ഫോണും വാട്സാപ്പും ചോർത്താൻ പുതിയ ആയുധവുമായി സർക്കാരുകൾ, പെഗസസ് പഴങ്കഥ, പുതിയത് ഹെര്‍മിറ്റ്

whatsapp-hack
SHARE

ഔദ്യോഗിക എസ്എംഎസ് ആണെന്ന ധാരണയുണ്ടാക്കി വരുന്ന സന്ദേശം ഫോണില്‍ വേരുകളാഴ്ത്തുന്നു എന്നും അത് ഉന്നത നിലവാരം പുലര്‍ത്തുന്ന നിരീക്ഷണ സോഫ്റ്റ്‌വെയറാണ് എന്നും റിപ്പോര്‍ട്ട്. 'ഹെര്‍മിറ്റ്' എന്ന പേരില്‍ അറിയപ്പെടുന്ന ഈ സോഫ്റ്റ്‌വെയര്‍ സർക്കാർ ഉദ്യോഗസ്ഥരെയും ബിസിനസ് എക്‌സിക്യൂട്ടിവുമാരെയും മാധ്യമ പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പണ്ഡിതരെയും അടക്കം നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ത്യാ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഒഎസിലും ഇത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കരുതുന്നുണ്ടെങ്കിലും അതിന് ഇതുവരെ തെളിവു കിട്ടിയിട്ടില്ലെന്നും എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇവ പ്രവര്‍ത്തിക്കുന്നു എന്നു കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു.

∙ കോള്‍ റെക്കോർഡു ചെയ്യാനും കോള്‍ വഴി തിരിച്ചുവിടാനും സാധിക്കും

ഉപയോക്താവ് അറിയാതെ ഓഡിയോ റെക്കോർഡു ചെയ്യാനും, ഫോണ്‍കോളുകള്‍ വഴിതിരിച്ചു വിടാനും, ഫോണ്‍ വിളികളും കോണ്ടാക്ട്‌സും ഫോട്ടോകളും പരിശോധിക്കാനും, ലൊക്കേഷന്‍ ചോര്‍ത്തി നല്‍കാനും, എസ്എംഎസ് സന്ദേശം വായിക്കാനും, മറ്റ് ആപ്പുകള്‍ വഴി ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷിക്കാനും, ക്യമാറ ഉപയോഗിക്കാനും ഒക്കെ കഴിവുള്ളതാണ് ഹെര്‍മിറ്റ്. വ്യത്യസ്ത രീതികളില്‍ വിന്യസിക്കാവുന്ന ഹെര്‍മിറ്റ് അതീവ ശക്തിയുളളതാണ്. ലോകത്തെ പല സർക്കാരുകളും ഉപയോഗിച്ചു എന്നു കരുതുന്ന ഇസ്രയേലി കമ്പനിയായ എന്‍എസ്ഓയുടെ പെഗസസ് പോലെ തന്നെ ഒരു നിരീക്ഷണ സോഫ്റ്റ് വെയറാണ് ഹെര്‍മിറ്റും. ഇത് സൃഷ്ടിച്ചു വില്‍ക്കുന്നത് ഇറ്റാലിയന്‍ കമ്പനികളായ ആര്‍സിഎസ് ലാബും ടൈക്‌ലാബ് എസ്ആര്‍എലും ( Tykelab Srl) ചേര്‍ന്ന് ആയിരിക്കാമെന്ന് ഗവേഷകര്‍ കരുതുന്നു.

∙ ഇറ്റലിയിലടക്കം ഉപയോഗിച്ചു

സൈബര്‍ സുരക്ഷാ കമ്പനിയായ ലുക്കൗട്ട് ത്രെറ്റ് ലാബാണ് ഹെര്‍മിറ്റിന്റെ സാന്നിധ്യം കണ്ടെത്തിയത്. മാസങ്ങളോളം സർക്കാരിനെതിരെയുളള പ്രതിഷേധം നടത്തിയവരെ ആക്രമിച്ച് തിരിച്ചോടിച്ച കസാക്കിസ്ഥാന്‍ അധികാരികള്‍ ഹെര്‍മിറ്റ് ഉപയോഗിച്ചിരുന്നു എന്ന് ഗവേഷകര്‍ കണ്ടെത്തി. ഇറ്റാലിയന്‍ സർക്കാർ അഴിമതി വിരുദ്ധ നീക്കത്തില്‍ 2019ല്‍ ഹെര്‍മിറ്റ് പ്രയോജനപ്പെടുത്തി എന്നും പറയുന്നു. വടക്കുകിഴക്കന്‍ സിറിയയിലും ഇത് ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഗവേഷകര്‍ പറയുന്നു. മൂന്നു പതിറ്റാണ്ടോളം പ്രവര്‍ത്തന പാരമ്പര്യമുള്ള ആര്‍സിഎസ് ലാബ് പാക്കിസ്ഥാന്‍, ചിലെ, മംഗോളിയ, ബംഗ്ലാദേശ്, വിയറ്റ്‌നാം, മ്യാന്‍മാര്‍, ടേര്‍കമെനിസ്റ്റന്‍ തുടങ്ങിയ രാജ്യങ്ങളിലെ സൈനിക-ഇന്റലിജന്‍സ് വിഭാഗങ്ങളിലുമായി സഹകരിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പെഗസസും ഹെര്‍മിറ്റും പോലെ ഗാമാ ഗ്രൂപ്പ് സൃഷ്ടിച്ച മറ്റൊരു നിരീക്ഷണ സോഫ്റ്റ്‌വെയറാണ് ഫിന്‍ഫിഷര്‍. ഈ മൂന്നും പൊതുവെ അധികാരികള്‍ക്കാണ് വില്‍ക്കുന്നത്.

∙ ഇടപെടല്‍ നിയമപരമാണെന്ന ഭാവം

സർക്കാരുകളും അധികാരികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ തങ്ങളുടെ ഇടപെടല്‍ നിയമപരമാണെന്ന ഭാവത്തോടെയാണ് ഈ മൂന്നു കമ്പനികളും പ്രവര്‍ത്തിക്കുന്നത് എന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരം 'സോഫ്റ്റ്‌വെയര്‍ ആയുധങ്ങള്‍' ദേശീയ സുരക്ഷയുടെ പേരും പറഞ്ഞാണ് സർക്കാർ ഉദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവര്‍ത്തകർ മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ വരെയുള്ളവരുടെ ഫോണുകളില്‍ നിക്ഷേപിക്കുന്നത് എന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു.

∙ ഹെര്‍മിറ്റ് എങ്ങനെയാണ് വേരാഴ്ത്തുന്നത്?

വിവിധ തരത്തിലുള്ള ക്രമീകരണ സാധ്യതകളുള്ള സോഫ്റ്റ്‌വെയറാണ് ഹെര്‍മിറ്റ്. ഒരു അംഗീകൃത കമ്പനിയില്‍ നിന്നു വരുന്ന എസ്എംഎസ് ആയി ഭാവിച്ചായിരിക്കും ഇത് എത്തുക. ടെലികോം കമ്പനികളില്‍ നിന്നോ അല്ലെങ്കില്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനികളില്‍ നിന്നോ വരുന്ന സന്ദേശമെന്ന തോന്നലോടെയായിരിക്കും സോഫ്റ്റ്‌വെയര്‍ തോടുത്തുവിടുന്നത്. ഇത്തരം ബ്രാന്‍ഡുകളുടെ ഔദ്യോഗിക വെബ് പേജ് തുറക്കുന്നതായി തോന്നിപ്പിക്കുകയും തുടര്‍ന്ന് പശ്ചാത്തലത്തില്‍ ദുരുദ്ദേശപരമായ പ്രവൃത്തികള്‍ തുടങ്ങുകയും ചെയ്യുമെന്ന് ലുക്കൗട്ട് പറയുന്നു. ശേഖരിച്ചുനല്‍കുന്ന ഡേറ്റയുടെ ആധികാരികത ഉറപ്പു നല്‍കാനായി ഹെര്‍മിറ്റ്, 'ഹാഷ്-കേന്ദ്രീകൃത മെസേജ് ഓതന്റിക്കേഷന്‍ കോഡ്' (എച്എംഎസി) പ്രയോജനപ്പെടുത്തുന്നു എന്നും ഗവേഷകര്‍ പറയുന്നു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴി നടത്തുന്ന നിരീക്ഷണം വില കുറച്ചു കാണേണ്ട ഒരു 'ആയുധമല്ല' എന്നും ഗവേഷകര്‍ പറയുന്നു.

∙ പെഗസസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് താമസിയാതെ പുറത്തുവന്നേക്കും

ഇന്ത്യയില്‍ ആക്ടിവിസ്റ്റുകളും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവരെ പെഗസസ് ഉപയോഗിച്ചു നിരീക്ഷിച്ചു എന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. സുപ്രീം കോടതി നിയോഗിച്ച ടെക്‌നിക്കല്‍ കമ്മറ്റി കഴിഞ്ഞ മാസം ഇതിന്റെ പുരോഗതിയെക്കുറിച്ച് പറഞ്ഞിരുന്നു. പെഗസസ് നിക്ഷേപിച്ചു എന്നു കരുതുന്ന 29 മൊബൈല്‍ ഫോണുകളാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്നും അന്തിമ റിപ്പോര്‍ട്ട് താമസിയാതെ സമര്‍പ്പിക്കുമെന്നുമാണ് കമ്മിറ്റി പറഞ്ഞിരിക്കുന്നത്.

FRANCE-ISRAEL-SECURITY-SPYWARE-PEGASUS

∙ 5ജി വര്‍ഷാവസാനത്തോടെ 20-25 നഗരങ്ങളില്‍ കിട്ടുമെന്ന് മന്ത്രി

രാജ്യത്തെ 5ജി വിന്യാസം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ തുടങ്ങുമെന്നും 20-25 നഗരങ്ങളിലുള്ളവര്‍ക്ക് ഈ വര്‍ഷം അവസാനം തന്നെ അഞ്ചാം തലമുറ ഇന്റര്‍നെറ്റ് ലഭിച്ചു തുടങ്ങുമെന്നും കേന്ദ്ര ഐടി വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

∙ യുഎസ്ബി - സി വേണമെന്ന് അമേരിക്കന്‍ സെനറ്റര്‍മാരും

സ്മാര്‍ട് ഫോണുകള്‍, ടാബ്‌ലറ്റുകള്‍, പോര്‍ട്ടബിൾ സ്പീക്കറുകള്‍, ഇ-റീഡറുകള്‍, ക്യാമറകള്‍ തുടങ്ങി വിവിധ ഉപകരണങ്ങളില്‍ ഒരേ തരത്തിലുള്ള പോര്‍ട്ട് വേണമെന്ന നിയമം യൂറോപ്യന്‍ കമ്മിഷന്‍ ഈ മാസം കൊണ്ടുവന്നിരുന്നു. ഉപകരണങ്ങളില്‍ 2024 മുതല്‍ യുഎസ്ബി-സി പോര്‍ട്ട് വേണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. അതേനിയമം അമേരിക്കയിലും വേണമെന്ന് എഡ് മാര്‍കെയ്, എലിസബെത് വാറന്‍, ബേണി സാന്‍ഡേഴ്‌സ് തുടങ്ങിയ സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഉപേക്ഷിക്കപ്പെട്ട ചാര്‍ജറുകളും കേബിളുകളും പ്രതിവര്‍ഷം 11,000 ടണ്‍ ഇവെയ്സ്റ്റ് ഉണ്ടാക്കുന്നു എന്നും സെനറ്റര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

∙ ഡേറ്റ സൂക്ഷിക്കുന്നത് ഓറക്കിൾ ആണെന്ന് ടിക്‌ടോക്

അമേരിക്കന്‍ ടിക്‌ടോക് ഉപയോക്താക്കളുടെ ഡേറ്റ ചൈനീസ് എൻജിനീയര്‍മാര്‍ കണ്ടിരിക്കാമെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് കമ്പനി. ബസ്ഫീഡ് വെബ്‌സൈറ്റാണ് ടിക്‌ടോക്കിന്റെ ചൈനീസ് ഉടമയായ ബൈറ്റ്ഡാന്‍സിന്റെ എൻജിനീയര്‍മാര്‍ ഡേറ്റ പരിശോധിച്ചിരിക്കാമെന്ന വിവരം പുറത്തുവിട്ടത്. ഇത്തരത്തില്‍ ഡേറ്റ പരിശോധിക്കാനുള്ള അധികാരം പല കമ്പനികളും നല്‍കുന്നുണ്ടെന്നും അതു കുറയ്ക്കാനുള്ള ശ്രമത്തിലാണ് തങ്ങള്‍ എന്നും ടിക്‌ടോക് എഎഫ്പിയോട് പറഞ്ഞു. അമേരിക്കന്‍ ടിക്‌ടോക് ഉപയോക്താക്കളുടെ ഡേറ്റ ഒറാക്കിൾ കമ്പനിയാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നതെന്നും കമ്പനി ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. 

English Summary: Not Pegasus, Hermit is reportedly new spyware used by governments to target high-profile people

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA