കോവിഡ് ദുരന്തമായി, ചൈന വിട്ട് ആപ്പിൾ ഇന്ത്യയിലേക്ക്, കോടികളുടെ വിദേശ വരുമാനം, ലക്ഷങ്ങൾക്ക് ജോലിയും

tim-cook-modi
Photo: PTI
SHARE

ചൈനയിലെ കോവിഡ് മാനദണ്ഡങ്ങളാല്‍ പൊറുതിമുട്ടി, ഹാൻഡ്സെറ്റ് നിര്‍മാണം മറ്റു രാജ്യങ്ങളിലേക്കു മാറ്റാന്‍ ആപ്പിള്‍ തീരുമാനിച്ചു. പ്രധാനമായും ഇന്ത്യയ്ക്കും വിയറ്റ്‌നാമിനും ആയിരിക്കും ഇതിന്റെ നേട്ടം ലഭിക്കുക. ചൈനയോട് ഏറ്റവും സാമ്യമുള്ള പ്രദേശമായി ആപ്പിള്‍ കാണുന്നത് ഇന്ത്യയെയാണ്. കൂടുതല്‍ ജനസംഖ്യയും കുറഞ്ഞ ശമ്പളവും എന്ന സമവാക്യമാണ് ഇന്ത്യയെ ആപ്പിളിന് ആകര്‍ഷകമാക്കുന്നതെന്ന് ദ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവഴി ഇന്ത്യയ്ക്ക് കോടികളുടെ വിദേശ വരുമാനവും ധാരാളം പേർക്കു ജോലിയും ലഭിക്കും.

∙ പിന്നാലെ മറ്റു കമ്പനികളും എത്തിയേക്കും?

അമേരിക്കയിലെ ഏറ്റവും വലിയ കമ്പനിയായ ആപ്പിള്‍ തങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കു പറിച്ചു നടുന്നുണ്ടെങ്കില്‍ മറ്റു കമ്പനികളും ആപ്പിളിന്റെ മാതൃക പിന്തുടര്‍ന്നേക്കുമെന്നും കരുതുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കമ്പനികളെല്ലാം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കുന്നതു കുറയ്ക്കാന്‍ തീവ്രമായി ശ്രമിക്കുന്ന കാലവുമാണിത്. യുക്രെയ്ന്‍ യുദ്ധത്തില്‍ ചൈന റഷ്യയ്ക്ക് പരോക്ഷ പിന്തുണ നല്‍കുന്നതും പടിഞ്ഞാറന്‍ രാജ്യങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ നിര്‍ണായകമായ പല ഉപകരണങ്ങളുടെയും നിര്‍മാണ കേന്ദ്രമായി ചൈനയെ കാണുന്നത് അവസാനിപ്പിക്കാന്‍ പല രാജ്യങ്ങളും ആഗ്രഹിക്കുന്നു.

∙ ആപ്പിള്‍ ചര്‍ച്ച നടത്തി

ആപ്പിളിനായി ഇന്ത്യയില്‍ കരാടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫോക്‌സ്‌കോണ്‍, വിസ്ട്രണ്‍, പെഗാട്രണ്‍ എന്നീ മൂന്നു കമ്പനികളോടും ആപ്പിള്‍ ചര്‍ച്ച നടത്തി എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍, ലോക വിപണിയില്‍ വില്‍ക്കുന്ന ഐഫോണിന്റെ 3.1 ശതമാനമാണ് ഇന്ത്യയിൽ നിര്‍മിക്കുന്നത്. ഈ വര്‍ഷം തന്നെ ഇത് 6-7 ശതമാനം വരെ ഉയര്‍ന്നേക്കുമെന്ന് ഗവേഷണ കമ്പനിയായ കൗണ്ടര്‍പോയിന്റ് പറയുന്നു. ഐഫോണ്‍, ഐപാഡ്, മാക്ബുക് തുടങ്ങി നിലവില്‍ ആപ്പിള്‍ ഉപകരണങ്ങളുടെ 90 ശതമാനവും നിര്‍മിക്കുന്നത് ചൈനയിലാണ്. എന്നാല്‍, കോവിഡ് പടര്‍ന്ന സാഹചര്യത്തില്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ അന്വേിഷിക്കാന്‍ ആപ്പിളും നിര്‍ബന്ധിതരാകുന്നു.

∙ ആപ്പിള്‍ ഈ പാദത്തില്‍ പ്രതീക്ഷിക്കുന്ന നഷ്ടം 800 കോടി ഡോളർ

തങ്ങളുടേത് ഒരു ആഗോള സപ്ലൈ ശൃംഖലയാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇനി ഉപകരണങ്ങള്‍ നിര്‍മിക്കും എന്നുമായിരുന്നു ആപ്പിള്‍ മേധാവി ടിം കുക്ക് കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ചത്. ചൈനയിലെ ടെക്‌നോളജിയുടെ ഈറ്റില്ലമായ ഷാങ്ഹായിയില്‍ അടക്കം കോവിഡ് നിയന്ത്രണങ്ങള്‍ ആപ്പിളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധിയുണ്ടാക്കിയതാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. നടപ്പു പാദത്തില്‍ വേണ്ടത്ര ഉപകരണങ്ങള്‍ നിര്‍മിക്കാനാകാത്തതിനാല്‍ 800 കോടി ഡോളര്‍ വരെ നഷ്ടമുണ്ടായേക്കാമെന്നാണ് കമ്പനി ഓഹരി ഉടമകള്‍ക്ക് മുന്നറിയിപ്പു നല്‍കിയത്. ഈ സാഹചര്യത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആപ്പിള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ചൈനയിലെ കോവിഡ് മാനദണ്ഡങ്ങള്‍ മൂലം ആപ്പിളിന്റെ എക്‌സിക്യുട്ടീവുമാരെയും എൻജിനീയര്‍മാരെയും ചൈനയിലേക്ക് അയയ്ക്കാനും സാധിച്ചിട്ടില്ല.

∙ എന്തുകൊണ്ട് ഇന്ത്യ?

ചൈനയ്ക്കു പുറത്ത് യോഗ്യരായ ജോലിക്കാരെ ധാരാളമായി ലഭിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് ആപ്പിള്‍ വിലയിരുത്തുന്നു. വേണമെന്നുവച്ചാല്‍ മറ്റു പല രാജ്യങ്ങളിലെയും മൊത്തം ജനസംഖ്യയേക്കാളേറെ യോഗ്യരായ ജോലിക്കാരെ ഇന്ത്യയില്‍ അണിനിരത്താമെന്നും പറയുന്നു. ആപ്പിള്‍ ഗൗരവമായി പരിഗണിക്കുന്ന മറ്റൊരു രാജ്യം വിയറ്റ്‌നാമാണ്. ആപ്പിളിന്റെ അടുത്ത എതിരാളിയായ സാംസങ് ചൈനയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ചേക്കേറിയത് വിയറ്റ്‌നാമിലേക്കാണ്. നിര്‍മാണത്തിന്റെ കാര്യത്തില്‍ സാംസങ്ങിനിപ്പോള്‍ നാമമാത്രമായി സാന്നിധ്യമാണ് ചൈനയിലുള്ളത്. ആപ്പിളിനായി എയര്‍പോഡ്സ് ഇയര്‍ബഡ്‌സ് നിര്‍മിച്ചു നല്‍കുന്ന കമ്പനിയായ ലക്‌സ്‌ഷെയര്‍ പ്രിസിഷന്‍ ഇന്‍ഡസ്ട്രി വിയറ്റ്‌നാമില്‍ യൂണിറ്റ് തുടങ്ങി. ചൈനയിലെ പുതിയ വൈദ്യുതി നിയന്ത്രണങ്ങളും കോവിഡ് മാനദണ്ഡങ്ങളുമാണ് അവരെ വിയറ്റ്‌നാമില്‍ എത്തിച്ചത്. അതേസമയം, ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണും വിസ്ട്രണും മറ്റും ഇന്ത്യയില്‍ യൂണിറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

∙ ചില പ്രശ്‌നങ്ങളും

ചൈന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇന്ത്യയിലേക്കു പറിച്ചുനടാന്‍ ശ്രമിച്ചാല്‍ ചില പ്രശ്‌നങ്ങളും ഉടലെടുത്തേക്കുമെന്നും പറയുന്നു. ബെയ്ജിങ് - ന്യൂഡല്‍ഹിയുമായുള്ള പ്രശ്‌നങ്ങള്‍ പെരുകി വരുന്നതാണ് കാരണം. ഇരു രാജ്യങ്ങളിലെയും സൈനികര്‍ 2020 ല്‍ ഏറ്റുമുട്ടുകപോലും ഉണ്ടായി. ഇതിനാലാണ് ചൈന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആപ്പിളിന്റെ കരാര്‍ കമ്പനികള്‍ വിയറ്റ്‌നാം അടക്കമുള്ള മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ പരിഗണിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

∙ ആപ്പിളിന്റെ എആര്‍/വിആര്‍ ഹെഡ്‌സെറ്റ് സ്വതന്ത്രമായി പ്രവര്‍ത്തിച്ചേക്കും

ആപ്പിളിന്റെ അടുത്ത പ്രധാന പ്രോഡക്ടുകളില്‍ ഒന്നായേക്കാവുന്ന എആര്‍/വിആര്‍ ഹെഡ്‌സെറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. ഇത് ഒരു സ്വതന്ത്ര യൂണിറ്റായി പ്രവര്‍ത്തിച്ചേക്കുമെന്നാണ് ദി ഇന്‍ഫര്‍മേഷന്‍ ഇപ്പോള്‍ പറയുന്നത്. ഹെഡ്‌സെറ്റിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനായി ഒരു കേന്ദ്ര ഉപകരണം കൂടി ഉണ്ടായേക്കില്ല. മറിച്ച് അതിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനായേക്കുമെന്നു പറയുന്നു. ആപ്പിളിന്റെ എം1 അള്‍ട്രാ പ്രോസസറായിരിക്കും ഇതിനു ശക്തിപകരുന്നത്. എന്നാല്‍, ഉപകരണത്തില്‍ത്തന്നെ ബാറ്ററി പിടിപ്പിക്കണോ എന്ന കാര്യത്തിലൊക്കെ അന്തിമ തീരുമാനം എടുത്തിട്ടുണ്ടായേക്കില്ലെന്നും അതേസമയം, വ്യത്യസ്ത മോഡലുകള്‍ ആപ്പിള്‍ നിര്‍മിക്കുന്നുണ്ടാകാമെന്നും റിപ്പോർട്ടുണ്ട്.

Apple-vr

∙ വിന്‍ഡോസ് 11ല്‍ ആന്‍ഡ്രോയിഡ് 12.1 പരീക്ഷിച്ചു തുടങ്ങി

വിന്‍ഡോസ് 11 കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് ഒരു മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ചില ഫീച്ചറുകള്‍ കൂടി പകര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ആന്‍ഡ്രോയിഡ് 12.1 അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് എല്‍ എന്നറിയപ്പെടുന്ന വേര്‍ഷന്‍ ഉള്‍പ്പെടുത്തും. ഇതൊരു വിന്‍ഡോസ് സബ്‌സിസ്റ്റം ആയിട്ടായിരിക്കും പ്രവര്‍ത്തിക്കുക. ടാബുകള്‍ക്കായാണ് ആന്‍ഡ്രോയിഡ് 12 എല്‍ പുറത്തിറക്കിയത്. വിന്‍ഡോസ് 11 ഇന്‍സൈഡര്‍ ഡെവ് ചാനല്‍ 2204.40000.15.0 ഉപയോഗിക്കുന്നവര്‍ക്ക് ആന്‍ഡ്രോയിഡ് 12.1 ല്‍ ഉള്ള ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്ക് വിന്‍ഡോസ് വഴി നോട്ടിഫിക്കേഷന്‍ കാണിക്കാന്‍ സാധിക്കുന്ന രീതിയിലാണ് പുതിയ മാറ്റങ്ങള്‍ വരുന്നത്.

English Summary: Apple to choose India over China for iPhone, iPad, MacBook production: Report

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA