ശ്രദ്ധിക്കുക! ടോറന്റിൽ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്താല്‍ 10 ലക്ഷം രൂപ വരെ പിഴ, ജയില്‍ ശിക്ഷ ലഭിച്ചേക്കാം

torrent
SHARE

രാജ്യത്ത് സിനിമകളും ടിവി സീരിയലുകളും നിയമവിരുദ്ധമായ രീതിയില്‍ കാണുന്നത് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചതിനാല്‍ ശ്രദ്ധിക്കണമെന്ന് ഉപദേശം. കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ 10 ലക്ഷം രൂപ വരെ പിഴയും ജയില്‍ ശിക്ഷയും ലഭിച്ചേക്കാം. നിരോധിക്കപ്പെട്ട വെബ്‌സൈറ്റുകളുടെ പട്ടികയില്‍ പെടുന്ന 9എക്‌സ്മൂവീസ് (9xmovies) ടോറന്റിനെക്കുറിച്ച് ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിവരങ്ങള്‍ ഉള്ളത്.

∙ എല്ലാ ടോറന്റ് (Torrent) വെബ്‌സൈറ്റുകള്‍ക്കും ബാധകമായ കാര്യങ്ങള്‍

വിവിധ ഭാഷകളിലുള്ള സിനിമകളും സീരിയലുകളും ഡൗണ്‍ലോഡ് ചെയ്യാവുന്ന 9എക്‌സ്മൂവീസില്‍ നിന്ന് കണ്ടെന്റ് ഡൗണ്‍ലോഡ് ചെയ്യുന്നതും സ്ട്രീം ചെയ്യുന്നതും സുരക്ഷിതമായിരിക്കില്ല. അതിനു പുറമെ, ഈ വെബ്‌സൈറ്റില്‍ സുരക്ഷിതമല്ലാത്ത നിരവധി പോപ് - അപ്പുകളും ഉണ്ട്. ഇവയിലെങ്ങാനും ക്ലിക്കു ചെയ്താല്‍ കംപ്യൂട്ടിങ് ഉപകരണങ്ങളിലേക്ക് വൈറസ് കടക്കുകയും ചെയ്യാം. പുതിയതും പഴയതുമായ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രവർത്തിക്കുന്ന വെബ്‌സൈറ്റാണ് 9എക്‌സ്മൂവീസ്. ഈ വെബ്‌സൈറ്റില്‍ നിന്നുള്ള കണ്ടെന്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു കഴിഞ്ഞു. ഫില്‍മിസില, തമിഴ്‌റോക്കേഴ്‌സ് (tamilrockers), ജിയോറോക്കേഴ്‌സ്, മീവിസ്വാപ്, 123എംകെവി, മൂവിറൂള്‍സ്, എംപി4മൂവീസ്, ഐബൊമ്മ, മൂവീസ്‌വുഡ്, വൈറ്റിഎംപി3 തുടങ്ങി നിരവധി വെബ്‌സൈറ്റുകളും നിരോധിക്കപ്പെട്ടവയുടെ ലിസ്റ്റിലുണ്ട്. 

∙ ഏറ്റവും പുതിയ സിനിമകള്‍ വരെ

വിവിധ ഭാഷകളില്‍ ഇറങ്ങുന്ന ഏറ്റവും പുതിയ സിനിമകള്‍ വരെ ഇത്തരം സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് ആളുകളെ ആകര്‍ഷിക്കാനുള്ള കാരണം. എന്നാല്‍, ഇത്തരം ചെയ്തികൾ ക്രമിനല്‍ കുറ്റകരമാക്കിയതിനാല്‍ ഇനിമുതൽ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. ഇന്റര്‍നെറ്റിന്മേലുള്ള നിരീക്ഷണം ഇന്ത്യ വര്‍ധിപ്പിച്ചിരിക്കുകയാണ് എന്നും അറിഞ്ഞിരിക്കണം.

∙ എക്‌സ്പ്രസ്‌ വിപിഎന്‍ കമ്പനിയും ഇന്ത്യ വിടുന്നു

പ്രമുഖ വിപിഎന്‍ സേവന ദാതാവായ നോര്‍ഡ്‌വിപിഎന്‍ കമ്പനിയും ഇന്ത്യയിലെ സെര്‍വറുകള്‍ പൂട്ടുന്നതായി പ്രഖ്യാപിച്ചു. പാനമാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിപിഎന്‍ സേവനദാതാവാണ് നോര്‍ഡ്. നേരത്തേ സര്‍ഫ്ഷാര്‍ക്, എക്‌സ്പ്രസ്‌വിപിഎന്‍ കമ്പനികളും ഇന്ത്യയിലെ സെര്‍വറുകള്‍ നീക്കം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി ടീം പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലാത്തതിനാലാണ് ഇത്. പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരുന്നത് ജൂണ്‍ 27 മുതലാണ്. ഇവ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയേക്കാം എന്നതാണ് വിദേശ വിപിഎന്‍ സേവനദാതാക്കള്‍ ഇന്ത്യയില്‍ സെര്‍വറുകള്‍ പൂട്ടാന്‍ കാരണം.

∙ ക്രൂസ് കപ്പലുകളിലും സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ലഭിച്ചേക്കും

ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ സ്‌പേസ്എക്‌സിന്റെ ഒരു വിഭാഗമായ സ്റ്റാര്‍ലിങ്കിന്റെ ഇന്റര്‍നെറ്റ് സേവനം ഇനി ക്രൂസ് കപ്പലുകളിലും ലഭിച്ചേക്കും. ലോകത്തിന്റെ ഏറ്റവും ഉള്‍പ്രദേശങ്ങളില്‍ പോലും ഇന്റര്‍നെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിപ്പോരുന്ന ബിസിനസാണ് സ്റ്റാര്‍ലിങ്കിന്റേത്. 

ലോകത്തെ ഏറ്റവും വലിയ ക്രൂസ് കപ്പല്‍ നടത്തിപ്പു കമ്പനികളിലൊന്നായ റോയല്‍ കരീബിയന്‍ ഗ്രൂപ്പാണ് മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി ധാരണയിലെത്താന്‍ ശ്രമിക്കുന്നതെന്ന് പിസിമാഗസിൻ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ക്രൂസ് ഷിപ്പുകളില്‍ ലഭിക്കുന്നത് 3-5 എംബിപിഎസ് സ്പീഡാണ്. സ്റ്റാര്‍ലിങ്ക് സേവനം കൊണ്ടുവന്നാല്‍ ഇത് 250 എംബിപിഎസ് ആക്കാമെന്നാണ് കമ്പനി കരുതുന്നത്. ഹവായ്‌യന്‍ ( Hawaiian) എയര്‍ലൈന്‍സ് അടക്കം ചില വിമാനക്കമ്പനികളും സ്റ്റാര്‍ലിങ്കുമായി ചര്‍ച്ച നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

∙ ട്വിറ്റര്‍ ജീവനക്കാരെ അഭിസംബോധന ചെയ്യാന്‍ മസ്‌ക്

മസ്‌ക് സമൂഹ മാധ്യമമായ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍, ഇതാദ്യമായി അദ്ദേഹം ട്വിറ്റര്‍ ജീവനക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കാന്‍ ഒരുങ്ങുകയാണ് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ ആഴ്ച അദ്ദേഹം ജോലിക്കാരോട് സംസാരിച്ചേക്കും. വെര്‍ച്വല്‍ മീറ്റിങ് വ്യാഴാഴ്ച ആയിരിക്കാം നടത്തുക. 4400 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തയാറാണെന്നു പ്രഖ്യാപിച്ച മസ്‌ക് ട്വിറ്ററില്‍ എത്ര വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നതിനെക്കുറിച്ച് അറിഞ്ഞേ മതിയാകൂ എന്നു പറഞ്ഞും രംഗത്തെത്തിയിരുന്നു. 

elon-musk-in-twitter

∙ ആപ്പിളിനെതിരെ അന്വേഷണവുമായി ജര്‍മനി

തേഡ്പാര്‍ട്ടി ആപ്പുകള്‍ ആപ്പിളിന്റെ ഉപകരണങ്ങള്‍ വഴി ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കമ്പനി. ഇതുമൂലം കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 1000 കോടി ഡോളറാണ് ഫെയ്‌സ്ബുക്കിന് നഷ്ടം വന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ആപ്പിളിന്റെ നീക്കം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ്. 

അതേസമയം, ഈ നീക്കം വഴി ആപ്പിളിന്റെ സ്വന്തം ആപ്പുകള്‍ക്ക് ഗുണം കിട്ടുന്നുണ്ടോ എന്ന കാര്യത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് ജര്‍മനിയുടെ കാര്‍ട്ടല്‍ ഓഫിസ് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഉപയോക്താക്കള്‍ക്കു ഗുണം കിട്ടുന്ന നീക്കത്തെ സ്വാഗതം ചെയ്തിരുന്നുവെന്നും അതേസമയം, ആപ്പിളിന്റെ ആപ്പുകള്‍ക്ക് പ്രത്യേകിച്ചും ആപ് സ്‌റ്റോറിന് പുതിയ നീക്കത്തില്‍ എന്തെങ്കിലും അധിക ഗുണം കൈവരുന്നുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ പോകുകയാണ് എന്നുമാണ് കാര്‍ട്ടല്‍ മേധാവി ആന്‍ഡ്രിയാസ് മുന്‍ഡ്റ്റ് പറഞ്ഞത്. 

∙ ആപ്പിള്‍ മ്യൂസിക് 2025ല്‍ 820 കോടി ഡോളർ വരുമാനം ഉണ്ടാക്കിയേക്കാം!

ആപ്പിളിന്റെ സംഗീത സ്ട്രീമിങ് സേവനമായ ആപ്പിള്‍ മ്യൂസിക് 2025ല്‍ ഏകദേശം 820 കോടി ഡോളര്‍ വരുമാനം ഉണ്ടാക്കിയേക്കാമെന്ന വിലയിരുത്തലുമായി വിശകലന കമ്പനിയായ ജെപി മോര്‍ഗന്‍. 2015ല്‍ ആണ് ആപ്പിള്‍ മ്യൂസിക് സേവനം തുടങ്ങുന്നത്.

∙ വ്യാജ വിഡിയോ പ്രചരിക്കുന്നതു തടഞ്ഞില്ലെങ്കില്‍ ഗൂഗിളിനും ഫെയ്‌സ്ബുക്കിനും പിഴ

ഡീപ്‌ഫെയ്ക് വിഡിയോകള്‍ സമൂഹത്തില്‍ വന്‍വിപത്ത് സൃഷ്ടിച്ചേക്കാം എന്നതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ പുതിയ നീക്കം നടത്താന്‍ ഒരുങ്ങുകയാണ്. ഇതു സംബന്ധിച്ചുള്ള പല രേഖകളും തങ്ങള്‍ കണ്ടുവെന്ന് വാര്‍ത്താ ഏജന്‍സി പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ താമസിയാതെ വ്യാജ വിഡിയോകള്‍ പ്രചരിക്കുന്നതിനെതിരെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചേക്കും. 

ഗൂഗിളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബ്, ഫെയ്‌സ്ബുക് പ്ലാറ്റ്‌ഫോമുകള്‍, ട്വിറ്റര്‍ തുടങ്ങിയ കമ്പനികള്‍ക്കായിരിക്കും ഇത് തലവേദനയാകുക. ഇയു 2018ല്‍ പ്രഖ്യാപിച്ച ചില കോഡുകളുടെ പരിഷ്‌കരിച്ച പതിപ്പായിരിക്കും ഇനി പുറത്തിറക്കുക. വ്യാജ വിഡിയോകള്‍ ആളുകളുടെ അഭിപ്രായങ്ങളെ സ്വാധീനിക്കാന്‍ പാകത്തിന് ഇറക്കാമെന്നതാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവരാന്‍ കാരണം. ഇത് ഇയുവില്‍ ഉള്‍പ്പെടുന്ന 27 രാജ്യങ്ങള്‍ അംഗീകരിച്ച ഡിജിറ്റല്‍ സര്‍വീസസ് ആക്ടിന്റെ ഭാഗമാക്കിയേക്കും.

English Summary: 9xmovies Torrent Website: Is 9xmovies banned in India, can I go to jail for downloading movies from 9xmovies

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA