ഈ വര്‍ഷത്തെ ഐഫോണ്‍ അവതരണത്തിന് ഇനി മാസങ്ങള്‍ മാത്രം. കഴിഞ്ഞ വര്‍ഷത്തേതു പോലെ പ്രീമിയം ശ്രേണിയില്‍ നാലു മോഡലുകളായിരിക്കും ആപ്പിള്‍ ഇറക്കുക. എന്നാല്‍, ഇത്തവണ പല വലിയ വ്യത്യാസങ്ങളും ഉണ്ടു താനും. അവയില്‍ ഒന്നാണ് മിനി മോഡലിനു പകരം മാക്സ് അവതരിപ്പിക്കുക എന്നത്. പ്രോ പേരോടെ അല്ലാതെ ഒരു മാക്സ് ഫോണും കൂടി എത്തുന്നു എന്നതാണ് ഐഫോണ്‍ 14 ശ്രേണിയുടെ പ്രധാന വ്യത്യാസം. പ്രോ അല്ലാത്ത, വെറും ഐഫോണ്‍ 14 മാക്സിന് 6.7 ഇഞ്ച് സ്ക്രീന്‍ വലുപ്പമാണ് ഉണ്ടായിരിക്കുക എന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മന്‍ അടക്കമുള്ളവര്‍ പ്രവചിക്കുന്നു. അതായത് ഐഫോണ്‍ 14 പ്രോ മാക്സിന്റേതിനോടു സമാനമായ സ്ക്രീന്‍ വലുപ്പം. എന്നാല്‍ ഇരു മോഡലുകളും തമ്മിലുള്ള സമാനത അവിടെ അവസാനിക്കുന്നു.
∙ ഐഫോണ്‍ 14 മാക്സ്
ഈ വര്‍ഷം ഇറങ്ങുമെന്നു കരുതുന്ന പുതിയ ഐഫോണ്‍ 14 മാക്സി മോഡലിന് 6.7 ഇഞ്ച് സ്ക്രീന്‍ കൂടാതെ എന്ത് സവിശേഷകളാണ് ഉള്ളത്? വിലയിലൊഴികെ കാര്യമായി ഒന്നും തന്നെയില്ല. തുടക്ക വേരിയന്റിന്റെ വില 899 ഡോളര്‍ ആയിരിക്കുമെന്നു പറയുന്നു. അതേസമയം, ഇപ്പോഴത്തെ ഐഫോണ്‍ 13 സീരീസിന്റെ രൂപകല്പനാ രീതികള്‍ നിലനിര്‍ത്തിയേക്കും. അതായത് നോച്ച് അടക്കം ഇതില്‍ കാണും. രണ്ടു ക്യാമറകളാണ് കാണാന്‍ വഴി. അതും പഴയ 12 എംപി റെസലൂഷനോടു കൂടിയവ. അതേസമയം, സെല്‍ഫി ക്യാമറയുടെ ഓട്ടോഫോക്കസ് അടക്കം ചില ഫീച്ചറുകള്‍ മെച്ചപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മൂന്നിരട്ടി വിലയായിരിക്കും സെല്‍ഫി ക്യാമറാ സിസ്റ്റത്തിന് ആപ്പിള്‍ മുടക്കുക എന്ന് പറയുന്നു. എന്നാല്‍, ഇതും പ്രോ മോഡലുകളില്‍ ഒതുങ്ങുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല താനും.
∙ പ്രോസസര്‍ പഴയതു തന്നെയോ ?
അതേസമയം, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മോഡലുകളും അല്ലാത്തവയും തമ്മില്‍ കൂടുതല്‍ വ്യത്യാസം 14 സീരീസില്‍ ഉണ്ടായേക്കുമെന്നു പറയുന്നു. ഐഫോണ്‍ 14, ഐഫോണ്‍ 14 മാക്സ് എന്നീ ഫോണുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ പ്രോസസര്‍ തന്നെ ഉപയോഗിച്ചേക്കാമെന്നൊരു ശ്രുതിയുണ്ട്. ഇക്കാര്യത്തില്‍ ഉറപ്പില്ല. ഇരു മോഡലുകള്‍ക്കും ഐഫോണ്‍ 13 ല്‍ ഉപയോഗിച്ചിരിക്കുന്ന എ15 ബയോണിക് പ്രോസസര്‍ തന്നെ ഉപയോഗിച്ചേക്കാമെന്നു പറയുന്നു. അവ അപ്പോഴും ആന്‍ഡ്രോയിഡ് ഫോണുകളെക്കാള്‍ ഫാസ്റ്റായി പ്രവര്‍ത്തിക്കുമെന്ന ന്യായവാദം ആയിരിക്കാം ആപ്പിള്‍ ഉയര്‍ത്തുക എന്നും പറയുന്നു. ഐഫോണ്‍ 14 മാക്സിന്റെ അധിക സ്ക്രീന്‍ വലുപ്പം ഗെയിം കളിക്കുന്നവര്‍ക്കും കണ്ടെന്റ് കാണുന്നവര്‍ക്കും ഉപകരിച്ചേക്കും. എന്നാല്‍, അത്യാധുനിക സ്ക്രീന്‍ ടെക്നോളജി ലഭിക്കുകയുമില്ല. ഐഫോണ്‍ 14ന് 6.1 ഇഞ്ച് സ്ക്രീനായിരിക്കും നല്‍കുക. ഇതിന് കഴിഞ്ഞ വര്‍ഷത്തേ ഐഫോണ്‍ 13 ന്റെ വില തന്നെ ആയിരിക്കുമെന്നതാണ് ഏറ്റവും വലിയ ആകര്‍ഷണീയത.
∙ അവസാനം നോച്ച് ഇല്ലാത്ത ഐഫോണ്‍!
ഇപ്പോഴും ഐഫോണ്‍ ഉപയോക്താക്കള്‍ അടുത്തിരിക്കുന്ന വ്യക്തികളുടെ പ്രീമിയം ആന്‍ഡ്രോയിഡ് ഫോണിലേക്ക് അസൂയയോടെ നോക്കുന്ന രണ്ടു കാര്യങ്ങളുണ്ട് - അവയ്ക്ക് നോച്ച് ഇല്ല എന്നതും കൂടുതല്‍ റെസലൂഷനുള്ള ക്യാമറ ഉണ്ട് എന്നതും. തങ്ങളുടെ ഫോണിന്റെ തലപ്പത്ത് മീശ പോലെ നോച്ച് ഇറങ്ങിനിന്ന് അലോസരപ്പെടുത്തുന്നു എന്ന് അവര്‍ പറയുന്നു. അതേസമയം, ഈ വര്‍ഷത്തെ ഐഫോണ്‍ 14 പ്രോ മോഡലുകള്‍ വാങ്ങുന്നവരെ ഈ നാണക്കേടില്‍ നിന്ന് ആപ്പിള്‍ കരകയറ്റിയേക്കുമെന്നാണ് സൂചന. പകരം ഫെയ്സ്ഐഡിക്കായി പില് ആകൃതിയിലുള്ള കട്ട് ഔട്ടായിരിക്കും ആപ്പിള്‍ ഒരുക്കുക.
പഞ്ച്-ഹോള്‍ മുന്‍ ക്യാമറയും വന്നേക്കും. മുന്‍ ക്യാമറാ സിസ്റ്റത്തിന് മൊത്തത്തില്‍ വലുപ്പം കുറവായിരിക്കും. ഇതിനു പുറമെയാണ് അതീവ മികവുറ്റ 120 ഹെട്സ് പ്രോമോഷന് ഡിസ്പ്ലേ. സദാ ഓണായിരിക്കുന്ന ഡിസ്പ്ലേ ഫീച്ചറും പ്രോ മോഡലുകള്‍ക്കാണ് കിട്ടിയേക്കുക എന്നും വാദങ്ങളുണ്ട്. സാംസങ്, വണ്‍പ്ലസ് തുടങ്ങി ഒരു പറ്റം ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കള്‍ വര്‍ഷങ്ങളായി നല്‍കിവന്ന ഒരു ഫീച്ചര്‍ ഈ വര്‍ഷം ഐഫോണ്‍ ഫാന്‍സിനും ലഭിച്ചേക്കും.
∙ അവസാനം 48 എംപി ക്യാമറയും
ഇതുവരെ 12 എംപി ക്യാമറ മതി എന്ന തീരുമാനിച്ചു വന്ന ആപ്പിള്‍ ഐഫോണ്‍ 14 പ്രോ സീരീസില്‍ 48 എംപി ക്യാമറ നല്‍കിയേക്കുമെന്നു പറയുന്നു. പ്രോ മാക്സിന് കൂടുതല്‍ വലുപ്പമുള്ള സെന്‍സറും നല്‍കിയേക്കാമെന്നും സൂചനകളുണ്ട്. ഇതോടെ, ഐഫോണ്‍ ക്യാമറാ റെയ്റ്റിങ്ങില്‍ വര്‍ഷങ്ങള്‍ക്കു ശേഷം മുന്നിലെത്തിയേക്കാമെന്ന് കരുതുന്നവരുണ്ട്. മറ്റൊന്ന് പുതുപുത്തന്‍ ഡിസൈനാണ്. അത്യാകര്‍ഷകമായ ഡിസൈനായിരിക്കും പുതിയ പ്രോ മോഡലകള്‍ക്ക് രണ്ടിനും എന്നു പറയുന്നു. അതിനേക്കാളേറെ ആപ്പിളിന്റെ ഏറ്റവും കരുത്തുറ്റ മൊബൈല്‍ പ്രോസസര്‍ ആയ എ16 ബയോണിക് ആയിരിക്കും പ്രോ മോഡലുകളുടെ ഉള്‍ക്കരുത്ത്. എന്നാല്‍, ഇതിനൊക്കെ വലിയ വില നല്കേണ്ടിവരുമെന്നു മാത്രം. അക്ഷരാര്‍ഥത്തില്‍ മുന്‍ വര്‍ഷത്തെ മോഡലുകളെ അപേക്ഷിച്ച് കുറഞ്ഞത് 100 ഡോളര്‍ വര്‍ധിപ്പിച്ചേക്കുമെന്നു പറയുന്നു. ഐഫോണ്‍ 14 പ്രോ മാക്സിന് ഒരു പക്ഷേ 200 ഡോളര്‍ വരെ വര്‍ധിപ്പിച്ചേക്കാമെന്നും ചില വാദങ്ങളുണ്ട്.
∙ ഇന്ത്യയ്ക്ക് പുതിയ സമൂഹ മാധ്യമ നിയമം വേണമെന്ന് മന്ത്രി
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ മാധ്യമങ്ങളെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവ ആക്കുന്നതിന്റെ ഭാഗമായി അവയ്ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഇക്കാര്യത്തില്‍ അധികാരികള്‍ക്ക് പൂര്‍ണ യോജിപ്പാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. സ്മാര്‍ട് ഫോണില്‍ ഇന്റര്‍നെറ്റ് കിട്ടിയതും സമൂഹ മാധ്യമങ്ങളും സമൂഹത്തില്‍ വന്‍ മാറ്റങ്ങള്‍ക്കു വഴിവച്ചു. എന്നാല്‍, ഇനി സമൂഹ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നാണ് മന്ത്രി പറയുന്നത്. സമൂഹമാധ്യമങ്ങള്‍ സ്വയം മാറ്റം വരുത്തുന്നതാണ് നല്ലത്. പക്ഷേ, അതിനു തയാറല്ലെങ്കില്‍ അതിനു വേണ്ടി രാജ്യം നിയമത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തും. ടിവി9ന്റെ മീറ്റിങ്ങില്‍ സംസാരിക്കവെ ആണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
∙ ഡേറ്റാ തട്ടിപ്പ്: ആമസോണ്‍ എൻജിനീയര്‍ കുറ്റവാളിയെന്നു കണ്ടെത്തി
അമേരിക്കയില്‍ നടന്നതില്‍ വച്ച് ഏറ്റവും വലിയ ഡേറ്റാ ചോർത്തലുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നതാണ് 2019ല്‍ ഉണ്ടായ ക്യാപിറ്റല്‍ വണ്‍ ഹാക്ക്. ഏകദേശം 100 ദശലക്ഷം അമേരിക്കക്കാരുടെയും 6 ദശലക്ഷം കാനഡക്കാരുടെയും ഡേറ്റയിലേക്ക് കടന്നുകയറി എന്നാണ് ആരോപണം. ഇതില്‍ മുന്‍ ആമസോണ്‍ സോഫ്റ്റ്വെയര് എൻജിനീയര്‍ പൈജ് റ്റോംസണ് (Paige Thompson) കുറ്റക്കാരിയാണെന്നു കണ്ടെത്തിയിരിക്കുകയാണ് സിയറ്റില്‍ കോടതി എന്ന് എന്‍ഗ്യാജറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. സുരക്ഷിത കംപ്യൂട്ടിങ് സിസ്റ്റത്തിലേക്കു കടന്നുകയറി, വയര്‍ തട്ടിപ്പുനടത്തി, എന്നിങ്ങനെ അഞ്ചു കാര്യങ്ങളിലാണ് പൈജ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. ആമസോണ്‍ വെബ് സര്‍വീസസ് അക്കൗണ്ടുകള്‍ അവര്‍ സ്കാന്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചെന്നാണ് ആരോപണം.

∙ 2024ല്‍ ആവശ്യത്തിന് വെയര്‍ഹൗസ് ജോലിക്കാരെ കിട്ടിയേക്കില്ലെന്ന് ആമസോണ്‍
അമേരിക്കയിലെ വെയർഹൗസുകളിൽ 2024 മുതല്‍ ആവശ്യത്തിനു ജോലിക്കാരെ കിട്ടിയേക്കില്ലെന്ന് ആമസോണ്‍ വിലയിരുത്തുന്നു എന്ന് റെകോഡ് (Recode) റിപ്പോര്‍ട്ടു ചെയ്യുന്നു. കമ്പനിക്കുള്ളില്‍ നിന്നു സംഘടിപ്പിച്ച രേഖകളിലാണ് ഈ വിവരമുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിലവിലുള്ള രീതിയില്‍ മുന്നോട്ടു പോയാല്‍ പ്രശ്നങ്ങളിലെത്തുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, ആമോസോണ്‍ തങ്ങളുടെ വെയര്‍ഹൗസുകളില്‍ റോബോട്ടുകളെ വിന്യസിച്ചു തുടങ്ങിയിരുന്നു. എന്നാല്‍, വയേഡ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ആമസോണിന്റെ റോബോട്ടുകള്‍ക്ക് സങ്കീര്‍ണമായ പല ജോലികളും ഇപ്പോഴും ചെയ്യാനാവില്ല. അതിനെല്ലാം മനുഷ്യര്‍ തന്നെ വേണം.
English Summary: iPhone 14 – 4 ways Apple can convince users to switch to new series