ADVERTISEMENT

മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷനുകൾ തങ്ങളുടെ ജനപ്രിയ ഹ്രസ്വ വിഡിയോ സേവനം പോലെയാക്കാൻ റീടൂൾ ചെയ്യുന്നുണ്ടെന്ന് ടിക് ടോക് അധികൃതർക്ക് അറിയാം. എന്നാൽ ഫെയ്സ്ബുക്കിനെ അനുകരിക്കാൻ താൽപര്യമില്ലെന്ന് ടിക് ടോക് വക്താവ് അറിയിച്ചു.

 

ഫെയ്സ്‌ബുക് ഒരു സോഷ്യൽ പ്ലാറ്റ്‌ഫോമാണ് എന്ന് ടിക്‌ടോക്കിന്റെ ഗ്ലോബൽ ബിസിനസ് സൊലൂഷൻസ് പ്രസിഡന്റ് ബ്ലേക്ക് ചാൻഡലി വ്യാഴാഴ്ച സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഫെയ്സ്ബുക് അവരുടെ എല്ലാ അൽഗോരിതങ്ങളും സോഷ്യൽ ഗ്രാഫിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. അതാണ് അവരുടെ (ഫെയ്സ്ബുക്കിന്റെ) പ്രധാന യോഗ്യത. നമ്മുടേത് (ടിക്ടോക്) അതല്ലെന്നും അദ്ദേഹം പറഞ്ഞു.

 

2019-ൽ ടിക് ടോക്കിൽ ചേരുന്നതിന് മുൻപ് 12 വർഷം ഫെയ്സ്ബുക്കിൽ ജോലി ചെയ്തിട്ടുള്ള ടെക്കിയാണ് ചാൻഡലി. നിലവിൽ ടിക് ടോക്കിനെ പോലെ ഫെയ്സ്ബുക് പ്രവർത്തിപ്പിക്കാനോ ടിക്ടോക് പകർത്താനോ ശ്രമിച്ചാൽ സക്കർബർഗ് പ്രശ്‌നത്തിൽ അകപ്പെടുമെന്നും ഉപയോക്താക്കൾക്കും ബ്രാൻഡുകൾക്കും മോശം അനുഭവം നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

 

2020 ലാണ് ഫെയ്സ്ബുക്കിന്റെ കീഴിലുള്ള ഇൻസ്റ്റാഗ്രാം റീലുകൾ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം റീൽസ് മെറ്റായുടെ ഫെയ്സ്ബുക് ആപ്ലിക്കേഷനിലേക്കും കൊണ്ടുവന്നു. ടിക്ടോക് ഒരു വിനോദ പ്ലാറ്റ്ഫോമാണ്, എന്തിനും വ്യത്യാസം പ്രധാനമാണ്. ഇത് ഒരു വലിയ വ്യത്യാസമാണെന്നും ചാൻഡലി പറഞ്ഞു. 

 

ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിൽ നിന്ന് ടിക്ടോക് കൂടുതലായി വിപണി വിഹിതം കൊണ്ടുപോകുന്നത് താൻ കാണുന്നുവെന്ന് ഫെയ്സ്ബുക് ആപ്പ് മേധാവി ടോം അലിസൺ ദിവസങ്ങർക്ക് മുൻപ് ദി വെർജിനോട് പറഞ്ഞിരുന്നു. സുഹൃത്തുക്കൾ ഷെയർ ചെയ്തതാണോ എന്നത് പരിഗണിക്കാതെ തന്നെ കൂടുതൽ ഉള്ളടക്കം ഉപയോക്താക്കൾക്ക് ശുപാർശ ചെയ്യാനായി അൽഗോരിതം മാറ്റാനാണ് ഫെയ്സ്ബുക് നീക്കം നടത്തുന്നത്.

 

ഫെയ്സ്ബുക്കിന്റെ സമീപകാല പ്രകടനം തന്നെ പിന്നോട്ടാണ് കാണിക്കുന്നത്. മെറ്റായുടെ ഓഹരി വില ഈ വർഷം 52 ശതമാനം ഇടിഞ്ഞു. ഏപ്രിലിൽ രണ്ടാം പാദത്തിലെ വരുമാനം മുൻ വര്‍ഷത്തേതിനേക്കാൾ, ആദ്യമായി കുറഞ്ഞുവെന്ന് കമ്പനി തന്നെ വെളിപ്പെടുത്തിയിരുന്നു. വൻ പ്രതിസന്ധിയിലൂടെയാണ് ഫെയ്സ്ബുക് മുന്നോട്ടുപോകുന്നത്.

 

ടിക് ടോക്കിൽ നിന്നുള്ള വർധിച്ച മത്സര സമ്മർദം സക്കർബർഗ് അംഗീകരിക്കുന്നുണ്ട്. ഇതുകൊണ്ടാണ് റീലുകളിലുടെ കാര്യത്തിൽ ഫെയ്സ്ബുക് കാര്യമായി ശ്രദ്ധിക്കുന്നതെന്നും ചാൻഡലി പറഞ്ഞു. ടിക് ടോക്കിന്റെ ഉടമസ്ഥത ചൈനയുടെ ബൈറ്റ്ഡാൻസ് ആണ്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ടിക്ടോക് കുതിക്കുകയാണ്.

 

ചരിത്രം സക്കർബർഗിന്റെ ഭാഗത്തല്ലെന്നും ഫെയ്സ്ബുക്കിനെ നേരിടാൻ ഗൂഗിൾ രംഗത്തിറങ്ങിയത് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിൾ പ്ലസ് അവതരിപ്പിച്ചപ്പോൾ ഫെയ്സ്ബുക് അധികൃതരും ഭയന്നിരുന്നു. ഇത്തരം വെല്ലുവളികളെ നേരിടാൻ ഫെയ്സ്ബുക്കിൽ അക്കാലത്ത് വാർ റൂമുകൾ വരെ ഉണ്ടായിരുന്നു. അതൊരു വലിയ കാര്യമായിരുന്നു. എല്ലാവരും അതേക്കുറിച്ച് ആശങ്കാകുലരായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

 

എന്നാൽ ഗൂഗിൾ ആ പദ്ധതിയിൽ പരാജയപ്പെട്ടു പിൻമാറി. ആളുകൾക്ക് സുഹൃത്തുക്കളുമായി കണക്റ്റുചെയ്യാനും ഫോട്ടോകളും അപ്‌ഡേറ്റുകളും പങ്കിടാനുമുള്ള ഒരിടമായി മാറിയ ഫെയ്സ്ബുക്കുമായി മത്സരിക്കാൻ ഗൂഗിൾ പ്ലസിന് കഴിഞ്ഞില്ല. ഗൂഗിളിന്റെ വിപണി സാധ്യത സേർച്ചിങ് ആണെന്നും ഫെയ്‌സ്ബുക്കിന്റേത് സോഷ്യൽ നെറ്റ്‌‌വർക് ആണെന്നും ചാൻഡലി പറഞ്ഞു.

 

സക്കർബർഗിനോട് തനിക്ക് ബഹുമാനമുണ്ടെന്നും ഫെയ്സ്ബുക്കിന്റേതും ഗൂഗിളിന്റേതും ശക്തമായ മത്സരമായാണ് കാണുന്നതെന്നും ചാൻഡലി കൂട്ടിച്ചേർത്തു. എന്നാൽ, ഇ-കൊമേഴ്‌സ്, തത്സമയ സ്ട്രീമിങ് തുടങ്ങി ബിസിനസുകൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള എതിരാളികളുമായി മൽസരിക്കാൻ വേണ്ടതെല്ലാം ടിക് ടോക്കിൽ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യ ഭീഷണിയും മൂലം പരസ്യവരുമാനത്തെ ബാധിക്കുന്നുവെന്ന് നിക്ഷേപകരോട് സ്നാപ്പ് ചാറ്റ് പോലുള്ള കമ്പനികൾ റിപ്പോർട്ട് ചെയ്തിട്ടും ടിക് ടോക്കിലെ പരസ്യ വരുമാനത്തിൽ ഒരു മന്ദതയും താൻ കണ്ടിട്ടില്ലെന്ന് ചാൻഡലി പറഞ്ഞു. ഈ വർഷം സ്നാപ്പിന്റെ ഓഹരി മൂല്യത്തിന്റെ മുക്കാൽ ഭാഗവും നഷ്ടപ്പെട്ടിരിക്കുകയാണ്. പരസ്യ വിപണിയിൽ 2 മുതൽ 6 ശതമാനം വരെ മന്ദഗതിയിലാകുമെന്ന് റിപ്പോർട്ടുകളുണ്ട്, പക്ഷേ അത് ഞങ്ങളെ ബാധിച്ചതായി കാണുന്നില്ല. മറ്റുള്ളവർ നേരിടുന്ന പ്രതിസന്ധികൾ ടിക്ടോക്കിൽ ഇല്ലെന്നും ചാൻഡലി പറഞ്ഞു.

 

English Summary: TikTok exec: We’re not a social network like Facebook, we’re an entertainment platform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com