ADVERTISEMENT

ഇപ്പോള്‍ നടക്കുന്ന പുതിയ കരുനീക്കങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്നത് രാജ്യത്തെ സുപ്രധാന ഓണ്‍ലൈന്‍ വില്‍പനശാലകളായ ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും സമീപഭാവിയില്‍ തന്നെ കടുത്ത വെല്ലുവിളി നേരിടുമെന്നാണ്. റിലയന്‍സ് കമ്പനിയുടെ ഉടമ മുകേഷ് അംബാനി, ടാറ്റ തുടങ്ങിയ കമ്പനികള്‍ അടുത്തു തന്നെ ഈ മേഖലയില്‍ കരുത്തു കാട്ടുമെന്നു കരുതുന്നു. എന്നാല്‍, അതിലൊക്കെ ഉപരിയായിരിക്കാം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു തുടങ്ങിയിരിക്കുന്ന ഓണ്‍ലൈന്‍ വില്‍പന സംവിധാനം. ഇതിനായി കേന്ദ്രം വളരെ വിസ്തൃതമായ ഒരു ശൃംഖല തന്നെയാണെന്ന് സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രശസ്ത ബാങ്കുകളെയും മറ്റു പ്രമുഖ കമ്പനികളെയും അടക്കം അണിനിരത്തിയായിരിക്കും പുതിയ നീക്കം.

 

∙ വരുന്നു ഒഎന്‍ഡിസി!

 

ഇക്കഴിഞ്ഞ ഏപ്രിലില്‍ വലിയ ആരവങ്ങളില്ലാതെ കേന്ദ്രം അവതരിപ്പിച്ച പ്ലാറ്റ്‌ഫോം ആണ് ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ONDC). ഒഎന്‍ഡിസിയുമായി സഹകരിക്കാന്‍ ഒരുങ്ങുകയാണ് രാജ്യത്തെ ചില പ്രമുഖ ബാങ്കുകള്‍ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈപ്ലാറ്റ്‌ഫോമിന്റെ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്യമായ പരിഗണന തന്നെയാണ് നില്‍കുന്നത്. കാരണം വര്‍ഷങ്ങളായി ആമസോണിനെയും ഫ്‌ളിപ്കാര്‍ട്ടിനെയും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നല്‍കിവരികയാണ് ഇന്ത്യയിലെ ചെറുകിട വ്യാപിരാകള്‍. പൊതുവെ അദ്ദേഹത്തിന് പിന്തുണ നല്‍കുന്നവരാണ് ഇത്തരം വ്യാപാരികള്‍ എന്നതാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം. 

 

∙ ബാങ്കുകള്‍ ബയര്‍ പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കും

ondc

 

അക്കൗണ്ട് ഉടമകള്‍ക്കായി ബയര്‍ പ്ലാറ്റ്‌ഫോമുകള്‍ (buyer platforms) ഒരുക്കാനാണ് ബാങ്കുകള്‍ ഒരുങ്ങുന്നത്. ഈ പ്ലാറ്റ്‌ഫോമുകളിലൂടെ ഒഎന്‍ഡിസിയുമായി സഹകരിക്കുന്ന ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് വിവിധ ഉല്‍പന്നങ്ങളും സേവനങ്ങളും ഓര്‍ഡര്‍ ചെയ്യാം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, അക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ഡിഎഫ്‌സി, കൊടക്, ഐഡിഎഫ്‌സി ഫസ്റ്റ് തുടങ്ങിയ ബാങ്കുകളാണ് ഇപ്പോള്‍ ഒഎന്‍ഡിസിയുമായി ചര്‍ച്ച നടത്തി വരുന്നത്. അതേസമയം, പല ബാങ്കുകളുടെയും പ്രതിനിധികള്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. മറ്റു ബാങ്കുകളും എത്തിയേക്കാം. 

 

∙ വില്‍പനക്കാര്‍ക്ക് തുല്യ പ്രാധാന്യം

 

ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും വില്‍പനാ രീതിക്കെതിരെ ചില കടുത്ത വിമര്‍ശനങ്ങളുണ്ട്. അവര്‍ ചില സെല്ലര്‍മാര്‍ക്ക് പ്രാധാന്യം നല്‍കുന്നു എന്നുള്ളതാണ് ഇതിലൊന്ന്. ആമസോണിനെക്കുറിച്ച് നിലനില്‍ക്കുന്ന വലിയൊരു ആരോപണവും ഇവിടെ ഓര്‍ക്കാം. ആമസോണ്‍ വഴി ഒരു സെല്ലര്‍ പുതിയൊരു ഉല്‍പന്നം വിജയകരമായി വില്‍ക്കുന്നുവെങ്കില്‍ അതിനെ അനുകരിച്ച് അത്തരം ഒരു ഉല്‍പന്നം ആമസോണ്‍ നേരിട്ട് ഇറക്കുന്നു എന്നതാണ് ആരോപണം. അതേസമയം, വാങ്ങുന്നവന്റെ വീക്ഷണകോണില്‍ നിന്നു നോക്കിയാല്‍ മറ്റൊരു കാര്യവും കാണാം. പൊതുവെ ആമസോണ്‍ ഇറക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ഗുണനിലവാരം അത്ര മോശമായിരിക്കില്ല എന്നു തന്നെയല്ല വിലയും കുറവായിരിക്കും. എന്തായാലും ഒഎന്‍ഡിസിയുടെ പ്ലാറ്റ്‌ഫോമില്‍ ഒരു വില്‍പനക്കാരനും പ്രത്യേക പരിഗണന ലഭിക്കില്ല. വില്‍പനക്കാരന്റെ സ്ഥാപനത്തിന്റെ ആസ്തിയും പരിഗണിക്കില്ല. എല്ലാ വില്‍പനക്കാര്‍ക്കും തുല്യ പരിഗണന നല്‍കുമെന്നാണ് അവകാശവാദം. പ്രായോഗിക തലത്തില്‍ ഇതെങ്ങനെ നടപ്പാക്കുമെന്നത് കണ്ടു തന്നെ അറിയാം.

ondc-

 

∙ ഓണ്‍ലൈന്‍ വ്യാപാരം എന്ന അപാര സാധ്യത

 

പദ്ധതിയുടെ ലക്ഷ്യം ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ലഭിക്കുന്ന സൗകര്യങ്ങള്‍ നല്‍കുക എന്നതായിരിക്കുമെന്ന് ഒഎന്‍ഡിസിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ടി. കോശി പറഞ്ഞു. ഇതിനായി താന്‍ ബാങ്കുകളും വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകളും ടെലികോം കമ്പനികളുമൊക്കെയായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചര്‍ച്ചയുടെ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയാറായില്ല. ഇന്ത്യന്‍ ഇകൊമേഴ്‌സ് കമ്പനികള്‍ വഴി 2021ല്‍ 5500 കോടി കോടിയിലേറെ ഡോളറിനുള്ള വ്യാപാരച്ചരക്കുകളുടെ കച്ചവടം നടന്നു. ഈ തുക ഈ പതിറ്റാണ്ടിന് ഒടുവിലാകുമ്പോഴേക്ക് 35000 കോടി ഡോളറാകുമെന്നാണ് സർക്കാർ കണക്കു കൂട്ടുന്നത്. ഈ മാര്‍ക്കറ്റിന്റെ 60 ശതമാനത്തിലേറെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ആമസോണും ഫ്‌ളിപ്കാര്‍ട്ടുമാണ്. കൂടാതെ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഇന്ത്യയിലെ ഭാവി അപാരവുമാണ്. ഏകദേശം 135 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ വെറും 8 ശതമാനം പേരാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത്. 

 

∙ തുടക്കം നൂറു നഗരങ്ങളില്‍

 

ഒഎന്‍ഡിസി ഈ വര്‍ഷം ഓഗസ്റ്റില്‍ രാജ്യത്തെ 100 നഗരങ്ങളില്‍ സാന്നിധ്യമുറപ്പിക്കാനുള്ള ശ്രമത്തിലാണ്. കൂടാതെ, അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 900 ദശലക്ഷം ഉപയോക്താക്കള്‍, 1.2 ദശലക്ഷം സെല്ലര്‍മാര്‍ എന്നവരും ഒഎന്‍ഡിസിക്കൊപ്പം എത്തിക്കണമെന്നും ലക്ഷ്യമിടുന്നു. തന്റെ ബാങ്ക്, ഒഎന്‍ഡിസിയുമായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു എന്ന് ബാങ്ക് ഓഫ് ബറോഡയുടെ മുഖ്യ ഡിജിറ്റല്‍ ഓഫിസര്‍ അഖില്‍ ഹാന്‍ഡ പറയുന്നു. അടുത്ത വമ്പന്‍ പദ്ധതിയായി തീരാനുള്ള സംരംഭമാണ് ഒഎന്‍ഡിസി എന്ന് അദ്ദേഹം പറയുന്നു. ബാങ്കുകള്‍ക്ക് കൂടുതല്‍ ബിസിനസ് ലഭിച്ചേക്കാവുന്ന നീക്കമായിരിക്കാമിത്. പുതിയ സംരംഭത്തിനായി ബാങ്കുകളും മറ്റ് സാമ്പത്തിക ഇടപാടു സ്ഥാപനങ്ങളും ഇതുവരെ മൊത്തം 2.55 ബില്യന്‍ രൂപയുടെ (32.8 ദശലക്ഷം ഡോളര്‍) നിക്ഷേപം നടത്തിക്കഴിഞ്ഞു. 

 

∙ ഇത് ആമസോണിനും ഫ്ലിപ്കാര്‍ട്ടിന്റെയും ശോഭ കെടുത്തുമോ?

 

ഒഎന്‍ഡിസി നടത്തുന്ന നീക്കങ്ങള്‍ ശരിയായ ദിശയില്‍ തന്നെയാണ്. എന്നാല്‍ ഇതൊക്കെ ഫ്ലിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും ശോഭ കെടുത്തുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. രാജ്യത്തെ ചെറുകിട വ്യാപാരികളെല്ലാം ചേര്‍ന്ന് ഇവയെ അപ്രസക്തമാക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ വിജയിക്കാതിരിക്കാനുള്ള സാഹചര്യവും ഉണ്ട്. ആമസോണിന്റെ ഫുള്‍ഫില്‍മെന്റ് സര്‍വീസസ് തുടങ്ങിയവ നല്‍കിവരുന്ന വിശ്വസ്തമായ സേവനങ്ങള്‍ ഉപയോക്താക്കളെ ഈ വെബ്‌സൈറ്റുകളില്‍ തളച്ചിടുന്നു. ഇതൊക്കെ ഒഎന്‍ഡിസിയുടെ മാനേജ്‌മെന്റിനും പുനഃസൃഷ്ടിക്കാനായാല്‍ മാത്രമാണ് ഈ കമ്പനികളുടെ ബിസിനസ് തകര്‍ക്കാന്‍ സാധിക്കുക. താരമ്യേന സത്യസന്ധവും സുതാര്യവുമായ ബിസിനസാണ് ആമസോണും ഫ്ലിപ്കാര്‍ട്ടും നടത്തുന്നത് എന്ന അനുഭവം ഉളളതുകൊണ്ടാണ് അവയെ വാങ്ങലുകാര്‍ ആശ്രയിക്കുന്നത്. പിന്നെ പ്രാദേശിക കടക്കാര്‍ നല്‍കുന്നതിനേക്കാളേറെ വിലക്കുറവും നല്‍കുന്നു. സർക്കാരിന്റെ പിന്തുണയുള്ള പുതിയ നീക്കത്തെക്കുറിച്ച് ഇരു കമ്പനികളും പ്രതികരിക്കാന്‍ വിസമ്മതിച്ചു. 

 

∙ ഒഎന്‍ഡിസിയുമായി കൈകോര്‍ക്കാന്‍ സാക്ഷാല്‍ ഗൂഗിളും

 

അതേസമയം, അക്‌സല്‍, സെക്വോയിയ (Sequoia) തുടങ്ങിയ വെഞ്ചര്‍ ക്യാപ്പിറ്റല്‍ കമ്പനികള്‍ ഒഎന്‍ഡിസിയില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിവരികയാണ്. എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ തുടങ്ങിയ ടെലികോം കമ്പനികളും പുതിയ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകള്‍ ആരായാന്‍ താത്പര്യപ്പെടുന്നു. പണക്കൈമാറ്റ കമ്പനിയായ പേടിഎം ഒഎന്‍ഡിസിയുമായി സഹകരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. എന്നാല്‍, ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും ആധുനിക തന്ത്രങ്ങളെ തകിടം മറിക്കാന്‍ കെല്‍പ്പുള്ള മറ്റൊരു കമ്പനിക്കും ഒഎന്‍ഡിസിയുമായി സഹകരിക്കാന്‍ താത്പര്യമുണ്ടെന്ന് കഴിഞ്ഞയാഴ്ച റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. അത് മറ്റാരുമല്ല സാക്ഷാല്‍ ഗൂഗിള്‍ തന്നെയാണ്!

 

English Summary: What is ONDC, India's project for an open e-commerce network?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com