ഇലോൺ മസ്കിന്റെ ഉപഗ്രഹങ്ങളെ ചൈന തകർക്കുമോ? കാരണമെന്ത്?

star-link
SHARE

ദേശീയ സുരക്ഷയക്ക് ഭീഷണിയാകുമെന്നു തോന്നിയാല്‍ സ്‌പേസ്എക്‌സ് മേധാവി ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന് ഉപയോഗിക്കുന്ന സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകളെ ചൈന വീഴ്ത്തിയേക്കും. ഇതിനു വേണ്ട ആയുധങ്ങള്‍ വികസിപ്പിക്കാന്‍ തയാറെടുക്കുകയാണ് ചൈനീസ് പട്ടാളമെന്ന് ചൈനീസ് ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്യുന്നു. സ്‌പേസ്എക്‌സ് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങൾ ലോകമെമ്പാടുമുള്ള വാണിജ്യ, സൈനിക ഉപയോക്താക്കള്‍ക്കായി, കണക്‌ഷന്‍ ഇല്ലാത്തിടങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കുന്നു. ഇപ്പോള്‍ 2300 ലേറെ സാറ്റലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെ ഒരു തരത്തിലും ഇല്ലാതാക്കാന്‍ കഴിയില്ലെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. കാരണം ഏതാനും സാറ്റലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായാലും അതു സ്റ്റാർ ലിങ്കിന്റെ മൊത്തം പ്രവര്‍ത്തനത്തെ ബാധിക്കില്ല.

∙ സ്റ്റാര്‍ലിങ്കിന്റെ ഓപ്പറേറ്റിങ് സിസ്റ്റം തന്നെ തകര്‍ക്കണം

'മോഡേണ്‍ ഡിഫന്‍സ് ടെക്‌നോളജി' എന്ന ചൈനീസ് ജേണലില്‍ പ്രസിദ്ധീകരിച്ച, പീയര്‍ റിവ്യൂ ചെയ്യപ്പെട്ട പ്രബന്ധത്തിലാണ് ചൈന ഇത്തരത്തിലുള്ള സാറ്റലൈറ്റുകളെ തകര്‍ക്കാനുള്ള ശക്തിയാര്‍ജിക്കണമെന്നും അവയെ നിരന്തരം നിരീക്ഷിക്കണമെന്നും പറഞ്ഞിരിക്കുന്നത്. ഓരോ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റിനെയും അശക്തമാക്കാന്‍ സാധിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിനായി ഓപ്പറേറ്റങ് സിസ്റ്റം തന്നെ തകര്‍ക്കണം എന്നാണ് പ്രബന്ധകാരന്‍ റെന്‍ യുവാന്‍സ്‌ഹെന്‍ എഴുതിയിരിക്കുന്നത്. അദ്ദേഹം പീപ്പിൾസ് ലിബറേഷന്‍ ആര്‍മി യൂണിറ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാക്കിങ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സിലെ ഗവേഷകനാണ്. ചൈനയുടെ ബഹിരാകാശ, സൈബര്‍, ഇലക്ട്രോണിക് യുദ്ധ തന്ത്രങ്ങള്‍ മെനയുന്ന വിഭാഗമാണിത്.

∙ അമേരിക്കന്‍ പ്രതിരോധ വിഭാഗവുമായി ഒപ്പിട്ട കരാര്‍ ചൈനയെ ചൊടിപ്പിച്ചോ?

ഈ പഠനം ചൈനീസ് സർക്കാരിന്റെയോ പട്ടാളത്തിന്റെയോ ഔദ്യോഗിക നിലപാടാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം, അടുത്തിടെ അമേരിക്കന്‍ പ്രതിരോധ ഡിപ്പാര്‍ട്ട്‌മെന്റുമായി സ്‌പേസ്എക്‌സ് ഒരു കരാറില്‍ ഏര്‍പ്പെട്ടിരുന്നു. സ്റ്റാര്‍ലിങ്ക് പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ച് പുതിയ ടെക്‌നോളജി വികസിപ്പിക്കാനായിരുന്നു ഇത്. ഹൈപ്പര്‍ സോണിക് ആയുധങ്ങളെയും മറ്റും കണ്ടെത്താനുള്ള അതിസൂക്ഷ്മ സംവിധാനങ്ങള്‍ ഒരുക്കാനുള്ളതായിരുന്നു കരാര്‍. ഇത് അമേരിക്കന്‍ ഡ്രോണുകള്‍ക്കും ഒളിയുദ്ധ വിമാനങ്ങള്‍ക്കും 100 മടങ്ങു വേഗത്തില്‍ ഡേറ്റ എത്തിക്കാൻ സഹായിക്കുമെന്നാണ് ഗവേഷകന്‍ റെന്‍ പ്രബന്ധത്തില്‍ പറയുന്നത്. ഇതിനാലാണ് ചൈന തങ്ങളുടെ ബഹിരാകാശ നിരീക്ഷണ സംവിധാനങ്ങള്‍ നവീകരിക്കേണ്ടതെന്നും റെന്‍ വ്യക്തമാക്കുന്നു,

∙ വികേന്ദ്രീകൃത സംവിധാനം തന്നെ തകര്‍ക്കണം

പുതിയ നിരീക്ഷണ സംവിധാനം ഉപയോഗിച്ച് സ്റ്റാര്‍ലിങ്കിന്റെ സാറ്റലൈറ്റുകളുടെ അത്യന്തം വ്യക്തതയുള്ള ചിത്രങ്ങള്‍ എടുത്ത് അവയിലുള്ള സവിശേഷ സംവിധാനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കണം. സ്റ്റാര്‍ലിങ്ക് വികേന്ദ്രീകൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ സാറ്റലൈറ്റുമല്ല പ്രധാനം. മൊത്തം സിസ്റ്റമാണ്. ഇത് അധികം ചെലവില്ലാതെയും എന്നാല്‍ അത്യന്തം കാര്യപ്രാപ്തിയോടെയും പ്രവര്‍ത്തിക്കുന്നു എന്നും റെന്‍ പറയുന്നു.

elon-musk-starlink

∙ സ്റ്റാര്‍ലിങ്കിനു ബദലായി സ്റ്റാര്‍നെറ്റുമായി ചൈന

അതേസമയം, സ്റ്റാര്‍ലിങ്കിനു സമാനമായ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സംവിധാനം ചൈന സ്വന്തമായി വിക്ഷേപിച്ചു കഴിഞ്ഞു. സിങ് വാങ് - സ്റ്റാര്‍നെറ്റ് ( Xing Wang - StarNet) എന്നാണ് പേര്. സ്റ്റാര്‍ലിങ്കിനെ പോലെ ലോകമെമ്പാടും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എത്തിക്കാനാണ് ഉദ്ദേശം. സ്റ്റാര്‍നെറ്റിന് ഇരുനൂറോ അതിലേറെയോ സാറ്റലൈറ്റുകള്‍ മാത്രമാണ് ഉണ്ടാകുക. എന്നാല്‍, മറ്റു ചൈനീസ് സാറ്റലൈറ്റുകളുമായും ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതിനാല്‍ ഇവയുടെ പ്രവര്‍ത്തനത്തിന് അതീവ കാര്യക്ഷമത ലഭിക്കുമെന്നു ചൈന പറയുന്നു. ലേസര്‍ കമ്യൂണിക്കേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി അത്യാധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്നതിനാല്‍ ചൈനയുടെ സംവിധാനത്തിന് കാര്യക്ഷമത കൂടുതല്‍ കിട്ടുമെന്നാണ് വാദം.

starlink-spacex

∙ യൂട്യൂബ് വഴി അബദ്ധ പ്രചരണം; പലതും ചെയ്യേണ്ടിയിരിക്കുന്നു എന്ന് മേധാവി

മൂത്രപ്പുരയില്‍ ചുവരെഴുത്തുകള്‍ നടത്തുന്ന മനഃസ്ഥിതിയുള്ളവര്‍ പോലും യൂട്യൂബിന്റെ സാധ്യതകള്‍ മുതലെടുത്തു തുടങ്ങിയതോടെ തെറ്റായ വിവരങ്ങള്‍ ചുമക്കേണ്ട ഗതികേടിലാണ് ഈ വിഡിയോ ഷെയറിങ് പ്ലാറ്റഫോം. വഹിക്കുക മാത്രമല്ല ഈ വിവരങ്ങളെല്ലാം താത്പര്യമില്ലെങ്കില്‍ കൂടി പ്രചരിപ്പിക്കേണ്ടതായും വരുന്നു. യൂട്യൂബ് വഴി തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെതിരെ പല പ്രതിരോധവും തീർക്കേണ്ടിയിരിക്കുന്നു എന്ന് കമ്പനി മേധാവി സൂസ്ന്‍ വൊജിസികി പറഞ്ഞുവെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. കോവിഡ്-19നെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍, വിവിധ തിരഞ്ഞെടുപ്പു സമയത്ത് പടച്ചുവിടുന്ന വിഡിയോകള്‍ തുടങ്ങിയവയും യഥേഷ്ടം പ്രചരിച്ചു എന്ന് സൂസന്‍ ഏറ്റുപറഞ്ഞു.

ഗൂഗിളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയുക എന്നതാണ്. പല രാജ്യങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്രശ്‌നമാകുന്ന ഉള്ളടക്കം പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇതുവരെ യൂട്യൂബ് വലിയ കുഴപ്പമില്ലാതെ നിലനിന്നു പോന്നു. തീവ്രവാദ സ്വഭാവമുള്ള ഉള്ളടക്കങ്ങള്‍ പോലും യൂട്യൂബിന് വഹിക്കേണ്ടതായി വരുന്നുവെന്നും കാണാം. ഇത്തരം ദോഷകരമായ കണ്ടെന്റ് പ്രചരിക്കുന്നതിനെതിരെ ഫലപ്രദമായ പ്രതിരോധം ചമയ്ക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് വൊജിസികി പറയുന്നു. അതേസമയം, തങ്ങളുടെ നിലവിലുള്ള സംവിധാനം പോലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നും വൊജിസികി പറഞ്ഞു.

∙ ഈ വര്‍ഷം പ്രീമിയം ഐഫോണ്‍ അവതരണം താമസിച്ചേക്കാം?

ചൈനയിലെ കോവിഡ് മാനദണ്ഡങ്ങള്‍ മൂലം ആപ്പിളിന്റെ ഈ വര്‍ഷത്തെ പ്രീമിയം ഫോണ്‍ ശ്രേണിയായ ഐഫോണ്‍ 14 സീരീസിന്റെ അവതരണം വൈകിയേക്കുമെന്ന് നിക്കെയ് ഏഷ്യ. ഷാങ്ഹായ് പട്ടണത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമുള്ള ലോക്ഡൗണാണ് ആപ്പിളിനെ വലയ്ക്കുന്നത്. ഒരു മോഡലിന്റെയെങ്കിലും നിര്‍മാണം വേണ്ടരീതിയില്‍ നടക്കുന്നില്ലെന്നാണ് സൂചന. ഐഫോണ്‍ 14 സീരീസ് ഇപ്പോള്‍ എൻജിനീയറിങ് വേരിഫിക്കേഷന്‍ ഘട്ടത്തിലാണ് ഉള്ളതെന്ന് നിക്കെയ് ഏഷ്യ പറയുന്നു. ഇത് ജൂണ്‍ അവസാനം പൂര്‍ത്തിയായേക്കും. എന്നാല്‍, ഈ വര്‍ഷം ഇറക്കാന്‍ ഉദ്ദേശിക്കുന്ന ഫോണുകളില്‍ ഒരു മോഡലെങ്കിലും സമയത്തിന് നിര്‍മിക്കാനായേക്കില്ലെന്നാണ് സൂചന. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂന്നാഴ്ചയെങ്കിലും പിന്നിലാണത്രെ.

iphone-14-concept-

∙ ഇന്‍സ്റ്റഗ്രാം കുറച്ചു സമയത്തേക്ക് നിലച്ചു

മെറ്റാ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റഗ്രാമിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം (മേയ് 25) മണിക്കൂറുകളോളം നിലച്ചു എന്ന് ഡൗണ്‍ഡിറ്റക്ടറിന്റെ റിപ്പോര്‍ട്ട്. ലോഗ്-ഇന്‍ ചെയ്യാനാവുന്നില്ലെന്ന് പല ഉപയോക്താക്കളും ട്വിറ്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ വഴി അറിയിച്ചു. ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ നേരിട്ടത് രാവിലെ 9.45 മുതല്‍ രാത്രി 12.45 വരെ ആയിരുന്നു എന്നു പറയുന്നു. അതേസമയം, ചില ഉപയോക്താക്കള്‍ക്ക് ഈ സമയത്തും ആപ്പിന്റെ വിവിധ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

English Summary: China military must be able to destroy Elon Musk’s Starlink satellites if they threaten national security: scientists

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA