ADVERTISEMENT

ലോകത്തിലെ ഏറ്റവും ശേഷിയുള്ള സ്‌പേസ് ടെലിസ്‌കോപ്പെന്നു വിശേഷിപ്പിക്കപ്പെടുന്ന നാസയുടെ ജയിംസ് വെബ് ടെലിസ്‌കോപ് നാശത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. ജയിംസ് വെബിന്റെ പ്രധാന ഭാഗമായ പ്രൈമറി മിററിലേക്ക് ഒരു ഉൽക്ക ശക്തിയോടെ ആഞ്ഞിടിച്ചതാണ് ആശങ്കയ്ക്കു വഴിവച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ടെലിസ്‌കോപ് ബഹിരാകാശത്തെ അതിന്റെ ലക്ഷ്യസ്ഥാനത്തെത്തിയത്. ഭൂമിയിൽ നിന്നു ദശലക്ഷക്കണക്കിന് കിലോമീറ്റർ അകലെയാണ് ഇത് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.

ഇതിനു മുൻപ് നാലു തവണ ടെലിസ്‌കോപിൽ ഉൽക്കകൾ വന്നിടിച്ചിട്ടുണ്ട്. എന്നാൽ അവയുടെ ആഘാതം അവസാനമുണ്ടായതിനെ അപേക്ഷിച്ച് വളരെ കുറവാണ്. തങ്ങൾ കണക്കുകൂട്ടിയതിലും വലിയ ആഘാതം ജയിംസ് വെബിന്റെ മിററിൽ ഉൽക്ക ഏൽപിച്ചെന്നും എന്നാൽ പ്രശ്‌നമൊന്നുമില്ലെന്നും ടെലിസ്‌കോപ് പൂർവാധികം ശക്തിയോടെ പ്രവർത്തിക്കുന്നുണ്ടെന്നും നാസ അറിയിച്ചു.

കഴിഞ്ഞ ഡിസംബറിലാണ് ജയിംസ് വെബ് ടെലിസ്‌കോപ്പിന്റെ ബഹിരാകാശത്തേക്കുള്ള വിക്ഷേപണത്തിന്റെ ആദ്യഘട്ടം ശനിയാഴ്ച തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ സ്‌പേസ് സെന്ററിൽ നിന്നു വിജയകരമായി പൂർത്തീകരിച്ചത്. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ആരിയാനെ 5 റോക്കറ്റാണു ടെലിസ്‌കോപിനെ വഹിച്ചത്. 27 മിനിറ്റ് പിന്നിട്ട ശേഷം റോക്കറ്റിൽ നിന്നു ടെലിസ്‌കോപ് പുറത്തെത്തി.

വിഖ്യാത ബഹിരാകാശ ടെലിസ്‌കോപ്പായ ഹബ്ബിളിന്റെ പിൻഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ജയിംസ് വെബ്, ആദിമ പ്രപഞ്ച ഘടന, തമോഗർത്തങ്ങൾ, പുറംഗ്രഹങ്ങളിലെ കാലാവസ്ഥ, ജീവസാധ്യത, യുറാനസ്‌,നെപ്ട്യൂൺ ഗ്രഹങ്ങളുടെ സവിശേഷതകൾ എന്നിവയെക്കുറിച്ച് നിർണായക വിവരങ്ങൾ നൽകുമെന്നു പ്രതീക്ഷിക്കപ്പെടുന്നതാണ്.  31 വർഷമായി ബഹിരാകാശത്തുള്ള ഹബ്ബിൾ ടെലിസ്‌കോപ്പിന്റെ 100 മടങ്ങു കരുത്താണു ജയിംസ് വെബിന്. ഹബ്ബിൾ പ്രകാശ, യുവി കിരണങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങളെടുത്തതെങ്കിൽ ജയിംസ് വെബ് ഇൻഫ്രാ റെഡ് കിരണങ്ങൾ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്.

ഇതുവരെയുള്ള ഘട്ടങ്ങളെല്ലാം ടെലിസ്‌കോപ് വിജയകരമായി പൂർത്തിയാക്കി. ടെലിസ്‌കോപ്പിലെ വമ്പൻ സോളർ പാനലുകളാണ് ഊർജം നൽകുന്നത്. ഭൂമിയിൽ നിന്നു 15 ലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എൽ2 ഭ്രമണപഥത്തിലാണു ജയിംസ് വെബ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ജനുവരിയിൽ ജയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പിന്റെ 6.5 മീറ്റർ വലുപ്പമുള്ള വമ്പൻ കണ്ണാടി പൂർണമായി വിടർന്നിരുന്നു.

'ഗോൾഡൻ ഐ' എന്നാണ് സ്വർണം പൂശിയ, പുഷ്പാകൃതിയുള്ള കണ്ണാടിക്കു നാസ നൽകിയിരിക്കുന്ന പേര്. ബെറീലിയം ലോഹം ഉപയോഗിച്ചു നിർമിച്ച ഇതിന് ഇതളുകൾ പോലെ 18 ഭാഗങ്ങളുണ്ട്.7000 കിലോ ഭാരം, 1000 കോടി യുഎസ് ഡോളർ ചെലവ്, 10 വർഷം കാലാവധി എന്നിവയുള്ള ജയിംസ് വെബിന്റെ പ്രധാന കണ്ണാടിയുടെ വ്യാസം 6.6 മീറ്ററാണ്. ഇതിലേക്കാണ് ഇപ്പോൾ ഉൽക്ക ഇടിച്ചത്. ഒരുപാടു ദൂരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ എന്തെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായാൽ ദൗത്യം ഉപേക്ഷിക്കേണ്ടിവരും. ഒരു തരത്തിലും തകരാർ പരിഹരിക്കാൻ നിലവിലെ സാങ്കേതികവിദ്യകളാൽ കഴിയില്ല.

English Summary: James Webb Space Telescope Hit By Asteroid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com