ഭൂമിയിലെ ഏറ്റവും രഹസ്യമായ രാജ്യങ്ങളിലൊന്നാണ് ഉത്തര കൊറിയ. പരമോന്നത നേതാവ് കിം ജോങ് ഉൻ ഭരിക്കുന്ന രാജ്യത്തിന് ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി വളരെക്കുറച്ച് സമ്പർക്കമേ ഉള്ളൂ. ഇവിടെയുള്ളവരുടെ ജീവിതം എങ്ങനെയാണെന്ന് പോലും കൂടുതൽ അറിയില്ല. ഭൂമിയുടെ ഓരോ ഭാഗത്തിന്റെയും വിവരങ്ങൾ ഗൂഗിള്‍ മാപ്പിൽ ലഭ്യമാണെങ്കിലും ഉത്തര കൊറിയയുടെ കാര്യം വിചിത്രമാണ്.
സാധാരണയായി ഉപയോക്താക്കൾക്ക് ലോകമെമ്പാടുമുള്ള ഏത് തെരുവിലും സൂം ഇൻ ചെയ്ത് അത് എങ്ങനെയുള്ളതാണെന്ന് കാണാനും റോഡുകൾ നാവിഗേറ്റ് ചെയ്യാനും കഴിയും. എന്നാൽ ഉത്തര കൊറിയ തികച്ചും വ്യത്യസ്തമാണ്. സൂം ഇൻ ചെയ്യാനും രാജ്യത്തിന്റെ വിശദാംശങ്ങൾ കാണാനും ശ്രമിക്കുന്ന ഉപയോക്താക്കൾക്ക് അതിന് സാധ്യമല്ല.
റോഡുകളെല്ലാം പേരില്ലാതെയാണ് കാണപ്പെടുന്നത്. ചുറ്റുമുള്ള നിരവധി പട്ടണങ്ങളും ഗ്രാമങ്ങളും വിചിത്രമായ രീതിയിലാണ് മാപ്പിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഗൂഗിൾ മാപ്പിൽ ഉത്തര കൊറിയയുടെ വിശദാംശങ്ങൾ കാണാൻ കഴിയുന്നത് നഗരങ്ങളുടെയും പർവതങ്ങളുടെയും പേരുകൾ മാത്രമാണ്. ബാക്കിയുള്ളതെല്ലാം ഉപയോക്താക്കൾക്ക് കാണാൻ കഴിയില്ല, പുറംലോകത്തിന്റെ കണ്ണിൽ നിന്ന് മറയ്ക്കുകയും ചെയ്തിരിക്കുന്നു.
ഗൂഗിൾ മാപ്പിൽ മറ്റു രാജ്യങ്ങളിലെ നിരവധി സ്ഥലങ്ങൾ വ്യക്തമായി കാണിക്കാതെ മറച്ചിട്ടുണ്ട്. ഇതിനുള്ള കാരണം സ്വകാര്യതാ സംരക്ഷണം മുതൽ സർക്കാർ, സൈനിക കേന്ദ്രങ്ങളെ ഭീഷണികളിൽ നിന്ന് സംരക്ഷിക്കാൻ വേണ്ടിവരെയാണ്. എന്നാൽ ഉത്തരകൊറിയയെ ഗൂഗിൾ മാപ്പിൽ മറച്ചുവച്ചിരിക്കുന്നത് എന്തിനാണെന്ന് അറിയില്ല. പക്ഷേ ഗൂഗിൾ പോലുള്ള പാശ്ചാത്യ കമ്പനികൾക്ക് രാജ്യത്തേക്ക് പ്രവേശനമില്ല എന്നതാണ് ഇതിനുള്ള വിശദീകരണം. ഇതിനാൽ വിവരങ്ങൾ രേഖപ്പെടുത്താനും സാധിക്കുന്നില്ല.
കൈവശമുള്ള സാങ്കേതിക വിദ്യകളും സൈനിക താവളങ്ങളും മറച്ചുവെച്ച് എല്ലാം രഹസ്യമാക്കാൻ ഉത്തര കൊറിയ ശ്രമിക്കുന്നുണ്ടാകാം. ഇതിനാൽ ഗൂഗിൾ മാപ്പിലും സൈനിക ശേഷിയെക്കുറിച്ച് ശത്രുക്കൾ എത്രമാത്രം മനസിലാക്കുന്നുവെന്നത് പരിമിതപ്പെടുത്താൻ ഉത്തരകൊറിയ ശ്രമിക്കുന്നുണ്ടാകാം.
വാസ്തവത്തിൽ ഉത്തര കൊറിയയെക്കുറിച്ച് അറിയാവുന്ന കാര്യങ്ങളെല്ലാം അവിടെ നിന്ന് രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തിയതാണ്. 1950 മുതൽ 1953 വരെയുള്ള കൊറിയൻ യുദ്ധത്തിനുശേഷം 26,000 ത്തിലധികം പേർ ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ട് പുറത്തു പോയതായി കരുതപ്പെടുന്നു. ചിലർ ചൈനയിലേക്കും പോയിട്ടുണ്ട്.
English Summary: What’s Kim Jong-un hiding? Bizarre way North Korea appears on Google Maps