ADVERTISEMENT

ടെക്‌നോളജി ഭീമന്‍ ആപ്പിളിന്റെ ചിരകാലാഭിലാഷങ്ങളിലൊന്നാണ് ബട്ടണുകൾ ഇല്ലാത്ത ഉപകരണങ്ങള്‍ ഇറക്കുക എന്നത്. കമ്പനി 2012 മുതല്‍ ഇത്തരം ഒരു ആശയം താലോലിച്ചിരുന്നു എന്നുള്ളതിന് തെളിവുകളുണ്ട്. ഒരു പക്ഷേ, അത്തരം ഒരു ഭാവിയിലേക്ക് കമ്പനി അടുത്തിരിക്കുന്നു എന്നുള്ളതിനുള്ള തെളിവായിരിക്കാം ആപ്പിള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേറ്റന്റ് അപേക്ഷ എന്നാണ് ആപ്പിള്‍ ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ബട്ടണുകള്‍ക്കും സ്വിച്ചുകള്‍ക്കും പകരമായി പ്രത്യക്ഷത്തില്‍ തിരിച്ചറിയാനാകാത്ത ഇന്‍പുട്ട് പ്രതലങ്ങള്‍ ഉള്‍ക്കൊള്ളിക്കാനായിരിക്കും കമ്പനി ഉദ്ദേശിക്കുന്നത്.

'ഇലക്ട്രോണിക് ഉപകരണങ്ങളില്‍ മറച്ചുവയ്ക്കാവുന്ന തരത്തിലുള്ള ഇന്‍പുട്ട് മേഖലകള്‍' എന്ന വിവരണത്തോടെ ആപ്പിള്‍ നല്‍കിയിരിക്കുന്ന പേറ്റന്റ് അപേക്ഷയാണ് കമ്പനി ഒരുപക്ഷേ പുതിയ മേഖലയിലേക്ക് കടക്കാനുള്ള തയാറെടുപ്പു നടത്തുകയായിരിക്കാം എന്ന ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുന്നത്. ഇത്തരത്തിലൊരു പേറ്റന്റ് 2022 ഫെബ്രുവരിയില്‍ ആപ്പിള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഈ പേറ്റന്റ് അപേക്ഷയേയും ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേറ്റന്റ് അപേക്ഷയെയും കുറിച്ച് ആപ്പിള്‍ വിശദീകരിക്കുന്നും ഉണ്ട്. ഉപകരണങ്ങളിലുള്ള വലിയ ബട്ടണുകള്‍ ഇല്ലാതാക്കാനാണ് ഇവ എന്നാണ് കമ്പനി പറയുന്നത്. ബട്ടണുകള്‍, കീകള്‍ തുടങ്ങി മെക്കാനിക്കലായുള്ള ഘടനകള്‍ ഒഴിവാക്കിയുള്ള നിര്‍മാണമാണ് കമ്പനിയുടെ പദ്ധതിയിലുള്ളത്. പഴയ തരത്തിലുള്ള മെക്കാനിക്കല്‍ സ്വിച്ചുകളും ബട്ടണുകളും പലതരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. അവ ഒരു ഇന്‍പുട്ട് ഡിവൈസിന്റെ സാന്നിധ്യം വെളിപ്പെടുത്തുകയും ചെയ്യുന്നു.

∙ പകരം മൈക്രൊപെര്‍ഫൊറേഷന്‍സ്

ബട്ടണുകള്‍ക്കു പകരമായി നിരകളായി വച്ചിരിക്കുന്ന മൈക്രോപെര്‍ഫൊറേഷന്‍സ് (microperforations-നന്നേ ചെറിയ സുഷിരങ്ങള്‍) ആയിരിക്കും ഉണ്ടായിരിക്കുക. ഇത്തരം ഒരു മേഖല അവിടെ ഉണ്ടെന്ന് പ്രത്യക്ഷത്തില്‍ തോന്നില്ല. എന്നാല്‍ ഇത് ആക്ടിവേറ്റു ചെയ്യപ്പെടുമ്പോള്‍ അവിടം പ്രകാശമാനമാകുകയും വെര്‍ച്വല്‍ കീകളും ബട്ടണുകളും നോട്ടിഫിക്കേഷന്‍ ഗ്രാഫിക്‌സുമെല്ലാം കാണാന്‍ സാധിക്കുകയും ചെയ്യും. ഈ അദൃശ്യ മേഖല പല തരം ഇന്‍പുട്ടുകള്‍ സ്വീകരിച്ചേക്കും. സ്പര്‍ശം തിരിച്ചറിയാനായേക്കും. മറ്റു രീതികളായ കാന്തികവും ഓപ്ടിക്കലും കപ്പാസിറ്റന്‍സ് (capacitance) കേന്ദ്രീകൃതവുമായ സെന്‍സറുകളും ഉള്‍പ്പെടുത്തിയേക്കും. സ്പര്‍ശത്തിനനുസരിച്ച് പ്രതികരിക്കുന്നതിനായി ഹാപ്റ്റിക് പ്രദേശവും ഉണ്ടായിരിക്കാം.

 

∙ ഏതെല്ലാം ഉപകരണങ്ങളില്‍? 

 

ഈ ഇന്‍പുട്ട് പാളിക്കായി ഗ്ലാസ്, സെറാമിക്, പ്ലാസ്റ്റിക് എന്നിവയില്‍ ഏതെങ്കിലുമോ ഇവ യോജിപ്പിച്ചോ പ്രയോജനപ്പെടുത്തിയേക്കാം. ലാപ്‌ടോപ്പിന്റെ മുകളില്‍ ഇതു പിടിപ്പിക്കാമെന്ന് ആപ്പിള്‍ പറയുന്നു. ആപ്പിള്‍ വാച്ചിലെ ഫിസിക്കല്‍ ബട്ടണു പകരം ഇത് ഉപയോഗിച്ചേക്കാം. ഐഫോണുകളിലും ഐപാഡുകളിലും ഇതു കൊണ്ടുവന്നേക്കാം. അതേസമയം, ആപ്പിളിന് ഇതത്ര പുതിയ കാര്യമല്ലെന്നും പറയുന്നു. കമ്പനിയുടെ സ്മാര്‍ട് സ്പീക്കറായ ഹോംപോഡിന്റെ മുകളില്‍ സിരി ആക്ടിവേറ്റു ചെയ്യപ്പെടുന്ന സമയത്ത് ഒരു ഇന്‍പുട്ട് പ്രതലം തെളിഞ്ഞുവരുന്നു.

 

ഐഫോണുകളിലും ഐപാഡുകളിലും സ്പര്‍ശിക്കുമ്പോള്‍ പ്രതികരണക്ഷമമായ കപ്പാസിറ്റീവ് ബട്ടണുകള്‍ പരീക്ഷിച്ചിട്ടുണ്ട്. മൈക്രോപെര്‍ഫൊറേഷന്‍ ഇലുമിനേഷന്‍ മേഖലയില്‍ പല പേറ്റന്റുകളും ആപ്പിള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലൊന്ന് ആപ്പിള്‍ 2012ല്‍ തന്നെ നേടിയതാണ്. അതേസമയം, പേറ്റന്റുകള്‍ ലഭിച്ചു എന്നു പറഞ്ഞ് ഉപകരണങ്ങള്‍ ഇറങ്ങണമെന്നില്ല. പക്ഷേ, ബട്ടണുകളില്ലാത്ത ഉപകരണങ്ങള്‍ ഇറക്കാനുള്ള നീക്കത്തില്‍ ആപ്പിള്‍ പുതിയ കാല്‍വയ്പ്പുകള്‍ നടത്തിയേക്കുമെന്നു തന്നെയാണ് കരുതപ്പെടുന്നത്.

 

∙ ഐഫോണില്‍ ബഗ്: ചില ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്‌ടൈം, ഐമെസേജ് ഇവ ഉപയോഗിക്കുമ്പോള്‍ പ്രശ്‌നം

 

ഫെയ്‌സ്‌ടൈമും ഐമെസേജും ഉപയോഗിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായി ചില ഐഫോണ്‍ ഉപയോക്താക്കള്‍ പരാതിപ്പെട്ടു തുടങ്ങിയെന്ന് ഫോണ്‍ അരീന റിപ്പോര്‍ട്ടു ചെയ്യുന്നു. ഇസിമ്മില്‍ (eSIM) പ്രവേശിച്ചിരിക്കുന്ന ബഗ് ആണിതിനു പിന്നിലെന്നാണ് അനുമാനം.  

 

∙ എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പ്

 

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഗൗരവമേറിയ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സർക്കാർ. നിങ്ങളുടെ അക്കൗണ്ട് ബ്ലോക്കു ചെയ്തിരിക്കുന്നു എന്നു പറഞ്ഞ് എസ്എംഎസ് വന്നാല്‍ പ്രതികരിക്കരുതെന്നാണ് മുന്നറിയിപ്പ്. ഇങ്ങനെ വരുന്ന ലിങ്കുകളില്‍ ക്ലിക്കു ചെയ്യരുതെന്നും അതൊരു വ്യാജ എസ്എംഎസ് ആണെന്നും ആണ് സർക്കാർ പറഞ്ഞിരിക്കുന്നത്. വ്യാജ എസ്എംഎസ് എത്തുന്നത് ഇങ്ങനെയാണ്.

 

'Dear A/c holder SBI BANK documents has expired A/c will be Blocked Now Click https://sbikvs.ll Update by Net Banking'

 

∙ ജോലിക്കുള്ള ഇന്റര്‍വ്യൂവിനു സഹായിക്കാന്‍ വെബ്‌സൈറ്റുമായി ഗൂഗിള്‍

 

വിവിധ ജോലികള്‍ക്കുള്ള ഇന്റര്‍വ്യൂകള്‍ക്കു തയാറെടുക്കുന്നവരെ സഹായിക്കാനായി ഗൂഗിള്‍ അവതരിപ്പിച്ച വെബ്‌സൈറ്റാണ് ഇന്റര്‍വ്യൂ വാംഅപ്. https://bit.ly/38IIeif വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത് മെഷീന്‍ ലേണിങ്ങിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും പിന്‍ബലത്തോടുകൂടെയാണ്. ഉദ്യോഗാര്‍ഥിക്ക് ആത്മവിശ്വാസം ആര്‍ജ്ജിക്കാനായി വിവിധ ജോലി സംബന്ധമായ ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും കൊണ്ടുപോകും. നേരത്തെ ഇത് ഗൂഗിള്‍ ക്യാരിയര്‍ സര്‍ട്ടിഫിക്കറ്റിനായി പഠിക്കുന്നവര്‍ക്കു വേണ്ടി മാത്രമായിരുന്നു തുറന്നു കൊടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് ആര്‍ക്കും ഉപയോഗിക്കാം. 'ഗ്രോ ഗൂഗിള്‍' പദ്ധതിയുടെ ഭാഗമാണിത്.

 

∙ ഇതെങ്ങനെ പ്രവര്‍ത്തിക്കുന്നു?

 

വെബ്‌സൈറ്റിലുള്ള 'സ്റ്റാര്‍ട്ട് പ്രാക്ടിസിങ്' ബട്ടണ്‍ തിരഞ്ഞെടുക്കുമ്പോള്‍ വിവിധ ജോലികള്‍ തിരഞ്ഞെടുക്കാനുള്ള ഒരു പേജിലേക്കു കൊണ്ടുപോകും. നിങ്ങള്‍ക്ക് താത്പര്യമുള്ള വിഭാഗം തിരഞ്ഞെടുക്കാം. ഇവിടെ അഭിമുഖത്തിനുള്ള അഞ്ചു ചോദ്യങ്ങള്‍ ലഭിക്കും. ഇവയ്ക്ക് ഉത്തരം നല്‍കി കഴിഞ്ഞാല്‍ അവ റിവ്യൂ ചെയ്യാനുള്ള അവസരം ലഭിക്കും. ഇതില്‍ നിന്ന് വിവിധ ഉള്‍ക്കാഴ്ചകള്‍ ഉണ്ടാക്കിയെടുക്കാമെന്നാണ് പറയുന്നത്. ചോദ്യങ്ങള്‍ പശ്ചാത്തലം, സാഹചര്യാഥിഷ്ഠിതം, സാങ്കേതികവിദ്യാപരം, എഴുത്തില്‍ നിന്ന് മൊഴിയിലേക്ക് എന്നീ വിഭാഗങ്ങളില്‍ പെടും.

 

∙ ഉപയോഗിക്കുന്ന ഫോണ്‍ ഏതെന്ന് ബില്‍ ഗേറ്റ്‌സ് വെളിപ്പെടുത്തി

 

മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ ധനികരില്‍ ഒരാളുമായ ബില്‍ ഗേറ്റ്‌സ് ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ കമ്പനി ഇറക്കുന്ന സര്‍ഫസ് ഡുവോ ഫോണല്ല. ഐഫോണുമല്ല. പിന്നെയോ? അദ്ദേഹം ഉപയോഗിക്കുന്നത് സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് 3 ആണ്. കഴിഞ്ഞ ദിവസം റെഡിറ്റ് ഫോറത്തില്‍ നടന്ന ആസ്‌ക് മീ എനിതിങ് (എഎംഎ) ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതില്‍ അത്രയധികം അദ്ഭുതപ്പെടേണ്ടതായിട്ടില്ല. കാരണം 2017 മുതല്‍ പല തവണ താന്‍ ആന്‍ഡ്രോയ്ഡ് ആണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇതാദ്യമായാണ് ഒരു മോഡലിന്റെ പേരു വെളിപ്പെടുത്തുന്നത്.

 

∙ എന്തുകൊണ്ട് സാംസങ്, ആന്‍ഡ്രോയിഡ്?

 

സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് 3 ഉപയോഗിക്കുക വഴി അദ്ദേഹത്തിന് അതൊരു കൊണ്ടു നടക്കാവുന്ന പിസി ആയി പ്രയോജനപ്പെടുത്താം. കൂടാതെ, മൈക്രോസോഫ്റ്റും സാംസംങും നിരവധി കാര്യങ്ങളില്‍ വളരെ യോജിച്ചു പ്രവര്‍ത്തിക്കുന്നുമുണ്ട്. താന്‍ ഐഫോണിനെക്കാള്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഇഷ്ടപ്പെടുന്നു എന്ന് നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു. ചില ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കള്‍ മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയര്‍ തങ്ങളുടെ പ്രോഡക്ടുകളില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്നത് വളരെ പ്രയോജനപ്രദമാണെന്നും അദ്ദേഹം 2021ല്‍ നല്‍കിയ ഒരു ക്ലബ്ഹൗസ് ഇന്റര്‍വ്യൂവിലും പറഞ്ഞിരുന്നു.

 

English Summary: No more buttons? Apple secures patent for invisible input areas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com