ADVERTISEMENT

ടെക് ലോകത്തെ വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും പാർട്‌സ് സ്റ്റോറേജ് പ്രതിസന്ധിയും തുടരുകയാണ്. ചൈനയിലെ കോവിഡ്-19 ലോക്ഡൗണുകൾ കാരണം ഡിസ്‌പ്ലേ പാനൽ വ്യവസായത്തിന് വൻ തിരിച്ചടിയാണ് നേരിട്ടത്. ചൈനയിലെ നീണ്ട ലോക്ഡൗണുകൾക്കിടയിൽ ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ (എൽസിഡി) പാനലുകളുടെ ആഗോള കയറ്റുമതി മുൻവർഷത്തേക്കാൾ 15 ശതമാനം കുറഞ്ഞുവെന്ന് വ്യവസായ ട്രാക്കർ ഒംഡിയ പറയുന്നു.

സ്‌മാർട് ഫോണുകൾ പോലുള്ള ഉപഭോക്തൃ ഇലക്ട്രോണിക്‌സിൽ ഉപയോഗിക്കുന്ന ചെറുതും ഇടത്തരവുമായ എൽസിഡി പാനലുകളുടെ കയറ്റുമതിയും മുൻ വർഷത്തേതിനേക്കാൾ 20 ശതമാനം കുറഞ്ഞതായി യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ഒമിക്രോൺ വേരിയന്റിനെ തടയാൻ കർശനമായ ലോക്ഡൗൺ നടപ്പിലാക്കിയതിനെത്തുടർന്ന് ചൈനയിലെ പ്രധാന പാർട്‌സ് വിതരണക്കാർ, ഉപകരണ നിർമാതാക്കൾ, അസംബ്ലർമാർ എന്നിവരുടെ ഉൽപാദനം താൽക്കാലികമായി നിർത്തിവച്ചതാണ് കയറ്റുമതിയിലെ ഇടിവിന് കാരണമായത്.

ശക്തമായ ആന്റിവൈറസ് നിയന്ത്രണങ്ങൾ ആപ്പിൾ മോണിറ്ററിന്റെയും മാക്ബുക്ക് നിർമാതാക്കളായ ക്വാണ്ട കംപ്യൂട്ടറിന്റെയും ഐപാഡ്, നോട്ട്ബുക്ക് നിർമാതാക്കളായ കംപാൽ ഇലക്ട്രോണിക്സ് എന്നിവയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. രണ്ട് കമ്പനികളും യഥാക്രമം ഷാങ്ഹായിലും അടുത്തുള്ള കുൻഷാനിലും പ്രധാന ഉൽപാദന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ഓംഡിയയുടെ അഭിപ്രായത്തിൽ ക്വാണ്ടയുടെ പ്രതിമാസ ഉൽപാദനം മൂന്നിലൊന്നായും ഏപ്രിലിൽ കംപാലിന്റെ ഉൽപാദം പകുതിയായും കുറഞ്ഞു.

ഐഫോണുകളുടെ പ്രധാന അസംബ്ലറായ തയ്‌വാനിലെ ഫോക്‌സ്‌കോൺ ഈ വർഷമാദ്യം ഷെൻ‌ഷെനിലെയും കുൻ‌ഷാനിലെയും പ്ലാന്റുകളിലെ ഉൽ‌പാദനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ചൈനയിലെ കോവിഡ് മാനദണ്ഡങ്ങളാല്‍ പൊറുതിമുട്ടി ഹാൻഡ്സെറ്റ് നിര്‍മാണം മറ്റു രാജ്യങ്ങളിലേക്കു മാറ്റാന്‍ ആപ്പിള്‍ തീരുമാനിച്ചതായും വാർത്ത വന്നിരുന്നു. പ്രധാനമായും ഇന്ത്യയ്ക്കും വിയറ്റ്‌നാമിനും ആയിരിക്കും ഇതിന്റെ നേട്ടം ലഭിക്കുക. ചൈനയോട് ഏറ്റവും സാമ്യമുള്ള പ്രദേശമായി ആപ്പിള്‍ കാണുന്നത് ഇന്ത്യയെയാണ്. കൂടുതല്‍ ജനസംഖ്യയും കുറഞ്ഞ ശമ്പളവും എന്ന സമവാക്യമാണ് ഇന്ത്യയെ ആപ്പിളിന് ആകര്‍ഷകമാക്കുന്നതെന്ന് ദ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

English Summary: China lockdowns a big blow for display, electronics makers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com