ജൂലൈ 1 മുതല്‍ പുതിയ ഓണ്‍ലൈന്‍ പണമിടപാട് രീതി; അറിയാം ടോക്കണൈസേഷനെപ്പറ്റി

credit-card-machine
SHARE

ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളിൽനിന്നും സൈറ്റുകളില്‍നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്ക്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയാണ് പണമടയ്ക്കുന്നതെങ്കില്‍ കാര്‍ഡിന്റെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണം. ഇവ ഭാവിയിൽ ഇടപാടുകള്‍ നടത്തുമ്പോള്‍ സമയം ലാഭിക്കാനാണെന്നു പറഞ്ഞ് അവിടെ സേവ് ചെയ്യും. ഈ ഡേറ്റ ഇന്റര്‍നെറ്റിലെ തട്ടിപ്പുകാരുടെ കയ്യിലെത്തിയേക്കാം. അത്തരം തട്ടിപ്പു സാധ്യത ഒഴിവാക്കി ഓണ്‍ലൈന്‍ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനാണ് ആര്‍ബിഐ ടോക്കണൈസേഷന്‍ എന്ന പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലുള്ള മാറ്റമാണ് ഇത്. കാര്‍ഡ് വിവരങ്ങള്‍ നല്‍കി ഇപ്പോള്‍ നടത്തുന്ന ഓണ്‍ലൈന്‍ ഇടപാടുകളെക്കാള്‍ സുരക്ഷിതമാണ്
ടോക്കണൈസേഷന്‍ എന്ന് ആര്‍ബിഐ വിലയിരുത്തുന്നു.

∙ എന്താണ് ടോക്കണൈസേഷന്‍?

ശരിയായ കാര്‍ഡ് വിവരങ്ങള്‍ക്കു പകരം മറ്റൊരു കോഡ് നൽകുന്ന രീതിയാണ് ടോക്കണൈസേഷന്‍. ഈ കോഡിനെ ടോക്കണ്‍ എന്നു വിളിക്കുന്നു. ഓരോ കാര്‍ഡും ടോക്കണ്‍ റിക്വസ്റ്ററെയും ഉപകരണത്തെയും പരിഗണിച്ചായിരിക്കും സവിശേഷ നമ്പര്‍ നല്‍കുക. (ടോക്കണ്‍ നല്‍കാന്‍, കാര്‍ഡ് നെറ്റ്‌വര്‍ക്കിലേക്ക് അയയ്ക്കാനായി ഏത് സിസ്റ്റമാണോ കസ്റ്റമറില്‍നിന്ന് ടോക്കണൈസേഷന്‍ അഭ്യര്‍ഥന സ്വീകരിക്കുന്നത്, ഇതിനെയാണ് ടോക്കണ്‍ റിക്വസ്റ്റര്‍ എന്നു വിളിക്കുന്നത്). നിലവിലുള്ള 16 അക്ക കാര്‍ഡ് നമ്പറിനു പകരം മറ്റൊരു നമ്പര്‍ ആയിരിക്കും ലഭിക്കുക. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരിക്കും ലഭിക്കില്ല.

∙ സുരക്ഷിതം

കാര്‍ഡിനെക്കുറിച്ചുള്ള ശരിയായ വിവരങ്ങളും ടോക്കണെക്കുറിച്ചുള്ള വിവരങ്ങളും മറ്റ് പ്രസക്തമായ വിവരങ്ങളും അംഗീകരിക്കപ്പെട്ട കാര്‍ഡ് നെറ്റ്‌വര്‍ക്കുകളില്‍ സെക്യുവര്‍ മോഡില്‍ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ആര്‍ബിഐ പറയുന്നു. ടോക്കണ്‍ റിക്വസ്റ്റര്‍ക്കും പാൻ നമ്പറോ കാര്‍ഡ് നമ്പറോ മറ്റെന്തെങ്കിലും കാര്‍ഡ് വിശദാംശങ്ങളോ സേവ് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കില്ല. ടോക്കണ്‍ റിക്വസ്റ്ററുകള്‍ക്ക്, രാജ്യാന്തര തലത്തില്‍ അംഗീകാരമുള്ള സുരക്ഷയുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കാര്‍ഡ് നെറ്റ്‌വര്‍ക്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശത്തില്‍ പറയുന്നു.

∙ ടോക്കണൈസേഷന്റെ ഗുണങ്ങള്‍

ശരിയായ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടിവരുന്നില്ല എന്നതിനാല്‍ അത് ഉപയോക്താക്കള്‍ക്ക് അധിക സുരക്ഷ നല്‍കും. ഒരു ഇടപാട് നടത്തുമ്പോള്‍ കാര്‍ഡ് നമ്പറുകള്‍ക്ക് പകരം ടോക്കണുകളായിരിക്കും ഓണ്‍ലൈന്‍ വ്യപാരികള്‍ക്കും മറ്റും നല്‍കുക. ഒരോ കാര്‍ഡിനും ടോക്കണ്‍ റിക്വസ്റ്റര്‍ക്കും കച്ചവട സ്ഥാപനത്തിനും ലഭിക്കുക വ്യത്യസ്ത ടോക്കണുകള്‍ ആയിരിക്കും എന്നതാണ് ഇതിന്റെ പ്രധാന ഗുണം. കാര്‍ഡ് ടോക്കണൈസേഷന് പ്രത്യേകം പണം നല്‍കേണ്ടതില്ല. ഓണ്‍ലൈന്‍ സ്ഥാപനം കാര്‍ഡ് ടോക്കണൈസ് ചെയ്തു കഴിഞ്ഞാല്‍ കസ്റ്റമര്‍ക്ക് തന്റെ കാര്‍ഡിന്റെ അവസാന നാലക്കം മാത്രമായിരിക്കും കാണാനാകുക.

∙ ടോക്കണൈസ് ചെയ്യണോ?

നിങ്ങളുടെ കാര്‍ഡ് ടോക്കണൈസ് ചെയ്യണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല.

∙ എങ്ങനെ ടോക്കണൈസ് ചെയ്യാം?

ആദ്യ ഘട്ടത്തില്‍ നിങ്ങളുടെ ബാങ്കിന്റെ വെബ്‌സൈറ്റോ ആപ്പോ ഉപയോഗിച്ച് ഒരു അപേക്ഷ നല്‍കുകയാണ് ചെയ്യേണ്ട്. ഇതിനായി ടോക്കണ്‍ റിക്വസ്റ്റര്‍ പ്രയോജനപ്പെടുത്താം. ടോക്കണ്‍ റിക്വസ്റ്റര്‍ വഴി അപേക്ഷ നല്‍കിയാല്‍ നിങ്ങള്‍ സാധനം വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനം നേരിട്ട്, നിങ്ങളുടെ കാര്‍ഡ് നല്‍കിയ ബാങ്കിന് അപേക്ഷ നല്‍കും. (ക്രെഡിറ്റ് കാര്‍ഡ്, വിസാ, മാസ്റ്റര്‍കാര്‍ഡ്, ഡൈനേഴ്‌സ്, റൂപേ തുടങ്ങിയ കാര്‍ഡുകള്‍.) ടോക്കണ്‍ റിക്വസ്റ്ററില്‍ നിന്ന് ഇത്തരത്തിലൊരു അപേക്ഷ ലഭിച്ചാല്‍ അതു നല്‍കാന്‍ അധികാരമുള്ള കേന്ദ്രം കസ്റ്റമറുടെ കാര്‍ഡ് നമ്പര്‍, ഏതു ടോക്കണ്‍ റിക്വസ്റ്റര്‍ ആണോ അപേക്ഷ നല്‍കിയത് എന്നത്, ഏതു വ്യാപാരി വഴിയാണ് അപേക്ഷ ലഭിച്ചിരിക്കുന്നത് എന്നിവ പരിഗണിച്ച് ടോക്കണ്‍ നല്‍കും.

∙ ബാങ്കുകളും കമ്പനികളും തിരക്കില്‍

ജൂലൈ 1 മുതല്‍ വന്നേക്കാവുന്ന പ്രശ്‌നങ്ങള്‍ മുന്നില്‍കണ്ട് തങ്ങളുടെ ഭാഗത്തുനിന്നു വരുത്തേണ്ട ക്രമീകരണങ്ങള്‍ അതിവേഗം കൊണ്ടുവരാനുള്ള നെട്ടോട്ടത്തിലാണ് ബാങ്കുകളും ഇലക്ട്രോണിക് പണക്കൈമാറ്റം നടത്തുന്ന സ്ഥാപനങ്ങളും എന്നു പറയുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ സ്റ്റോർ ചെയ്തു വച്ചിരിക്കുന്ന കാര്‍ഡ് വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആര്‍ബിഐ പറഞ്ഞിരിക്കുന്ന അവസാന തിയതി ജൂണ്‍ 30 ആണ്. അതിനു ശേഷം ടോക്കണൈസേഷന്‍ സംവിധാനം ഉള്‍പ്പെടുത്താനുള്ള കഠിന ശ്രമത്തിലാണ് കമ്പനികള്‍.

അതേസമയം, ഈ തീയതി ആറു മാസത്തേക്ക് നീട്ടാനുള്ള ശ്രമവുമുണ്ട്. എന്നാല്‍, ഇതു നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആര്‍ബിഐ പറയുന്നു. ഇതുവരെ 16 കോടി ടോക്കണുകള്‍ നല്‍കിക്കഴിഞ്ഞെന്നും ബാങ്ക് പറയുന്നു. എല്ലാ കാര്‍ഡ് നെറ്റ്‌വര്‍ക്കുകളും പ്രയോജനപ്പെടുത്തി ടോക്കണൈസേഷന്‍ നടത്താം. എന്നാല്‍ പുതിയ സംവിധാനം സുഗമമായി പ്രവര്‍ത്തിക്കുമോ എന്ന പേടിയിലാണ് പല ഓണ്‍ലൈന്‍ വ്യാപാരികളും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

∙ തുടക്ക ഐപാഡിലേക്ക് 5ജി അടക്കം മികച്ച ഫീച്ചറുകള്‍?

ഈ വര്‍ഷം പുറത്തിറക്കുമെന്നു കരുതപ്പെടുന്ന തുടക്ക ഐപാഡ് ശ്രേണിക്ക് മികച്ച ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് 9ടു5മാക് റിപ്പോര്‍ട്ടു ചെയ്യുന്നു. കൂടുതല്‍ മികച്ചതും വിലുപ്പമുള്ളതുമായ സ്‌ക്രീന്‍ അടക്കം മികച്ച ഫീച്ചറുകളായിരിക്കും ഇതിനു ലഭിക്കുക എന്നു കരുതപ്പെടുന്നു. 10.5 ഇഞ്ച് അല്ലെങ്കില്‍ 10.9-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീന്‍ ആയിരിക്കും എന്നാണ് സൂചന. ഐപാഡ് എയറില്‍ ഉള്ള തരം ഡിസ്‌പ്ലേയും ഉണ്ടായിരിക്കുമെന്ന് കരുതുന്നു. ഇത് വിദ്യാര്‍ഥികള്‍ക്കും മറ്റും ഉപകാരപ്രദമായിരിക്കുമെന്നു കരുതുന്നു.

E-commerce-or-Online-Shopping

കരുത്തിന്റെ കാര്യത്തിലും അതു മോശമായേക്കില്ല. ഐപാഡ് എയര്‍4ന് ശക്തി പകരുന്ന എ14 ബയോണിക് പ്രോസസര്‍ ആയിരിക്കും പുതിയ ഐപാഡിനും. കൂടാതെ, അതിവേഗ ഡേറ്റാ കൈമാറ്റത്തിനായി യുഎസ്ബി-സി പോര്‍ട്ടും ഉണ്ടായേക്കാം. ഇതിനെല്ലാം പുറമെയാണ് 5ജി കണക്ടിവിറ്റി. വൈ-ഫൈ മാത്രമുള്ള മോഡലിന് നിലവിലുള്ള മോഡലിന്റെ വില (329 ഡോളര്‍) ആണെങ്കില്‍ അതൊരു മികച്ച ഓഫറായിരിക്കുമെന്നാണ് വിലയിരുത്തല്‍. 5ജി മോഡലിന് വില കൂടുതലായിരിക്കും.

English Summary: What is debit, credit card tokenisation? What are new rules for online transactions?

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA