ഈ ‘ഗൂഗിൾ കൊട്ടാരത്തിൽ’ ജോലി ലഭിക്കുന്നവര്‍ ഭാഗ്യവാൻമാർ, ഇത് ചരിത്രം മാറ്റിയെഴുതുന്ന അത്യാധുനിക ക്യാംപസ്!

bay-view-campus-1
SHARE

തൊഴിലിടങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന കാര്യത്തില്‍ ഒരു പൊളിച്ചെഴുത്തു നടത്തിയ കമ്പനിയായിരുന്നു ഗൂഗിള്‍. തുടര്‍ന്ന് നാനാദിശയിലേക്കും വളര്‍ന്ന കമ്പനി ലോ ലൈറ്റ് ഫൊട്ടോഗ്രഫിയില്‍ മുതല്‍, ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സില്‍ വരെ പല മേഖലകളിലേക്കും മികവാർന്ന ചുവടുവയ്പ്പുകള്‍ നടത്തി. എക്കാലത്തും മാറ്റത്തിനും നൂതനത്വത്തിനുമായി നിലകൊള്ളുന്ന കമ്പനിയായി അറിയപ്പെടുന്ന ഗൂഗിള്‍ സ്വന്തമായി ക്യാംപസ് തുടങ്ങിയാല്‍ എങ്ങനെയിരിക്കും? ഗൂഗിള്‍ 2017ല്‍ പണി തുടങ്ങിയ ബേ വ്യൂ ക്യാംപസാണ് ഇപ്പോള്‍ ഗൂഗ്‌ളര്‍മാര്‍ക്കായി (ഗൂഗിള്‍ ജോലിക്കാര്‍) തുറന്നു കൊടുത്തിരിക്കുന്നത്. തങ്ങളുടെ മറ്റൊരു പദ്ധതിയായ ചാള്‍സ്റ്റണ്‍ ഈസ്റ്റ് പ്രോജക്ടിന്റെ നിര്‍മാണം അതിന്റെ അന്തിമ ഘട്ടത്തിലാണെന്നും ഡേവിഡ് റാഡ്ക്ലിഫ് ഗൂഗിള്‍ ബ്ലോഗില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

∙ സ്വാഭാവിക വെളിച്ചം

കെട്ടിടത്തിന്റെ മേല്‍ക്കൂരയിലുള്ള ഫോട്ടോണുകള്‍ ഉപയോഗിച്ച് എല്ലായിടത്തും സ്വാഭാവിക പ്രകാശം എത്തിക്കുന്നു. മിച്ചമുള്ളവയില്‍ നിന്ന് വൈദ്യുതി ശേഖരിക്കുന്നു. ജോലിയെടുക്കുന്ന രീതിയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പങ്ങള്‍ തച്ചുടച്ച ഗൂഗിള്‍ നേരിട്ട് ആദ്യമായി നിര്‍മിക്കുന്ന കെട്ടിടം ആണെന്നത് പുതിയ ഓഫിസിനെ വേറിട്ട അനുഭവമാക്കി മാറ്റുന്നു. ഓഫിസ് എന്ന ആശയത്തെ തന്നെ പുനര്‍വിചിന്തനം നടത്തിയുണ്ടാക്കിയ ഒന്നാണ് ഗൂഗിളിന്റെ ബേ വ്യൂ ക്യാംപസ്. നോര്‍ത്ത് അമേരിക്കയില്‍ ഉള്ളതിൽ വച്ച് ഏറ്റവും വലിയ ജിയോ തെര്‍മല്‍ സംവിധാനമാണ് ക്യാംപസിനുളളത്. സമ്പൂര്‍ണമായി വൈദ്യുതവല്‍ക്കരിച്ചതും നെറ്റ് പോസിറ്റീവ് വാട്ടര്‍ ആണ് ക്യാംപസ് എന്നു ഗൂഗിള്‍ പറയുന്നു.

bay-view-campus

∙ എന്താണ് നെറ്റ് പോസിറ്റീവ് വാട്ടര്‍ എന്നു പറഞ്ഞാല്‍?

ലളിതമായി പറഞ്ഞാല്‍ ഒരു പ്രദേശത്തു സ്ഥാപിക്കുന്ന കമ്പനിയോ ഓഫിസോ തങ്ങള്‍ ഉപോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം ഉത്പാദിപ്പിക്കുന്നുണ്ടെങ്കില്‍ അതിനെ വിവരിക്കാന്‍ ഉപയോഗിക്കുന്ന പദാവലിയാണിത്. പൊതുവെ കമ്പനികളും മറ്റും സ്ഥാപിതമാകുമ്പോള്‍ പ്രദേശവാസികള്‍ക്കു ലഭിക്കുന്ന വെള്ളത്തിലും മറ്റും കുറവു വരികയാണല്ലോ ചെയ്യുക. വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുക, തങ്ങള്‍ ഉപയോഗിക്കുന്ന വെള്ളം പരമാവധി പുഃനചംക്രമണം ചെയ്യുക, മഴവെള്ളവും മറ്റും സംഭരിക്കുക തുടങ്ങിയ രീതികളിലാണ് ഇത് സാധ്യമാക്കുന്നത്. വൈദ്യുതിയുടെ കാര്യത്തിലും കമ്പനികള്‍ നെറ്റ്പോസിറ്റീവാകാന്‍ ശ്രമിക്കാറുണ്ട്.

ബേ വ്യൂവും, ചാള്‍സ്റ്റണ്‍ ഈസ്റ്റ് പദ്ധതിയും തൊഴിലെടുക്കാന്‍ എത്തുന്നവരുടെ വിവിധ ആവശ്യങ്ങള്‍ മുന്നില്‍കണ്ടു നിര്‍മിച്ചതാണെന്ന് ഡേവിഡ് പറയുന്നു. ആളുകളുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പണികഴിപ്പിച്ചതെന്നും കമ്പനി പറയുന്നു. ഒരു തൊഴിലിടത്തില്‍ എന്തെല്ലാമാണ് വേണ്ടതെന്ന് ജോലിക്കാരുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് കെട്ടിടത്തിന്റെ പണിയിലേക്കു കടന്നത്. ടീമുകളായി പണിയെടുക്കുമ്പോഴാണ് തങ്ങളുടെ ഉദ്യോഗസ്ഥര്‍ അവരുടെ വ്യക്തിഗത മികവുകള്‍ പുറത്തെടുക്കുന്നത് എന്നു കണ്ടതിനാല്‍ അത്തരത്തിലുള്ള ഓഫിസ് സ്ഥലമാണ് ഉണ്ടാക്കിയിരിക്കുന്നത്. പുറം ലോകത്തു നിന്നുള്ള ശബ്ദങ്ങളും ചലനങ്ങളും ഇല്ലാതാക്കുക വഴി ചെയ്യുന്ന ജോലിയില്‍ ആഴത്തില്‍ ശ്രദ്ധിക്കാന്‍ ജോലിക്കാര്‍ക്കു സാധിക്കുമെന്നും കമ്പനി പറയുന്നു. ഇതിനായി ഏറ്റവും മുകളിലത്തെ നിലയില്‍ ടീമുകള്‍ക്കുള്ള ഇടമൊരുക്കി. അതിനു താഴെയുള്ള നിലയില്‍ സഹകരിച്ചു ജോലിയെടുക്കാനുളള സ്ഥലമാക്കി. ഇരു വിഭാഗങ്ങളിലേക്കും ഉള്ള പോക്കുവരവും എളുപ്പമാക്കി.

bay-view-campus-3

∙ സദാ കണക്ടു ചെയ്യപ്പെട്ട തോന്നല്‍

മുകളിലത്തെ നില പല ചെറിയ അയല്‍പക്കങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവയെ തമ്മില്‍ വിഭജിക്കാനായി മുറ്റങ്ങളും ഉണ്ടാക്കിയിരിക്കുന്നു. ഇവയെ തമ്മില്‍ ബന്ധിപ്പിക്കാനായി റാംപുകളും (ചെരിഞ്ഞ ഗോവണി) നിര്‍മിച്ചിരിക്കുന്നു. പരസ്പരം എളുപ്പത്തില്‍ ആശയങ്ങള്‍ കൈമാറാന്‍ സാധിക്കുന്ന സമൂഹങ്ങളായി ഈ ടീമുകളെ നിലനിര്‍ത്തുന്നു. ഇതിന്റെയെല്ലാം ഫലമായി പുതിയ കെട്ടിടത്തില്‍ പരസ്പരം കണക്ടു ചെയ്ത ഒരു സമൂഹത്തെ കാണാന്‍ സാധിക്കും. നിങ്ങളുടെ 10 അംഗ വര്‍ക്കിങ് ഗ്രൂപ്പും, 50 അംഗ ടീമും, 2000 അംഗങ്ങളുള്ള മൊത്തം ഓഫിസും തമ്മില്‍ എപ്പോഴും കണക്ടു ചെയ്യപ്പെട്ടിരിക്കുന്ന തോന്നല്‍ ഉണ്ടാക്കുന്നു.

∙ ശ്രദ്ധ ആളുകളില്‍

ജോലിക്കെത്തുന്നവരില്‍ ശ്രദ്ധിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഉപയോഗിച്ചിരിക്കുന്ന വസ്തുക്കള്‍, പകല്‍വെട്ടം, വായുവിന്റെ ഗുണനിലവാരം, സുഖമുള്ള താപനില, കേൾവി മികവിനായി ശബ്ദശാസ്ത്രപ്രകാരം നിര്‍മിച്ച ഇടങ്ങള്‍ തുടങ്ങിയവയൊക്കെ കെട്ടിടത്തെ വിഭിന്നമാക്കുന്നു.

ജൈവപ്രകൃതിയുമായി ഒത്തുപോകുന്ന (biophilic design) നിര്‍മാണ രീതികള്‍, സ്വാഭാവിക വെളിച്ചം, ഓരോ സീറ്റില്‍ നിന്നും പുറത്തെ കാഴ്ചകള്‍ എല്ലാം മികവുറ്റതാണ്. ഇതെല്ലാം ജോലിക്കാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. സ്വാഭാവിക പ്രകാശം ലഭിക്കാനായി ഭിത്തിയുടെ മുകള്‍ഭാഗത്തു പിടിപ്പിച്ച (Clerestory) ജനാലകള്‍ കാണാം. ഇതിലൂടെ കടക്കുന്ന പ്രകാശം നിയന്ത്രിക്കാനും സാധിക്കും. പരിപൂര്‍ണമായും പുറത്തേ വായു കടത്തിവിട്ടുള്ള വെന്റിലേഷന്‍ സിസ്റ്റവും ഉണ്ട്. സാധാരണഗതില്‍ കെട്ടിടങ്ങളിലേക്ക് പരമാവധി 20-30 ശതമാനം വായുവാണ് എത്തുന്നതെന്ന് കാര്യം പരിഗണിച്ചാല്‍ പുതിയ നേട്ടത്തിന്റെ ഗുണം മനസിലാകും.

bay-view-campus-2

കെട്ടിടത്തിനുള്ളില്‍ ആരോഗ്യത്തോടെ പണിയെടുക്കാനായി സാധാരണ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ആയിരക്കണക്കിനു വസ്തുക്കള്‍ ഒഴിവാക്കി. വിഷാംശങ്ങള്‍ ഇല്ലാതാക്കാനാണിത്. കാര്‍പ്പറ്റിലിടുന്ന ടൈലുകള്‍ മുതല്‍ പെയിന്റ്, പൈപ്പുകള്‍, പ്ലൈവുഡ്, ഫര്‍ണിച്ചര്‍ എന്നിവയുടെയെല്ലാം കാര്യത്തില്‍ വിഷാംശമില്ലായ്മയ്ക്ക് പ്രാധാന്യം നല്‍കി. ആര്‍ട്ട് വര്‍ക്കുകളും ധാരാളമായി സ്ഥാപിച്ചു.

bay-view-campus-5

∙ വികസന സാധ്യതയുള്ള കെട്ടിടം

പുതിയ കെട്ടിടം തങ്ങളുടെ ജോലിക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് യഥേഷ്ടം വികസിപ്പിക്കാനുള്ള സൗകര്യം നിലനിര്‍ത്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, ഓഫിസുകളിലും വീടുകളിലുമെല്ലാമായി വ്യാപിച്ചു കിടക്കുന്ന ജോലിക്കാര്‍ എന്ന സങ്കല്‍പം പ്രാവര്‍ത്തികമാക്കാനായി വേണ്ട സംവിധാനങ്ങളും ഉള്ള ഓഫിസാണ് ഗൂഗിള്‍ പണി തീര്‍ത്തിരിക്കുന്നത്. വീട്ടിലും ഓഫിസിലും നിന്നുള്ള ജോലി എന്ന ആശയത്തിനൊത്ത ഉയരാനുള്ള കഴിവും പുതിയ ഓഫിസിനുണ്ട്.

ഓഫിസിലെ ഓരോ ദിവസത്തെയും ഓരോ മണിക്കൂറും കാര്‍ബണ്‍ രഹിതമാക്കാനുള്ള ശ്രമം 2030ല്‍ വിജയിക്കുമെന്നാണ് ഗൂഗിള്‍ കരുതുന്നത്. പുഃനചംക്രമണം ചെയ്യാവുന്ന ഊര്‍ജം, സൗരോര്‍ജം തുടങ്ങിയവ വഴിയാണ് ഇതു സാധ്യമാക്കാന്‍ ശ്രമിക്കുന്നത്. ഡ്രാഗണ്‍സ്‌കെയ്ല്‍ സോളാര്‍ സ്‌കിന്‍, സമീപ പ്രദേശങ്ങളിലുള്ള കാറ്റാടി യന്ത്രങ്ങളില്‍ നിന്നുള്ള വൈദ്യുതി തുടങ്ങിയവയാണ് കമ്പനി ഹരിത വിപ്ലവത്തിനായി കൂട്ടുപിടിക്കുക. കുടിവെള്ളമൊഴികെയുള്ള വെള്ളം മുഴുവന്‍ സ്വയം ശേഖരിക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കുക. ഭൂമിക്കു മുകളിലുള്ള തടാകങ്ങള്‍കെട്ടി മഴവെള്ളംസംഭരിക്കുകയും ഇത് പുഃനചംക്രമണം നടത്തുകയുമായിരിക്കും ഒരു രീതി. തങ്ങള്‍ ഉപയോഗിക്കുന്നതിന്റെ 120 ശതമാനം വെള്ളം 2030തോടെ തിരിച്ചു നല്‍കാനാണ് കമ്പനി ശ്രമിക്കുന്നത്.

bay-view-campus-4

ഗ്യാസ് ഉപയോഗിക്കാതെ പരിപൂര്‍ണമായി വൈദ്യുതിയില്‍ ഭക്ഷണം പാചകം ചെയ്യല്‍ വരെ നടത്തുന്നു എന്നത് മറ്റൊരു സവിശേഷതയാണ്. സ്വാഭാവിക ഭൂപ്രകൃതി പ്രതിഫലിപ്പിക്കുന്ന 17.3 ഏക്കര്‍ സ്ഥലത്താണ് കെട്ടിടം. ഓഫിസിലെ താപം ക്രമീകരിക്കാനായി ജിയോ തെര്‍മല്‍ പൈല്‍ സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. ചൂടും തണുപ്പും നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ശീതീകരിക്കാനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ 90 ശതമാനവും ഇതുവഴി ലാഭിക്കാന്‍ സാധിക്കുന്നു. ഒരു വര്‍ഷത്തെ കണക്കു നോക്കിയാല്‍ ഇത് ദശലക്ഷക്കണക്കിനു ഗ്യാലണ്‍ വെള്ളമാണ്.

English Summary: Bay View is open- the first campus built by Google

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA