ജൂലൈ 26 ന് ലേലം, ഇന്ത്യ ഇനി 5 ജി മയം! 5 ജി എന്നു കിട്ടും, അറിയേണ്ടതെല്ലാം

Telecom-2
SHARE

രാജ്യത്ത് ഒന്നടങ്കം 5ജിയുടെ പുത്തനുണര്‍വ് പകര്‍ന്നു കിട്ടാന്‍ ഇനി മാസങ്ങള്‍ മാത്രം. 5ജി സ്‌പെക്ട്രം ലേലം ജൂലൈ 26ന് തുടങ്ങും. കേന്ദ്ര മന്ത്രാലയം ലേലം നടത്താനുള്ള പച്ചക്കൊടി കാട്ടിയതോടെ ഇനി എല്ലാം തകൃതിയായി നടക്കും. 72,000 മെഗാഹെട്‌സ് അല്ലെങ്കില്‍ 72 ഗിഗാഹെട്‌സിലേറെ എയര്‍വേവ്‌സ് ലേലത്തില്‍ വയ്ക്കാനാണ് അനുമതി. ലേലത്തില്‍ പിടിക്കുന്നവര്‍ക്ക് കാലപരിധി 20 വര്‍ഷമായിരിക്കും. 600 മെഗാഹെട്‌സ്, 700 മെഗാഹെട്‌സ്, 800 മെഗാഹെട്‌സ്, 900 മെഗാഹെട്‌സ്, 1,800 മെഗാഹെട്‌സ്, 2,100 മെഗാഹെട്‌സ്, 2,300 മെഗാഹെട്‌സ്, 3,300 മെഗാഹെട്‌സ് 26 ഗിഗാഹെട്‌സ് ബാന്‍ഡ് ഫ്രീക്വന്‍സികളില്‍ ആയിരിക്കും ലേലം നടക്കുക.

∙ മൂല്യം 5 ലക്ഷം കോടിയിലേറെ രൂപ.

മൊത്തം സ്‌പെക്ട്രത്തിന്റെ മൂല്യം 5 ലക്ഷം കോടിയിലേറെ രൂപ വന്നേക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ലഭ്യമായ 4ജി സേവനങ്ങളെക്കാള്‍ 10 മടങ്ങ് അധിക വേഗത്തില്‍ വരെ ഡേറ്റ നല്‍കാന്‍ സാധിച്ചേക്കുമെന്നു കരുതുന്നു. ഇ–ലേലം (eAuction) ആയിരിക്കും നടത്തുക. ഇത് പല ഘട്ടങ്ങളായിട്ടായിരിക്കും. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികോം ആയിരിക്കും ലേലം സംഘടിപ്പിക്കുക. ലേലം നടന്നതിനു ശേഷം ജിയോ, എയര്‍ടെല്‍, വി തുടങ്ങിയ ടെലികോ കമ്പനികള്‍ക്ക് അവരുടെ 5ജി സേവനങ്ങള്‍ വരിക്കാർക്ക് നല്‍കാനാവും

∙ നിങ്ങള്‍ക്ക് 5ജി എന്ന് കിട്ടും?

ജൂലൈ 26ന് 5ജി ലേലം നടക്കുമെങ്കിലും മിക്കയിടത്തും 5ജി കിട്ടാന്‍ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങള്‍ വരെയോ കാത്തിരിക്കേണ്ടി വന്നേക്കാം. പെട്ടെന്ന് ആവേശം കയറി നിങ്ങളുടെ ബ്രോഡ്ബാന്‍ഡ് മോഡം ഉപേക്ഷിക്കരുതെന്നാണ് പറയുന്നത്. അതേസമയം, ചില നഗരങ്ങളിലുള്ളവര്‍ക്ക് 5ജി അധികം താമസമില്ലാതെ ലഭിക്കുകയും ചെയ്‌തേക്കും.

∙ എന്താണ് 5ജി ? 

ഇപ്പോഴുള്ള 4ജിയെക്കാള്‍ കൂടുതല്‍ ബാന്‍ഡ്‌വിഡ്തില്‍, കൂടുതല്‍ വേഗത്തില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ഡേറ്റ പ്രക്ഷേപണം ചെയ്യുന്ന രീതിയാണ് 5ജി. നിലവില്‍ ലഭിക്കുന്ന ഡേറ്റാ സ്പീഡിനെ ഇത് വളരെ എളുപ്പം മറികടക്കും. ഇപ്പോള്‍ വീടുകളില്‍ ലഭിക്കുന്ന ശരാശരി ബ്രോഡ്ബാന്‍ഡ് സ്പീഡിനോളം വന്നേക്കാം ഇത്. ഇപ്പോള്‍ രാജ്യത്തെ മിക്ക സ്ഥലങ്ങളിലും ലഭിക്കുന്നത് 10-15 എംബിപിഎസ് (Mbps) മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡാണ്. ഇത്, കുറഞ്ഞത് 50 എംബിപിഎസ് വരെ വര്‍ധിച്ചേക്കാം. എന്നാല്‍, നല്ല നെറ്റ്‌വര്‍ക് കവറേജ് ഉള്ള സ്ഥലത്താണെങ്കില്‍ ജിബിപിഎസ് സ്പീഡും ലഭിക്കാം. തത്വത്തില്‍ 10 ജിബിപിഎസ് സ്പീഡ് വരെ എത്താനുള്ള ശേഷി 5ജിക്ക് ഉണ്ട്.

SPAIN-TELECOM-WMC

∙ ഏതെല്ലാം തരം 5ജി ആണ് ഉള്ളത്?

രണ്ടു രീതിയിലുള്ള 5ജി ആയിരിക്കും ലഭിക്കുക. ആദ്യത്തേത് സബ്-6 ഗിഗാഹെട്‌സ് 5ജി ആയിരിക്കും. ഇതിന് താരതമ്യേന സ്പീഡു കുറവായിരിക്കും. എന്നാല്‍ കൂടുതല്‍ പ്രദേശത്തേക്ക് ഇത് പ്രക്ഷേപണം ചെയ്യാന്‍ സാധിക്കും. ഇതിനു പരമാവധി 500 എംബിപിഎസ് സ്പീഡ് വരെയാണ് ലഭിക്കുക എന്ന് വിദഗ്ധര്‍ പറയുന്നു. മറ്റൊന്ന് എംഎംവേവ് (mmWave) ആണ്. ഇതിന്റെ സ്പീഡ് ഗിഗാഹെട്‌സ് ആയിരിക്കും. എന്നാല്‍ ഇതിന്റെ പ്രക്ഷേപണ പരിധി കുറവായിരിക്കും. ഇതു കൂടാതെ എംഎംവേവിന് ഭിത്തികള്‍, മരങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങി പ്രതിബന്ധങ്ങള്‍ പ്രശ്നമായേക്കുമെന്നും പറയുന്നു.

∙ മറ്റൊരു കാര്യവും ഓര്‍ത്തിരിക്കണം

ആദ്യം 5ജി വരുന്നത് 4ജി എല്‍ടിഇ നെറ്റ്‌വര്‍ക്കുകള്‍ പ്രയോജനപ്പെടുത്തി ആയിരിക്കാം. കൂടുതല്‍ സ്പീഡ് നല്‍കുക എന്നതായിരിക്കും ലക്ഷ്യം. പക്ഷേ, 5ജി സിം ആണ് ഉപയോഗിക്കുന്നതെങ്കിലും നിങ്ങളുടെ ഫോണിൽ തടസ്സമില്ലാതെ ഡേറ്റാ കണക്‌ഷന്‍ നല്‍കാനായി 4ജി നെറ്റ്‌വര്‍ക്കുകളെ ആകാം ആശ്രയിക്കുന്നത്. 

US-5G-WIRELESS-SERVICE-TO-LAUNCH-IN-U.S.-DESPITE-AVIATION-INDUST

∙ ഏതു 5ജി ഫോണിനും ജിബിപിഎസ് സ്പീഡിലുള്ള കണക്‌ഷന്‍ കിട്ടുമോ?

ജിബിപിഎസ് സ്പീഡ് എന്നത് പലര്‍ക്കും സ്വപ്‌ന സാഫല്യമായിരിക്കും. എന്നാല്‍, സാങ്കേതികത്വം വച്ചു പറഞ്ഞാല്‍ ഇത് എല്ലാ 5ജി ഫോണുകളിലും ടാബുകളിലും കംപ്യൂട്ടറുകളിലും ലഭിക്കില്ല. അതിവേഗ 5ജി സപ്പോര്‍ട്ടു ചെയ്യുന്ന മോഡം ഉള്ള ഫോണുകളില്‍ മാത്രമാണ് ജിബിപിഎസ് സ്പീഡ് കാണാന്‍ സാധിക്കുക. ഉദാഹരണത്തിന് ഐഫോണ്‍ എസ്ഇ 3 5ജിക്ക് സബ്-6ഗിഗാഹെട്‌സ് സ്പീഡ് മാത്രമേയുള്ളൂ. അതേസമയം, ഐഫോണ്‍ 12, 13 സീരീസുകള്‍ക്ക് എംഎംവേവ് 5ജിയും സ്വീകരിക്കാന്‍ സാധിക്കും. അതുപോലെ തന്നെ വില കുറഞ്ഞ ആന്‍ഡ്രോയിഡ് 5ജി ഹാന്‍ഡ്‌സെറ്റുകളിലും സബ്-6 ഗിഗാഹെട്‌സ് 5ജി സ്പീഡേ ലഭിക്കൂ. അതിനാല്‍ തന്നെ നിങ്ങളുടെ 5ജി ഫോണ്‍ ഏതു ബാന്‍ഡുകള്‍ ആണ് സപ്പോര്‍ട്ടു ചെയ്യുക എന്ന് പരിശോധിക്കേണ്ടതും ആവശ്യമായിരിക്കും.

∙ 4ജിയെ പോലെ കരുത്തു കുറഞ്ഞതായിരിക്കുമോ 5ജിയും?

തുടക്കത്തില്‍ തരക്കേടില്ലാത്ത സ്പീഡുമായി എത്തിയ 4ജി നെറ്റ്‌വര്‍ക്കുകള്‍ക്ക് പെട്ടെന്ന് സ്പീഡ് കുറയുന്നതു കണ്ടവരാണ് നമ്മൾ. കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചു തുടങ്ങിയപ്പോഴായിരുന്നു ഇത്. എന്നാല്‍ 5ജിക്ക് കൂടുതല്‍ ബാന്‍ഡ്‌വിഡ്ത് ഉള്ളതിനാല്‍ താരതമ്യേന കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചാലും സ്പീഡ് കുറഞ്ഞേക്കില്ല. എംഎംവേവിന് ആണെങ്കില്‍ പല മടങ്ങ് ബന്‍ഡ് വിഡ്ത് കൂടുല്‍ കിട്ടിയേക്കും. പക്ഷേ, കുറച്ചു പരിധിയിൽ മാത്രമാണ് ലഭിക്കുക.

∙ അടുത്ത മാസം 26 മുതല്‍ 5ജി ലഭിക്കുമോ?

അതിനു തീരെ സാധ്യതയില്ല. കമ്പനികള്‍ 5ജി ലേലം കഴിഞ്ഞാലുടന്‍ തങ്ങള്‍ക്ക് ലഭിച്ച പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരിക്കും. തുടക്കത്തില്‍ 13 നഗരങ്ങളിലായിരിക്കും 5ജി എത്തുക എന്നാണ് സൂചന. വലിയ നഗരങ്ങളില്‍ പോലും ചില പ്രദേശങ്ങളില്‍ മാത്രമായിരിക്കും തുടക്കത്തില്‍ 5ജി ലഭിക്കുക. ഇതു കൂടാതെ, 5ജി സേവനങ്ങള്‍ക്ക് കൂടിയ നിരക്കും ഈടാക്കിയേക്കും. അതേസമയം, ഈ വര്‍ഷം അവസാനം തന്നെ മെട്രോ നഗരങ്ങളില്‍ 5ജി എത്തിയേക്കാമെന്നും കരുതുന്നു. എന്നാല്‍, ഉള്‍പ്രദേശങ്ങളിലേക്ക് 5ജി കടന്നു ചെല്ലാന്‍ ഒരു വര്‍ഷമോ അതിലേറെയോ എടുത്തേക്കാം.

∙ അപ്പോള്‍ പുതിയ 5ജി സിം എടുക്കാറായോ?

തുടക്കത്തിലെങ്കിലും 5ജി ഉണ്ടെങ്കിലും കൂടുതല്‍ ആശ്രയിക്കാവുന്നത് 4ജി ആയിരിക്കുമെന്ന് കരുതുന്നവരുണ്ട്. ഇപ്പോള്‍ 4ജി മിക്ക സ്ഥലങ്ങളിലും ആശ്രയിക്കാവുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അതിന്റെ സ്പീഡ് അല്‍പം കൂടി വര്‍ധിക്കുക പോലും ചെയ്‌തേക്കാം. തുടക്കത്തില്‍ 5ജി സേവനം 4ജി സാങ്കേതികവിദ്യയ്ക്ക് ഒപ്പമായിരിക്കും പ്രവര്‍ത്തിക്കുക. ഇതിനാല്‍, 5ജി സ്പീഡ് സ്ഥിരത ആര്‍ജിച്ചു എന്നു കണ്ട ശേഷം സിം മാറിയാലും മതി.

5g-tower-health

∙ 5ജി അപകടകാരിയാണോ?

ബ്രിട്ടനില്‍ പേടി മൂലം ഇരുനൂറോളം 5ജി ടവറുകള്‍ ജനങ്ങൾ കത്തിച്ചിരുന്നു. അതിവേഗ ഡേറ്റാ പ്രസരണം വിവിധ തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന ഊഹാപോഹങ്ങള്‍ പ്രചരിച്ചതാണ് ഇതിനു പിന്നില്‍. എന്നാല്‍, ഇതുവരെ നടത്തിയ ഒരു ശാസ്ത്രീയ പഠനവും 5ജി അപകടകരമാണെന്ന് കണ്ടെത്തിയിട്ടില്ല. ഇതിനാല്‍ തന്നെ 5ജി ലഭിക്കുമ്പോള്‍ മുതല്‍ ഉപയോഗിച്ചു തുടങ്ങാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

English Summary: 5G auctions begin on July 26; private networks get level-playing field

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA