ADVERTISEMENT

ഗൂഗിൾ ഡ്രൈവ്, ഡ്രോപ്പ്ബോക്സ് തുടങ്ങി സർക്കാരിതര ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ ജീവനക്കാരെ വിലക്കി. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ) സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നു സർക്കാർ ജീവനക്കാർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ, നോർഡ്‌വിപിഎൻ (NordVPN), എക്സ്പ്രസ്‌വിപിഎൻ (ExpressVPN) എന്നിവ പോലെയുള്ള ചില ജനപ്രിയ വിപിഎൻ (VPN) സേവന ദാതാക്കൾ ഇന്ത്യയിൽ നിന്ന് നെറ്റ്‌വർക്കുകൾ നീക്കം ചെയ്യുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ പുതിയ വിപിഎൻ നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

 

പുതിയ ഉത്തരവ് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) പാസാക്കുകയും എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും വിതരണം ചെയ്യുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. എല്ലാ സർക്കാർ ജീവനക്കാരോടും നിർദേശം പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഉത്തരവിന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) അംഗീകാരം നൽകിയതായി പറയപ്പെടുന്നു.

 

വിപിഎൻ സേവന ദാതാക്കളും ഡേറ്റാ സെന്റർ കമ്പനികളും അഞ്ച് വർഷം വരെ ഉപയോക്തൃ ഡേറ്റ സൂക്ഷിക്കാൻ ആവശ്യപ്പെടുന്ന പുതിയ വിപിഎൻ നയം സർക്കാർ പ്രഖ്യാപിച്ച് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഈ നീക്കം പ്രാബല്യത്തിൽ വരുന്നത്. പുതിയ നയം വിപിഎന്നുകളുടെ അടിസ്ഥാന ആശയത്തിനു എതിരാണ്.

 

വിപിഎന്നുകൾക്കും ക്ലൗഡ് സേവനങ്ങൾക്കും പുറമേ, ടീം വ്യൂവർ, എനിഡെസ്ക് (AnyDesk), അമ്മീ (Ammyy) അഡ്മിൻ തുടങ്ങി അനധികൃത റിമോട്ട് അഡ്മിനിസ്ട്രേഷൻ ടൂളുകൾ ഉപയോഗിക്കുന്നതിൽ നിന്നു വിട്ടുനിൽക്കാനും സർക്കാർ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

 

ഔദ്യോഗിക ആശയവിനിമയത്തിനായി ബാഹ്യ ഇമെയിൽ സേവനങ്ങൾ ഉപയോഗിക്കരുതെന്നും അനധികൃതമായി പ്രവർത്തിക്കുന്ന തേർഡ് പാർട്ടി വിഡിയോ കോൺഫറൻസിങ് അല്ലെങ്കിൽ സമാനമായ സേവനങ്ങൾ ഉപയോഗിച്ച് സെൻസിറ്റീവ് മീറ്റിങ്ങുകളും ചർച്ചകളും നടത്തരുതെന്നും സർക്കാർ ജീവനക്കാരോട് ആവശ്യപ്പെടുന്നു. കൂടാതെ, സർക്കാർ രേഖകൾ സ്കാൻ ചെയ്യുന്നതിന് മൊബൈൽ ആപ്പ് അടിസ്ഥാനമാക്കിയുള്ള സ്കാനർ സേവനങ്ങൾ ഉപയോഗിക്കരുതെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ടിക് ടോക്കിനൊപ്പം ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായ ഡോക്യുമെന്റ് സ്കാനർ ആപ്ലിക്കേഷനുകളിലൊന്നായ കാംസ്കാന്നർ ( CamScanner) നിരോധിച്ചിരുന്നു.

 

കേന്ദ്ര സർക്കാർ ജീവനക്കാർ അവരുടെ മൊബൈൽ ഫോണുകൾ ‘ജയിൽ ബ്രേക്ക്’ അല്ലെങ്കിൽ ‘റൂട്ട്’ ചെയ്യരുതെന്നും നിർദേമുണ്ട്. ജീവനക്കാരോട് അവരുടെ അക്കൗണ്ടുകൾക്ക് സങ്കീർണമായ പാസ്‌വേഡുകൾ ഉപയോഗിക്കാനും 45 ദിവസത്തിലൊരിക്കൽ പാസ്‌വേഡുകൾ അപ്‌ഡേറ്റ് ചെയ്യാനും ആവശ്യപ്പെടുന്നു.

 

താത്കാലിക, കരാർ / ഔട്ട്‌സോഴ്‌സ് ഉൾപ്പെടെ എല്ലാ സർക്കാർ ജീവനക്കാരും ഈ രേഖയിൽ പറഞ്ഞിരിക്കുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഇക്കാര്യങ്ങൾ അനുസരിച്ചില്ലെങ്കില്‍ അതത് സിഐഎസ്ഒകൾ/വകുപ്പ് മേധാവികൾക്ക് നടപടിയെടുക്കാമെന്നും റിപ്പോർട്ടിലുണ്ട്.

 

English Summary: India bans government employees from using VPN, Google Drive, and Dropbox: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com