ്റ് ഗെയിമിങ് താത്പര്യക്കാര്‍ക്കുള്ളതായിരിക്കില്ല എന്നും പറയുന്നു. ഇത് 2023ല്‍ പുറത്തിറങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
∙ മുഖം മാറുന്ന ടെക്‌നോളജി
മുഖ്യധാരാ ടെക്‌നോളജിയെ ഇന്റര്‍നെറ്റിന് അപ്പുറത്തേക്കു കൊണ്ടുപോകാനുള്ള പരിശ്രമം വര്‍ഷങ്ങളായി നടന്നു വരികയാണ്. ഇതിനായി ടെക്‌നോളജി കമ്പനികള്‍ പ്രതീക്ഷ പുലര്‍ത്തുന്ന മേഖലകളിലൊന്ന് എആര്‍/വിആര്‍ സാങ്കേതികവിദ്യയാണ്. യഥാര്‍ഥ ലോകം, സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്രിമമായി അസ്വാഭാവികത കുറച്ച് സൃഷ്ടിച്ച് അനുഭവിപ്പിക്കുക എന്നതടക്കമുള്ള സാധ്യതകളാണ് തുടക്കത്തില്‍ ആരായുന്നത്. വിദേശത്തിരിക്കുന്ന ആള്‍ അതേ രീതിയില്‍ നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടുക എന്നു പറയുന്നത് നിശ്ചയമായും മാറ്റം കൊണ്ടുവന്നേക്കും. (ഇതിനായി രണ്ടു രാജ്യങ്ങളിലും ഇരിക്കുന്നവര്‍ ഹെഡ്‌സെറ്റ് ധരിക്കേണ്ടിവരും).
മെറ്റാ (ഫെയ്‌സ്ബുക്) കൊണ്ടുവരാന്‍ ഒരുങ്ങുന്ന മെറ്റാവേഴ്‌സില്‍ ഇത്തരം കൃത്രിമ സ്ഥലങ്ങളും സൃഷ്ടിക്കാം. ഇവിടെ രണ്ടോ അതിലധികമോ പേര്‍ക്ക് എത്തി സംസാരിക്കാം, സല്ലപിക്കാം. (ഇപ്പോള്‍ സ്മാര്‍ട് ഫോണില്‍ നോക്കിയിരിക്കുന്നവരുടെ കണ്ണുകളെങ്കിലും കാണാം. ഇത്തരം ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നവര്‍ അവരുടെ വെര്‍ച്വല്‍ ഇടത്തേക്ക് പോകുമ്പോള്‍ എന്തു പറ്റുമെന്നുള്ളതൊക്കെ കണ്ടു തന്നെ അറിയാം.) ഇത്തരത്തിലുള്ള സാങ്കേതികവിദ്യ കാണുമ്പോള്‍ തുടക്കത്തിലുണ്ടാകാവുന്ന കൗതുകത്തിനപ്പുറം വിവിധ രാജ്യങ്ങളിലും മറ്റും ഇരിക്കുന്നവര്‍ അടുത്തിരുന്നാലെന്നവണ്ണം സഹകരിച്ചു ജോലികളിലേര്‍പ്പെടുക തുടങ്ങിയ കാര്യങ്ങള്‍ പ്രായോഗികമായ ഒരുപാടു ഗുണങ്ങള്‍ ലോകത്തിനു നല്‍കിയേക്കും.
∙ സ്‌നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1 പ്രോസസര്‍ പുറത്തിറക്കി
ഇതേ ശ്രേണിയിലെ തൊട്ടു മുന്നിലെ പ്രോസസറിനേക്കാൾ 10 ശതമാനം അധികം സിപിയു, ജിപിയു മികവുമായി ക്വാല്‍കം കമ്പനിയുടെ സ്‌നാപ്ഡ്രാഗണ്‍ ജെന്‍1 പ്ലസ് പ്രോസസര്‍ പുറത്തിറക്കി. എഐ പ്രകടനത്തില്‍ 20 ശതമാനത്തോളം മികവും പ്രതീക്ഷിക്കുന്നു. മുന്‍ വേരിയന്റുകളെ പോലെയല്ലാതെ, പ്രോസസര്‍ ചൂടാകുമ്പോള്‍ പ്രകടനമികവ് കുറയുന്ന പോരായ്മയും കുറയ്ക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ടെന്നു പറയുന്നു.
∙ പുതിയ ഷഓമി ബാന്‍ഡ് 7 മേയ് 24ന് പുറത്തിറക്കും
ഇന്ത്യക്കാര്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ സ്മാര്‍ട് ബാന്‍ഡ് ആണ് ഷഓമി ബാന്‍ഡ്. ഇതിന്റെ 7-ാം പതിപ്പ് മേയ് 24ന് കമ്പനി പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. മി (Mi) എന്ന പേരില്ലാതെയായിരിക്കും പുതിയ മോഡല്‍ പുറത്തിറങ്ങുക. ഇതിന് 1.62 ഇഞ്ച് വലുപ്പമുള്ള അമോലെഡ് സ്‌ക്രീന്‍ ഉണ്ടായിരിക്കുമെന്നു കരുതുന്നു. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്‍ മോണിട്ടറിങ് തുടങ്ങിയ ഫീച്ചറുകള്‍ പ്രതീക്ഷിക്കുന്നു. ഇത്തരം ബാന്‍ഡുകളിലുള്ള മറ്റു മിക്ക ഫീച്ചറുകളും ഉണ്ടായിരിക്കും.
∙ വാവെയ്, സെഡ്ടിഇ കമ്പനികളുടെ 5ജി ഉപകരണങ്ങള്‍ കാനഡയും നിരോധിക്കും
ചൈനീസ് കമ്പനികളായ വാവെയ്, സെഡ്ടിഇ കമ്പനികളുടെ 5ജി ഉപകരണങ്ങള്‍ രാജ്യത്ത് വിന്യസിക്കുന്നത് കാനഡയും നിരോധിക്കാന്‍ ഉദ്ദേശിക്കുന്നു. ദേശീയ സുരക്ഷയുടെ പേരിലാണ് നിരോധനം വരിക എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ കമ്പനികളില്‍നിന്നു വാങ്ങിയ 5ജി ഉപകരണങ്ങള്‍ 2024 ജൂണിനു മുൻപായി നീക്കം ചെയ്യണമെന്നും കമ്പനികളോട് സർക്കാർ നിർദേശിച്ചു. അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങള്‍ ഈ കമ്പനികളുടെ 5ജി ഉപകരണങ്ങള്‍ നിരോധിച്ചു കഴിഞ്ഞു.

∙ ഇന്ത്യയില്‍ 30 കോടി പുതിയ ഉപയോക്താക്കള്‍ ഒടിടിയിലെത്തുമെന്ന് മന്ത്രി
ഇന്ത്യയുടെ ഒടിടി വിപണിക്ക് ഓരോ വര്‍ഷവും 21 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി അനുരാഗ് ഠാക്കൂര്‍ വെളിപ്പെടുത്തി. അതായത്, 2025 ല്‍, ഇപ്പോഴുള്ളതിനേക്കാള്‍ 30 കോടി അധികം ഒടിടി ഉപയോക്താക്കള്‍ രാജ്യത്ത് ഉണ്ടാകുമെന്നും പ്രതിവര്‍ഷം 53 ബില്യന്‍ ഡോളറിന്റെ ബിസിനസാകുമെന്നും മന്ത്രി പറഞ്ഞു.
English Summary: Next-gen Mahindra Scorpio partially revealed ahead of debut